സുശീലേട്ടത്തിയുടെ സ്വപ്‌നങ്ങള്‍ [dreams of susheela]

എല്ലാവരെയും പോലെ വളരെ മനോഹരമായ സ്വപ്നങ്ങളുമായി ഗള്‍ഫിലേയ്ക്കു പോയ ആളാണ്‌ സുശീലേട്ടത്തിയും.സ്വന്തമായി ഒരു തുണ്ട് ഭൂമി, അതിലൊരു കൊച്ചു വീട്.പാറമടയില്‍ ജോലി നോക്കവേ പാറച്ചീള് കണ്ണില്‍ കൊണ്ട് കാഴ്ച ശക്തിക്ക് നല്ലോണം മങ്ങലേറ്റ തങ്കപ്പേട്ടന് കേറി കിടക്കാന്‍ ഒരു കൂര. അയലോക്കത്തുള്ള പെണ്ണുങ്ങളെയൊക്കെ പൊക്കിക്കാണിക്കാന്‍ രണ്ടരപ്പവന്‍റെ  ഒരു മാല.ഇത്രയോക്കയെ ഉണ്ടായിരുന്നുള്ളൂ സുശീലേട്ടത്തിയുടെ മോഹങ്ങള്‍.

എന്നാല്‍ തന്‍റെ സ്വപ്നങ്ങളും പ്രതീക്ഷകളും അത്രയെളുപ്പത്തില്‍ നടക്കുന്നതല്ലയെന്ന നഗ്ന സത്യം, ഗള്‍ഫിലേയ്ക്കു പോയ മിക്കവാറും എല്ലാവരെയും പോലെ സുശീലേട്ടത്തിയും മനസിലാക്കാന്‍ കൊല്ലങ്ങലെടുത്തു.അറബി വീട്ടിലെ എച്ചി പാത്രം കഴുകി മാത്രം  ഇതൊക്കെ എങ്ങനെ നടക്കാനാ? ഇനിയും കൂടുതല്‍ നാള്‍ അവിടെ തുടരുന്നതില്‍ പ്രയോജനം ഇല്ലെന്നും, ആ അറബിയുടെ അണ്ടറില്‍ തുടര്‍ന്ന് പണിയെടുക്കെണ്ടെന്നും തീരുമാനിച്ച സുശീലേട്ടത്തി, ഒടുക്കം റിലീസ് വാങ്ങി ദുബായിലെ നൈഫ് ഏരിയയില്‍ സ്വന്തമായി ഒരു ബിസ്സിനെസ്സ് തുടങ്ങി.
ചെറിയ രീതിയില്‍ തുടങ്ങിയ ബിസ്സിനെസ്സ് മെല്ലെ പച്ച പിടിച്ച്, ഒരാഗോള പ്രസ്ഥാനമായി മാറാന്‍ അധിക സമയം വേണ്ടി വന്നില്ല.നിന്ന് തിരിയാന്‍ സമയമില്ലാതെ വന്നപ്പോള്‍ കൂടുതല്‍ ജോലിക്കാരെ നാട്ടില്‍ നിന്ന് ഇറക്കി ബിസ്സിനെസ്സ് ചെറുതായി ഒന്ന് വിപുലീകരിക്കുകയും ചെയ്തു. കമ്പനിയുടെ ഏരിയയില്‍ ചുമ്മാ ചുറ്റിയടിക്കുന്ന ചില വായി നോക്കികളെയും, അവിടെ വന്ന്‌ ഡിസ്കൌണ്ട് ചോദിച്ച്‌ നേരം മിനക്കെടുത്തുന്ന ചില കൂതറ മലയാളികളെ ഒതുക്കാനുമൊക്കെയായി നാട്ടില്‍ നിന്നും  ഘടാഗടിയന്മാരായ രണ്ടു സെക്യുരിറ്റികളെ  അപ്പോയിന്റ്റ് ചെയ്തു.

