സുന്ദരിയെ കെട്ടിയാല്‍ കുഴപ്പമുണ്ടോ സര്‍?

അജീഷ് ആള് ഗള്‍ഫാ.
എം ബി യെ ക്കാരനും ഗള്‍ഫില്‍ ആള്‍ക്കാര്‍ക്ക് ക്രെഡിറ്റ്‌ കാര്‍ഡ്‌ വിതരണം ചെയ്യുന്ന ജോലിയില്‍ വ്യാപൃതനും ആയിരിക്കുന്ന മുപ്പത്തി മൂന്ന് വയസുള്ള അജീഷ് ബാച്ചിലറാണ്.പെണ്ണ് കെട്ടാന്‍ താല്പര്യം ഇല്ലാത്തതൊന്നുമല്ല    പ്രശ്നം. നാട്ടില്‍ കാണാന്‍ കൊള്ളാവുന്ന പെണ്ണുങ്ങള്‍ ഒന്നും ഇല്ലെന്നാണ് അജീഷിന്റെ പക്ഷം.പല തവണ നാട്ടില്‍ പെണ്ണ് കെട്ടാന്‍ പോയെങ്കിലും ഇക്കാരണത്താല്‍, ഇത് വരെ പെണ്ണ് കെട്ടാന്‍ സാധിക്കാതെ പോയി. ഇത്തവണ പോവുമ്പോള്‍ അന്യ ജില്ലകള്‍ കൂടി സന്ദര്‍ശിച്ച് സുന്ദരികളായ പെണ്ണുങ്ങളില്‍ നിന്ന് ഒരെണ്ണത്തെ ഏതു വിധേനയും കരസ്ഥമാക്കണം എന്നവന്‍ മനസ്സില്‍ കണ്ടു.
ചില കോന്തന്മാരെ പോലെ ഒരുപാടു വലിയ ടിമാണ്ടുകള്‍ ഒന്നും അജീഷിനില്ല. പെണ്ണ് അതീവ സുന്ദരിയായിരിക്കണം, വിദ്യാഭ്യാസം വേണം, നല്ല തറവാടികള്‍ ആയിരിക്കണം.അത്രയോക്കെയുള്ളൂ അജീഷിന്. ജില്ലകള്‍ പലതും കവറ് ചെയ്തു വണ്ടി പാലക്കാടെത്തിയപ്പോള്‍, തിരുവനതപുരത്ത് നിന്നും അമ്മയുടെ കോള്‍ വന്നു. "അമ്മാ, ഞ്യങ്ങളൊരെടത്ത്  ക്യെറാന്‍ പോവേണ്.ഇത്തിരി കഴിഞ്ഞു വിളിക്കാം" എന്ന് പറഞ്ഞു ഫോണ്‍ കട്ട്‌ ചെയ്ത്, പെണ്ണ് കാണല്‍ ചടങ്ങിനു തയ്യാറെടുത്തു.പെണ്ണിന്‍റെ അമ്മ നല്ല വെളുത്തിട്ടാണ്‌ .അപ്പനെ കണ്ടാല്‍ നന്നേ ചെറുപ്പം. മകള്‍ അതീവ സുന്ദരിയായിരിക്കും എന്ന് അപ്പോഴേ അജീഷ് ഉറപ്പിച്ച്‌,  ഉള്ളാലെ ഊറിച്ചിരിച്ചു.കാപ്പിയുമായി പെണ്‍കൊടി അതാ മുന്‍പില്‍! പേര് ട്രീസ മത്തായി.പേരും കൊള്ളാം! ഏതു കണ്ണ് പൊട്ടന്‍ പോലും നോക്കി നില്‍ക്കുന്ന ആ സൌന്ദര്യധാമത്തെ  കാപ്പി കുടിക്കുന്നതിന്‍റെ  ഇടയില്‍ അജീഷ് ഇടയ്ക്കിടെ ഒളികണ്ണിട്ടു നോക്കി കൊണ്ടിരുന്നു...
