മത്തായിയുടെ സ്വര്‍ഗ്ഗ പ്രവേശം

മത്തായിക്കുട്ടി വളരെ നല്ല സ്വഭാമുള്ള ഒരു ദൈവ വിശാസിയായിരുന്നുവെങ്കിലും,  ഇടയ്ക്കിടയ്ക്ക് ചില വക തിരിവുകള്‍ കാണിക്കുമായിരുന്നു.മനുഷ്യനല്ലേ? ഓണത്തിനോ മറ്റോ ഒരു ഗ്ലാസ്‌ പട്ടച്ചാരായം കുടിക്കുന്നത് അത്ര വലിയ പാപമാണോ? ഉറക്കം വരാത്ത രാത്രികളില്‍ വല്ലപ്പോഴുമൊക്കെ ബോറടി മാറ്റാന്‍ ഷക്കീല  പടം കാണുന്നത് ഒരു വലിയ അപരാധമാണോ? മുറുക്കി തുപ്പാനായി ജനല് തുറന്നപ്പോള്‍ അറിയാതെ വേലക്കാരി രമണി മുറ്റമടിച്ചു കൊണ്ടിരുന്നത് കാണാന്‍ ഇടയായതും, ഏതായാലും ജനല് തുറന്നതല്ലേ,ഇനി കുറച്ചു നേരം കാറ്റു കൊണ്ട് കളയാം എന്ന് ചിന്തിച്ചതും മോശമായിപ്പോയോ? ഏയ്..ഒരിക്കലുമില്ല!
എന്നിരുന്നാലും ഒന്ന് രണ്ടു വട്ടം ഇതൊക്കെ ചെയ്തു കഴിയുമ്പോഴേക്കും മത്തായിക്കുട്ടി യുടെ മനസ് കുറ്റബോധം കൊണ്ട് നിറയും.പിന്നെ നേരെ പള്ളിമടയിലോട്ടൊരു പോക്കാണ്.ഫാ.വടക്കനെ കാണാന്‍.കണ്ടു കാര്യങ്ങളൊക്കെ ഏറ്റു പറഞ്ഞു കുമ്പസരിക്കാന്‍.

എന്നും ഒരേ കഥ തന്നെയിങ്ങനെ പറഞ്ഞോണ്ടിരിക്കുന്ന  മത്തായിക്കുട്ടിയുടെ കാര്യത്തില്‍ ഫാ. വടക്കന് അത്ര വലിയ ഇന്‍ററസ്റ്റ്‌   ഒന്നുമില്ലാത്തതിനാല്‍, ദൂരെ നിന്നും വെള്ളയുടുപ്പും ഇട്ടു കൊണ്ട്  മത്തായിക്കുട്ടി നടന്നു വരുന്നത് കാണുമ്പോള്‍ തന്നെ, ഫാ.വടക്കന്‍ തെക്കോട്ട്‌ നോക്കി ധ്യാനം നടിക്കും.
"ഈശോ മശിഹയ്ക്ക് സ്തുതിയായിരിക്കട്ടെ" എന്ന് പലവുരു റിപീറ്റ് ചെയ്താണ് മത്തായിക്കുട്ടി ആ ധ്യാനം മുറിക്കുന്നത്.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ചുമ്മാ ഒരു ജിജ്ഞാസയുടെ പേരില്‍ "പുതുതായി വല്ലതും പറയാനുണ്ടോ" എന്ന് ചോദിക്കാന്‍ ഫാ.വടക്കന്‍ മറക്കാറില്ല.

ഫാ. വടക്കനോട് പറയാന്‍ പുതുതായി എന്തെങ്കിലും വേണമെന്നുള്ള കലശലായ ആഗ്രഹം മത്തായിക്കുട്ടിക്കും ഉണ്ടെങ്കിലും ധൈര്യം പോരാ..
എല്ലാ പാപങ്ങളും ഏറ്റു പറഞ്ഞ് കുമ്പസരിച്ച്‌,   കുറുബാന കൊണ്ട് കഴിയുമ്പോഴാണ് മത്തായിക്കുട്ടിക്ക് ജീവന്‍ വീഴുന്നത് തന്നെ.അത് വരെ വല്ലാത്തൊരു പേടിയും വീര്‍പ്പു മുട്ടലുമാണ്.കുറുബാന കൊണ്ട് കഴിഞ്ഞാല്‍ പിന്നെ കുറച്ചു നാളത്തെയ്ക്ക്   ലൌകികമായ എല്ലാ മോഹങ്ങളെയും കടിച്ച് പിടിച്ച്, എല്ലാം സഹിച്ച്‌ കഴിയും. "കുറുബാന ഒക്കെ എല്ലാ ആഴ്ചയും ഉണ്ട്. നീ ഒന്നടങ്ങ്‌ മത്തായീ.." എന്ന് കൂട്ടുകാരന്‍ തോമസ്‌ ഇടയ്ക്കിടെ ധൈര്യം പകരാറുണ്ടെങ്കിലും സ്വര്‍ഗത്തില്‍ പോകണം എന്ന അതിയായ മോഹമുള്ള മത്തായി, കണ്ട്രോള്‍ തീരെ പോകുമ്പോള്‍ മാത്രമേ കുറുബാന കൊള്ളേണ്ട വിധത്തിലുള്ള വകതിരിവുകള്‍ക്ക്‌ മുതിരാറുള്ളൂ.

