സെലീന ശകലം കലിപ്പിലാണ്


In Continuation to the earlier post എന്‍റെ സെലീനാ.,നീയെവിടെയാണ്?

എടാ പരമ ഫ്രോഡ് നിതിനേ,

എന്‍റെ പേര് കൂട്ടി നീയെഴുതിയ ബ്ലോഗ്‌ അബദ്ധത്തില്‍ വായിക്കാനിടയായി. മറുപടി എഴുതേണ്ട എന്ന് കരുതിയതാണ്.എന്നാലും നിന്നോട് രണ്ട് വാക്ക് പറഞ്ഞില്ലെങ്കില്‍ എനിക്കുറക്കം കിട്ടത്തില്ല. അതുകൊണ്ട് മാത്രം രണ്ടു വാക്ക് കുറിക്കുന്നു. കോളേജില്‍ ഞാന്‍ ജോയിന്‍ ചെയ്ത ആദ്യ ആഴ്ച തന്നെ പെണ്ണുങ്ങളോടൊക്കെ  ഒരു ജെന്‍റില്‍മാനെ പോലെ ബീഹേവ് ചെയ്ത നിന്നോട് അല്പം അടുപ്പം കാണിച്ചതാണ് സത്യത്തില്‍ ഞാന്‍ ചെയ്ത  ഏറ്റവും വലിയ അപരാധം. നീയൊരു പരമ ഫ്രോഡാണെന്ന്  പിന്നീടാണ് എനിക്ക് മനസ്സിലായത്‌.

റൊസാരിയോ സാറിന്‍റെ ക്ലാസ്സില്‍ പരാഗണത്തെ പറ്റിയും പ്രത്യുല്‍പ്പാദനത്തെ പറ്റിയുമൊക്കെ ക്ലാസ് എടുത്തു കൊണ്ടിരിക്കുമ്പോള്‍ നീ പെണ്ണുങ്ങളെ നോക്കി സ്ഥിരമായി പേ പിടിച്ച നായെ പോലെ വെള്ളമൊലിപ്പിക്കുന്നത് പല തവണ ഞാനും ശ്രദ്ധിച്ചിട്ടുണ്ട്.വെറുമൊരലവലാതിയായ നിന്നോട് അതൊന്നും പറഞ്ഞിട്ട്  യാതൊരു കാര്യവുമില്ലെന്ന് മനസ്സിലാക്കിയത് കൊണ്ടാണ് ക്ലാസ്സിലെ പെണ്‍കുട്ടികള്‍ എല്ലാവരും കൂടി റൊസാരിയോ സാറിന് അതേ പറ്റി കമ്പ്ലൈന്റ് എഴുതിക്കൊടുത്തതും, നിന്നെ ക്ലാസ്സില്‍ നിന്നും പിടിച്ച് പുറത്താക്കിയതും.ഇപ്പോള്‍ നിനക്ക് കാര്യങ്ങള്‍ മനസ്സിലായോ? ക്ലാസ്സില്‍ നീയില്ലാത്ത ആ രണ്ട് മണിക്കൂര്‍ സത്യം പറഞ്ഞാല്‍ ഞങ്ങള്‍ക്ക് വല്ലാത്തയൊരു ആശ്വാസമായിരുന്നു.

