പരിഭവത്തോടെ.,മെമ്പര്‍ സാബു (std VIII)

In continuation to the earlier posts :-

 ഒത്തിരി സ്നേഹത്തോടെ.,ഭാര്യ എല്‍സി തോമസ്‌ - Part 1
 &
 ....,സ്നേഹപൂര്‍വ്വം കിളി തോമാച്ചായന്‍( മറുപടി കത്ത് ) -Part 2

തോമസേ എന്തോക്കെയുണ്ടളിയാ ഗള്‍ഫില്‍ വിശേഷം? അവിടെ മഴയോക്കെയുണ്ടോ? ഇവിടെ ഭയങ്കര മഴയാ.നീ ആദ്യം വിളിച്ചപ്പോള്‍ ഞാന്‍ ഒരു ജൗളിക്കട ഉത്ഘാടനത്തിന്‍റെ തിരക്കിലായിപ്പോയി കേട്ടോ. പിന്നെ ഇടയ്ക്കിടെ നിന്‍റെ മിസ്സ്ഡ് കോള്‍ കാണും.എന്താ അളിയാ ചെയ്യാ ...ഇപ്പൊ പഴേ പോലാണോ? ഉത്ഘാടനത്തിന് വിളിച്ചാല്‍ അവിടെ പോണം...,വല്ല മരണമോ കല്യാണമോ ഒണ്ടേല്‍ അവിടൊന്നു തല കാണിക്കണം.അല്ലേല്‍ അവരെന്തോ വിചാരിക്കും? ചെന്നില്ലേല്‍ പിന്നങ്ങ് പരാതിയാ..,മെമ്പറെ കണ്ടില്ലല്ലോ കണ്ടില്ലലോ എന്നും പറഞ്ഞ്.ധൃതിയായി പോയി കേട്ടോ, അത് കൊണ്ടാ .പിന്നിപ്പഴാ എല്ലാം കഴിഞ്ഞ്  ശകലം  നേരം കിട്ടിയത്. നേര്‍സ്  പിള്ളേരുടെ ഒരു നിരാഹാരം. ഞാന്‍ വന്നില്ലേല്‍ എങ്ങനെയാ? മിനിമം ഒരു മൂന്നാല് മണിക്കൂറെങ്കിലും ഞാനിവിടെ പന്തലില്‍ ഉണ്ടാകും.അല്ലേല്‍ എങ്ങനെയാ? ..അതാ ആ ഗ്യാപ്പില്‍ എഴുതാമെന്ന് വച്ചത്.

 ഏതോ ഒരു ദിവസം ഞാന്‍ ധൃതിയില്‍ നിന്‍റെ വീടിന്‍റെ അത് വഴി പോയ സമയം നിന്‍റെ ഗള്‍ഫിലത്തെ ഫോട്ടോ, മോന്‍ എടുത്തു കാണിച്ചായിരുന്നു. നീ കേറി അങ്ങ് മിനുങ്ങിയല്ലോടാ തോമസേ? ഫുള്‍ ടൈം ഇറച്ചീം മൊട്ടേം ഒക്കെ ആയിരിക്കും, അല്ലിയോ?...., എന്നാലും മുഖത്തൂന്ന് നിന്‍റെ പഴേ കള്ളച്ചിരി പോയിട്ടില്ല. നീ ഓര്‍ക്കുന്നുണ്ടോ...ആറില്‍ പഠിക്കുമ്പോള്‍ കുളിക്കാനെന്നും പറഞ്ഞ് നമ്മള്‍ ക്ലാസ്സില്‍ കേറാതെ തോട്ടിന്‍ കരയില്‍ പോയി വത്സല ചേച്ചീടെ....ഓര്‍ക്കുന്നുണ്ടോ അളിയാ അതെല്ലാം..? വേറൊരു ദിവസം ഞാന്‍ സ്റ്റാഫ്‌ റൂമിന്‍റെ പുറകില്‍ നിനക്ക് വേണ്ടി ഓണത്തുമ്പിയെ  പിടിക്കാന്‍ പോയതും, സ്റ്റാഫ്‌ റൂമിന്‍റെ ടോയ്ലെറ്റില്‍ ഒളിഞ്ഞു നോക്കിയെന്നും പറഞ്ഞന്നേരം സൂസമ്മ ടീച്ചര്‍ എന്നെ തെറ്റിദ്ധരിച്ച്‌, എച്ച്  എമ്മിനോട്  പരാതിപ്പെട്ടതും..., എനിക്കടി കിട്ടിയതും നിനക്കോര്‍മ്മയുണ്ടോ അളിയാ ? നിനക്ക് വേണ്ടി അന്നാ അടിയെല്ലാം ഞാന്‍ കൊണ്ടു..ആ പോട്ടെ..ഇനി പറഞ്ഞിട്ടെന്താ? ഞാന്‍ അന്ന് പിടിച്ച പൂത്തുമ്പിയേം കൊണ്ട് എത്ര കല്ലാടാ കള്ളാ, നീ ഉത്രാടത്തിന്‍റെയന്ന്  എടുപ്പിച്ചത് ?  അതൊക്കെ നീയോര്‍ക്കുന്നുണ്ടോ ? ഓ..,അതെങ്ങനാ നീയിപ്പോള്‍ ഗള്‍ഫിലൊക്കെ പോയി വലിയ ആളായില്ലേ? ഒന്നും ഓര്‍മ്മ കാണത്തില്ലായിരിക്കും. വേണ്ട,എനിക്കൊന്നും വേണ്ടളിയാ..,ഇറച്ചിക്കഷണം പല്ലിന്‍റെടയില്‍ കേറുമ്പോഴെങ്കിലും നമ്മളെയൊന്നു ചെറുതായി ഓര്‍ത്താല്‍ അത്രേം സന്തോഷം.


