അവറാച്ചനെ നിങ്ങള്‍ വെറുതെ തെറ്റിദ്ധരിക്കരുത്

കൊച്ചമ്മയുടെ വീട്ടിലെ ജന്തുക്കളുടെ കണക്കുകള്‍ ഇങ്ങനെയാണ്
കുട്ടികള്‍- മൂന്ന്.
പട്ടികള്‍- രണ്ട്.
മൂന്നു കുട്ടികള്‍ക്കുമായി വേലക്കാര്‍- ഒന്ന്(കെട്ടിയവന്‍ അവറാച്ചന്‍ ഉള്‍പ്പെടെ)
രണ്ട് പട്ടികള്‍ക്കുമായി വേലക്കാര്‍- മൂന്ന്.
അടുക്കള വേലയ്ക്ക് വേലക്കാരികള്‍- രണ്ട് (അവറാച്ചനെ അതില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നു മാത്രമല്ല, അടുക്കളയില്‍ പ്രവേശനം നിഷിദ്ധവുമാണ്)

രണ്ട് പട്ടികള്‍ എന്ന് പറയുമ്പോള്‍, ഒരുത്തന്‍ ലോക്കലാ- കൊച്ചമ്മ പുറത്തു പോവുമ്പോള്‍ അവനെ കൂട്ടാറില്ല. ഈ ലോക്കലുകളേയും കച്ചറകളേയും ഒന്നും കൊച്ചമ്മയ്ക്ക് അല്ലേലും പണ്ടേ കണ്ണില്‍ പിടിക്കത്തില്ല.അന്നേരം കൊച്ചമ്മയുടെ ചില കൂട്ടുകാരികള്‍ ചോദിക്കും, " അങ്ങനെയാണേല്‍ അവറാച്ചന്‍റെ കാര്യത്തില്‍ പിന്നെന്താ  അങ്ങനെ സംഭവിച്ച" തെന്ന്.തനി ലോക്കലാണ് കക്ഷി.മാത്രവുമല്ല വാ തുറന്നാല്‍ വിവരമില്ലാത്ത ഓരോ സംഭാഷണങ്ങളും ചോദ്യങ്ങളും.... അവറാച്ചായനെക്കൊണ്ട് വല്യ തൊന്തരവാണ്. ഏലിക്കൊച്ചമ്മ ടയിലി രാവിലെ എഴുന്നേറ്റ്, അവിടെ കണ്ട സെന്‍റെല്ലാം എടുത്തടിച്ച്  അണിഞ്ഞൊരുങ്ങി, ഫോറിന്‍ പട്ടി റൂണിയുമായി  പുറത്തിറങ്ങാന്‍ തുടങ്ങുമ്പോഴായിരിക്കും, അവറാച്ചന്‍റെ ഒരു മാതിരി കണകുണ ചോദ്യം "എങ്ങോട്ടാ അതിരാവിലെ?" എന്ന്.ഇത്രയ്ക്കും വിവരമില്ലാത്ത ചോദ്യങ്ങള്‍ ചോദിക്കുന്ന അങ്ങേരെ പിന്നെ എന്തിനാ ഇനിയും വചോണ്ടിരിക്കുന്നത് എന്നാണ് കൊച്ചമ്മയുടെ കൂട്ടുകാരി ഡെയിസി തോമസിന് സ്ഥിരം ചോദിക്കാനുള്ളത്. ഒന്നുമില്ലേലും ഇത്രേം ഒരുങ്ങി വന്നതല്ലേ..? എന്നാല്‍ "കൊളളാമേടീ.., നന്നായിട്ടുണ്ട്" എന്നൊരു വാക്ക്...ങ്ങുഹും..അതില്ല!  "എങ്ങോട്ടാ അതിരാവിലെ?" എന്നൊക്കെ  ചോദിക്കാന്‍ വല്യ ഉത്സാഹമാ..

