വീടു ജീവിതം(പാര്‍ട്ട്‌-1) {HOUSE LIFE-1}

പേര് ബേബി.
പ്രായം അറുപത്തെട്ട്.
നല്ല കുടുംബത്തില്‍ പിറന്നയാളാണെങ്കിലും സാമ്പത്തികം അല്പം മോശമായതിനാല്‍ തെങ്ങിന് തടം കോരിയും, മൈക്കാട് പണിക്കു പോയും മറ്റുമാണ് ബേബിച്ചായന്‍ വീട്ടു ചെലവ് നടത്തിയിരുന്നത്.പണ്ട് മുതല്‍ക്കേ പറമ്പിലൊക്കെ പണിയെടുത്തു ജീവിക്കുന്ന ആളായതിനാല്‍ ഇത്രയും പ്രായമൊക്കെയുണ്ടെങ്കിലും ആരോഗ്യവാനായിരുന്നു അദ്ദേഹം. ഇടയ്ക്കിടയ്ക്ക് ബീഡി വലിക്കാന്‍ അഞ്ചു മിനിട്ട് റസ്റ്റ്‌ എടുക്കുമെങ്കിലും പണിയില്‍ വേറെ  ഉഴാപ്പാറില്ല .കൃത്യം നാലര ആവുമ്പോള്‍ പണി നിര്‍ത്തി തൂമ്പ കഴുകി,വെള്ളമുണ്ടെടുത്തുടുത്തു , കൂലിയും വാങ്ങി നേരെ ഒരു പോക്കാണ്.ആ പോക്ക് എങ്ങോട്ടാണ് എന്നെനിക്കറിയാം.എനിക്കെന്നല്ല നാട്ടുകാര്‍ക്കെല്ലാം അറിയാം.
ഞങ്ങളുടെ അടുത്ത് ഓരോ അമ്പതു മീറ്റെര്‍ കഴിയുംബോഴും ഓരോ ആരാധനാലയം (കൂടുതലും പെന്തക്കോസ്ത് വിഭാഗത്തില്‍ പെട്ടത്) ഉള്ളതിനാല്‍ ഒരു ബാറ് വയ്ക്കാന്‍ തരകന്‍ മുതലാളി പഠിച്ച പണി പതിനെട്ടും പയറ്റി നോക്കിയെങ്കിലും അളവുകള്‍ എല്ലാം ഒത്തു വരാത്തതിനാല്‍ ബാറിനു അദ്ദേഹത്തിന് അനുവാദം കിട്ടിയിരുന്നില്ല. വേറെ വഴിയില്ലാത്തത് കൊണ്ട്, പണി കഴിഞ്ഞാല്‍ ബേബിച്ചായന്‍ നേരെ ഷാപ്പിലോട്ടു പോകുകയായിരുന്നു പതിവ്. അവിടുന്നൊരു ഇരുന്നൂറു മില്ലി അടിച്ചേച്ച്, അരിയോ മുളകോ എന്നതാന്നു വച്ചാല്‍ അതും മേടിച്ചു മാന്യമായി വീട്ടില്‍ കേറി പോകും. രണ്ടെണ്ണം അടിച്ചാല്‍ വലിയ ഒച്ചയും ബഹളവും ഒന്നും ഇല്ലാതെ, ആരെയും അറിയിക്കാതെ വീട് പിടിക്കണം എന്നാ ഒറ്റ ചിന്തയേ പുള്ളിക്കുള്ളൂ. വീട്ടില്‍ ടി വി യില്ലതതിനാല്‍ സീരിയലിന്റെ പേരും പറഞ്ഞു  വീട്ടില്‍ ഒരനാവശ്യ തര്‍ക്കം ഉണ്ടാക്കേണ്ട ഒരു സാഹചര്യവും  നിലനിന്നിരുന്നില്ല (ഭാഗ്യവാന്‍!). വീട്ടില്‍ ചെന്നാല്‍, ഒന്ന് കുളിച്ചു ഫ്രെഷായി, വല്ലോം കഴിക്കാമല്ലോ എന്ന് വിചാരിക്കുംബോഴെയ്ക്കും എവിടെയെങ്കിലുമുള്ള ഉപവാസ പ്രാര്‍ത്ഥനയും ഭവന വിസിറ്റുകളും മറ്റും കഴിഞ്ഞു പുള്ളിയുടെ ഭാര്യ അന്നമ്മ ചേടത്തി വരാന്‍ നേരമായിട്ടുണ്ടാവും. കാലത്തേ തന്നെ പ്രാര്‍ത്ഥനയും മറ്റു കലാപരിപാടികളും ആരംഭിക്കുന്നതിനാല്‍ വീട്ടില്‍ പ്രത്യേകിച്ചു ഒന്നും വച്ചിട്ടുണ്ടാവില്ല. പണിയെടുത്തു വിശന്നു കേറി ചെന്ന ഒരാള്‍ക്ക്‌ അരിശം വരാന്‍ വേറെ വല്ലതും വേണോ? “എന്താടീ അരിയൊന്നും