പ്രഭയ്ക്ക് കല്യാണം പേടിയാണ്


-എനിക്കിപ്പം കല്യാണം കഴിക്കണ്ട അമ്മാ-
മിണ്ടരുത്.,കഴിക്കണ്ട കഴിക്കണ്ട എന്ന് പറഞ്ഞാ- ഇപ്പഴല്ലെങ്കില്‍ പിന്നെപ്പഴാടാ?
-എനിക്ക് പേടിയാ മ്മാ -
എന്തോന്ന്?കല്യാണം കഴിക്കുന്നതോ?
-എല്ലാരും എന്നെത്തന്നെ നോക്കും.എനിക്ക് കല്യാണം വേണ്ടമ്മാ-

ഇത് നല്ല കൂത്ത്‌.എന്നാലൊരു കാര്യം ചെയ്.നീ കണ്ണടച്ചങ്ങു നിന്നാ മതി.ചടങ്ങ് തീരമ്പം, അമ്മ അറിയിക്കാം.അപ്പൊ തൊറന്നാ മതി.,ന്തേ?
-ന്നാലും അവരെന്നെ നോക്കും മ്മാ. നിക്ക് കല്യാണം വേണ്ടമ്മാ-
എന്‍റീശ്വരാ..,ഇവനിങ്ങനയും ഒരു മണ്ടനായിപ്പോയല്ലോ

ദൂരെ അടുക്കള ഭാഗത്ത്‌  നിന്നും "നിന്‍റെ ബുദ്ധിയാടീ അവന്‌ കിട്ടിയിരിക്കുന്നെ"
ദേ മനുഷ്യാ., കാലത്തെന്‍റെ വായീയിരിക്കുന്നത് കേക്കരുത്. മോനെ പ്രഭേ, നീ അമ്മ പറയുന്നതൊന്ന് കേക്ക്.കല്യാണം കഴിക്കാന്‍ പേടിക്കണ്ട യാതൊരു ആവശ്യോമില്ല.മോന്‍റ്മ്മയല്ലേ ഈ പറയുന്നത്?നീയെന്താ ഇങ്ങനെ? അമ്മയെ നെനക്ക് വിശ്വാസമില്ലേ പ്രഭക്കുട്ടാ ?
-അതൊണ്ട്, ന്നാലും-
പിന്നെന്താ ഒരെന്നാലും?തേങ്ങ ചെരണ്ടി കഞ്ഞീലിട്ടത് വേണോ?
-അതല്ലമ്മാ-
പിന്നെന്തുവാ? ചൊവന്ന അലുവ കണ്ടിച്ചത് വേണോ?

ദൂരെ അടുക്കള ഭാഗത്ത്‌  നിന്നും" അവള്‍ടെ അണ്ണാക്കിലോട്ട് ഒരു കഷണം ഉലുവ തിരുകി കൊടുക്കെടാ.."

ഓ..ഹ്,നിങ്ങളൊന്ന് മിണ്ടാതിരി മനുഷ്യാ.അല്ലേയ്‌.,എന്തെങ്കിലും
 പറഞ്ഞ് ഞാനീ  ചെറുക്കനെയൊന്ന് സമ്മതിപ്പിക്കാന്‍ നോക്കംബഴാ അങ്ങേരടെയൊരു...,ആദ്യം നിങ്ങള് പറഞ്ഞ പണി ചെയ്യ്. എന്തായി?തേങ്ങ തിരുമ്മിക്കഴിഞ്ഞോ?
ഇല്ല.ഒടനെ തീരും.ആറേഴണ്ണം ഇല്ലിയോ?.നേരമെടുക്കും.
എടുത്തോട്ടെ.അത് തീരുന്നത് വരെയിനി കമാന്നൊരക്ഷരം മിണ്ടിപ്പോവരുത്. മോനേ പ്രഭേ,ആഡിറ്റോറിയത്തില്‍ വരുന്ന ഒരൊറ്റയാള് പോലും മോനെ നോക്കിപ്പോവരുതെന്നമ്മ പറഞ്ഞോളാം.പോരേ?
-നിക്ക് കല്യാണം വേണ്ടമ്മാ.എനിക്ക് പെണ്ണുങ്ങളെ കാണുന്നതേ പേടിയാ-

