ബിജുമോന്‍ ഇന്നൊരു മണവാളന്‍

ബിജുമോന്‍ കാണാന്‍ വല്യ ലൂക്കില്ലാത്ത ആളായിരുന്നു. 'ആനക്കറുമ്പാ., പൊണ്ണത്തടിയാ..'എന്നൊക്കെ കൂട്ടുകാര്‍ കളിയാക്കി വിളിക്കുമ്പോള്‍ "കറുപ്പിനേഴഴക്.., വെളുപ്പിനേഴഴക്"  എന്നൊക്കെയുള്ള അമ്മ പറഞ്ഞു കൊടുത്ത സൂത്രപ്പണികളൊക്കെ പയറ്റിയും  മറ്റും അവന്‍ ഒരുവിധം പിടിച്ചു നിന്നു. നല്ലോണം പൌഡര്‍ ഒക്കെ ഇട്ട് ആവും വിധം ഒരുങ്ങി കുട്ടപ്പനായി വന്നിട്ടും സ്കൂളില്‍ പഠിക്കുന്ന  പെണ്പിള്ളേര്‍  ഒന്നും അവനെ മൈന്‍ഡ് ചെയ്യാത്തത് അവനെ വല്ലാതെ നിരാശനാക്കിയിരുന്നു. മാത്രവുമല്ല, കൂടെ പഠിക്കുന്ന ചുള്ളനായ അജീഷ് രാജിനെ  ട്രീസയും, അഞ്ജലിയും ഒക്കെ നോക്കി ചിരിക്കുന്നത് കൂടി കാണുമ്പോള്‍ എത്രയോ തവണ അവന്‍റെ പിഞ്ചു ഹൃദയം നുറുങ്ങിയിട്ടുണ്ട്!!

ബിജുമോന്‍ പഠിയ്ക്കാന്‍ മോശമാണ്.അവന്‍റെ അപ്പന്‍ പള്ളിക്കൂടത്തില്‍ തന്നെ കയറിയിട്ടില്ല.അപ്പനെ അപേക്ഷിച്ച് അവന്‍ ഭേദമാണ് എന്നാണ് ബിജുമോന്‍റെ  അമ്മയുടെ പക്ഷം.
അതേസമയം, അജീഷ് രാജിന് ക്ലാസ്സില്‍ മൂന്നാം റാങ്കാണ്.ഹാവും, ഹാഡും,  ഹാഡ് ബീനും ഒക്കെ ചേര്‍ത്ത് അവന്‍ ഇന്ഗ്ലീഷ്‌ പറയുന്നതൊക്കെ ഒന്ന്  കേക്കണം ! "അവന്‍റെ  അമ്മേടെ ഒരു പാസ്റ്റ് പാര്‍ട്ടിസിപ്പില്‍"  ബിജുമോന്‍ ഓര്‍ത്തു.കഴിഞ്ഞ കൊല്ലം സ്കൂളില്‍ ലളിത ഗാനത്തിന് ഒന്നാം സമ്മാനം അജീഷിനായിരുന്നു."വലിയ ഗായകനാണ് പോലും! ത്ഫൂ...! ഇവനെയോക്കെയരെടാ പിടിച്ചു ക്ലാസ്സ്‌ ലീഡറാക്കിയത്?" ഈ കുജീഷിനെ അടിച്ചങ്ങ്‌ കൊന്നാലെന്താ  എന്ന് വരെ ബിജുമോന് പലപ്പോഴും തോന്നിയിട്ടുണ്ട്.എന്നാല്‍ അതിനൊന്നും ധൈര്യമില്ലാത്തത് കൊണ്ട് ഇന്റര്‍വെല്‍ സമയം ബിജുമോന്‍ ടോയിലെറ്റില്‍ പോയി അല്‍പനേരം ആരും കേള്‍ക്കാതെ കര്‍ചീഫ്‌ കടിച്ചു പിടിച്ച് ഏങ്ങി കരയുമായിരുന്നു.ആ കണ്ണീരില്‍, കട്ടയ്ക്കിട്ട പൌഡറിനൊപ്പം അവന്‍റെ സങ്കടങ്ങളും ഒരു ആഴിയായ് ഊഴിയിലേക്ക് പതിക്കും....

ബിജുമോന് എല്ലാം തുറന്നു പറയാന്‍ അമ്മ മാത്രമേയുള്ളൂ.എന്നിരുന്നാലും, സ്കൂളിലെ
പെണ്പിള്ളേര്‍ നോക്കുന്നിലാ..,മിണ്ടുന്നില്ലാ.. എന്നൊക്കെ അമ്മയോട് കേറി അങ്ങനെ പറയാന്‍ പറ്റുമോ? അമ്മ ഒലയ്ക്കക്കടിക്കുമോ  എന്നവന്‍ ഭയന്നു...അല്ല, അമ്മ അത് ചെയ്യും, അതവനറിയാം..ഇന്നാള് ഒരു പരുവത്തിനാണ് ആ സമയം അവന്‍റെയപ്പനോടി  കിണറ്റില്‍ ചാടി രക്ഷപെട്ടത്!