വച്ചില്ലേ ഇത് വരെ” എന്നെങ്ങാനും ചോദിച്ചാല്‍ പണിയായത് തന്നെ. “നിങ്ങക്ക് കള്ളും കുടിച്ചു നടന്നാല്‍ മതിയല്ലോ മനുഷ്യാ.. ” എന്ന് തുടങ്ങി അങ്ങേരുടെ വീട്ടുകാരെ വരെ 'അന്യഭാഷ'  വിളിക്കുമെന്ന് നന്നായി അറിയാവുന്ന ബേബിച്ചായന്‍  പലപ്പോഴും മിണ്ടാതിരിക്കുകയാണ് പതിവ്. അങ്ങനെ മിണ്ടാതിരിക്കുന്ന ദിവസങ്ങളില്‍ ‘അതെന്തു പറ്റി, ഇങ്ങേരിന്നു അടിച്ചില്ലേ’ എന്ന് പറഞ്ഞോണ്ട് അങ്ങേരുടെ മൂക്കില്‍ ചെന്ന് മണത്തു നോക്കിയും, അങ്ങേര്‍ക്കു ചുറ്റും തിരുവാതിര നടത്തിയുമൊക്കെ സ്മെല്‍ പിടിച്ചെടുത്തു അന്നമ്മ ചേട്ടത്തി എന്നാലും ഒരു റൌണ്ട് തുള്ലാതെ അടുക്കളയിലേക്കു കയറാറില്ല. അന്നമ്മ ചേടത്തിയുടെ ചില നേരത്തെ ആവേശം കണ്ടാല്‍ നമ്മള്‍ വിചാരിക്കും ബേബിച്ചായന്‍ ഒരു ദിവസം കുടിച്ചില്ലെങ്കില്‍ അന്നമ്മയ്ക്ക് ആണ് പ്രശ്നം എന്ന്.
ബേബിച്ചായന്‍ കുടി നിര്‍ത്തി നന്നാവണം എന്ന് അന്നമ്മ ചേട്ടത്തിയും,  അന്നമ്മ ഉപവാസം കുറച്ച്, വീട്ടുകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം എന്ന് ബേബിച്ചായനും ഭയങ്കരമായി ആഗ്രഹിചിരുന്നുവെങ്കിലും, ആരാണ് നന്നാവേണ്ടത് എന്നതിനെ ചൊല്ലി അവര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം നില നിന്നിരുന്നു.ബേബിച്ചായന്‍ പറയുന്നതിലും ചില കാര്യങ്ങളൊക്കെയുണ്ട് എന്ന് സ്ഥാപിക്കാന്‍ ഒരു ദിവസം അദ്ദേഹത്തിന്റെ സുഹൃത്ത് ചെല്ലപ്പനാശാരി ശ്രമിച്ചെങ്കിലും അന്നമ്മ ചേട്ടത്തിയുടെ അന്യഭാഷ കേട്ട് അദ്ദേഹം ചെവി പൊത്തി ഓടുകയാണ് ഉണ്ടായത്‌.വെറും നൂറു മില്ലിയ്ക്ക് വേണ്ടി, സ്വന്തം കാശ് കൊടുത്തടിച്ച ഇരുന്നൂറു മില്ലി കൂടി ആവിയാക്കി കളഞ്ഞത്‌ വെറും നഷ്ടക്കച്ചവടം ആയിപ്പോയെന്ന് ചെല്ലപ്പനാശാരി മനസ്സിലാക്കുന്നത്‌ രണ്ടാമതും ഷാപ്പില്‍ അഭയം പ്രാപിക്കേണ്ടി വന്നപ്പോള്‍ മാത്രമാണ്. "അന്നമ്മയ്ക്ക് അന്യഭാഷാ വരം ലഭിച്ചിട്ടുണ്ട്, ഹല്ലേലൂയാ..!,"  എന്നൊക്കെ പാസ്റ്റര്‍.മനോഹരന്‍ പണ്ട് കവലയില്‍ പ്രസംഗിക്കുമ്പോള്‍, അതെന്താണ് സംഭവം എന്ന് അക്രൈസ്തവനായ ചെല്ലപ്പനാശാരി അത്രയ്ക്ക് മനസ്സിലായിട്ടുണ്ടായിരുന്നില്ല. ബേബിച്ചായനെ പലയിനം പുലഭ്യങ്ങള്‍ മനസ്സില്‍ പറഞ്ഞു കൊണ്ട് ഷാപ്പില്‍ നിന്നിറങ്ങി നടക്കുന്നതിനിടയിലും ബേബിച്ചായന്റെ കാര്യം ഓര്‍ത്തപ്പോള്‍ ചെല്ലപ്പനാശാരിയുടെ മുഖത്ത് അറിയാത്തൊരു പുഞ്ചിരി വിടര്‍ന്നു..   

No comments

Post a Comment