അസമയം കൂവിയ പൂവന്‍..!

കോഴിയെ ഇടിച്ചിട്ട പ്രാഡോ കാര്‍ തടഞ്ഞു വച്ച് ബോബനും മോളിയും ജോക്കുകള്‍ ഉച്ചത്തില്‍ പറഞ്ഞു രസിക്കുകയാണ് നാട്ടുകാര്‍.
കോഴി ആരുടെയാ? ആ....? ആര്‍ക്കറിയാം? 
കോഴിയെ മന:പ്പൂര്‍വം കൊണ്ടിടിച്ചതാണോ? ആര്‍ക്കറിയാം ഇതൊക്കെ? 
കൂട്ടം കൂടി നിന്ന് തെറി വിളിക്കുന്നവര്‍‍ക്ക് പക്ഷെ ഒന്നറിയാം.കോഴിയെ ഇടിച്ചിട്ട കാര്‍ ഓടിച്ചത് അവറാച്ചനാണ്. അവറാച്ചന്‍ ആ നാട്ടിലെ ഒരു മുതലാളിയാണ്.ആ മുതലാളി ഓടിച്ചത് പ്രാഡോയാണ്. തെറി വിളിക്കാന്‍ വേറെ കാരണം വേണോ? ഇതൊക്കെ തന്നെ ധാരാളം.

മഴക്കാലമാണ്...മരിച്ചു പോയ നമ്മടെ കോഴിയമ്മയ്ക്ക് മഴക്കാലം വന്നാല്‍ പിന്നെ കാലു കോച്ചി പിടിത്തവും മറ്റും തുടങ്ങും. അല്പം വാദത്തിന്റെ അസ്കിതയുമുണ്ട്.പണ്ടേ അസുഖക്കാരിയാണ്, ഇപ്പോള്‍ പ്രായവും കൊറച്ചായി... 'കൂടുതലിട്ടു കഷ്ടപ്പെടുത്താതെ നേരത്തെയങ്ങ് കെട്ടിയെടുക്കണേ ഗുരുവായൂരപ്പാ' എന്നുള്ള സ്ഥിരം പ്രാര്‍ത്ഥന ചൊല്ലിക്കൊണ്ടാണ് കോഴിയമ്മ മരിക്കുന്നതിന്‍റെ അന്നും ഉറക്കം വിട്ടുണര്‍ന്നത്. ചിക്കി പെറുക്കി പ്രാതല്‍ കഴിച്ചു കൊണ്ട് അടുക്കളയുടെ പിന്‍ ഭാഗത്ത്‌ നില്‍ക്കുമ്പോള്‍ അവള്‍ കണ്ടു!, വാഴയുടെ ചുവട്ടില്‍ പതുങ്ങി നിന്ന് സീന്‍ പിടിക്കുന്ന അങ്ങേ വീട്ടിലെ പൂവന്‍ ചേട്ടന്‍!!ചങ്കിടിച്ചു പോയി.... അവന്‍റെ നോട്ടവും പടുതിയും തീരെ പന്തിയല്ലെന്ന് മനസ്സിലാക്കിയ കോഴിയമ്മ, ഒഴിഞ്ഞു മാറാന്‍ ആവതു ശ്രമിച്ചെങ്കിലും,പതിനാറുകാരിയെ കണ്ട ബാലന്‍ കെ നായരുടെ ആക്ക്രാന്തത്തോടെ പാഞ്ഞടുത്ത പൂവന്‍ ചേട്ടന്റെ വരവ് കണ്ട് പേടിച്ച്‌, പ്രാണ ഭയത്തോടെ വയ്യാത്ത കാലും നടുവും കൊണ്ട് ഓടിയും പറന്നും, ഒടുക്കം അവറാച്ചന്‍ മുതലാളിയുടെ പ്രാഡോയുടെ ചില്ലില്‍ തട്ടി വീരചരമമടയുകയായിരുന്നു!പുവര്‍ ഗേള്‍!

