വീടു ജീവിതം-(പാര്‍ട്ട്‌-2)[HOUSE LIFE-(Part-2)


പണി കഴിഞ്ഞു വരുമ്പോള്‍ ‍ ദേഹനൊമ്പലം മാറാന്‍  രണ്ടെണ്ണം അടിക്കും എന്നല്ലാതെ വേറേ വഴക്കോ വക്കാണമോ ഒന്നുമില്ലാത്തതിനാല്‍ ഭാര്യ ഗോമതിയുമായി നല്ല ലോഹ്യത്തില്‍ കഴിഞ്ഞു കൂടി വരികയായിരുന്ന,ആ നാട്ടില്‍ പേരും പെരുമയുമുള്ള ആളായിരുന്നു ദൃഡഗാത്രനും, പണിയില്‍ കേമനുമായ ചെല്ലപ്പനാശാരി.സുന്ദരികളായ ഭാര്യമാരുള്ളവരുടെയും, പതിനാറു തികഞ്ഞ പെണ്മക്കളുള്ളവരുടെയും മനസ്സില്‍ സാധാരണ കാണപ്പെടാറുള്ള ആ പ്രത്യേക ആധിക്ക് ഒരു പരിധിവരെ ആശ്വാസമായിരുന്നു ആശാരിയുടെ കൈവിരുതില്‍ കടഞ്ഞെടുത്ത ഓരോ വാതിലും ജനലും.വീതുളി കൊണ്ട് പലകയില്‍ അനായാസം കവിത രചിക്കുന്ന ആശാരി അടിക്കുന്ന ഓരോ ആണിയും അന്നാട്ടിലെ ചില ഗൃഹനാഥന്മാരുടെയെങ്കിലും ഹൃദയത്തില്‍ ഒരു കൊച്ചു തലോടലായി.

ചെല്ലപ്പനാശാരിക്ക്ചില പ്രത്യേക ചിട്ടകളൊക്കെയുണ്ട്. അതിരാവിലെ എഴുന്നേല്‍ക്കും.വീട്ടിലെ പശു എണീക്കുന്ന സമയമാണ്  സ്ഥിരമായി ആശാരിയും ഉറക്കം വിട്ടെണീക്കുക.പശു മൂത്രമൊഴിക്കുന്നത് കണ്ടാല്ആശാരിക്കും അപ്പൊ തന്നെ ഒഴിക്കണം.പശു ഒഴിക്കുംബോഴേ ഒഴിക്കൂ എന്ന് വേണമെങ്കിലും പറയാം. വളരെ കൊച്ചും നാളിലേ തുടങ്ങിയ ഒരു ശീലമാണത്. എന്നാല്‍, ശീലം കൊള്ളില്ലെന്നും അയലോക്കത്ത്‌  വേറെ പെണ്ണുങ്ങളും  കുട്ടികളുമൊക്കെയുണ്ടെന്നും  പറഞ്ഞ് അല്ലറ  ചില്ലറ വാക്ക് തര്‍ക്കങ്ങളൊക്കെ ഭാര്യ ഗോമതിയുമായി ഇടയ്ക്കിടെ ഉണ്ടായിട്ടുണ്ടെങ്കിലും, ഭക്ഷണക്കാര്യത്തില്‍  പ്രത്യേക നിഷ്കര്‍ ഒന്നുമില്ലാത്ത ആളെന്ന നിലയിലും, ഗോമതി സീരിയല്കാണുന്നതില്‍ യാതൊരു പരിഭവവുമില്ലാത്ത അപൂര്‍വം ഭര്‍ത്താക്കന്മാരില്‍ ഒരാള്‍ എന്ന നിലയിലുമൊക്കെ ഗോമതിയുടെ പ്രത്യേക ഇഷ്ടം പിടിച്ചു പറ്റുന്നതില്‍ ചെല്ലപ്പനാശാരി ഒരു പരിധി വരെ വിജയിച്ചു എന്ന് സമ്മതിക്കാതെ തരമില്ല.ആശാരിയ്ക്ക് അങ്ങനെയൊരു ശീലം ഉള്ളതില്‍ പുള്ളിയെ മാത്രം പറഞ്ഞിട്ട് കാര്യമില്ല, പുള്ളീടെ അപ്പന്‍നാണപ്പനാശാരിക്കും ഇതുപോലെ തന്നെ കോഴി, മുട്ടയിടാന്‍ പോകുന്ന നേരത്ത് മറ്റു ചില കാര്യങ്ങള്‍ ചെയ്യാന്‍ തോന്നുമായിരുന്നു എന്ന കാര്യം നാട്ടില്‍ മുഴുക്കെപാട്ടായിരുന്നു. പാവം മനുഷ്യന്‍!, നാലഞ്ച് കൊല്ലം മുന്‍പേ ചിക്കന്‍ ഗുനിയ പിടിപെട്ടു ആള് മരിച്ചു പോയി. [കോഴിയുടെ പുറകെ നടന്ന്‌ നടന്ന്‌ രോഗം മനപ്പൂര്‍വം പിടിച്ചു വരുത്തുകയായിരുന്നു എന്നാണ് ഗോമതിയുടെ പക്ഷം, വേറേ തെളിവില്ലാത്തതിനാല്‍ ചെല്ലപ്പനാശാരി അക്കാര്യത്തില്‍ കേറി എതിര്‍ക്കാറുമില്ല ]
ആശാരിയുടെ ശീലങ്ങള്‍ക്ക് ആശാരിയോളം തന്നെ പഴക്കമുണ്ട്. അത് കൊണ്ട് തന്നെ പശുവിന്‍റെ ടൈമിംഗ് ഒക്കെ ആശാരിക്ക് ഇപ്പോള്‍‍ നല്ല കാണാപ്പാടമാണ്. എന്നിരുന്നാലും പണ്ടൊരു ഒരു ദിവസം പശുവിനു വയറിളക്കം ബാധിച്ചതിനെ തുടര്‍ന്ന് സമയം തെറ്റി മൂത്രമൊഴിച്ചതിനാല്‍,  അന്ന് ചെല്ലപ്പനാശാരി വീട്ടിലുണ്ടാക്കിയ പുകിലൊന്നും പറയണ്ട. ഗോമതി കലക്കിക്കൊടുത്ത കാടി കാരണമാണ് ആ ഗതി വന്നതെന്നും, അത് മന:പ്പൂര്‍വം ആണെന്നും പറഞ്ഞു ഗോമതിയുമായി തട്ടിക്കയറുക  മാത്രമല്ല, അന്ന് മുഴുവന്‍ ചെല്ലപ്പനാശാരി പണിക്ക്‌ പോവാതെയും  മൂത്രമൊഴിക്കാതെയും വീട്ടില്‍ നിന്നും പുറത്തിറങ്ങാതെ പ്രതിഷേധിക്കുകയും  ചെയ്തു.ജീവിതത്തില്‍ ആദ്യമായി ഒരു ദിവസം മുഴുവന്‍ ഇരുവരും മിണ്ടാതിരുന്നുവെങ്കിലും അവരുടെ പിണക്കത്തിന് പിറ്റേന്ന് കാലത്ത് പശു നോര്‍മല്‍ ആവുന്നത് വരെ മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളൂ. 

