LIC എജന്റ്റ് ജോബി സ്പീക്കിംഗ്

-അനിരുദ്ധന്‍ സാറല്ലേ-
'അ..തെ അനിരുദ്ധനാണ്.. '
' നമസ്കാരം സാര്‍ '
ആ..ആരാ മനസ്സിലായില്ല.
-അയ്യോ..,സാറിനെന്നെ മനസ്സിലായില്ലേ? വിളപ്പുറത്തെ സണ്ണിച്ചായന്‍റെ മൂത്ത ചേച്ചിയെ അറിയില്ലേ,ചെറുവക്കല്‍ ഭാഗത്ത്‌ കെട്ടിച്ചയച്ചത് ?-
'അറിയാം ങ്കി..? എടാ കൊച്ചനേ അവളുടെ കല്യാണോം കഴിഞ്ഞ് പോത്ത് പോലത്തെ ഒരു ചെറുക്കനുമായി.നീ ഇപ്പഴും പഴം പുരാണോം പറഞ്ഞോ....'
-അയ്യോ.,അതല്ല സാറെ-
'നീയൊരു കോപ്പും പറയണ്ട.നീയെന്തുവാ പറഞ്ഞോണ്ട് വരുന്നതെന്നെനിക്കറിയാം'
-അയ്യോ അതല്ല സാറേ-
'എന്തോന്നല്ല? സത്യം പറയെടാ., ആരെടാ നീ..?
-സാറേ എന്നെ പറയാന്‍ ഒന്നനുവദിക്ക്-
'എന്നാപ്പിന്നെ പറഞ്ഞ് തുലയ്ക്ക്-
-ആ ചെറുവക്കല്‍ കെട്ടിച്ചയച്ച സണ്ണിച്ചായന്‍റെ മൂത്ത പെങ്ങള്‍ ഡെയിസിയെ കെട്ടിയ ചരുവിളയിലെ സാബുച്ചായനെ അറിയാമോ സാറിന് ?
'അറിയാം ങ്കി..? പഴയ കാര്യോം പറഞ്ഞ് അവനെന്നെ അങ്ങ് മൂക്കീ കേറ്റി കളയുമോ?
-അയ്യോ അതല്ല സാറേ..-
'ഏതല്ലെടാ.,എടാ തെണ്ടി ചെക്കാ., എന്താടാ കാലത്ത് വിളിച്ചാള്‍ക്കാരെ ചുമ്മാ ആസ്സാക്കുന്നോ, ങേ?'
-എന്‍റെ പൊന്ന്‍ സാറേ, ആദ്യം ഞാനൊന്നു പറഞ്ഞോട്ടെ-
'നീ ഇത്രേം നേരം ചെരച്ചത് മതി.,വയ്ക്കടാ ഫോണ്‍ മര്യാദയ്ക്ക്‌..'
-സാറേ ഒരു മിനിറ്റ് സാറേ,... ഒന്ന് പറഞ്ഞോട്ടെ,-
'എന്താ?'
-സാറേ ആ ചെറുവക്കല്‍.,-
'നിര്‍ത്തെറ്രാആ..,ഇനി നീ ചെറുവക്കലെന്നൊരു വാക്ക് നീ മിണ്ടിയാല്‍ നിന്‍റെ കൊരവള്ളി ഞാന്‍ വാട്ടും'
-സാറേ.,-
'മിണ്ടരുത്!!!'കഴു@**$@മോനേ!, വേണ്ട വേണ്ടാന്ന് വയ്ക്കുംബം കേറി ആളാവുന്നോടാ..?
'സാറേ.,സത്യമായിട്ടും സാറിനോട് വഴക്കുണ്ടാക്കാന്‍ വന്നതല്ല സാറേ'
-പിന്നെന്തുവാടാ നിനക്ക് വേണ്ടേ ?-
'ചരുവിളയിലെ സാബുച്ചായന്‍റെ അനിയന്‍ ബെന്നിയെ അറിയാമോ'
'അറിയാം..എന്താ അവന്‍റെ അച്ഛന്‍ ചത്തോ?'
-ഇല്ലില്ല-
'പിന്നെ?'
-ആ ബെന്നി നില്‍ക്കുന്ന കടയില്‍ സാധനം തൂക്കിക്കൊടുക്കാന്‍ നില്‍ക്കുന്ന ജോബിയെ അറിയാമോ സാറിന്?-
'ഇല്ല'
-അയ്യോ.,ജോബിയെ അറിയില്ലേ?-
'ഇല്ല.,അതൊരു വലിയ തെറ്റായിപ്പോയോ?'
-അതല്ല സാറേ, ഞാനാ ജോബി-
'അതുകൊണ്ട്?'
