എന്‍റെ സെലീനാ., നീ എവിടെയാണ്?


ഫ്രെഷേര്‍സ് ഡേ.
തലേന്ന് പെയ്ത മഴയില്‍ കുതിര്‍ന്ന്‍, അങ്ങിങ്ങ് നാണം കുണുങ്ങി തലകുനിച്ചു  നില്‍ക്കുന്ന പുല്‍‍ക്കൊടികള്‍‍..,തളം കെട്ടി നില്‍‍ക്കുന്ന മഴവെള്ളം. പൊതുവേ വെള്ളം അലര്‍‍ജിയായ  പാവാടത്തുമ്പ് ഇടങ്കൈ കൊണ്ട്   അല്‍പമുയര്‍‍ത്തി, കലാലയത്തിന്‍റെ തിരുമുറ്റത്തേക്ക് നീ കാലെടുത്ത് വയ്ക്കുമ്പോള്‍..,-- ഞാന്‍ ‍ കണ്ടൂ സെലീനാ! ആദ്യമായി ക്യാമ്പസ് കണ്ട നിന്‍റെ പരിഭ്രമം നിറഞ്ഞ സുന്ദര മുഖം.ചാറ്റല്‍ മഴയേറ്റു വാങ്ങിയ ആ പാദസരങ്ങള്‍ എന്നെ നോക്കി ചെറുതായി മന്ദസ്മിതം പൊഴിച്ചു (സംഗതി വെള്ളിയാണല്ലേ?)

ക്ലാസ്സ്‌ മുറിയിലെ ബോറടുപ്പിക്കുന്ന ലച്ചറുകള്‍‍ക്കിടയില്‍ നിന്‍റെ സാന്നിധ്യം മരുഭൂമിയില്‍ എനിക്കൊരുറവയായി.മലയാളം പഠിപ്പിക്കുന്ന തോമസ്‌ സാറിന്‍റെ കാള അമറുന്നത് പോലെയുള്ള ഒച്ചയ്ക്കിടയില്‍ നിന്‍റെ കൊലുസിന്‍റെ  കൊഞ്ചല്‍ കാതിനൊരീണമായി. ക്ലാസ്സ് മുറിയില്‍‍, ലൈബ്രറിയില്‍‍, വരാന്തകളില്‍, പിന്നെ ലാബില്‍‍, എന്തിന്..,സത്യം പറഞ്ഞാല്‍ ലേഡീസ് ടോയിലെറ്റിന് ഇരുപതു വാര അകലെ വരെ ഞാന്‍ നിനക്കൊരു നിഴലായി,ഒരു പക്ഷേ  നീ പോലുമറിയാതെ... 

വെറുതെയിരിക്കുമ്പോള്‍ ‍ ആലോചിക്കും., ഇത്രയും കാലം ഒരു ജെന്‍റില്‍മാനായി ജീവിച്ച എന്‍റെ മനസ്സിലേക്ക് എങ്ങനെയൊരു മാലാഖയെ പോലെ സെലീന വന്ന് ചേക്കേറിയെന്ന് ? ആലോചിച്ചിട്ടൊരു എത്തും പിടിയും കിട്ടുന്നില്ല. S N ബോയ്സില്‍ ആദ്യം അഡ്മിഷന്‍ കിട്ടിയിട്ടും വീട്ടുകാര്‍ നിര്‍ബന്ധിച്ചിട്ടു കൂടി അവിടെ ചേരാതെ ഒടുവില്‍  ഫാത്തിമാ കോളേജില്‍ എനിക്ക് ചേരാന്‍ തോന്നിയത് തന്നെ, എന്‍റെ ലൈഫില്‍ സെലീനയെ കണ്ടുമുട്ടാന്‍ ‍ആയിരുന്നില്ല എന്നാര്  കണ്ടു? ദൈവം ഓരോന്ന് വിധിച്ചിട്ടുണ്ട്,അല്ലേ സെലീനാ..?