നല്ല തറവാട്ടുകാരാണ്  പെണ്ണ് വീട്ടുകാര്‍.എം എ ലിറ്ററെച്ചര്‍ പഠിച്ച കുട്ടിയാണ്,കൂടാതെ മുടിഞ്ഞ സൌന്ദര്യവും.അജീഷ് അപ്പോള്‍ തന്നെയങ്ങ് മനസ്സില്‍ ഒറപ്പിച്ചു - ഇത് മതി.ചെക്കന്‍ ഗള്‍ഫില്‍ വലിയ ഉദ്യോഗസ്ഥനൊക്കെ ആയതു കൊണ്ട് സ്ത്രീധനമായി സാമാന്യം നല്ലോണം വല്ലോം തടയുമെന്ന് അജീഷിന്‍റെ  അപ്പന്‍ ലൂക്കോച്ചായന്‍ കണക്കു കൂട്ടി. എന്നാല്‍ ഒറ്റമകള്‍ ആയതു കൊണ്ട് അതെക്കുറിച്ച് ഇപ്പോള്‍ ചോദിച്ചു ചുമ്മാ ഉള്ള വില കളയണ്ടയെന്നും, വരാന്‍ ഉള്ളത് എന്നായാലും ഇങ്ങു പോരുമെന്നുമുള്ള ബ്രോക്കറുടെ രഹസ്യ ഉപദേശ പ്രകാരം, ലൂക്കോച്ചായന്‍ ബുധിപൂര്‍വമുള്ള മൌനം അവലംബിച്ചതോടെ, പെണ്ണ് വീട്ടുകാര്‍ക്കും ചെക്കന്‍റെ വീട്ടുകാരെ പറ്റി നല്ല മതിപ്പ് കൈവരികയും കല്യാണത്തിന് പച്ചക്കൊടി ഉയരുകയും ചെയ്തു.വരാനുള്ളത് എന്നെങ്കിലും ഒക്കെ വരുമെങ്കിലും, അതെത്രയാണെന്നറിയാഞ്ഞിട്ടുള്ള  ആധിയില്‍ വീടിനു പുറകു വശത്തുള്ള തെങ്ങിന്‍ തോപ്പിന്‍റെ  അറ്റമെങ്കിലും  കണ്ടു പിടിക്കാന്‍, തിരികെ കാറിലേയ്ക്കു കയറും വഴി ലൂക്കോച്ചായന്‍റെ കണ്ണുകള്‍ വല്ലാത്ത വെപ്രാളം കൂട്ടി. അതേ സമയം അജീഷാവട്ടെ, ഒളികണ്ണിട്ടു ട്രീസയെ നോക്കിയെങ്കിലും ട്രീസ അത് ഗൌനിക്കാതെ നിലത്തു കാലു കൊണ്ട് അര്‍ദ്ധവൃത്തം വരയ്ക്കുന്നതില്‍ ഏര്‍പ്പെടുകയാണുണ്ടായത്‌.അതില്‍ അല്പം നിരാശ തോന്നിയ അജീഷിനെയും കൊണ്ട് കാറ് തിരുവനന്തപുരത്തെയ്ക്ക്  പാഞ്ഞു.