തന്റേതല്ലാത്ത കാരണത്താല്‍ മരണപ്പെട്ട കോഴിയുടെ പേരില്‍ തെറി വിളിക്കുന്ന ആ സദാചാര സംരക്ഷണ കമ്മിറ്റിയുടെ ആക്രമണം ആദ്യമായല്ല മുതലാളി നേരിടുന്നത്.ഒരാഴ്ച മുന്‍പേ അവാറച്ചന്‍റെ ഗേറ്റിനു മുന്‍പില്‍ കെട്ടിയിരുന്ന പശുവിനെ, ആ നാട്ടിലെ സദാചാര സംരക്ഷണ കമ്മിറ്റി ട്രഷറര്‍ ‍ഒലിപ്പീര് ബൈജു ഓടിച്ചു കൊണ്ട് വന്ന ഓട്ടോ തട്ടുകയുണ്ടായി.ഓട്ടോ ചളുങ്ങിപ്പോയെന്നും പറഞ്ഞു ഇതേ ആള്‍ക്കാര്‍ അവിടെ തടിച്ചു കൂടുകയും ഗേറ്റിന്‍റെ പുറകു വശത്ത് ഉറങ്ങിക്കൊണ്ട് നിന്ന വാച്മാനെ കയ്യേറ്റം ചെയ്യുകയും, മൊതലാളിയുടെ കയ്യില്‍ നിന്നും രണ്ടായിരം രൂപ എണ്ണം പറഞ്ഞു വാങ്ങിക്കൊണ്ടു പോവുകയും, പോവുന്നതിനു മുന്‍പേ പശുവിനെ പല തവണ തൊഴിക്കുകയും ചെയ്തു.പശു നാലിന്‍റെയന്നു ‌ കാഞ്ഞു പോയി.പുവര്‍ ഗേള്‍!

എന്താണ് അവറാച്ചന് കൊഴപ്പം? സദാചാര സംരക്ഷണ സമിതിക്കാര്‍ എന്തിന് അദ്ദേഹത്തെ ഇങ്ങനെ ആക്രമിക്കുന്നു? മൊയലാളി ആയി പോയത് കൊണ്ടോ? അതോ വലിയ വീടുള്ളത് കൊണ്ടോ?അതോ സുന്ദരിയായ മോളെ നാട്ടുകാരെ ശരിക്ക് കാണിക്കാതെ കറുത്ത ഗ്ലാസ്സോട്ടിച്ച വണ്ടിയില്‍ കൊണ്ട് പോകുന്നത് കൊണ്ടോ? അതോ ഇനി വീട്ടില്‍ ജര്‍‍മന്‍ ഷെപ്പേടിനെ വളര്‍ത്തുന്നത് കൊണ്ടോ? എന്തുവായാലും ശരി നാട്ടുകാരിലെ സദാചാര സംരക്ഷണ സമിതിയംഗങ്ങള്‍ക്ക് മോതലളിയോടു വലിയ കലിപ്പാണ്.

കോഴിയെ ഇടിച്ചിട്ട തര്‍ക്കം അപ്പോഴും തുടരുകയാണ്.ഏതാണ്ട് ഒന്നര മണിക്കൂറിനു ശേഷം, ഒരു വിധത്തിലാണ് മൊതലാളി 500 രൂപ കൊടുത്തു അവിടുന്ന് തടിയൂരിയത്.മുട്ടയിടുന്ന കോഴി ആയതു കൊണ്ട് റേറ്റ് കൂടുതലാണത്രേ!കാശു കൊടുത്തു കാറില്‍ കയറിയ മൊതലാളിയുടെ കാര്‍ അവിടെ കൂടി നിന്ന ആള്‍ക്കാരെ വകഞ്ഞു മാറ്റി മുന്‍‍പോട്ടു നീങ്ങി.എന്നിട്ടും കലിയടങ്ങാത്ത നാട്ടുക്കാര്‍ പുറകേയോടി പ്രാഡോയുടെ മുതുകത്തു തബല കൊട്ടി.

തന്നെ ഏഴയലത്ത് അടുപ്പിക്കാത്ത കോഴിയമ്മ മുട്ടയിടും എന്ന് കള്ളം പറഞ്ഞ നാട്ടുകാരോടുള്ള കലിപ്പിലാണോ, അതോ നല്ലൊരു ദിവസം നശിപ്പിച്ച അവറാച്ചന്‍ മൊതലാളിയോടുള്ള കലിപ്പിലാണോ എന്നറിയില്ല, അത് വരെയുള്ള തര്‍ക്കത്തിന് മൂക സാക്ഷിയായി മാവിന്‍റെ മണ്ടയിലിരുന്ന പൂവന്‍ ചേട്ടന്‍ അസമയത് ഉച്ചത്തില്‍ കൂവിക്കൊണ്ടെയിരുന്നു....

No comments

Post a Comment