ആദ്യരാത്രിയുടെ ഉദ്വേഗ നിമിഷങ്ങള്‍.,

ജിന്‍സി- പപ്പയുടേയും മമ്മിയുടെയും ഒറ്റമകള്‍.സ്കൂള്‍ കാലഘട്ടം  പഠിച്ചു തീര്‍ത്തത് പെണ്‍കുട്ടികളുടെ കൂടെ.പ്ലസ്‌ ടു വിനു 'ഓള്‍ ലേഡീസ്'  കോളേജില്‍ ചേര്‍ന്നെങ്കിലും അവിടെയും കൂട്ടിന് പെണ്‍കുട്ടികള്‍ മാത്രം.ഇടയ്ക്കിടയ്ക്ക് തൊട്ടപ്പുറത്തുള്ള സെന്‍റ് ഗ്രിഗോറിയസ് കോളേജില്‍ നിന്നും ചില തല്ലിപ്പൊളി ആണ്‍പിള്ളേരുടെ  വൃത്തികെട്ട കമ്മന്‍റുകള്‍ കേള്‍ക്കാമെങ്കില്‍ പോലും,  ആ കോമ്പൌണ്ടില്‍ ആകെയുള്ള ആണ്‍ സാന്നിധ്യം, പി റ്റി അധ്യാപകന്‍ ബിജു സാര്‍ മാത്രമാണ്. ബിജു സാര്‍ വെറുമൊരു സാര്‍ മാത്രമല്ല, ഈ അടുത്തിടെ മലയാള സിനിമയിലെ ചില ഗാനങ്ങള്‍ എഴുതിയ ഒരു കവി കൂടിയാണ് ('മന്മഥന്‍ ഒരു പൂവംബെയ്തു..' അസ്തമിക്കരുതേ സൂര്യകുമാരാ..' തുടങ്ങിയവ അതില്‍ ചില ഉദാഹരണങ്ങള്‍ മാത്രം)

പി റ്റി ഇല്ലാത്ത സമയങ്ങളില്‍ ബിജു സാര്‍ ഒറ്റയ്ക്ക് സ്റ്റാഫ് റൂമില്‍ കുത്തിയിരുന്ന് പാട്ടുകള്‍ എഴുതും.കോളേജ് ഡേ അടുക്കുമ്പോള്‍ ബിജു സാറിന്  നിന്ന് തിരിയാന്‍ സമയം കിട്ടാറില്ല.പുതിയ പാട്ടുകള്‍ എഴുതിക്കുവാനും അതിനു ട്യൂണ്‍ ചെയ്യിക്കുവാനും പെണ്‍കുട്ടികള്‍ ക്യൂ നില്‍ക്കും.മാഷ് ട്യൂണ്‍ ചെയ്യുന്നത് കണ്ടു നിന്നാല്‍ സമയം പോവുന്നതറിയില്ല.എന്നാല്‍ കലയിലും സ്പോര്‍ട്സിലും  ഒന്നും തീരെ താല്പര്യം ഇല്ലാത്ത ജിന്‍സി, പക്ഷേ അതൊന്നും ശ്രദ്ധിക്കാറില്ല.സ്കൂള്‍ വിട്ടാല്‍ വീട്; വീട് വിട്ടാല്‍ സ്കൂള്‍.അതായിരുന്നു ജിന്‍സിയുടെ ലൈന്‍.