കഴുത്തില്‍ മിന്ന് കെട്ടുന്നതിനിടെ പല തവണ അജീഷ് ട്രീസയുടെ മുഖത്തേയ്ക്കു ഒളികണ്ണിട്ടു നോക്കിയെങ്കിലും നമ്രമുഖിയായി നില്‍ക്കുകയായിരുന്ന ട്രീസ അതൊന്നും അറിഞ്ഞില്ല.എന്നാല്‍ പള്ളിയില്‍ കൂടി നില്‍ക്കുന്ന പലരും ട്രീസയെ ശ്രദ്ധിക്കുന്നത് മനസ്സിലാക്കിയ അജീഷ് വല്ലാതെ അസ്വസ്ഥനായി.യെവന്മാരെന്തിനാ അവളെ നോക്കുന്നെ..?..വൃത്തി കെട്ടവന്മാര്‍!മറ്റൊരാളുടെ ഭാര്യയുടെ സൌന്ദര്യം ആസ്വദിക്കാമോ..?അത് പാപമല്ലേ...പക്കാ ആഭാസത്തരമല്ലേ..? അങ്ങനെയുള്ള പല ചിന്തകളില്‍ മുഴുകിയ അജീഷിനു കല്യാണ സദ്യ ആസ്വദിച്ച് കഴിക്കാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല.ഇതിനിടെ ആശംസകള്‍ അറിയിക്കാന്‍ വേദിയിലെത്തിയ ഉറ്റ സുഹൃത്ത്‌ ബെന്നി "ബെസ്റ്റ് വിഷസ്.. ,.യു ആര്‍ വെരി ലക്കി മാന്‍.... യുവര്‍ വൈഫ്‌ ഈസ്‌ സൊ ക്യൂട്ട് "എന്ന് അജീഷിന്‍റെ ചെവിയില്‍ സ്വകാര്യം പറഞ്ഞത് ഒരു ഇടിത്തീ പോലെയാണ് അവന്റെ നെഞ്ച് ഏറ്റെടുത്തത്. അപ്പറഞ്ഞത്‌ ട്രീസ കേട്ടോ എന്നറിയാന്‍ അജീഷ്  ഒളികണ്ണിട്ടു  അവളെ നോക്കി.'ഇല്ല ഭാഗ്യം'- കേട്ടിരുന്നെങ്കില്‍ ആ കോന്തന്‍ ബെന്നിയോട് അവള്‍ക്കൊരു ഇമ്പ്രഷന്‍  തോന്നിയേനെ. അല്ല, അവളെ പറഞ്ഞിട്ട് കാര്യമില്ല.സുന്ദരിയാണെന്നൊക്കെ  ആരെങ്കിലും പറഞ്ഞാല്‍ ഏതു പെണ്ണിനാണ് ഇഷ്ടപ്പെടാത്തത്..? ഇവനൊക്കെ സുഹൃത്താണത്രേ!,,അലവലാതികള്‍...

ബന്ധു വീടുകളില്‍ വിരുന്നു പോയപ്പോഴും ഇതേ അവസ്ഥയായിരുന്നു അജീഷിനു ഫീല്‍ ചെയ്തത്.അവന്‍ വല്ലാതെ അസ്വസ്ഥന്‍ ആയിക്കൊണ്ടിരുന്നു. ഹണി മൂണ്‍ ട്രിപ്പിനു ഊട്ടിയില്‍ പോയപ്പോള്‍ റൂം ബോയ്‌ ട്രീസയെ  നോക്കുന്നത് ഒരു കണ്ണാലെ കാണാന്‍ ഇടയായ അജീഷ് അപ്പോള്‍ തന്നെ ട്രിപ്പ്‌ മതിയാക്കി വീട്ടിലേയ്ക്ക് മടങ്ങി. പോകും വഴി തന്‍റെ മനസിന്റെ അസ്വസ്ഥതകള്‍ ഭാര്യയെ അറിയിച്ചു.എന്നാല്‍ അത് കേട്ട് ട്രീസ ചിരിക്കുകയാനുണ്ടായത്. അത്യാവശ്യം കാണാന്‍ നല്ല ലുക്ക്‌ ആണെങ്കിലും, തനിക്കു ഇത്രയും സൌന്ദര്യം ഉണ്ടെന്നു ഇപ്പോഴാണ് മനസ്സിലായത് എന്ന് അജീഷിനോട് പറഞ്ഞെങ്കിലും അവനു അത് അത്ര വിശാസമായില്ല. പിന്നെയും കളിയാക്കി ചിരിക്കുന്നുണ്ടോ എന്നറിയാന്‍ ഇടയ്ക്കിടെ അവന്‍ അവളെ ഒളികണ്ണിട്ടു നോക്കുന്നുണ്ടായിരുന്നു...
