അന്നമ്മയ്ക്കായി ഒരുങ്ങിയ മണിയറ

വളരെ യാഥാസ്ഥിതിക കുടുംബത്തിലാണ് റോസക്കുട്ടി ജനിച്ചത്‌.സിനിമ കാണാന്‍ വിടില്ല.,ഉത്സവത്തിനും,പൂരത്തിനും വിടില്ല.അവളുടെ അപ്പന്‍ തരകന്‍ വലിയ ദൈവ വിശ്വാസിയാണ്.സിനിമ കാണുന്നതും മറ്റും കൊടും പാപമാണെന്നാണ് തരകന്‍റെ ഒപ്പീനിയന്‍‍. മാത്രവുമല്ല,  ഇതൊക്കെ കണ്ടും കേട്ടും റോസക്കുട്ടി വഴി തെറ്റി പോവുമെന്നും തരകന് നല്ല പേടിയുണ്ട്. അതിലിപ്പം, തരകനെ വെറുതെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പണ്ടിത് പോലെ ഭാര്യ അന്നമ്മയെ പൂരം കാണിക്കാന്‍  കൊണ്ടുപോയിട്ട്, പൂരം കാണാന്‍ വന്ന ഏതോ ഒരു തെണ്ടിയുടെ കൂടെ ഒളിച്ചോടി പോയതും, മകളുടെ ഭാവിയെ കണക്കിലെടുത്ത് പാസ്റ്റര്‍ മനോഹരന്‍ ഇടപെട്ടു ഒരാഴ്ച തികയും മുന്‍പേ തിരികെ കൊണ്ട് വന്നതും മറ്റും ആര് മറന്നാലും തരകന്‍ മറക്കില്ല.വികാര നിര്‍ഭരമായിരുന്നു കൂടിച്ചേരല്‍‍. പൂരം കണ്ടോണ്ടു നിന്ന അന്നമ്മയെ, കള്ളത്തെണ്ടി കയ്യും മറ്റും കാണിച്ചു പ്രലോഭിപ്പിക്കുകയും, എട്ടും പൊട്ടും തിരിയാത്ത അന്നമ്മയെ അവന്‍ തെറ്റിദ്ധരിപ്പിച്ചു കടത്തിക്കൊണ്ടു പോകുകയായിരുന്നുവെന്നുമുള്ള സത്യം അന്നമ്മയില്‍ നിന്നും മനസിലാക്കിയ പാ.മനോഹരന്‍ അക്കാര്യം തരകനെ  ധരിപ്പിച്ചു. സുന്ദരിയായ അന്നമ്മയെ അവിശ്വസിക്കാന്‍ തരകനു കഴിയുമായിരുന്നില്ല.തന്‍റെ  സ്നേഹം തിരിച്ചറിഞ്ഞു മടങ്ങി വന്ന അന്നമ്മയെ, കുറെനാളിന് ശേഷം   കാണുന്ന കാമുകന്‍റെ കൌതുകത്തോടെ ഏറെ നേരം നോക്കി നിന്ന തരകന്‍,അന്ന് വീണ്ടും വീട്ടിലൊരു മണിയറ കെട്ടിയാണ് ആഘോഷിച്ചത്.

 വലിയ തറവാട്ടില്‍ പിറന്നയാളാണ് അന്നമ്മ.ഏഴു പേരില്‍ ഏറ്റവും ഇളയത്.ബാക്കി ആറ് പേരെയും കെട്ടിച്ചു വിട്ട്  മൂപ്പിലാന്‍റെ ഗ്യാസ് തീരാറായ സമയത്താണ് അണ്ടിയാപ്പീസില്‍  മാനേജര്‍ ആയ തരകന്‍ പെണ്ണ് കാണാന്‍ ചെല്ലുന്നത്. അത് കൊണ്ട് തന്നെ അവിടുന്ന് കാര്യമായി ഒന്നും തടഞ്ഞില്ല. "പിന്നെ തരാം പിന്നെ തരാം" എന്ന് പറഞ്ഞു കുറെ നാള്പറ്റിച്ചെന്നും  പറഞ്ഞു, കൊറച്ചു നാള്തരകന്‍ അന്നമ്മയുടെ അപ്പന്‍ വക്കച്ചനുമായി അല്ലറ ചില്ലറ വാക്ക് തര്‍ക്കങ്ങള്‍ ഉണ്ടാക്കിയെങ്കിലും, എപ്പഴേലും കിട്ടുമായിരിക്കും എന്ന് കരുതി സമാധാനിച്ചു കഴിഞ്ഞു കൂടുകയായിരുന്നു.എന്നാല്‍ വക്കച്ചന്‍  വടിയാവുന്നതിന് തൊട്ടു മുനന്‍പ് ബാക്കിയുള്ള വസ്തുക്കളുടെ ഒരു ഭാഗം അന്നമ്മയുടെ ചേട്ടത്തി ചിന്നമ്മയുടെയും,ബാക്കിയുള്ള വസ്തുവും വീടും അവളുടെ നേരെ മൂത്തവനായ പൊന്നച്ചന്റെയും പേരില്എഴുതി വച്ചതിനെ തുടര്ന്ന് ശവമടക്കിനു തരകന്വിട്ടു നില്ക്കുകയുംഅരിശം തീരാതെ അന്നമ്മയെ തെറി വിളിക്കുകയും ചെയ്തു.