ബിസ്സിനെസ്സ് വല്ലാതെ കണ്ട്‌ തഴച്ചു വളര്‍ന്നപ്പോള്‍ സുശീലേട്ടത്തി, അല്‍ ബറാഹ എന്ന സ്ഥലത്ത്  മറ്റൊരു ശാഖ കൂടി തുടങ്ങുകയും തങ്കപ്പേട്ടനെ നാട്ടില്‍ നിന്നും കൊണ്ട് വന്ന്‌ അവിടുത്തെ മാനേജര്‍ ആക്കുകയും ചെയ്തു.നേരിയ കാഴ്ച ഉള്ളതിനാല്‍ പൈസ എണ്ണി തിട്ടപ്പെടുത്തുന്നതിനൊന്നും തങ്കപ്പേട്ടന് വലിയ ബുദ്ധിമുട്ടില്ലായിരുന്നു.കാശ് എണ്ണുന്നതല്ലാതെ മറ്റു ബിസ്സിനെസ്സ് കാര്യങ്ങളില്‍ ഇടപെടുന്നതിനു സുശീലേട്ടത്തി തങ്കപ്പേട്ടനെ വിലക്കിയിരുന്നു. കണ്ണിനു ചെറിയ പ്രശ്നമുള്ളതിനാല്‍ കാശും എണ്ണി തങ്കപ്പേട്ടന്‍ അവിടെയിരുന്നോളുമല്ലോ എന്നും സുശീലേട്ടത്തി സ്വബുദ്ധിയാല്‍ കണക്കു കൂട്ടി.  എന്നാല്‍, കാതിന് യാതൊരു വിധ പ്രശ്നവുമില്ലാത്ത തങ്കപ്പേട്ടന്‍ അവിടെ നടക്കുന്ന പലതും കേട്ട് കേട്ട്, മുടിയാന്‍ നേരത്ത് കണ്ണില്‍ കൊണ്ട പാറച്ചീളിനെ വെറുതെ ശപിച്ച്‌ ഏറെ നാള്‍ വെറുമൊരു മനേജറായി കുത്തിയിരിക്കാന്‍ തയാറല്ലായിരുന്നു.കുറേശ്ശെ കാശ് അടിച്ചു മാറ്റിയ തങ്കപ്പേട്ടന്‍ ചില ബിസ്സിനെസ്സ് ടീലുകള്‍ ഉറപ്പിക്കാന്‍ സുശീലേട്ടത്തി നാട്ടില്‍ പോയ നേരം നോക്കി ശാസ്തക്രിയയിലൂടെ കണ്ണുകള്‍ ശരിയാക്കുകയും എന്നാല്‍ അക്കാര്യം സുശീലേട്ടത്തിയില്‍ നിന്നും ഒരു റയ്ബാന്‍ ഗ്ലാസ്സ് കൊണ്ട് മനോഹരമായി മറയ്ക്കുകയും ബിസ്സിനെസ്സ് പൂര്‍വാധികം  ഉഷാറായി നടത്തി കൊണ്ട് പോവുകയും ചെയ്തു.

നാട്ടില്‍ പോയ സുശീലേട്ടത്തിയുമായി, വിദേശ നിക്ഷേപകരെ നാട്ടിലേക്ക് ആകര്ഷിക്കുന്നതുമായി ബന്ധപ്പെട്ട്, പ്രവാസികാര്യ വകുപ്പ്  മന്ത്രി സണ്ണിക്കുട്ടി  ചില ചൂടേറിയ ചര്‍ച്ചകളൊക്കെ നടത്തിയെങ്കിലും, നാട്ടിലെ ചില ഫ്രോഡ് സദാചാരക്കാരുടെയും, ഹര്‍ത്താല്‍, ബന്ദ്‌ തുടങ്ങിയ ആഘോഷ പരിപാടികളിലും തട്ടി ചര്‍ച്ച പരാജയപ്പെടുകയുണ്ടായത്.എന്നിരുന്നാലും, തുടര്‍ ചര്‍ച്ചകള്‍ക്കായി മന്ത്രി ഗള്‍ഫിലേയ്ക്കു വരാന്‍ അതീവ താല്പര്യം പ്രകടിപ്പിച്ചത് ഒരര്‍ഥത്തില്‍ വിജയമാണെന്ന് സുശീലേട്ടത്തി കണക്കു കൂട്ടുന്നു.
ഇന്ന് അനേക ശാഖകളുള്ള ആ മഹാ പ്രസ്ഥാനത്തിന്റെ അറബാബ്  സുശീലേട്ടത്തിയാണ്. വെറും ഒരു തുണ്ട് ഭൂമി മോഹിച്ച്, ഇന്ന് ഏക്കര്‍ കണക്കിന് ഭൂമി വാങ്ങിക്കൂട്ടിയ, വെറും രണ്ടര പവന് പകരം അനേക നെക്ലസ്സുകള്‍ കരസ്ഥമാക്കിയ  സുശീലേട്ടത്തി  കഴിഞ്ഞ കൊല്ലത്തെ മലബാര്‍ ഗോള്ടിന്‍റെ സ്പെഷ്യല്‍ അവാര്‍ഡു ജേതാവ് കൂടിയാണ്.ഇപ്പോള്‍ സുശീലേട്ടത്തി സംതൃപ്തയാണ്, തങ്കപ്പേട്ടനും. അവരുടെ ജീവിതം ഇന്ന് പലര്‍ക്കും ഒരു മാതൃകയാണ്.

ഗുണപാഠം: മോഹിച്ചത് കൊണ്ട് മാത്രം കാര്യമില്ല,അതിനായി പ്രയത്നിക്കുകയും വേണം.അങ്ങനെയുള്ളവര്‍ക്കേ  ഉയര്‍ച്ച ഉണ്ടാവുകയുള്ളൂ.

No comments

Post a Comment