റൊസാരിയോ സാറിന്‍റെ സുവോളജി ക്ലാസുകള്‍ എനിക്ക് വല്ലാത്ത ഹരമായിരുന്നു.നീയോര്‍‍ക്കുന്നുണ്ടോ സെലീനാ, ഒരു ദിവസം പരാഗണത്തെ പറ്റി സാര്‍  ക്ലാസ്സ്‌ എടുത്ത് കൊണ്ടിരിക്കുമ്പോള്‍ നമ്മുടെ കണ്ണുകള്‍ അറിയാതെ ഉടക്കിയതും, ആരും കാണാതെ നമ്മള്‍ ഊറിച്ചിരിച്ചതുമെല്ലാം? നിനക്കറിയുമോ, അന്ന് ക്ലാസ്സ്‌ കഴിഞ്ഞ് റൊസാരിയോ സാര്‍ എന്നെ സ്റ്റാഫ് റൂമില്‍ രഹസ്യമായി വിളിച്ച് വരുത്തി ഒരുപാട് വഴക്ക് പറഞ്ഞു. ക്ലാസ്സ്‌ കട്ട്‌ ചെയ്ത് സിനിമയ്ക്കും മറ്റും പോകുന്ന അലമ്പ്‌ പിള്ളേരുടെ പ്രലോഭനങ്ങളില്‍ വീഴാതെ സ്ഥിരമായി ഞാന്‍ ക്ലാസ്സില്‍ കയറിയിരുന്നത് തന്നെ നിന്നെക്കാണാന്‍ മാത്രമാണ്.ക്ലാസ്സിലിരുന്ന് പിന്നെയും ഞാന്‍ നിന്നെ നോക്കുന്നത് കണ്ട റൊസാരിയോ സാര്‍ ക്ലാസ്സില്‍ കയറുന്നതില്‍ നിന്നെന്നെ പെര്‍മനന്‍റ് ആയി വിലക്കിയത് കൊണ്ട് മാത്രമാണ് സെലീനാ, ഞാന്‍ പിന്നീട് സുവോളജി പീരിയഡുകളില്‍ ക്ലാസ്സില്‍ കയറാതിരുന്നത്. റൊസാരിയോ സാറിന്‍റെ പീരിയഡുകള്‍, പിന്നെ ഞാന്‍ വെറുത്തു. റൊസാരിയോ സാര്‍ ക്ലാസ്സ് വിടുന്നതും കാത്ത് എത്രയോ ബുധാനാഴ്ച്ചകളില്‍ 2.00-4.00 PM വരെ ഞാന്‍ സുവോളജി ലാബിന് പുറകില്‍ ആരും കാണാതെ പാത്തിരുന്നിട്ടുണ്ട്..!  ഒരു ദിവസം നീ ലാബിന്‍റെ ജനലിലൂടെ വലിച്ചെറിഞ്ഞ തവളയുടെ അവശിഷ്ടം ഞാനൊരു നിധി പോലെ ഇന്നും വീട്ടില്‍ സൂക്ഷിച്ച് വച്ചിട്ടുണ്ട്.

നിനക്കറിയുമോ സെലീനാ, നാലരയുടെ കൊല്ലം-അഞ്ചല്‍  ഗംഗാ ട്രാവല്‍സ് താമസിച്ച് വരണേയെന്ന് ഞാന്‍ എത്ര തവണ പ്രാര്‍ഥിച്ചിരിക്കുന്നു! അത്രയും നേരം കൂടി നിന്നെ കണ്ടുകൊണ്ട് ബസ് സ്റ്റോപ്പില്‍ നില്‍ക്കാമല്ലോ.കോളേജുകള്‍ കൂട്ടത്തോടെ വിടുന്ന സമയമായാത് കൊണ്ട് ബസില്‍ ‍മുടിഞ്ഞ തിരക്കായിരിക്കും. അകത്ത് കയറിയാല്‍ പിന്നെ, നിന്നെ കണ്ടുപിടിക്കാന്‍ നന്നേ ബുദ്ധിമുട്ടാണ്. വീടെത്തുന്നത് വരെയെങ്കിലും നിന്നെക്കാണാമല്ലോ  എന്നോര്‍‍ത്ത്, തിരക്കുള്ള ഒരു ദിവസം എന്തും വരട്ടെയെന്ന് കരുതി, ഫ്രെണ്ട് ഡോറില്‍ കൂടി തള്ളിക്കയറാന്‍  ശ്രമിച്ച എന്നെ, ആ അലവലാതി ക്ലീനര്‍ പെടലിക്ക്‌ പിടിച്ച് തള്ളിയതും, അത് കണ്ട് മുന്നില്‍ ഡ്രൈവറോട് ചേര്‍ന്ന് നില്‍ക്കുന്ന പെണ്ണുങ്ങള്‍ ‍ എന്നെ നോക്കി കളിയാക്കി ചിരിച്ചതും എനിക്ക് വലിയ ഇന്‍സള്‍‍ട്ട്  ആയി സെലീനാ...എങ്കിലും.,നിന്നെ ഓര്‍‍ത്ത് മാത്രമാണ് ഞാനന്ന് ആ തെണ്ടിയോട് ക്ഷമിച്ചതും ബെല്ല് കൊടുത്തതിന് ശേഷം എങ്ങനെയോ ബാക്ക് ഡോറില്‍ കൂടി തൂങ്ങി  അകത്ത് കയറിയതും. നീയുള്ളത് കൊണ്ട് മാത്രമാണ് സെലീനാ, അവന്‍റെ പരട്ട വണ്ടിയില്‍ ഞാന്‍ പിന്നെയും പിന്നെയും യാത്ര ചെയ്തത്.എന്നാലും, ആ സംഭവത്തിന്‌ ശേഷം  നീയും എന്നെ തെറ്റിദ്ധരിച്ചിട്ടാണോ എന്തോ, രണ്ടു മൂന്നു ദിവസം എന്നെ നോക്കാതിരുന്നത് എനിക്ക് വല്ലാത്ത വിഷമമായി. നിനക്കറിയുമോ., ആ  ദിവസങ്ങളില്‍ ഞാന്‍ വീട്ടില്‍ ചെന്ന് അമ്മയോട് വരെ കയര്‍ത്ത് സംസാരിച്ചു!!!പാവം അമ്മ.