-അല്ലാ, സാറിന്‍റെ മൂത്ത മകന്‍ ഗള്‍ഫീന്ന് വന്നെന്നറിഞ്ഞു.പൈസ വല്ലതും മാറണമെങ്കില്‍..-
'ഇല്ലില്ല'
-ഇല്ലെങ്കില്‍ വേണ്ട. ചോദിച്ചെന്നേയുള്ളൂ.ഞാനിപ്പോള്‍ എല്‍ ഐ സി യുടെ ചെറിയൊരു ഇന്‍ഷുറന്‍സ് പരിപാടിയൊക്കെ തുടങ്ങിയായിരുന്നേ.സാറ് അറിഞ്ഞുകാണും-
'ഇല്ല, അറിഞ്ഞില്ല.'
-ചെറിയ രീതിലോക്കെ തുടങ്ങിയിട്ടേ ഉള്ളൂ സാറേ.അപ്പൊ ബേബി സാറാ പറഞ്ഞെത്...,ഇങ്ങനെ.., മണിക്കുട്ടന്‍ ഗള്‍ഫീന്ന് വന്ന കാര്യം.ബേബി സാര്‍ ഇന്‍ഷുറന്‍സിന്‍റെ കാര്യം പറഞ്ഞില്ലായിരുന്നോ?-
'ഇല്ല'
-വലിയ രീതിയില്‍ ഒന്നും വേണ്ട സാറേ.ഒരു പത്തിന്‍റെയോ പതിനഞ്ചിന്‍റെയോ വല്ലോം എടുത്തിടണം സാറെ. സാറ്  തന്നെ മണിക്കുട്ടനോടോന്നു പറയണം -
'ഇപ്പൊ വേണ്ട. കഴിഞ്ഞ തവണ അവന്‍ ലീവിന് വന്നപ്പോള്‍ രണ്ടെണ്ണത്തിന് ചേര്‍ന്നതാ'
-ഇപ്പോള്‍ പുതിയൊരു സ്കീം ഇറങ്ങീട്ടുണ്ട്  സാറേ.മണിക്കുട്ടന്‍ അവിടെ എഞ്ചിനിയറെങ്ങാണ്ടല്ലിയോ?
പറ്റിയ സ്കീമാ. അത് കൊണ്ടാ പറയുന്നത്. വൈകുന്നേരം പറ്റിയാല്‍ ഞാന്‍ അങ്ങോട്ട്‌ വരാം -
'ഇല്ലില്ല.,വൈകിട്ട് ഞാന്‍ ഇവിടെ കാണത്തില്ല'
-രാവിലെ കാണുമോ സാറേ?അതോ ഇപ്പോള്‍ അങ്ങോട്ട്‌ വരട്ടോ ?
'ഇല്ല ഞാനിപ്പോള്‍ ഏതായാലും എടുക്കുന്നില്ല.രണ്ട് മൂന്ന് ദിവസം ഞാനിവിടെ കാണത്തില്ല'
-എന്നാ ഒരു രണ്ട് ദിവസം കഴിഞ്ഞു വിളിക്കാം സാറേ.വയ്ക്കട്ടോ?
**----**
-ഹലോ അനിരുദ്ധന്‍ സാറല്ലേ?, ഞാനാ ജോബിയാ സാറേ-എല്‍ ഐ സി. ഞാന്‍ പറഞ്ഞ സ്കീമിന്റെ കാര്യം?-
'ഇല്ലില്ല., എടുക്കുന്നില്ല'
-അങ്ങനെ പറയരുത് സാര്‍.ഇതൊരു പുതിയ സ്കീമാ.'വാഹന്‍ രക്ഷാ'. നമ്മടെ മണിക്കുട്ടന് ഗള്‍ഫിലെ ഡ്രൈവിംഗ് ലൈസെന്‍സ് ഒക്കെയുള്ളതല്ലിയോ സാറേ?-
'ങാ.,ഒണ്ടെന്ന് തോന്നുന്നു..'
