മോനച്ചന്‍റെ 'ഒടുക്കത്തെ' ക്രിസ്തുമസ്


സ്വസ്ഥമായ ഒരു മാതൃകാ കുടുംബം നയിക്കുന്ന, സ്പെയിനില്‍ പ്രവാസ ജീവി കൂടിയായ മോനച്ചന്‍ ഒരു വ്യാഴവട്ടത്തിന് ശേഷം ഇത്തവണത്തെ ക്രിസ്തുമസ് ആഘോഷിക്കാന്‍  രണ്ടും കല്‍പ്പിച്ച് കുടുംബസമേതം തന്നെ നാട്ടിലെത്തിയിരിക്കുകയാണ്. ഇതിനിടയില്‍  പല തവണ നാട്ടില്‍ വന്നിട്ടുണ്ടെങ്കില്‍ കൂടി, ക്രിസ്തുമസിന് അവിടുന്ന് ലീവ് കിട്ടാന്‍ നന്നേ പ്രയാസമാണ്.യൂറോപ്പില്‍ ഉള്ളവരെല്ലാം കൂടി കൂട്ടലീവ് എടുക്കുന്ന സമയമാണ്.ഇത്തവണ മുതലാളിയുടെ കയ്യും കാലും പിടിച്ചാണ് ഒരു തരത്തില്‍ ഇരുപത് ദിവസത്തെ ലീവൊപ്പിച്ചെടുത്തത്‌.


വന്ന ക്ഷീണത്തിന് പൊട്ടിച്ച് രണ്ടെണ്ണം അകത്താക്കിയിട്ട്  ചെറുതായൊന്ന് മയങ്ങി. ഉച്ചയ്ക്ക് അമ്മയുടെ വക കുത്തരിച്ചോറും, കപ്പയും, മത്തി  വറുത്തതും കൂട്ടിയൊരു  സ്പെഷ്യല്‍ ഊണ്.സ്പെയിനില്‍ മത്തിയൊന്നും പൊതുവേ അവൈലബിളല്ല.  പ്രത്യേകം പറഞ്ഞേല്‍പ്പിച്ചതാണ്. അതുകൊണ്ടെന്താ.,കുറേ നാള് കൂടി മനസ്സറിഞ്ഞുണ്ടു. ഭാര്യ ഡെയ്സിയാവട്ടെ  കഴിക്കുന്നതിനിടയിലും ആ ഓണം കേറാ മൂലയില്‍ പിസ്സയും ചീസുമൊന്നും കിട്ടാത്തതിന്‍റെ പരിഭവം, കിട്ടിയ അവസരത്തില്‍ അമ്മയിയമ്മയോട് അങ്ങനെ അയവിറക്കിക്കൊണ്ടിരുന്നു. അത്തരം വീരസ്യങ്ങള്‍ തട്ടിവിട്ടുകൊണ്ട്   അമ്മയിയമ്മയെ കളിയാക്കാന്‍ ഒരു കൂട്ടിനെന്നോണം ഒളികണ്ണിട്ട് ഒന്നുമറിയാത്ത മട്ടില്‍ ഡെയ്സി മോനച്ചനെ പാളി  നോക്കിയെങ്കിലും, അത് കേട്ട പാടെ, മോനച്ചന്‍ പ്ലേറ്റില്‍ നിന്നും ഒരു വറുത്ത മത്തിത്തലയെടുത്ത് വല്ലാത്ത ഒച്ചയില്‍ കരുമുരാ ചവച്ചു തുപ്പി കൊണ്ട്  വാഷ്‌ ബെയ്സന്‍ ലക്ഷ്യമാക്കി  പുച്ഛത്തോടെ നടന്ന് പോവുകയാണുണ്ടായത്. ഡെയ്സിക്കത് ഇഷ്ടപ്പെട്ടു കാണില്ല എന്ന് മനസിലാക്കിയ ബുദ്ധിമാനായ മോനച്ചന്‍, നടക്കുന്നതിനിടയില്‍ വെറുതെ തിരിഞ്ഞു നോക്കി ആ ചളിഞ്ഞ മോന്ത കാണാന്‍ മിനക്കെട്ടതുമില്ല.രാത്രിയില്‍ എന്തെങ്കിലും പറഞ്ഞ് മാനേജ് ചെയ്യാമെന്നുള്ള ഒരോവര്‍  കൊണ്‍ഫിഡന്‍സ് മോനച്ചന്‍റെ മുഖത്ത് തെളിഞ്ഞ് കാണാമായിരുന്നു.