കോളേജ് ഇനി തുറക്കുന്നത് വരെ നിന്നെക്കാണാതെ പിടിച്ച് നില്‍ക്കാന്‍ എനിക്ക് കഴിഞ്ഞില്ല സെലീനാ.അടച്ചിട്ടിരുന്ന കോളേജ് ഗേറ്റിനോ ചുറ്റു മതിലിനോ എന്നെ തടുക്കാനുമായില്ല.
നീ ഇപ്പോള്‍ എവിടെയാണ് സെലീനാ..?
നീയില്ലാത്ത കോളേജ് ക്യാമ്പസിന്‍റെ വീഥികള്‍-അതിന്ന് വിജനമാണ് സെലീനാ....ആകെ ഒരു മ്ലാനതയോ...മന്തതയോ..മൂകതയോ..എന്താണെന്നറിയില്ല...
ഒരു പക്ഷേ ഓണാവധിക്ക് കോളേജ് അടച്ചത് കൊണ്ട് എനിക്ക് വെറുതെ തോന്നുന്നതാവാം.നിന്‍റെ സാമീപ്യം മണക്കുന്ന സുവോളജി ലാബിന്‍റെ പുറകുവശത്തെ പാറക്കെട്ടിലിരുന്ന്  ആദ്യമായി ഞാന്‍ നിനക്കായി മനസ്സ് തുറക്കുകയാണ്..
ഇത്രയൊന്നും  നേരിട്ട് കണ്ട് പറയാനുള്ള ധൈര്യമെനിക്കില്ല സെലീനാ.മാത്രവുമല്ല, റൊസാരിയോ സാര്‍ ഇത് വല്ലതും അറിഞ്ഞാല്‍ എന്നെ കോളേജില്‍ നിന്ന് തന്നെ  പുറത്താക്കുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു.കത്തയക്കാമെന്ന് വച്ചാല്‍ വിലാസവും അറിയില്ല.അതുകൊണ്ട് ഞാനൊരു ബ്ലോഗ്‌ തുടങ്ങി ഇതവിടെ ഇടുകയാണ്.നീ എവിടെ ആയിരുന്നാലും ഇത് വായിക്കുമെന്നും   എന്‍റെ സ്നേഹം തിരിച്ചറിയുമെന്നും വിശ്വസിക്കുന്നു.
ഓണാവധി പെട്ടെന്ന് തീര്‍ന്നു കിട്ടണേ എന്നാഗ്രഹിച്ചു കൊണ്ട് നിര്‍ത്തുന്നു. (ഗംഗാ ട്രാവല്‍സ് വരാന്‍ സമയമായി,പോട്ടെ )
സെലീനയുടെ സ്വന്തം,
നിധിന്‍.T.രാജ്
BSc സുവോളജി (Ist Year)