ആധി പിടിച്ച രണ്ടാഴ്ച കഴിഞ്ഞു പോയിരിക്കുന്നു.. ലീവ് തീരാന്‍ അഞ്ചാറ് ദിവസം കൂടിയേയുള്ളൂ.വഴിയെ പോവുന്ന  വായിനോക്കികള്‍ ഭാര്യയെ നോക്കാതിരിക്കാന്‍ അജീഷ് ഇപ്പോള്‍ പുറത്തു പോവാറില്ല.അഥവാ പോയാലും ഒറ്റയ്ക്കാണ് യാത്ര.താന്‍ ഗള്‍ഫിലേയ്ക്കു പോയാല്‍ ആരെങ്കിലും ഗേറ്റിനു മുന്‍പില്‍ വന്നു എത്തി നോക്കുമോ എന്നവന്‍ ഭയന്നു.ആ ഭയപ്പാടു ഭാര്യയുമായി പങ്കു വച്ചു.അത് കേട്ട് ട്രീസ വീണ്ടും ചിരിച്ചു.അജീഷിന് ആധി കൂടി കൂടി വന്നു.രാത്രിയില്‍ ഉറക്കത്തില്‍ പിച്ചും പേയും പറഞ്ഞു കൊണ്ടന്നവനുറങ്ങി....
പതിവ് പോലെ അന്നും കാലത്തെഴുന്നെറ്റ്   ഒളികണ്ണിട്ടു കട്ടിലിന്റെ സൈഡില്‍ ട്രീസയെ നോക്കിയെങ്കിലും അവളെ അവിടെ കണ്ടില്ല.ആധിയോടെ അവന്‍ ജനലിന്‍റെ  അരികിലെക്കോടി. ഇല്ല! തലയ്ക്കു ഭ്രാന്തെടുത്തവനെ  പോലെ വീടിന്‍റെ ഉമ്മറത്തെയ്ക്കോടി .ഇല്ല.അവിടെയും അവളില്ല! 
പിന്നെയവള്‍ എവിടെപ്പോയി? ലൂക്കോചായാന്‍ ഉമ്മറത്ത്‌ ഉലാത്തുന്നത്  കാര്യമാക്കാതെ "ട്രീസേ..പൊന്ന് മോളേ " എന്ന് നീട്ടി വിളിച്ചു കൊണ്ടവന്‍ തിരികെ ബെഡ് റൂമിലേയ്ക്ക് പാഞ്ഞു...അവിടെ ഒരു എഴുത്ത് കിടപ്പുണ്ടായിരുന്നു.
'നിങ്ങള്‍ എന്നെ തിരക്കി ആദ്യം ജനലിന്‍റെ  അവിടെയും പിന്നീടു ഉമ്മറത്തെയ്ക്കും പോയിക്കാണുമെന്നു  കരുതട്ടെ.ഞാന്‍ ബാത്ത് റൂമില്‍ ഉണ്ടാവുമെന്ന് അപ്പോഴും നിങ്ങള്‍ കരുതിയിരിക്കില്ല.ഏതായാലും ഇനി അവിടെ  പോയി നോക്കണ്ട.ഞാന്‍ അവിടെയില്ല.എന്‍റെ വീട്ടിലാണ്.താങ്കള്‍ക്ക് ഇനി ആധിയില്ലാതെ സുഖമായി ഉറങ്ങാം.ടിവോര്സ് നോട്ടീസ് വൈകാതെ വിട്ടോളാം"
എന്ന് എന്നെന്നെയ്ക്കുമായി  രക്ഷപെട്ട  ട്രീസ.

1 comment

  1. കാര്യം താങ്കള്‍ ഒരു തമാശ രൂപത്തില്‍ ആണ് പറഞ്ഞത് എങ്കിലും ഇതില്‍ ചിന്തിയ്ക്കാന്‍ ഒരുപാട് ഉള്ള ഒരു സംഭവം ആണല്ലോ മാഷേ. ഒരുത്തന്‍ പെണ്ണ് അന്വേഷിയ്ക്കുമ്പോള്‍ പെണ്ണിന്റെ സൌന്ദര്യം നോക്കുന്നതില്‍ തെറ്റൊന്നും കാണാന്‍ കഴിയുന്നില്ല, പക്ഷെ അത് മാത്രം നോക്കരുത് കാരണം സൌന്ദര്യം വെറും ബാഹ്യമായ സംഭവം മാത്രമല്ല, മനസ്സിന്റെ സൌന്ദര്യം എന്നൊരു സംഗതി കൂടി വരുന്നുണ്ട്, കുറച്ചെങ്കിലും അതൊക്കെ അറിയാന്‍ ശ്രമിയ്ക്കണം. പിന്നെ പരസ്പര വിശ്വാസം, മനസ്സുകള്‍ തമ്മിലുള്ള ചേര്‍ച്ച ഇത് രണ്ടും അത്യന്താപേക്ഷിതമാണ് ഒരു നല്ല വിവാഹ ജീവിതത്തിനു. ഇതൊന്നും ഇല്ലെങ്കില്‍ പിന്നെ സൌന്ദര്യം മാത്രം ഉണ്ടായിട്ടു കാര്യമില്ല.