മരിച്ചാല്‍ സ്വര്‍ഗത്തില്‍ പോകുമോ? പോകാന്‍ പറ്റുമോ? എന്നൊക്കെയുള്ള ചിന്തകള്‍ മത്തായിയെ വല്ലാതെ അലട്ടി കൊണ്ടിരുന്നു. ഇഹലോകവാസം പൊള്ളയാണെന്നും സ്വര്‍ഗത്തിലെ ശാശ്വതമായ സമാധാനത്തിലേക്കുള്ള വഴി തിരഞ്ഞെടുപ്പാന്‍ വ്യഗ്രത കാട്ടുവിന്‍.." എന്നൊക്കെയുള്ള ഫാ.വടക്കന്‍റെ ഞായറാഴ്ച പ്രസംഗം മത്തായിക്കുട്ടിയുടെ കാതില്‍ മാറ്റൊലി തീര്‍ത്തു. മത്തായി സ്വര്‍ഗത്തില്‍ പോകുവാന്‍ അതിയായി ആഗ്രഹിച്ചു.
വര്‍ഷങ്ങള്‍ കടന്നു പോയി. ഇതിനിടയില്‍ പല തവണ മത്തായിക്ക് കുറുബാന കൊള്ളേണ്ട സാഹചര്യം വന്നു.ഒടുവില്‍, അന്തികുറുബാനയും സ്വീകരിച്ചു മത്തായിയുടെ പെട്ടി സെമിത്തേരിയിലേക്കെടുകപ്പെട്ടു...

മത്തായി ഭാഗ്യവാനാണ്. മത്തായിയുടെ ആഗ്രഹം പ്രകാരം സ്വര്‍ഗത്തിന്‍റെ  കിളിവാതില്‍ ഇതാ അദ്ദേഹത്തിനായി തുറക്കപ്പെട്ടിരിക്കുന്നു!മത്തായി തുള്ളിച്ചാടി!!
മെല്ലെ അകത്തു കയറി.
പാട്ട്, ഭജന, ആനന്ദം...മത്തായി അതില്‍ പങ്കു ചേര്‍ന്നു..
പിന്നെയും പാട്ട്, ഭജന, ആനന്ദം...മത്തായി പിന്നെയും അതില്‍ പങ്കു ചേര്‍ന്നു..
പിന്നെയും പാട്ട്, ഭജന, ആനന്ദം..മത്തായിക്ക് ചെറുതായി ബോറടിച്ച് കണ്ട്രോള്‍ വിട്ടു തുടങ്ങി.മെല്ലെ എഴുന്നേറ്റ് ആരും കാണാതെ ജനാല തുറന്നു നോക്കി..
മത്തായി ഞെട്ടിപ്പോയി..!! ഇല്ല..., മുറ്റമടിക്കുന്ന രമണി അവിടെയെങ്ങുമില്ല !പകരം രണ്ടു മാലാഖമാര്‍ വളരെ വേഗത്തില്‍ ചിറകിട്ടടിച്ചു അവിടെയുള്ള പൊടിയെല്ലാം അങ്ങനെ മുകളിലോട്ടു പറപ്പിക്കുകയാണ്..കണ്ണിലും മൂക്കിലും പൊടി കേറി  കമിഴ്ന്നു വീണു, ഒളിഞ്ഞു നോക്കിയ മത്തായി...
നേരം രാത്രി 12 കഴിഞ്ഞു...മത്തായിക്കുട്ടിക്ക് ഉറക്കം വരുന്നില്ല... ടി വി കാണാമെന്നു വച്ച് അവിടെയെല്ലാം പരതിയെങ്കിലും സൂര്യ ടി വി യുടെ സിഗ്നല്‍ അവിടെ ലഭ്യമാകില്ല എന്ന സത്യം വേദനയോടെ മത്തായിയ്ക്ക്  മനസ്സിലായി.സമാധാനം മുഴുവന്‍ നഷ്ടമായ മത്തായി ആര്‍ത്തിയോടെ കവലയിലേയ്ക്കോടി.

ഇല്ല! പട്ടച്ചാരായത്തിന്‍റെ ബോര്‍ഡ്‌ എവിടെയും കാണ്മാനില്ല,.ത്രീ സ്റ്റാര്‍ ബാറുകള്‍ തിരഞ്ഞു.ഇല്ല.അതുമില്ല....!!
ഒരു ഭ്രാന്തനെ പോലെ അലറി വിളിച്ചു കൊണ്ട് പാലും തേനും ഒഴുകി നടക്കുന്ന അരുവിയുടെ കളകളാരവം ശ്രദ്ധിക്കാതെ മത്തായി എങ്ങോട്ടോ ഓടി...
പാട്ടും ഭജനയും അവിടെ മുഴങ്ങി കേട്ട് കൊണ്ടിരുന്നു...

"അവന്‍ വാതിലില്‍ മുട്ടി.അവരോ വാതില്‍ തുറന്നില്ല. അവനോ നിലവിളിച്ചു..., അവരോ  വിളി കേട്ടില്ല..."
 അവിടെയെങ്ങും പാട്ടും, ഭജനയും, ആനന്ദവും മാത്രം...

No comments

Post a Comment