തലേന്നത്തെ അന്നമ്മ ചേട്ടത്തിയുടെ അന്യഭാഷകള്‍ സ്വപ്നത്തില്‍ കണ്ട ആശാരി അന്ന് പതിവില്ലാതെ നേരത്തെ എഴുന്നേറ്റു.പശു എഴുന്നേല്‍ക്കാന്‍ ഇനിയും പതിനഞ്ചു മിനിട്ട് ബാക്കിയുണ്ട്. ചെല്ലപ്പനാശാരി ക്ഷമയോടെ എരുത്തിലിന്‍റെ സൈഡില്‍ കാത്തു നിന്നു.എന്നാല്‍ തന്‍റെ വീട്ടിലേയ്ക്ക് കാലത്തേതന്നെ പാഞ്ഞു പറിച്ചു വരുന്ന അവതാരത്തെ കണ്ട ആശാരി ഞെട്ടിപ്പോയി. പ്രേതം ! അല്ല അന്നമ്മ!!!എന്തൊക്കെ കാര്യങ്ങളാണോ ഇനി ഗോമതിയുടെ ചെവിയില്‍ എത്തിക്കുക!ഏതു മുടിയാന്‍ നേരത്താണോ ആ ബേബിയുടെ വക്കാലത്ത് പിടിക്കാന്‍ തോന്നിയത്?? ബേബിച്ചായന് സ്ഥിരമായി കള്ള് വാങ്ങി കൊടുക്കുന്നത് ആശാരിയാണെന്നും, ആശാരിയാണ്‌ അച്ചായനെ വഴി തെറ്റിക്കുന്നതെന്നും ആരോപിച്ച അന്നമ്മ ആശാരിയെ നിലയ്ക്ക് നിര്‍ത്തണം എന്നും ഗോമതിയോടു താക്കീതു നല്‍കി.വാദങ്ങളും മറുവാദങ്ങളും നിരന്നു...അന്യഭാഷകള്‍ ഉയര്‍ന്നു...പത്തു മിനിട്ടോളം അത് തുടര്‍ന്നു..

എരുത്തിലിന്‍റെ സൈഡില്‍ മറഞ്ഞു നിന്ന ചെല്ലപ്പനാശാരി എല്ലാം സശ്രദ്ധം കേട്ടു.പശു ഇനിയും എഴുന്നേറ്റിട്ടില്ല. എങ്കിലും ആശാരിയുടെ കാല്‍ നന്നായി നനഞ്ഞിരുന്നു...

(തുടരും)

No comments

Post a Comment