"ഞാനപ്പോഴേ എവളോട് പറഞ്ഞതാ., ചെറുക്കനെ ഈ ആണ്‍ പിള്ളേര് മാത്രമുള്ള സ്കൂളില്‍ വിടരുതെന്ന്. അവിടെ വല്ലോം വിട്ടാല്‍ അച്ഛനെപ്പോലായിപ്പോവും എന്നും പറഞ്ഞോണ്ടിരുന്നിട്ടിപ്പം എന്തായി?"
ഹോ..ഈ മനുഷ്യനെ കൊണ്ട് തോറ്റു.നിങ്ങലോടല്ലേ ഒന്ന് മിണ്ടാതിരിക്കാന്‍ പറഞ്ഞേ?
തേങ്ങയൊക്കെ തിരുമ്മി തീര്‍ന്നെടീ.,
ആണോ, എന്നാപ്പിന്നായാ  മീനെടുത്ത് വെട്ടിക്കൂടായോ?ഇനി ഓരോന്നായിട്ട് പറയണമായിരിക്കും
[ ആത്മഗതം:ഇതെന്തൊരു ദുര്‍വിധിയാഭഗവാനേ ..പണ്ടാരടങ്ങാന്‍! ]

മോനേ പ്രഭേ...., എടാ ഇങ്ങോട്ട് നോക്ക്,അമ്മയൊരു പെണ്ണല്ലേ?മോന് അമ്മയെ പേടിയുണ്ടോ,ഇല്ലല്ലോ?പിന്നെന്താ പ്രശ്നം?
-പക്ഷേ അച്ഛന് അമ്മയെ പേടിയാണല്ലോ-
ഹ ഹ ഹാ..എടാ മണ്ടാ, അതെല്ലാം അങ്ങേരുടെ ഒരു ആക്ടിംഗ് അല്ലേ? നീയതൊക്കെ അങ്ങ് വിശ്വസിച്ചോ?അങ്ങേരെത്ര നാടകത്തില്‍ അഭിനയിച്ചിട്ടുള്ള ആളാണെന്നു നിനക്കറിയാമോ?

അതെയതെ.ആയിരത്തി തൊള്ളായിരത്തി...
ദേ ,ചരിത്രമൊക്കെ പിന്നെപ്പറയാം.ആദ്യം നിങ്ങള് മീന്‍ വെട്ട്.എടാ പ്രഭേ., നിന്നോടാ പറയുന്നത് മര്യാദയ്ക്ക് കല്യാണം കഴിക്കാന്‍!
-എനിക്ക് വേണ്ടമ്മാ.അമ്മ ഒന്ന് നിര്‍ത്തുന്നുണ്ടോ? -
നീയെന്നോട് തറുതല പറയാറായോഡാ.നിന്‍റെ അച്ഛന്‍ പോലും എന്നോടിത് വരെ..,നിന്നെയിന്ന് ഞാന്‍..#@#&*
അടിക്കല്ലേ അമ്മാ..അയ്യോ അടിക്കല്ലേ മ്മാ 

എടീ എരണം കേട്ടവളെ.., അവനെ അടിച്ച് കൊല്ലാതെടീ..നീ കെട്ടണ്ടടാ.. ഞാനൊണ്ട് നിന്‍റെ കൂടെ... ങേ.,! എന്നെ എന്തിനാ ഇടിക്കുന്നേ!!.എടീ ആള് മാറിയെടീ.അവനെ അടിയെടീ.
ഡിം! ഡിം!!
ഇടിക്കാതെടീ.., എടീ മൂധെവീ..നിന്നോടാ പറഞ്ഞേ..
-അയ്യോ അടിക്കല്ലേ അമ്മാ...അയ്യോ....

(ഒരു മണിക്കൂറിന് ശേഷം..)

