ലാലു (39 വയസ്സ്, ആദ്യ വിവാഹം)


കല്യാണം കഴിക്കുന്നത്‌ ഒരു നല്ല കാര്യമാണെന്നാണ് പൊതുവേയുള്ള  വയ്പ്.കുറഞ്ഞപക്ഷം, പെണ്ണ് കെട്ടിയില്ലാത്തവരും പെണ്ണ് കെട്ടാന്‍ തയാര്‍ എടുക്കുന്നവരുമെങ്കിലും  ദേശ-ഭാഷാ വ്യത്യാസമന്യേ, കാലാകാലങ്ങളായി അങ്ങനെ വിശ്വസിച്ച് പോരുന്നു. പെണ്ണ് കാണാന്‍ പോകുമ്പോള്‍ ഒരു ധൈര്യത്തിന്, ഏതെങ്കിലുമൊരു കൂട്ടുകാരനെയും കൂട്ടി പോകുന്നതാണല്ലോ  നാട്ടാചാരം. നല്ല കാര്യങ്ങള്‍ക്ക് മൂന്ന് പേര്‍ ഒരുമിച്ച് പോയാല്‍ മൂ....അല്ലെങ്കി വേണ്ട, ഏതാണ്ടായി പോവുമെന്നൊരു ചൊല്ലുണ്ട്.അത് കൊണ്ട് ഇത്തരം കാര്യങ്ങള്‍ക്ക് പോവുമ്പോള്‍ രണ്ട് പേര്‍ തന്നെ ധാരാളം.

ഏതായാലും, നമ്മടെ ലാലുവിന് വരുന്ന ചിങ്ങത്തില്‍ വയസ്സ് 39 ആവുകയാണ്.കല്യാണം താമസിച്ച് കഴിച്ചാല്‍ മതി എന്നൊന്നും ലാലു എവിടെയും നേര്‍ന്നിരുന്നത്‌ കൊണ്ടൊന്നുമല്ല സംഗതി വൈകിയത്.പെണ്ണ് കാണാന്‍ അവസരമില്ലാത്തതാണ് ലാലുവിന്‍റെ പ്രധാന പ്രശ്നം.അത് കേള്‍ക്കുമ്പോള്‍ നമുക്ക് തോന്നും, ഈ ലാലു അത്രയ്ക്കും ഒരു വൃത്തികെട്ടവന്‍ ആണോയെന്ന്. സംഭവം അതൊന്നുമാല്ല കേട്ടോ.വിശദീകരിക്കാം.