 ഡെയിസി തോമസ് അങ്ങനെയൊക്കെ ചോദിച്ചെങ്കിലും  വീട്ടിലെ സീക്രട്ട് എല്ലാം ചുമ്മാതങ്ങു കേറി പറഞ്ഞു കൊടുക്കാന്‍ പറ്റുമോ? "സാരമില്ലെടീ, പോട്ടെ.,ഓരോന്നിനും ഓരോ സമയമുണ്ട്.അങ്ങേര്‍ എന്നെങ്കിലും നന്നാവുമായിരിക്കും "എന്നൊക്കെ പറഞ്ഞ്‌ ഏലിക്കൊച്ചമ്മ അപ്പോഴൊക്കെ  ഒഴിഞ്ഞു മാറും. ഡെയിസി എന്തൊക്കെ പറഞ്ഞാലും കൊച്ചമ്മയ്ക്ക് കാര്യമറിയാം. അവറാച്ചനെ പറഞ്ഞയച്ചാല്‍ പട്ടിയെ (ലോക്കല്‍) പിന്നാര് നോക്കും? കുട്ടികളെ ആര് നോക്കും? പൈസ കൊടുക്കാന്‍ ഇല്ലാഞ്ഞിട്ടല്ല.വേലക്കാരെ വച്ച് കുട്ടികളെ നോക്കിയാല്‍ ശരിയാവില്ല എന്നാണ്  ഏലിക്കൊച്ചമ്മയുടെ ഒപ്പീനിയന്‍.റൂണിയ്ക്ക്  കൊടുക്കാനുള്ള ഫുഡും എടുത്തു കാലത്തേ ഇറങ്ങുന്ന കൊച്ചമ്മ പിന്നെ വൈകിട്ടൊരു എട്ടര കഴിമ്പോഴെയ്ക്കും തിരിച്ചെത്തും. ഒടനെ വരും അവറാച്ചന്‍റെ അടുത്ത ചോദ്യം "വന്നോ..?എവിടെയായിരുന്നു?" ഇത്രയും വിവരകെട്ട ചോദ്യങ്ങള്‍ ചോദിക്കുന്ന അവറാച്ചനുമായി എത്ര നാള്‍ ഇങ്ങനെ  പോകാന്‍ പറ്റുമെന്ന് ഏലിക്കുട്ടിയ്ക്കും വലിയ നിശ്ചയമില്ല.

ഇതിനിടയില്‍, കൊച്ചമ്മയുടെ പട്ടിയ്ക്കു കലശലായ വയറ്റിളക്കവും  ശര്‍ദ്ദിയും ബാധിച്ച്  വെറ്റിനറി ഹോസ്പിറ്റലില്‍ അഡ്മിറ്റായി.വിവരമറിഞ്ഞ് ഹോസ്പിറ്റലിലേയ്ക്ക് ആളുകള്‍ ഇടിച്ചു കയരിക്കൊണ്ടിരിക്കുകയാണ്.വരുന്ന ബി എം ഡബ്ല്യു, ഓഡി കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍ തന്നെ  ഹോസ്പിറ്റല്‍ കോമ്പൌണ്ട് തികയാതെയായി. കഴിഞ്ഞ പതിനേഴു  മണിക്കൂറായി പട്ടിയൊന്നും തന്നെ കഴിച്ചിട്ടില്ല.ഏലിക്കൊച്ചമ്മയുടെ കാര്യമാണ് അതിലും കഷ്ടം.പച്ച വെള്ളം കുടിച്ചിട്ടില്ല, പല്ല് തേച്ചിട്ടില്ല (അതിപ്പോള്‍ പുതുമയുള്ള കാര്യമല്ല..എന്നാലും..).കഴിഞ്ഞ സമാജം വാര്‍ഷികത്തില്‍ തീറ്റ മത്സരത്തില്‍ ഒന്നാം സമ്മാനം വാങ്ങിയ പട്ടിയാണ്-വേദനയോടെ കൊച്ചമ്മ ഓര്‍ത്തു.. അന്ന് റൂണിയെ നോക്കി "ആര്‍ത്തിപ്പണ്ടാരം" എന്ന് കളിയാക്കി വിളിച്ച ജെ.ജെ കോമളം, പട്ടിയ്ക്കു സുഖമില്ല എന്നറിഞ്ഞിട്ടും,ഇത് വരെയൊന്നു എത്തി നോക്കിയില്ലല്ലോയെന്ന്  അവിടെ കൂടി നിന്നവരില്‍ ചിലര്‍ അടക്കം പറയുകയും അത് കേട്ട് നിന്ന ചിലര്‍ അമ്പരപ്പ് പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്...