'ഓമനപ്പുഴ കടപ്പുറത്തെന്തോമനേ നല്ല മുഖം വാടിയതെന്തിങ്ങനെ...'
മോനേ പ്രഭേ..,പ്രഭാകരാ.ആ പാട്ടോഫ് ചെയ്തിട്ട് കതക് തുറക്കടാ
-ഇല്ല.തൊറക്കത്തില്ല-
ഇതമ്മയല്ലെടാ.,ഞാനാ..(ഒരു പതിഞ്ഞ ശബ്ദം അകത്തിരുന്ന പ്രഭ കേട്ടു. കതക് തുറന്നു;അടഞ്ഞു)
നീയങ്ങ് പേടിച്ച് പോയോ?
എനിക്ക് കല്യാണം വേണ്ടച്ഛാ..
വേണ്ടെങ്കി വേണ്ട.ഞാനിപ്പം വന്നത് വേറൊരു കാര്യം പറയാനാ.എടാ എപ്പഴും നമ്മള് രണ്ട് പെരുമല്ലേ ഇവിടെ ജയിചോണ്ടിരിക്കുന്നത്.ഒന്നുകില്‍ നീ.അല്ലെങ്കില്‍ ഞാന്‍.ഇപ്പ്രാവശ്യം വെണോങ്കില്‍ അമ്മ ജയിച്ചോട്ടെ,
എന്ന് വച്ചാല്‍?
എടാ.,ഒരു കല്യാണത്തിന്‍റെ പ്രശ്നം തന്നല്ലോ.ചീള് കേസ്.അങ്ങ് സമ്മതിച്ച് കൊടുത്തേരെ.ഒരു പ്രാവശ്യം എങ്കിലും അവള് വേണേല്‍ ജയിച്ചോട്ടെ, പെണ്ണുങ്ങളല്ലേ?കൊറച്ചൊക്കെ ഒന്ന് വിട്ടു കൊടുക്കണം.
ഇല്ല.ഞാന്‍ കെട്ടത്തില്ല
അല്ലേലും നിനക്കെടുത്തു ചാട്ടം അല്പം കൂടുതലാ.നീയോന്നോടൊന്നു ആലോചിക്ക്

അച്ഛന്‍ ഇനി എന്തൊക്കെ പറഞ്ഞാലും എനിക്ക് കല്യാണം വേണ്ട.
ഉറപ്പാണോ?
മം
എന്‍റെ പൊന്നു പ്രഭേ നീ സമ്മതിക്കണം.നിന്നെ പറഞ്ഞ് സമ്മതിപ്പിക്കാതെ ഈ മുറിക്ക് പുറത്തെറങ്ങരുതെന്നാ നിന്‍റെ പുന്നാര അമ്മയുടെ ഓര്‍ഡര്‍.അവള് ഒലക്കയുമായി പുറത്ത് വെയിറ്റ് ചെയ്യുവാ.എന്നെ നീ കൊലയ്ക്ക് കൊടുക്കരുത്.
ഇല്ല.എന്ത് വന്നാലും ഞാന്‍ കെട്ടത്തില്ല .
മര്യാദയ്ക്ക് സമ്മതിക്കുന്നതാണ് നിനക്ക് നല്ലത്.നീയെന്‍റെ തനി സ്വഭാവം എടുപ്പിക്കരുത്.ദേഷ്യം വന്നാല്‍ നിന്‍റെ അമ്മയെ പോലയല്ല ഞാന്‍.അത് നിനക്കറിയാമല്ലോ?
പോടാ
ങേ! പോടാന്നോ..?
പോടാ അച്ഛാ
പോടാ അച്ഛാന്നോ ? പ്രഭേ!!!!!!!!
പോടാ പെടിത്തൂറി  അച്ഛാ എഴുന്നേറ്റ്...

'എന്‍റെ അച്ഛനൊരു മഹാനായിരുന്നു! അന്നേ പറഞ്ഞതാ കല്യാണം കഴിക്കരുത്‌, അത് അബദ്ധമാണെന്ന്. അന്നത് കേട്ടില്ല.'
ജനല്‍ പാളി പൊളിച്ച് റൂമിന് വെളിയില്‍ ചാടിയ ഉല്‍പ്പലാക്ഷന്‍പിള്ള  എന്തൊക്കെയോ പിറു  പിറുത്തു കൊണ്ട് ദൂരേയ്ക്ക് നടന്നു പോകുന്നത് കണ്ട പ്രഭയുടെ കണ്ണുകള്‍ നിറഞ്ഞു.
'അയ്യോ അച്ഛാ പോവല്ലേ.,അയ്യോ അച്ഛാ പോവല്ലേ' പൊളിഞ്ഞ ജനലില്‍ കൂടി, തല പുറത്തേയ്ക്കിട്ട് പ്രഭ പരമാവധി ഒച്ചയില്‍ അലറിക്കരഞ്ഞുവെങ്കിലും, ആ  പിന്‍വിളി കേള്‍ക്കാന്‍ കാത്തു നില്‍ക്കാതെ ഉല്‍പ്പലാക്ഷന്‍പിള്ള ദൂരേയ്ക്ക് നടന്നകന്നു......

No comments

Post a Comment