ലേഡീസ് കോളേജില്‍ മാത്രം പഠിച്ചത് കൊണ്ടാണോ, അതോ ഇനി പൊതുവേ എവിടെ തന്നെ പഠിച്ചാലും ഉള്ളതാണോ എന്നറിയില്ല, ഏതായാലും വിവാഹം അടുത്ത് വന്നതോടെ ജിന്‍സിക്ക് പല വിധ ആശങ്കകള്‍ അങ്ങനെ കൂടി കൂടി വന്നു..വീട്ടുകാര്‍ ഉറപ്പിച്ച കല്യാണമാണ്.ചുരുക്കം ചില ദിവസങ്ങള്‍ കൂടിയേ കല്യാണത്തിന് ബാക്കിയുള്ളൂ..ആദ്യ രാത്രിയെക്കുറിച്ചുള്ള  ആധിയാണ് ജിന്‍സിക്ക് ഏറെയും.ആ രാത്രി ഉറങ്ങാന്‍ പറ്റുമോ, അയാള്‍ ഉപദ്രവിക്കുമോ എന്നൊക്കെയുള്ള ഒരു തരം ഉത്കണ്‍O .ആദ്യ രാത്രിയെ പറ്റി കൂട്ടുകാരികള്‍ പറഞ്ഞു കൊടുത്ത ചില 'ഫീകര' കഥകള്‍ അവളുടെ ആശങ്കകളുടെ തീജ്വാലയില്‍ നല്ലെണ്ണ പകര്‍ന്നു. അതേ സമയം, മിക്സഡ്‌ സ്കൂളില്‍ പഠിച്ചതിന്‍റെ  ഗുണമാണോ, അതോ പൊതുവേ എല്ലാ ആണുങ്ങള്‍ക്കും ഉള്ള 'ഒരിത്' കൊണ്ടാണോ എന്നറിയില്ല, ജിന്‍സിയുടെ പ്രതിശ്രുത വരന്‍ ബിനുവിന് കല്യാണത്തെ പറ്റിയോ ആദ്യ രാത്രിയെ പറ്റിയോ യാതൊരു വിധ ആശങ്കകളും ഉണ്ടായിരുന്നില്ലെന്ന് മാത്രമല്ല, അതെ പറ്റിയൊക്കെ ഒറ്റയ്ക്കിരുന്നു ആലോചിക്കുമ്പോള്‍ തന്നെ മനസ്സിന് വല്ലാത്തൊരു കുളിരുമായിരുന്നു.

ഇങ്ങനെ രണ്ടു വ്യത്യസ്ത രീതിയില്‍ ആദ്യ രാത്രിയെ സ്വപ്നം കാണുന്ന രണ്ടു പേരുടെയും ഉദ്വേഗങ്ങള്‍ക്ക് വിരാമമിട്ടു കൊണ്ട് ആ സുദിനം വന്നെത്തി! കല്യാണ ദിവസത്തിന്‍റെ തിരക്കിനിടയിലും ഗ്യാപ് കണ്ടെത്തി മാറി നിന്നൂറി ചിരിക്കുന്ന ബിനുവിനെ അവന്റപ്പന്‍ അന്തോണി ആരും കേള്‍ക്കാതെ ഇടയ്ക്കിടെ പുലഭ്യം വിളിക്കുന്നുണ്ടായിരുന്നുവെങ്കിലും, കണ്ട്രോള്‍ മുഴുവന്‍ കൈ വിട്ട അവസ്ഥയിലായിരുന്നു അന്ന് ബിനു.