    പിന്നെ, ഞാന്‍ സ്വജാതിയില്‍ നിന്നുള്ള വിവാഹത്തെ തന്നെയാണ് support ചെയ്യുന്നത്. Inter caste marriage എന്ന് പറയുന്നത് വലിയ തെറ്റൊന്നും ആണെന്ന് പറയുന്നില്ല. പക്ഷെ നമ്മള്‍ കുട്ടിക്കാലം മുതല്‍ ശീലിച്ചു വന്ന ചില ശീലങ്ങള്‍ ഉണ്ടാവുമല്ലോ, അതായത് നമ്മുടെ ജീവിത രീതിയുമായി യോജിച്ചു പോവാന്‍ സ്വജാതിയില്‍ ഉള്ള പങ്കാളിയ്ക്ക് കൂടുതല്‍ എളുപ്പമാവും, അത് പോലെ തിരിച്ചും. എന്റെ വളരെ അടുത്ത സുഹൃത്തുക്കള്‍ പല community (ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലിം etc ) കളില്‍ നിന്നുള്ളവര്‍ ആണ്. ജാതി മത ഭേദമന്യേ തന്നെയാണ് ഞാന്‍ അവരോടു ഇടപഴകിയ്യിട്ടുള്ളത്. പലരും എന്നെ പല രീതിയില്‍ സഹായിച്ചിട്ടുണ്ട്, ഞാന്‍ തിരിച്ചും. എല്ലാവരും എനിയ്ക്ക് ഒരുപോലെ പ്രിയപ്പെട്ടവര്‍. മിയ്ക്കവാറും എന്റെ അതെ അഭിപ്രായവും കാഴ്ചപ്പാടുകളും ഉള്ളവര്‍ തന്നെ. പക്ഷെ വിവാഹത്തിന്റെ കാര്യം വന്നപ്പോള്‍ എനിയ്ക്ക് സ്വജാതിയില്‍ നിന്നും മതി എന്നൊരു അഭിപ്രായം ആണ് ഉണ്ടായത്. പ്രേമ വിവാഹം ശരിയാവില്ല എന്ന് മനസ്സിലാക്കിയത് കൊണ്ട് പ്രേമിയ്ക്കാനും പോയില്ല. വെങ്കായ സാമ്പാറും വെണ്ടയ്ക്കാ തോരനും കുറെ പച്ചക്കറികളും മാത്രം ദിവസവും കഴിച്ചു ശീലിച്ച പക്കാ പാലക്കാടന്‍ അയ്യര്‍ ആയ ഞാന്‍ നല്ല ഒന്നാം തരാം ചിക്കന്‍ ബിരിയാണിയും മീന്‍ പൊരിച്ചതും മറ്റും കഴിച്ചു ശീലിച്ച ഒരു പെണ്ണിനെ കെട്ടിയാല്‍ അവളുടെ കൈപ്പുണ്യം ആസ്വദിയ്ക്കാന്‍ കഴിയാതെ പോവില്ലേ? ഞാന്‍ കാരണം ഒരു പാവം പെണ്‍കുട്ടിയുടെ ജീവിതം വെണ്ടയ്ക്ക തിന്നു പാഴായി പോവരുതല്ലോ എന്ന് ഓര്‍ത്തു എടുത്ത തീരുമാനം. ദൈവം സഹായിച്ചു എനിയ്ക് സ്വജാതിയില്‍ നിന്ന് തന്നെ ഒത്തു വന്നു. സന്തുഷ്ടമായ കുടുംബ ജീവിതം രണ്ടാം വര്ഷം പൂര്‍ത്തിയാക്കി ഒരു ആണ്കുഞ്ഞിനു ജന്മം കൊടുക്കാനും കഴിഞ്ഞു

    ReplyDelete