കാലം മായ്ക്കാത്ത മുറിവുകളില്ല  എന്നാണല്ലോ. പിണക്കമെല്ലാം മറന്ന് അന്നമ്മയുടെ വീട്ടുകാരുമായി രമ്യതയിലാവുകയും,അദ്ദേഹം കാലക്രമേണ നല്ലൊരു ദൈവ വിശ്വാസി ആയി തീരുകയും ചെയ്തു.പാസ്റ്റര്‍ മനോഹരന്റെ നിരന്തരമുള്ള സന്ദര്‍ശനങ്ങളും, ഉപദേശങ്ങളും കാരണമാണ് തരകന്‍  ഇന്നീ നിലയിലേയ്ക്ക് വരാന്‍  ഒരു മുഖ്യ കാരണം.

സിനിമയ്ക്കെന്നല്ല, ഒരു ആഘോഷ പരിപാടികള്‍ക്കും വിടാത്ത തരകന്‍റെ നിലപാടിനോട് മകള്‍ റോസക്കുട്ടിയ്ക്ക് കടുത്ത അമര്ഷവും വിഷമവും ഉണ്ട്.അടുത്താഴ്ച വേനലവധിക്ക് ക്ലാസുകള്അടയ്ക്കും. അതിനു മുന്‍പൊരു ദിവസത്തെ ക്ലാസ്സ്ടൂര്‍ ഉണ്ടെന്നും അതിനു പോയ്ക്കൊട്ടയോ എന്നും ചോദിക്കാന്‍ ചെന്ന റോസക്കുട്ടിയെ കടുത്ത ഭാഷയില്‍ ശാസിക്കുകയാനുണ്ടായത്.ഇനിയും വീട്ടില്‍ നിര്‍ത്തുന്നത് ബുദ്ധിയല്ലെന്നും എത്രയും പെട്ടെന്ന് ആ  അധ്യയന വര്ഷം കഴിഞ്ഞാല്‍ ഏതെങ്കിലും ദൈവ ദാസന്റെ കൂടെ കെട്ടിച്ചു വിടണം എന്നും കണക്കു കൂട്ടിയ തരകന്‍, പാസ്റ്റര്‍ മനോഹരന്റെ വീട്ടില്‍ ഉപവാസ പ്രാര്‍ത്ഥനയ്ക്ക് പോയ അന്നമ്മ വന്നാല്‍ ഉടന്‍ തന്നെ അക്കാര്യത്തില്‍ ഒരന്തിമ തീരുമാനം എടുക്കണമെന്നും തീരുമാനിച്ചു.

നേരം ഒത്തിരിയായിട്ടും അന്നമ്മയെ കാണാതെ പാസ്റ്റര്‍ മനോഹരന്റെ വാടക വീട്ടിലേയ്ക്ക് ചെന്ന തരകനെ കാത്തു വാതിലില്‍ ഒരു വെള്ളപ്പേപ്പറും അതിലൊരു വരിയും കിടപ്പുണ്ടായിരുന്നു.
 
"ഞങ്ങള്‍ പോകുന്നു, മനസറിഞ്ഞു ധ്യനിക്കുവാനും, തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുവാനും"
 
വര്‍ഷം നാല് കഴിഞ്ഞു.തരകന്‍ ഇന്നും കാത്തിരിക്കുന്നു...അന്നമ്മയ്ക്കായി വീണ്ടുമൊരുക്കിയ മണിയറയുമായി...

No comments

Post a Comment