സമയം രാത്രി  7 .00
ഒരന്യ വീട്.പരിചയമില്ലാത്ത മുഖങ്ങള്‍..,ബന്ധുക്കള്‍.,അവരുടെ കുട്ടികള്‍...എന്നാല്‍ അതിനൊന്നും ബിനുവിനെയോ അവന്‍റെ ആവേശത്തെയോ  സ്വാധീനിക്കാന്‍  കഴിഞ്ഞില്ല. ആശങ്കകള്‍ ഒട്ടുമേ ഇല്ലാതിരുന്ന അവന്‍റെ ആകെയുള്ള അപ്പോഴത്തെ ആശങ്ക, അവിടെ കൂടി നില്‍ക്കുന്ന ബന്ധുക്കള്‍ ഒന്നെളുപ്പം സ്ഥലം വിടുന്നില്ലല്ലോ എന്ന് മാത്രമാണ്.റഫറിയുടെ കിക്കോഫ്‌ വിസിലിനു കാത്തു നില്‍ക്കുന്ന റൊണാള്ഡീഞ്ഞോയെ പോലെ അവന്‍ അക്ഷമനായി ലിവിംഗ് റൂമിലെ സോഫയില്‍ കുത്തിയിരുന്നു...
സമയം രാത്രി  7 .30
സമയം പോകുന്തോറും ജിന്‍സിക്ക് പേടി കൂടി കൂടി വന്നു.സോഫയില്‍ ഇരുന്ന് അമ്മായിയമ്മ സല്‍ക്കാരത്തിന്‍റെ  മധുരം നുണയവേ, അടുക്കള വാതില്‍ ചേര്‍ന്ന് ബന്ധുക്കളോട് കുശലം പറയുന്ന ജിന്‍സിയെ നോക്കി ബിനു അര്‍ഥം വച്ച് ചിരിച്ചു.ജിന്‍സ്യ്ക്ക് പിന്നെയും ബി പി കൂടി വന്നു.
സമയം രാത്രി  8 .00
സമയം ഇത്രയുമായിട്ടും ബന്ധുക്കള്‍ പിരിഞ്ഞു പോവാത്തതില്‍   അങ്ങേയറ്റം അമര്‍ഷം പൂണ്ട ബിനു കുളിച്ച് ഫ്രെഷായി, കൂടുതല്‍ ആത്മ വീര്യത്തോടെ   വീണ്ടും ലിവിംഗ് റൂമില്‍ സന്നിഹിതനായി. അവന്‍ ചുറ്റുപാടും മെല്ലെ കണ്ണോടിച്ചു. ഭാഗ്യം എല്ലാ മാരണങ്ങളും പോയിരിക്കുന്നു.
'നമുക്കിനി ഡിന്നര്‍ കഴിച്ചാലോ മോനെ..സമയം ഇത്രെയും ആയില്ലേ..' ജിന്‍സിയുടെ അമ്മ സ്നേഹത്തോടെ വിളിച്ചു.തീന്‍ മേശക്കരികിലെയ്ക്ക് അവന്‍ നടന്നു.ബിനുവിന് ഒന്നും കഴിക്കണമെന്ന് തന്നെയില്ല. എല്ലാ ചടങ്ങുകളും ഒന്ന് വേഗം തീര്‍ത്ത് എത്രയും പെട്ടെന്ന് ബെഡ് റൂമിലേയ്ക്ക് പോവാന്‍ അവന്‌ വല്ലാത്ത ധൃതിയായി.
സമയം രാത്രി  8 .30 
കുളി കഴിഞ്ഞ് വരുന്ന ജിന്‍സിയുടെ കൊലുസിന്‍റെ കൊഞ്ചലിനു കാതോര്‍ത്ത് ഒരു വേഴാമ്പലിനെപ്പോലെ അക്ഷമനായി അവനിരുന്നു.''തങ്ക ഭസ്മ കുറിയിട്ട തമ്പുരാട്ടീ..നിന്‍റെ.." ബിനുവിന്‍റെ മൊബൈലില്‍ നിന്നുയര്‍ന്ന പാട്ടിനെ ഭഞ്ജിച്ചു കൊണ്ട് കൊലുസിന്‍റെ ചിലമ്പല്‍ മന്ദം മന്ദം റൂമിലണഞ്ഞു.
കവാടം അടഞ്ഞു.കുറ്റി വീണു!!

"ജി ജി..ജിന്‍സി വന്നാരുന്നോ..?"
...ഉം..
"..നിലക്ക്,അല്ലാ..ഇരി..ക്ക്.."
അവളിരുന്നു. നിശബ്ദതയുടെ നീണ്ട ഒന്നര മിനിട്ട് അവര്‍ക്കിടയിലൂടെ കടന്നു പോയി.
'..ബിനുവേട്ടാ.., എന്താ ഒന്നും മിണ്ടാത്തെ?...,നമുക്ക് കിടന്നാലോ,നേരം ഒത്തിരിയായി...വല്ലാത്ത ക്ഷീണം..'
" എന്താ..,എന്നെ വിളി.., വല്ലോം..... പറഞ്ഞാരു..ന്നോ? "
'..നമുക്ക് കിടന്നാലോ എന്ന്..'
"ഓ അങ്ങനെ..യെസ് യെസ്..യാ യ.. അതെയതെ"
സമയം രാവിലെ 8 .00
വാതില്‍ അടഞ്ഞു തന്നെ കിടക്കുന്നു...
ജിന്‍സി പേടിച്ചതില്‍ എന്തെങ്കിലും കാര്യമുണ്ടോയെന്നും,മിക്സഡ്‌ സ്കൂളിലെ ശിക്ഷണം ബിനുവിന് ഗുണമായോ എന്നുമൊക്കെ അറിയാന്‍ ആ കതക് തുറന്നു ആരെങ്കിലും പുറത്തിറങ്ങിയാലെ പറ്റൂ.അത് വരെ നമുക്ക് കാത്തിരിക്കാം.

No comments

Post a Comment