ഒരു കൂട്ടുകാരനെയും കൂടെ കൂട്ടണം എന്നൊക്കെയങ്ങ് സിമ്പിള്‍ ആയിട്ട് പറയാമെങ്കിലും, കൂട്ട് പോവുന്ന  കൂട്ടുകാരന്‍ പയ്യനും ചില സവിശേഷതകള്‍ നിര്‍ബന്ധമാണ്‌. നല്ല ഉണ്ടക്കക്കണ്ണ്‍ ഉള്ളവന്‍ ആയിരിക്കണം, കാക്കക്കറുമ്പന്‍ ആയിരിക്കണം, ചിറി  അല്പം കോടിയിരിക്കണം, പല്ലുന്തിയവനും   സര്‍വോപരി ഒറ്റ നോട്ടത്തില്‍ ഇവനെ കണ്ടാല്‍ തന്നെ, തൊട്ടടുത്തിരിക്കുന്ന പെണ്ണ് കാണാന്‍ വന്ന പയ്യന്‍ അത്യാവശം നല്ല സുന്ദരനൊക്കെ ആണെന്ന് പെണ്ണിന് കേറി ഫീല്‍ ചെയ്യണം. തല്‍ഫലമായി,  ഈ ചുള്ളന്‍ ചെക്കനെ തന്നെ എനിക്ക് സ്വന്തമാക്കണം എന്ന മോഹം ആദ്യ കാഴ്ചയില്‍ തന്നെ പെണ്‍കുട്ടിയുടെ മനസ്സിലും, അടുത്തിരിക്കുന്ന കോന്തനേക്കായും എന്തുകൊണ്ടും നല്ല ബന്ധമാണ് എന്‍റെ മകള്‍ക്ക് കിട്ടാന്‍ പോകുന്നതെന്ന് ഭാവി അമ്മായി അച്ഛന്‍റെ മനസ്സിലും ഒരുമിച്ച് തോന്നണം. പെണ്ണിനും പെണ്‍ വീട്ടുകാര്‍ക്കും മേല്‍പറഞ്ഞ പ്രതീതി ജനിപ്പിക്കുകയും, കാര്യങ്ങള്‍ പെണ്ണ് കാണാന്‍ വന്ന  തന്‍റെ ഉത്തമ സുഹൃത്തിന് പരമാവധി  അനുകൂലമാക്കിയെടുക്കുകയും  ചെയ്യുകയെന്നതാണ് കൂട്ട് പോയ കൂട്ടുകാരനില്‍ നിക്ഷിപ്തമായിരിക്കുന്ന മഹത്  കര്‍മ്മം. അതൊരു ചെറിയ കാര്യമല്ല. ഒരു തരം സല്‍ക്കര്‍മ്മമാണ്‌.പുണ്യമാണ്.,ത്യാഗമാണ്.

എപോഴൊക്കെ ഈ പറഞ്ഞതിന് വിവരീതമായ സാഹചര്യം ഉണ്ടായിട്ടുണ്ടോ, ആ കല്യാണങ്ങള്‍ ഒന്നും തന്നെ നടന്ന ചരിത്രം ഉണ്ടായിട്ടില്ലെന്നാണ്, പാര്‍ട്ട്‌ ടൈം കല്യാണ ബ്രോക്കര്‍ കൂടിയായ ലാലുവിന്‍റെ പപ്പ ലൂക്കോസ് തറപ്പിച്ച് പറയുന്നത്. മൂത്തയാളെ പെണ്ണ് കാണാന്‍ പോയി, പൊറോട്ടയും ചിക്കന്‍ കറിയും അടിച്ചിട്ട് കൈ കഴുകാന്‍ പുറത്തേക്കിറങ്ങിയ ലൂക്കൊസിന് മുന്‍പില്‍ അതാ കിണ്ടിയും വെള്ളവുമായി നില്‍ക്കുന്നു., കുടുംബത്തിലെ നാലാമത്തും അവസാനത്തതുമായ സന്തതി  ത്രേസ്യാമ്മ!!.ഒടുവില്‍ ത്രേസ്യാമ്മ ആണെങ്കില്‍ മാത്രം ഓക്കെ, അല്ലെങ്കില്‍ വേണ്ടാ എന്ന് അവിടെ വച്ച് തന്നെ തറപ്പിച്ച് പറയുകയും ആ വാശി നേടിയെടുക്കുകയും ചെയ്ത വീരനാണ് ലാലുവിന്‍റെ പപ്പ ലൂക്കോസ്.

"ഈ പഴങ്കഥകളൊക്കെ എന്തിനാ ഇപ്പോള്‍ ചെറുക്കനോട് പറയുന്നത്" എന്ന് പറഞ്ഞകത്തേയ്ക്ക് പോയ ത്രേസ്യാമ്മയുടെ കവിള്‍ അന്ന് പതിവിലും ഒന്നൂടെ കേറി തുടുത്തിരുന്നു.പൂമുഖത്തെ പൂചെട്ടിയില്‍ പൂത്തുലഞ്ഞ് നിന്ന ചുവന്ന നിറത്തിലുള്ള റോസാപുഷ്പങ്ങള്‍ അത് കണ്ട് അറിയാതെയങ്ങ്  നാണിച്ചു.

