'വെറുതെയല്ല ഭാര്യേടെ അനിയത്തി..'

"കേശവന്‍ കുട്ടി ഭാഗ്യവാനാണ്" സുന്ദരിയായ ഭാര്യയെ കിട്ടിയപ്പോള്‍ കൂട്ടുകാരും കൂടി നിന്ന പെണ്ണുങ്ങളും പൂച്ചം പൂച്ചം പറയുന്നത് കേട്ട് മണ്ഡപത്തില്‍ കുത്തിയിരുന്ന കേശവന്‍ കുട്ടി അഭിമാനത്തോടെ ഊറിച്ചിരിച്ചു.കാര്യമൊക്കെ ശരിയാണ്.ഭാര്യ സുന്ദരിയാണ്.പ്രീഡിഗ്രി വരെ പഠിച്ചിട്ടും ഉണ്ട്.സൌന്ദര്യവും പഠിത്തവും ഒത്തിണങ്ങിയ ഒരു പെണ്ണിനെ സ്വന്തമാക്കണം എന്ന് ചെറുപ്പം മുതലേ കേശവന്‍ കുട്ടിയ്ക്ക് വാശിയായിരുന്നു.അത് നേടിയതില്‍ അഭിമാനം കൊണ്ട കേശവന്‍ കുട്ടി എന്നാലിന്ന് അത്ര ഹാപ്പിയല്ല.അതിന്‍റെ പ്രധാന കാര്യം സുന്ദരിയായ ഭാര്യയെ നല്ലോണം ഒന്ന് കാണാന്‍ കിട്ടുന്നില്ല എന്നതാണ്.കാലത്തേ തുണിക്കടയില്‍ പണിക്കു പോയിട്ട് കേറി വരുമ്പോള്‍ ഒരു പരുവമാകും.വരുമ്പോള്‍ വാതുക്കല്‍ നിന്ന് താലപ്പൊലി വച്ച് സ്വീകരിക്കണം എന്ന വാശിയൊന്നും കേശവന്‍ കുട്ടിയ്ക്കില്ല. എന്നാല്‍ ഒരു ചായയെങ്കിലും കിട്ടുമെമെന്നു മോഹിച്ചു പോയാല്‍ കേശവന്‍ കുട്ടിയെ നമുക്ക് കുറ്റം പറയാന്‍ പറ്റുമോ?

പ്രശ്നം എന്താണെന്നു വച്ചാല്‍,കേശവന്റെ ഭാര്യ വനജ ഒരു ടി വി സീരിയല്‍ അടിക്ക്റ്റാണ്.ഫുള്‍ ടൈം 'അമ്മക്കിളികള്‍, ഭാര്യ ഒരു ദേവി,വെറുതെ ഒരു ഭര്‍ത്താവ്',തുടങ്ങിയ ടി വി പരിപാടികള്‍ കണ്ടു കൊണ്ടിരിക്കുന്നതിനിടെ 'കേശവന്‍ കുട്ടി വന്നോ കേശവന്‍ കുട്ടി പോയോ' എന്നൊക്കെ നല്ലോണം ശ്രദ്ധിക്കുവാന്‍ പാവം വനജയ്ക്ക് സമയം കിട്ടിയിരുന്നില്ല എന്നതാണ് സത്യം.അധിക നേരം മിണ്ടാനോ കാണാനോ സമയം ലഭിക്കാത്തതിനാല്‍ അവര്‍ തമ്മില്‍ യാതൊരു വിധ കശപിശയും ഉണ്ടായിരുന്നില്ല. കെട്ടിയവനും കെട്ടിയോളും വലിയ ചേര്‍ച്ചയിലാണെന്നും,വഴക്കിടുന്ന ഒച്ചകള്‍ ഒന്നും കേള്‍ക്കുന്നില്ലെന്നും പറഞ്ഞു തെക്കേതിലെ ശാന്തമ്മയ്ക്ക് വല്ലാത്ത അസൂയ ആയിരുന്നു.ശാന്തമ്മയുടെ പ്രാക്ക് കൊണ്ടാണോ എന്തോ, ഒരു ദിവസം ആ വീട്ടില്‍ ഒരു പൂര അടി നടന്നു.