ഉച്ചമയക്കത്തിനിടെ മൊബൈലില്‍ അലാറത്തിന്‍റെ കീക്കിയടി  കേട്ട മോനച്ചന്‍ കണ്ണ് തിരുമ്മിയെഴുന്നേറ്റു.
വായും മുഖവും കഴുകി.അല്പം നര കയറിയിട്ടുണ്ടോ എന്നൊരു സംശയം.അതോയിനി നാട്ടിലെ ക്ലൈമറ്റ് പിടിക്കാഞ്ഞിട്ടാണോ? ഏതായാലും ഡൈ അടിച്ച് ചെറുതായി മുടിയും മുഖവുമൊന്നു മിനുക്കി.
നേരം ഇരുട്ടിത്തുടങ്ങി.

പണ്ടൊക്കെ ക്രിസ്തുമസ് കാലത്ത് പള്ളിയുടെ വകയായിട്ടുള്ള കരോള്‍ സംഘങ്ങള്‍ മാത്രമേ ചെണ്ടയുമായി ഇറങ്ങുമായിരുന്നുള്ളൂ. ഇപ്പോള്‍ കരോള്‍ ഗ്രൂപ്പുകളുടെ എണ്ണം വളരെ വളരേ കൂടുതലാണ്.രണ്ടായിരം കൊല്ലം മുന്‍പ്, അങ്ങ് ബേദ്ലഹേമില്‍ യേശു ജനിച്ച കാര്യം, ഉറങ്ങിക്കിടക്കുന്ന വീട്ടുകാരെയെല്ലാം  വിളിച്ചുണര്‍ത്തി അറിയിക്കുകയും, അതിന് ശേഷം, യേശുവിനെയും അദ്ദേഹത്തിന്‍റെ അമ്മ മറിയയെയും അദ്ദേഹം ജനിച്ച സ്ഥലത്തിന്‍റെ പ്രത്യേകതകളെ പറ്റിയുമൊക്കെ ചെണ്ടയും കോലുമടിച്ച്  ഏതാണ്ട് അഞ്ചു മിനിറ്റോളം പാടി പ്രകീര്‍ത്തിക്കുകയും, അതില്‍ നിന്ന്  പിരിഞ്ഞ കിട്ടിയ കാശിന് പിറ്റേന്ന് രാവിലെ പൈന്‍റ് മേടിച്ചടിക്കുകയും ചെയ്യുന്ന അതിമനോഹരമായ ഒരു ആചാരമാണ് അത്തരം ഗ്രൂപ്പുകളെ സംബന്ധിച്ചിടത്തോളം കരോള്‍  സര്‍വീസ്. കുട്ടിക്കാലത്ത് എത്രയോ തവണ പള്ളിയുടെ കരോള്‍ സംഘത്തോടൊപ്പം പാടാന്‍ പോയിരിക്കുന്നു.., തണുത്തുറഞ്ഞ എത്രയോ  ക്രിസ്തുമസ് രാവുകളെ താന്‍ തമ്പേറടിച്ച് പ്രകമ്പനം കൊള്ളിചിരിക്കുന്നു!!! ആവേശത്തോടെ മോനച്ചനോര്‍ത്തു- യൂഷ്യലി, ഡിസംബര്‍ ആദ്യവാരം തന്നെ പള്ളിമേടയില്‍ കരോള്‍ പാട്ടുകളുടെ പ്രാക്ടീസ് തുടങ്ങും.ഓരോ തവണയും അത്തവണ പോപ്പുലര്‍ ആയ സിനിമാ പാട്ടുകളുടെ ഈണത്തിനനുസരിച്ചുള്ള ഒന്ന് രണ്ട് ഗാനങ്ങളും കൂടി കരോള്‍ ഗാനങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തും.എന്നാലെ കേള്‍ക്കുന്നവര്‍ക്കൊരു ഗുമ്മു കിട്ടുകയുള്ളൂ.പഴയതൊക്കെ ഓര്‍ക്കുമ്പോള്‍ മനസല്‍പ്പം ഭക്തി സാന്ദ്രമാവുന്നത് പോലെ മോനച്ചന് തോന്നി.

കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ അങ്ങനെ അയവിറക്കി, മുണ്ടും  മടക്കിക്കുത്തി മാള്‍ല്‍ബറോയുടെ  അറ്റം കത്തിച്ചൂതി വിട്ടുകൊണ്ട് അടുക്കളവശത്തെ പിന്‍വാതിലിലൂടെ പരിയമ്പുറത്തേക്ക് നടന്ന് പോകുന്ന മോനച്ചനെ നോക്കി, പിന്‍ഭാഗത്ത്‌ മീന്‍ വെട്ടിക്കൊണ്ടിരുന്ന വേലക്കാരി രത്നമ്മ  അര്‍ത്ഥം വച്ച് ചിരിച്ചു. ഭാര്യ ഡെയ്സിക്കുട്ടി കുളിക്കാന്‍ കയറിയ ധൈര്യത്തില്‍, പോണ പോക്കില്‍ തന്നെ "എന്തുവാടീ., സന്ധ്യയായപ്പോള്‍ ഒരു ചിരിയും കളിയുമൊക്കെ  ?" എന്ന നിര്‍ദോഷകരമായ ഒരു കുശലം പറയാന്‍ മോനച്ചന്‍ മറന്നുമില്ല....

"ആളങ്ങ് ഗള്‍ഫിലാണ് , വലിയ ജോലീം പഠിത്തോം ഉള്ളയാള്‍...,എന്നാലോ ആ  ഭാവമോ മറ്റോ ഉണ്ടോ മോനച്ചന്‍ സാറിന്..?, ആ പെണ്ണുമ്പിള്ള പിന്നെ കണക്കാ..." അസ്തമയ സൂര്യന്‍റെ കിരണങ്ങള്‍ക്കിടയിലൂടെ വീശിയടിച്ച വൃശ്ചിക കാറ്റില്‍ ചെറുതായി ഉയര്‍ന്ന ഒറ്റ മുണ്ടിനെ, മെല്ലെ വാരിയോതുക്കിക്കൊണ്ട് ദൂരേയ്ക്ക്  നടന്നു പോകുന്ന മോനച്ചന്‍ സാറിനെ നോക്കി രത്നമ്മ നെടുവീര്‍പ്പിട്ടു.,  വൈകുന്നേരത്തേക്കുള്ള മത്തിയുടെ ചെതുമ്പലുകള്‍ രത്നമ്മയുടെ  കറിക്കത്തി കൊണ്ടുള്ള തലോടലുകളേറ്റ് പിടഞ്ഞു....

മോനച്ചന്‍ വഴിയോരങ്ങളിലെ ക്രിസ്തുമസ് കാഴ്ചകള്‍ കണ്ട് ഇടവഴിയിലൂടെ അങ്ങനെ നടക്കുകയാണ്. വീടുകളുടെ ഉമ്മറങ്ങളില്‍ തൂങ്ങിയാടുന്ന നക്ഷത്രക്കാലുകള്‍.., പുല്‍ക്കൂടുകള്‍, തോരണങ്ങള്‍...പള്ളിപ്പരിപാടിയുടെ പോസ്റ്ററുകള്‍.അതൊക്കെ കണ്ട് മോനച്ചന്‍റെ മനസ്സ് കുളിര്‍ത്തു.