2 comments

  1. ബെര്‍ളിത്തരങ്ങളില്‍ താങ്കളുടെ കമന്റുകള്‍ വായിക്കുകയും ലൈക്കടിക്കുകയും ചെയ്യാറുണ്ടെങ്കിലും,താങ്കളില്‍ ഇങ്ങിനെയൊരു എഴുത്തുകാരന്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന് ഇപ്പോഴാണ് മനസിലാക്കിയത്.താങ്കളുടെ എല്ലാ പോസ്റ്റുകളും രണ്ടു ദിവസം കൊണ്ട് വായിച്ചു തീര്‍ത്തു.
    പോസ്റ്റുകളിലെ ഹാസ്യം നാന്നാവുന്നുണ്ട്,പക്ഷെ മിക്ക പോസ്റ്റുകളുടെയും അവസാനം ഒരു പഞ്ച് അല്ലെങ്കില്‍ ശക്തമായ ഒരു എന്റിംഗ് ഇല്ലാത്തതായി അനുഭവപെടുന്നു.പിന്നെ മലയാളത്തിലെ ജനപ്രിയ ബ്ലോഗുകളുടെ ബെഞ്ച്‌മാര്‍ക്ക് ബെര്‍ളിത്തരങ്ങള്‍ ആയത് കൊണ്ടോ എന്തോ,ചില പോസ്റ്റുകളില്‍ ബെര്‍ളിയുടെ സ്വാധീനം ഉണ്ടോ എന്നൊരു സംശയം.എന്തായാലും നന്നായിട്ടുണ്ട്.കമന്ടടിക്ക് ഡിസ്കസ് സൗകര്യം എപെടുത്തിയാല്‍ നന്നായിരുന്നു.
    ( ഡിസ്ക്കസില്‍ വഴിപോക്കന്‍ എന്ന പേരില്‍ കമന്റടി തൊഴിലാളിയായി അറിയപെടുന്ന ഞാന്‍ ഇവിടെ ഈ പേരിലാണ് അറിയപെടുന്നത്)

    ReplyDelete
    Replies
    1. വഴിപോക്കാ,
      താങ്കളുടെ യാത്രയ്ക്കിടയില്‍ ഈ സത്രത്തിലും വന്ന് അല്‍പനേരം വിശ്രമിച്ചതിന് നന്ദി സുഹൃത്തേ. അവസാന പഞ്ചിനെ കുറിച്ച് പല സുഹൃത്തുക്കളും ഇതേ അഭിപ്രായം എന്നോട് പറഞ്ഞിട്ടുണ്ട്.സമയം കുറവാണ് എന്ന് പറഞ്ഞ് തടി തപ്പുന്നില്ല. തീര്‍ച്ചയായും ശ്രദ്ധിക്കുന്നതാണ്.
      പണ്ട് കോളേജ് മാഗസീനിലും ഏതാണ്ട് ഇതേ ശൈലിയില്‍ തന്നെ ചില ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്.എനിക്കും വശമുള്ള ഒരു ശൈലിയില്‍ തന്നെയാണ് ഞാന്‍ എഴുതുന്നതെങ്കില്‍ തന്നെയും എനിക്കും ഒരുപാട് ഇഷ്ടമുള്ള ബെര്‍ലിസവും വിശാല മനസ്കിസവും ഒക്കെ എന്‍റെ എഴുത്തിലും കടന്ന് വന്നേയ്ക്കാം.സ്വാഭാവികമാണ്.
      ഈ ബ്ലോഗിന്‍റെ പരിമിധി വച്ച് ഡിസ്കസ് സൗകര്യം ഉള്‍പ്പെടുത്താന്‍ കഴിയുമോ എന്നെനിക്ക് സംശയമുണ്ട്‌.ഞാന്‍ തിരക്കി നോക്കട്ടെ.
      താങ്കളെ ഇവിടെ കണ്ടു മുട്ടിയത്തിലുള്ള സന്തോഷം മറച്ചു വയ്ക്കുന്നില്ല. വല്ലപ്പോഴും സമയം പോലെ ഇത് വഴി വരിക.ഒരു തലയിണയും പായും എപ്പോഴും വഴിപോക്കന് ഈ സത്രത്തില്‍ ഉണ്ടാവും.

      Delete