ജോലി കഴിഞ്ഞു അന്ന് പതിവിലും താമസിച്ചാണ് പരിക്ഷീണിതനായ കേശവന്‍ കുട്ടി വീട്ടിലെത്തിയത് (നേരത്തെ വന്നിട്ടും വേറെ പ്രയോജനം ഒന്നും ഇല്ലെന്ന്‌ കേശവനറിയാം). എന്നാല്‍ അന്ന് കേശവനെ വരെ ഞെട്ടിച്ചു കൊണ്ടതാ വനജ ചൂട് കോഫിയുമായി മുന്‍പില്‍! കേശവന് തന്‍റെ കണ്ണുകളെ വിശ്വസിക്കാനായില്ല. "കുടിയ്ക്ക് കേശൂ..ചൂടാറും" എന്ന് പറഞ്ഞു ചുരിദാറിന്‍റെ അറ്റം കൊണ്ട് കേശവന്‍റെ നെറ്റിയിലെ വിയര്‍പ്പു കണങ്ങള്‍ ഒപ്പിയപ്പോള്‍ കേശവന്‍ പിന്നെയും ഞെട്ടി.വീട് വല്ലോം മാറിപ്പോയോ?.., അതോ ടി വി മൊത്തത്തില്‍ അടിച്ചു പോയോ? എന്നൊക്കെ ചിന്തിച്ച്‌ കാപ്പിയുമായി നേരെ ലിവിംഗ് റൂമിലേക്ക്‌ ചെന്നപ്പോള്‍ പതിവ് പോലെ "വെറുതെ ഒരു ഭര്‍ത്താവ്"എന്ന പരിപാടി അവിടെ ഓടുകയായിരുന്നു. ഒരു കോന്തന്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു, ഇടയ്ക്ക് കിതയ്ക്കുന്നു, നിലം തുടയ്ക്കുന്നു...ചാണകം വരുന്നു...അതിനു ശേഷം വരിയായി കുത്തിയിരിക്കുന്ന വീട്ടില്‍ വേറെ പണിയൊന്നും ഇല്ലാത്ത സുന്ദരികളായ കൊച്ചമ്മമാരോട് സാമാന്യം കൊള്ളാവുന്ന വളിപ്പടിക്കടിക്കുന്നു, ചിണുങ്ങുന്നു...അവരും തിരിച്ചടിക്കുന്നു,ചിരിക്കുന്നു.., ചിണുങ്ങുന്നു...പണി കഴിഞ്ഞ് തലയ്ക്കു ചൂട് പിടിച്ചാണ് കയറി വന്നത്, കൂടുതല്‍ ഭ്രാന്താവാതെ കേശവന്‍ കുട്ടി അവിടെ നിന്നും മെല്ലെ മാറുന്നതിനിടെ വനജയുടെ ഒരു കൊഞ്ചിച്ച ചോദ്യം അവിടെ മുഴങ്ങി."നമുക്കൂടെ അതില്‍ പങ്കെടുത്താലോ കേശുവണ്ണാ..നല്ല ഫണ്ണായിരിക്കും ". ആദ്യം ഒരെണ്ണം പൊട്ടിക്കാനാണ് തോന്നിയതെങ്കിലും "താല്പര്യമില്ല" എന്ന് പറഞ്ഞു പിന്മാറിയ കേശവനെ വിടാതെ പിന്തുടര്‍ന്ന വനജയുമായി ഒന്നും രണ്ടും പറഞ്ഞ്‌ പറഞ്ഞ്‌, ഒടുവില്‍ വലിയ വാക്ക് തര്‍ക്കത്തിലാണ് അത് കലാശിച്ചത്.അത് ഒളിഞ്ഞു നിന്ന് കേള്‍ക്കാന്‍ ഇടയായ തെക്കേതിലെ ശാന്തമ്മയ്ക്ക് കൊറച്ചു നാള്‍ കൂടി അന്ന് നല്ല ശോധന കിട്ടി.

പഠിക്കാന്‍ ചേച്ചിയുടെ അത്രയും മിടുക്കിയായിരുന്നില്ല വനജയുടെ അനിയത്തി ഗിരിജ.പത്താം ക്ലാസ്സില്‍ തോറ്റയുടനെ തയ്യല്‍ പഠിക്കാന്‍ പോയി.ബാങ്ങ്ലൂരിലെ കൊമ്മേര്‍ഷ്യല്‍ സ്ട്രീറ്റില്‍ ഒത്തിരി തുണിക്കടകള്‍ ഉള്ളതില്‍ തയ്യക്കാരികള്‍ക്ക് അവിടെ നല്ല സ്കോപ് ആണെന്നറിഞ്ഞു അങ്ങോട്ട്‌ കൊണ്ട് വന്നിരിക്കുകയാണ് വനജ.വനജയ്ക്കിപ്പഴും ഒരു മാറ്റവും വന്നിട്ടില്ല എങ്കിലും വാതില് തുറന്നു കൊടുക്കാനും കാപ്പിയിട്ട് കൊടുക്കാനും ഗിരിജയുള്ളത് കേശവന്‍ കുട്ടിയ്ക്ക് ഒരു ആശ്വാസമായി.കൊറച്ചു ദിവസം കഴിഞ്ഞപ്പോള്‍ കേശവന്‍ കുട്ടിയ്ക്ക് ഒരു കാര്യം മനസ്സിലായി.ഭാര്യ വെറും വെറുതെയാണെങ്കിലും, തീരെ വെറുതെയല്ല ഭാര്യേടെ അനിയത്തി.

വനജ അപ്പോഴും ഇതൊന്നും ഗൌനിക്കാതെ 'വെറുതെ ഒരു ഭര്‍ത്താവ്' കണ്ട്‌ വെറുതെ ചിരിച്ചു കൊണ്ടേയിരുന്നു...

No comments

Post a Comment