ലൂക്കൊച്ചന്‍റെ ഷെയിപ്പാണ് ദൈവം ലാലുവിന് കനിഞ്ഞരുളിയിരിക്കുന്നത്. അത് കൊണ്ട് തന്നെ ആ നാട്ടിലെയും പരിസര പ്രദേശങ്ങളിലെയും പയ്യന്മാര്‍ക്ക് സ്ഥിരമായി പെണ്ണ് കാണാന്‍ കൂട്ട് പോയിരുന്നത് നമ്മടെ ലാലുവാണ്.നാട്ടിലുള്ള തന്‍റെ പ്രാധാന്യത്തെ കുറിച്ച് ഒറ്റയ്ക്കിരിക്കുമ്പോള്‍ ലാലു അഭിമാനത്തോടെ ആലോചിച്ച് ഊറിച്ചിരിക്കുമായിരുന്നു...താന്‍ ഇല്ലായിരുന്നുവെങ്കില്‍ പല കല്യാണങ്ങളും മുടങ്ങുമായിരുന്നു എന്ന് കൂട്ടുകാരുടെ മുന്‍പില്‍ പറഞ്ഞ് ഞെളിയുമായിരുന്നു.....അതൊക്കെ ഒരു കാലം.ഇപ്പോള്‍ ലാലുവിന് കല്യാണം കഴിക്കണ്ട സമയം വല്ലാതെ അതിക്രമിച്ചിരിക്കുകയാണ്. കൂട്ട് വരാന്‍ പറ്റിയ ആളുകളെ തപ്പി സ്വന്തം ഗ്രാമ പഞ്ചായത്തും കഴിഞ്ഞങ്ങ് ബ്ലോക്ക്‌ പഞ്ചായത്തതിര്‍ത്തി വരെ പല ദിവസങ്ങളായി സൈക്കിളെടുത്ത് കറങ്ങി നോക്കിയെങ്കിലും, എല്ലാ ക്വാളിഫിക്കേഷനും ഒത്തിണങ്ങിയ ഒരാളെ കണ്ടു മുട്ടാന്‍ സാധിച്ചില്ല.

"ആരെയും കിട്ടിയില്ലെങ്കില്‍ അച്ഛന്‍ വരണം" അതീവ ദു:ഖിതനായ ലാലു ഒരു ദിവസം ലൂക്കോസിനോട് അങ്ങനെ അപേക്ഷിച്ച് നോക്കിയെങ്കിലും 'പ' യില്‍ തുടങ്ങുന്നതും 'ന്‍'- ഇല്‍ അവസാനിക്കുന്നതുമായ ഒരു നെടുങ്കന്‍ തെറി മാത്രം വിളിച്ചതിന് ശേഷം കുപിതനായി ടോയിലെറ്റിലെ കണ്ണാടിയെ ലക്ഷ്യമാക്കി  നടക്കുകയാണുണ്ടായത്.

തന്‍റെ അവസാന പ്രതീക്ഷയായ അച്ഛന്‍ കൂടി കൈ വിട്ടതോടെ ഒടുവില്‍ ലാലു ഇപ്പോള്‍ സര്‍വ പ്രതീക്ഷയും അറ്റ്, പത്രത്തില്‍ പരസ്യം ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്.

'താഴെക്കാണുന്ന ഫോട്ടോയില്‍ കാണുന്ന ലാലു (39 വയസ്സ്, ആദ്യ വിവാഹം) എന്ന ചെറുപ്പക്കാരനോടൊപ്പം പെണ്ണ് കാണാന്‍ ചടങ്ങിന് കൂട്ട് പോകാന്‍ യോഗ്യതയുള്ള ചെറുപ്പക്കാരില്‍ നിന്നും സൗഹൃതം തേടുന്നു.താല്പര്യം ഉള്ളവര്‍ ഉടന്‍ ബന്ധപ്പെടുക'

No comments

Post a Comment