മെമ്പറായി പോയില്ലേ.,ടയിലി എത്ര പേരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാ.നിന്‍റെപ്പന്‍റെ കാര്യത്തില്‍ നിനക്ക് അത്ര ശ്രദ്ധയില്ലെങ്കില്‍ പോലും എനിക്ക് അങ്ങനെ പറ്റുമോ തോമസേ? ഒന്നുമില്ലേലും, നിന്‍റെമ്മേടെ കയ്യീന്ന് എത്ര ചോറ് വാങ്ങി തിന്നിട്ടുള്ളതാ.അപ്പന്‍റെ ആസ്മയ്ക്കുള്ള മരുന്ന് ഞാന്‍ മുടങ്ങാതെ എത്തിക്കാറുണ്ട്.നിന്‍റെ അപ്പനെനെന്നാല്‍ എന്‍റെയും അപ്പനാ.മനസ്സിലായോടാ.ആ.,അത് ചോദിക്കാന്‍ വിട്ടു പോയി.എല്‍സി ഇപ്പോള്‍ വീട്ടില്‍ ഇല്ലിയോ? നീയങ്ങു കൊണ്ടു പോയോ? പിള്ളേരെ മാത്രമേ ഞാന്‍ ചെല്ലുമ്പോള്‍ കാണാറൊള്ളൂ .അവിടെ നീ ഫാമിലിയായിട്ട്  ആഘോഷമായിരിക്കും? നടക്കട്ട് നടക്കട്ട്....
.തോമസേ നിന്നോട് പറയാനുള്ള വേറൊരു കാര്യം, ആ സി പി ഐ യിലെ കണാരന്‍ എല്‍സിയെ  പറ്റി ചില വേണ്ടാതീനങ്ങള്‍ ഒക്കെ പറഞ്ഞ് കൊണ്ട്‌ നടക്കുന്നുണ്ട്. മാനം മര്യാദയായി നടക്കുന്നവരെ പറ്റി  പെണ്ണ് വിഷയം പറഞ്ഞ് നാറ്റിക്കുക എന്നത്, അവന്മാരുടെ പണ്ടേയുള്ള സ്വഭാവമാണെന്ന് നിനക്കറിയാമല്ലോ. ഞാനേതായാലും അതിനെ രക്ഷ്ട്രീയപരമായും വേണ്ടി വന്നാല്‍ നിയമ പരമായും നേരിടും.പറ്റിയാല്‍ നീ ആ കണാരനെ വിളിച്ചു രണ്ടു പുളിച്ച തെറി വിളിച്ചേരെ (കണാരന്‍ ഫോണ്‍ no .98942537275 )

അളിയാ ഞാന്‍ നിര്‍ത്തുവാ..ഡി സി സി പ്രസിഡണ്ട്‌ ആണെന്നാ തോന്നുന്നേ.കൊറേ നേരമായി കിടന്ന്  മിസ്സ്ഡ് കോള്‍ അടിക്കുവാ.അടിമാലീല്‍ ഒരു ഹര്‍ത്താലൊണ്ട്  നാളെ. അവിടെ ഉരുള്‍ പൊട്ടി. ഇവിടുന്ന് കൊറേ പാറക്കല്ല് അവിടുത്തെ റോഡില്‍ കൊണ്ട്‌ തട്ടണം. നിനക്കറിയാമോ ആ ദിവാകരനെ? സ്കൂളില്‍ പഠിക്കുമ്പോള്‍ പണ്ട്  റോസമ്മടെ കൈയ്യില്‍ കേറി പിടിച്ച.., അവന്‍ കൊറേ നേരമായി പാറയുമായി വന്നു കീ കീ..അടിക്കുവാ.നേരം വെളുക്കുന്നേന് മുന്‍പേ ഞാനിതവിടെ കൊണ്ട്‌ തട്ടിക്കോട്ടെ. ഹര്‍ത്താല്‍ കാര്യത്തില്‍ നിനക്ക് നീരസം ഒന്നും തോന്നരുത്,അതൊന്നും എന്‍റെ കൈയ്യില്‍ നിക്കുന്ന കാര്യമല്ല. അവിടുന്ന് വന്നാലുടന്‍ ഞാന്‍ വീട്ടില്‍ പോയി അപ്പന്‍റെ കാര്യം ശ്രദ്ധിച്ചോളാം.

എന്ന് അല്പം പരിഭവത്തോടെ ,
വള്ളി നിക്കര്‍ ഊരിപ്പോയപ്പോള്‍ വാഴവള്ളി  കൊണ്ട്‌  കെട്ടിത്തന്ന..,
നിന്‍റെ പഴയ കളിക്കൂട്ടുകാരന്‍ കോഴി സാവു (മെമ്പര്‍ സാബു )

(ഇടയ്ക്ക് ബിസി ആണേല്‍ ഫോണ്‍ എടുക്കത്തില്ല, കേട്ടോ.ഒന്നും വിചാരിക്കല്ലേ തോമസളിയാ)

No comments

Post a Comment