ക്ലാസ് വിട്ടാല്‍ നേരമിരുട്ടുന്നതിനു മുന്‍പ് വീടെത്താനുള്ള വെപ്രാളമായിരുന്നു എനിക്ക്.അതുകൊണ്ട് തന്നെ ഗംഗാ ട്രാവല്‍സ് ഒരഞ്ചു മിനിട്ടെങ്കില്‍ അഞ്ച് മിനിട്ട് നേരത്തെ വരണേ എന്നായിരുന്നു എന്‍റെ പ്രാര്‍ത്ഥന.കാരണം, നിന്നെ പോലെയുള്ള അലവലാതികള്‍ ഞങ്ങളുടെ കവലയിലും ധാരാളമുണ്ട്.തിരക്കുള്ള   ബസുകളില്‍ സ്ഥിരമായി കയറുന്നതും,  യാത്ര ചെയ്യുന്ന പെണ്ണുങ്ങളെ അടിയിലൂടെ തോണ്ടുന്നതും  നിന്‍റെ ഹോബി ആയിരുന്നുവെന്ന് പലരും പറഞ്ഞെനിക്ക് നേരത്തേ തന്നെ അറിയാമായിരുന്നു. ബസിലുള്ള നിന്‍റെ ശല്യം സഹിക്കാനാവാതെ ഒരു ദിവസം ഞാന്‍ അമ്മയോട് പറയുകയും, അമ്മ അക്കാര്യം ഞങ്ങളുടെ അയല്‍വാസി കൂടിയായ ഗംഗാ ട്രാവല്‍സിലെ ക്ലീനര്‍ അയ്യപ്പന്‍ ചേട്ടനെ കണ്ട് ശട്ടം കെട്ടുകയും ചെയ്തു.പല നാളായി ഓങ്ങി വച്ചിരുന്നത് തരാന്‍ അന്നാണ് അയ്യപ്പന്‍ ചേട്ടന് അവസരം കിട്ടിയതെന്ന് മാത്രം.മേലാല്‍ നീ ആ വണ്ടിയിയില്‍ കയറി അലമ്പ് കാണിച്ചാല്‍ നിന്‍റെ പല്ലടിച്ച് വായിലിടും എന്നയാള്‍ അമ്മയോട്  പറയുന്നത് ഞാന്‍ കേട്ടു. നീ സൂക്ഷിച്ചാല്‍ നിനക്ക് തന്നെ കൊള്ളാം.

എന്നെ അന്വേഷിച്ച്,  ക്ലാസ്സ് ഇല്ലാത്ത സമയം നോക്കി ലാബിന്‍റെ പിറകിലും പെണ്ണുങ്ങളുടെ മൂത്രപ്പുരയുടെ പിറകിലും മണം പിടിച്ച് നടക്കാന്‍ നിനക്ക് നാണമില്ലേഡാ അലവലാതീ..?  പൂട്ടിക്കിടക്കുന്ന കോളേജില്‍ അതിക്രമിച്ച് കയറി  എന്നറിഞ്ഞാല്‍ സുവോളജി ക്ലാസില്‍ നിന്ന് മാത്രമല്ല,നിന്നെ  കോളേജില്‍ നിന്ന് തന്നെ പെര്‍മനന്‍റ് ആയി ഡിസ്മിസ് ചെയ്യും, അറിയാമോ? നിന്‍റെ ഈ ഉണക്ക ബ്ലോഗ്‌ ഞാന്‍ റൊസാരിയോ സാറിന് ഫോര്‍വേര്‍ട് ചെയ്യട്ടെയോ?

പിന്നെ, നിന്നോടൊരു സന്തോഷവാര്‍ത്ത അറിയിക്കാനുള്ളത്, എന്നെ അന്വേഷിച്ച് നീയിനി മൂത്രപ്പുരയുടെ സൈഡില്‍ വെറുതെ അലയണ്ട.എനിക്ക് മെഡിസിന്‍ എന്‍ട്രന്‍സ്‌ കിട്ടിയതിനാല്‍ ഞാന്‍ അവിടുന്ന്‍ ടി സി വാങ്ങി പോകുകയാണ്.നിന്‍റെ ഈ സ്വഭാവം വച്ച് ഏതെങ്കിലും മെഡിക്കല്‍ കോളേജില്‍ വച്ച് എന്നെങ്കിലും നമുക്കിനിയും കണ്ടുമുട്ടേണ്ടി വരും എന്നെനിക്കുറപ്പുണ്ട്. എന്നിരുന്നാലും നിന്‍റെ കയ്യിലിരുപ്പ് അതായതിനാല്‍ എനിക്കാ ഭാഗ്യം ഉണ്ടാകുമോ എന്ന് നിശ്ചയമില്ല. ഏതായാലും ഞാന്‍ പഠിച്ചിറങ്ങുന്നത് വരെ നിനക്കൊന്നും വരല്ലെയെന്ന്‍ ആത്മാര്‍ഥമായി പ്രാര്‍ഥിച്ച് കൊണ്ട്, നിന്നെ വീണ്ടും കണ്ടുമുട്ടാന്‍ സാധിക്കണേ എന്നാത്മാര്‍തമായി ആഗ്രഹിച്ച് കൊണ്ട് നിര്‍ത്തുന്നു-സെലീന

No comments

Post a Comment