ചെന്നൈയിലെ അപ്പോളോ ഹോസ്പിറ്റലിലെ മൃഗ ഡോക്റ്റര്‍ Dr തങ്കം ഫിലിപ്പ് തന്‍റെ സുഹൃത്താണെന്നും, വേണമെങ്കില്‍ വിദഗ്ധ ചികിത്സയ്ക്കായി അങ്ങോട്ട്‌ മാറ്റാമെന്നും ഇടയ്ക്ക് ഡെയിസി തോമസ്‌ പറഞ്ഞുവെങ്കിലും ലതിക, മിസ്സിസ് കോശി, തുടങ്ങി  ഡെയിസിയോട് അത്ര മതിപ്പില്ലാത്ത ആള്‍ക്കാര്‍ക്ക് എതിരഭിപ്രയമാണ് ഉണ്ടായിരുന്നത്. ഇതിനിടയില്‍, റൂണിയ്ക്ക് കെട്ടാന്‍ പുതിയ ഡയപ്പെര്‍സും, തുടയ്ക്കാന്‍ ടിഷ്യുവും മറ്റുമായി  സമാജത്തിന്‍റെ സ്ഥിരം ക്ഷണിതാവ് ഓമനക്കുട്ടന്‍ ഓടി പാഞ്ഞു വന്നു...ആകാംഷയുടെ നിമിഷങ്ങള്‍....


റൂണി ഐ സി യു വിലാണ്.ഇപ്പോള്‍ നില അല്പം പരുങ്ങലിലാണ്. അറിയിക്കാനുള്ളവരെ എല്ലാം അറിയിച്ചോളാന്‍ ജില്ലയിലെ തന്നെ പ്രശസ്തനായ  DR .റോയ് ഡെയിസി തോമസിനോട് ഗദ്ഗദത്തോടെ   പറയുന്നത് കേള്‍ക്കാനിടയായ ഏലിക്കൊച്ചമ്മയുടെ സകല നിയന്ത്രണവും വിട്ട്, പരിസരം മറന്ന്‌  പൊട്ടിക്കരഞ്ഞു...

"വീട്ടിലെ ഇത്രേം സീരിയസ് ആയ ഒരു സംഭവം നടന്നിട്ടും അവറാച്ചായനെ ഒന്നിങ്ങോട്ടു കാണാഞ്ഞത് വളരെ കഷ്ടമായിപ്പോയി, ഛെ.. " എന്ന്, ഓമനക്കുട്ടന്‍ നിര്‍ബന്ധിച്ചതിന്റെ പേരില്‍, വളരെ വൈകിയാണെങ്കിലും,  പേരിനൊന്ന് തല കാണിക്കാനെത്തിയ ജെ ജെ കോമളം അഭിപ്രായപ്പെട്ടത് ഏലിക്കൊച്ചമ്മയ്ക്ക് വല്ലാത്ത ക്ഷീണമായി, അതിലേറെ നാണക്കേടുമായി...

രണ്ടാം നിലയിലെ ബാല്‍ക്കണിയില്‍ നിന്നും മറിഞ്ഞു വീണ്‌ കയ്യും തലയും പൊട്ടിയ ഇളയ മകന്‍ സണ്ണിക്കുട്ടിയ്ക്ക്  രണ്ട് ദിവസമായി  ഹോസ്പിറ്റലില്‍ കൂട്ടിരിക്കുന്ന അവറാച്ചന്‍, ഈ ബഹളം ഒന്നും തന്നെ അറിഞ്ഞിരുന്നില്ല എന്നതാണ് സത്യം... അവറാച്ചനെ നിങ്ങള്‍ വെറുതെ തെറ്റിദ്ധരിക്കരുത്.

No comments

Post a Comment