-വെരി ഗുഡ്.അപ്പോഴേതായാലും വണ്ടി കാണുമല്ലോ. ഇനിയൊന്നും നോക്കാനില്ല സാറേ.സാറിന് വളരെ പ്രയോജനമുള്ള ഒരു സ്കീമാ.വണ്ടി എവിടേലും തട്ടിയോ മുട്ടിയോ ചെയ്താല്‍ ഇതിനകത്തങ്ങ് കവറായിക്കോളും.അവിടുന്നൊരു പേപ്പറ് വാങ്ങിച്ച് എംബസ്സിയില്‍ ചെറുതായൊന്ന് അറ്റസ്റ്റ് ചെയ്ത് പ്രൂഫായി അയച്ച് കൊടുത്താല്‍ മാത്രം മതി.നാലിന്‍റെയന്ന് തൊക ഇവിടെക്കിട്ടും.നമുക്കതോരെണ്ണം എടുത്താലോ സാറേ-
'ഏതായാലും ഇപ്പോഴെടുക്കുന്നില്ല, '
-അല്ലെങ്കില്‍ വേറൊരു സ്കീം ഒണ്ട് സാറേ.വളരെ പ്രയോജനമുള്ളയൊരു സ്കീമാ.'അവയവ് രക്ഷാ'.അതാവുംബം രണ്ട് ഗുണങ്ങളുണ്ട്.ആദ്യം പറഞ്ഞ വണ്ടീടെ കാര്യവും കവറപ്പ് ആവുന്നുണ്ട്, അതേസമയം, വണ്ടി ഓടിക്കുന്നവരുടെ കയ്യോ, കാലോ എന്തേലും നഷ്ടമായാല്‍ അതിന്‍റെയും കൂടെ ചേര്‍ത്ത് നമുക്ക് ക്ലയിം ചെയ്യാന്‍ പറ്റും.പോവുന്നത് കണ്ണോ മൂക്കോ വല്ലോം ആണെങ്കില്‍ കൂടുതല്‍ എന്തേലും വാങ്ങിചെടുക്കാനുള്ള വകുപ്പും ഈ സ്കീമില്‍ വരുന്നുണ്ട് സാറേ.അതാവുംബം ടെന്‍ഷനില്ല.,അതാ ഞാന്‍ പറഞ്ഞത് ഹി ഹി..-
'ബ്രയിന്‍ കവറാവുമോ ?'
-അതിപ്പം..,ഇല്ലെന്ന് തോന്നുന്നു സാറേ.ഞങ്ങടെ മാനേജറിനോടോന്നു ചോദിച്ചിട്ട് പറയാം,പോരേ? .അപ്പൊ നമുക്കതങ്ങ് ഫിക്സ് ചെയ്യാം,ല്ലേ?-
'എടോ തന്നോടാ പച്ച മലയാളത്തില്‍ പറഞ്ഞത്, ഞാന്‍ പോളിസി എടുക്കുന്നില്ല എന്ന്'
-ബ്രയിന്‍ കവറാവാത്തത് കൊണ്ടാണോ സാറേ?ചിലപ്പം കവറാവും കേട്ടോ.പക്ഷേ മാനേജറിനോടോന്നു ചോദിക്കാതെ ഉറപ്പ് പറയുന്നത് ശരിയല്ലല്ലോ? ങാ..,. ഇപ്പഴാ ഓര്‍ത്തത്‌ സാറേ.സാറിന് പറ്റിയ നല്ലൊരു സ്കീം ഒണ്ട്.'ജീവന്‍ രക്ഷാ'. അതാവുമ്പോള്‍ ആ അവയവം കവറായോ
ഈ അവയവം കവറായോ എന്നൊരു പേടി വേണ്ട.ഞങ്ങടെ ബ്രാഞ്ച് അങ്ങ് ഗള്‍ഫിലും ഉള്ളത് കൊണ്ട് അത്യാവശ്യം പേപ്പര്‍ വര്‍ക്ക്സ് ഒക്കെ അവര് തന്നെ ചെയ്തോളും.ബോഡി ഇവിടെത്തുന്നതിന് മുന്‍പേ തുക ബാങ്കില്‍ വന്നിരിക്കും.അക്കാര്യം ഓര്‍ത്ത് സാറ് വറി ചെയ്യണ്ട. പിന്നെ ., മറ്റേതിനെ അപേക്ഷിച്ച്, പ്രിമിയം അടയ്ക്കണ്ട തുക ശകലം കൂടുമ്ന്നെയുള്ളൂ. അതിപ്പം കിട്ടംബഴും അതിന്‍റേതായ മെച്ചം ഉണ്ടെന്ന് കൂട്ടിക്കോ.അപ്പൊ നമുക്കിത് തന്നെയങ്ങ്...-
'നിന്‍റെ പേരെന്തുവാണെന്നാ പറഞ്ഞത്?'
-ജോബി. ഫുള്‍ നെയിം T S ജോബി എന്നാണ് സാറേ-
' നീയെതായാലും വൈകിട്ട് ഇത് വഴി വാ.ഒന്ന് കാണണം'
-ശരി സാറെ, താങ്ക്യൂ താങ്ക്യൂ വെരി മച്ച്.അപ്പൊ വൈകിട്ട് കാണാം. ബൈ-
'ബൈ'

No comments

Post a Comment