അടുത്തുള്ള പള്ളിയില്‍ ഇത്തവണ പാടേണ്ട കരോള്‍ ഗാനങ്ങളുടെ പ്രാക്ടീസ് നടക്കുകയാണ്.
'അപ്പങ്ങള്‍ എല്ലാം ചുട്ടത് മറിയ ചേച്ചി.,യേശുദേവന്‍ ജാതനായി അപ്പമെല്ലാം തിന്നല്ലോ...'
ഗ്ലോറിയാ..ഗ്ലോറിയാ..നക്ഷത്രത്തിന് വട്ടായി...
..ജോസഫേട്ടന് വട്ടായി.., വട്ടായിപ്പോയി...'


ടോറന്‍റുകളെ പിടിക്കുന്ന സോഫ്റ്റ്‌വെയറുകളുടെ പേര് കേട്ടാല്‍ തന്നെ നിക്കറില്‍ മുള്ളുന്ന പ്രവാസ ജീവിയായ മോനച്ചന്, ഇതേത് സിനിമയിലെ പാട്ടാണെന്ന് അത്ര പിടികിട്ടിയില്ല. എങ്കില്‍ പോലും, അല്‍പനേരം കൂടി ആ പാട്ടും കേട്ട് നിന്നാല്‍ തനിക്കും  കൂടി വട്ട് പിടിക്കുമെന്നും, എന്തിനിത്രയും  കഷ്ടപ്പെട്ട് ലീവെടുത്ത് നാട്ടില്‍ വന്നുവെന്നും ഒരു വേള മോനച്ചന് തോന്നിപ്പോയി. നശിച്ച നാട്ടിലോട്ട് എന്തിനാ പോണേന്ന് ഡെയ്സി പലവട്ടം ചോദിച്ചതാണ്. പറഞ്ഞത് ഡെയ്സിയായത്‌ കൊണ്ട് മാത്രം, അതത്ര കാര്യമാക്കിയില്ല. ഇടയ്ക്കൊക്കെ ഡെയ്സി പറയുന്നതിലും കാര്യമുണ്ടെന്ന് മോനച്ചന് വെറുതെ തോന്നി.

'.. ഹേ മറിയമ്മ!....വട്ടായി, ഹാ ജോസഫോ, ഭ്രാന്തായി ...'
വട്ടായോ ഭ്രാന്തായോ....മലാഖയ്ക്കും വട്ടായി..'
(പാട്ട് വല്ലാത്ത കണ്ട് ഉച്ചസ്ഥായിയിലായിക്കൊണ്ടിരുന്നു)

തന്‍റെ സകല നാഡീ-ഞരമ്പുകളുടെയും കണ്ട്രോള്‍ വിടുന്നതായി മോനച്ചന് തോന്നി. പെട്ടെന്ന് തന്നെ മനസമാധാനം കിട്ടുന്ന എവിടേക്കെങ്കിലും  ഓടിയണയാന്‍ മോനച്ചന്‍റെ കുഞ്ഞ് മനസ്സ് കൊതിച്ചു.നാടത്ര പരിചയം വന്നിട്ടില്ലാത്തതിനാല്‍ ബാറുകള്‍ എവിടെയാണെന്ന് കൃത്യമില്ല. അഥവാ, സാധനം വീട്ടിലുണ്ടെങ്കില്‍ പോലും ഡെയ്സി അവിടെയുള്ളതിനാല്‍ പെട്ടെന്ന് വീട്ടിലോട്ട് കയറി പോവാനും അങ്ങോട്ട്‌ മനസ്സ് വരുന്നില്ല.
-- മോനച്ചന്‍ ഈസ്‌ ഇന്‍ ഡീപ് ഡിലെമ--
എവിടെ പോകും?? എങ്ങോട്ട് പോകും???ഒരെത്തും പിടിയും കിട്ടുന്നില്ല (*%*#)

മനസമാധാനം കൊതിച്ച  മോനച്ചന്‍റെ  കാലുകള്‍ അറിയാതെ തന്നെ സെമിത്തേരി ഭാഗത്തെ മൂകതയെ ലക്ഷ്യമാക്കി വച്ചടി വച്ച് എന്തിനോ നീങ്ങി...

No comments

Post a Comment