എന്നാല്‍ അവന്‍റെ സങ്കടങ്ങള്‍ പങ്കു വയ്ക്കാന്‍, അവനെ മനസിലാക്കിയ ഒരാള്‍ ആ സ്കൂളില്‍ തന്നെ ഉണ്ടായിരുന്നു. 9-C യിലെ പാറു എന്ന പാര്‍വതി.എല്ലാവരും 'കുട്ടിഭൂതം' എന്ന് വിളിക്കുന്ന അവള്‍, ഒരു ദിവസം ഏകനായി മൂത്രപ്പുരയുടെ പുറത്തുള്ള പാറക്കല്ലില്‍ കുനിഞ്ഞിരിക്കുന്ന  ബിജുമോനോട് "എന്തിനാ ഒറ്റയ്ക്കിരിക്കണേ..? വിഷമിക്കണ്ടാട്ടോ, ഒന്നുല്ലേലും ഞങ്ങളോക്ക്യില്ലേ.." എന്നൊക്കെ പറഞ്ഞു ചെന്നെങ്കിലും  "സ്വൈര്യം നശിപ്പിക്കാതെ പോടീ കുട്ടി ഭൂതപ്പിശാശേ.." എന്ന് പറഞ്ഞു ആക്ഷേപിക്കാനാണ് തുനിഞ്ഞത്.കണ്ണീരോടെ അവള്‍ നടന്നകലുന്നത് കണ്ട സുഹൃത്ത്‌ അഖില്‍    "എന്നാലും അവളുടെ മനസ് നീ നോവിച്ചു വിട്ടത് ശരിയായില്ല..." എന്നൊക്കെ പറഞ്ഞെങ്കിലും "ഇത്രയും കാണാന്‍ വൃത്തിയില്ലാത്ത ഒരാളുടെ സ്നേഹം കാണാന്‍ എനിക്ക് മനസില്ല. അത്രയ്ക്ക് അത്യാവശ്യമാണെങ്കില്‍ അവളെ നീയെടുത്തോ.." എന്ന് പറഞ്ഞു അത്യന്തം കുപിതനായി ഗ്രൌണ്ടിലേയ്ക്ക് പോവുകയാനുണ്ടായത്.


പഠിത്തം കഴിഞ്ഞു എത്രയും വേഗം ഒരു സുന്ദരി പെണ്ണിനെ കെട്ടണം എന്ന് ബിജുമോന്‍ അതിയായി ആഗ്രഹിച്ചു.അതിന് എത്രയും പെട്ടെന്ന് ഒരു ജോലി നേടണം.അക്കാരണത്താല്‍,  പത്താം ക്ലാസ്സ്‌ റിസള്‍ട്ട്‌ വന്നതിന്‍റെ പിറ്റേ ദിവസം തന്നെ ലിഫ്റ്റ്‌ ടെക്നോളജിക്ക് ചേര്‍ന്ന് പഠിച്ചു പാസ്സായി.ജോലി കിട്ടാതെ മൂന്നാല് കൊല്ലം നാട്ടിലും മുംബയിലുമായി  അലഞ്ഞു. ഒടുവില്‍, ഭാഗ്യത്തിന് മുംബയിലെ ഒരു എജെന്‍സി വഴി ദുബായിലെത്തി.എന്നാല്‍ ആ
എജെന്‍സിക്കാര്‍ അവനെ പറ്റിച്ചത് കൊണ്ട് ജോലിയും ശമ്പളവുമില്ലാതെ കുറെനാള്‍ അലഞ്ഞു നടന്നു.പിന്നെയും ഭാഗ്യം അവനെ തേടി വന്നു. ഒരു സന്നദ്ധ സംഘടന വഴി ബിജു മോന് ലിഫ്റ്റും,ലിഫ്റ്റ്‌ ലോബിയും  തുടയ്ക്കുന്ന ജോലി തരപ്പെട്ടു. നീണ്ട നാല് കൊല്ലങ്ങള്‍.......

ബിജുമോന്‍  പെണ്ണുകെട്ടാന്‍ നാട്ടിലേയ്ക്ക് യാത്രയായി. ഒരു പാട് പേരെ കണ്ടു. എല്ലാവരേയും  ബിജുമോന് വളരെ ഇഷ്ടപ്പെട്ടു,എന്നാല്‍ ബിജുമോനെ ആര്‍ക്കും ഒട്ടും പിടിച്ചില്ല.. അവന്‍ ആ
ദേഷ്യത്തില്‍ ബ്രോക്കരുമാരെ  ചീത്ത വിളിച്ചു.അതിനാല്‍ അവരും തിരിഞ്ഞു നോക്കാതെയായി. അവധി തീരാറായി വരുന്നു.ബിജുമോന് ആധിയായി.

എന്നാല്‍ ഭാഗ്യം പിന്നെയും ഒരിക്കല്‍ക്കൂടി അവനെ തേടി വന്നു, ബ്രോക്കര്‍ ശിവന്‍കുട്ടിയുടെ രൂപത്തില്‍. അങ്ങനെ ഒരു പെണ്ണിനെ കൂടി കണ്ടു.അവള്‍ക്കു ബിജുമോനെ വല്ലാതെ ഇഷ്ടമായി.ബിജുമോന്‍ അവളെ സൂക്ഷിച്ചു നോക്കി.അതേ അവള്‍ തന്നെ.. നമ്മടെ പഴയ 'കുട്ടി ഭൂതം'. അവള്‍ ഒന്നൂടെ ഉരുണ്ടിട്ടുണ്ട്."ആള് നേര്‍സാണ്" ബ്രോക്കര്‍ ശിവന്‍കുട്ടി കാതില്‍ മെല്ലെ മന്ത്രിച്ചപ്പോള്‍  അതുവരെ മ്ലാനമായിരുന്ന ബിജുമോന്‍റെ മുഖത്തൊരു പൂക്കുല വിരിയുന്നത് കാണാമായിരുന്നു...

ഗുണപാഠം: ഉള്ളില്‍ തട്ടിയ സ്നേഹം എന്നാണെങ്കിലും തിരിച്ചറിയും.അവര്‍ ഒന്നിയ്ക്കും.

No comments

Post a Comment