ഉത്രാട ദിനം -(സ്പോണ്‍സര്‍ട് പ്രോഗ്രാം)

സ്നേഹമുള്ള നാട്ടുകാരേ, സുഹൃത്തുക്കളെ,
എല്ലാ കൊല്ലത്തെയും പോലെ ഇക്കൊല്ലവും നമ്മുടെ ഉത്രാട ദിന കലാപരിപാടികള്‍ ഇവിടെ അവസാനിക്കുകയാണ്.നാളെ തിരുവോണമാണ്.യോഗം പിരിയുന്നതിനു മുന്‍പ് രണ്ടു നന്ദി വാക്ക് പറയാനും ഓണാശംസകള്‍ നേരാനും ഞാനീ അവസരം പ്രയോജനപ്പെടുത്തുകയാണ്.

ആദ്യമായി,
പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലയെങ്കിലും, നാല് കൊല്ലത്തിന്‍റെ നീണ്ട ഇടവേളയ്ക്കു ശേഷം ഭാര്യ ലിസ്സിയ്ക്കും,  ഏകദേശം രണ്ടര വയസ്സുള്ള  മകന്‍ ആല്‍ബിനും ഒപ്പം   ഓണമാഘോഷിക്കാന്‍ ഇന്നലെ ജിദ്ദയില്‍ നിന്നും നാട്ടിലെത്തി, എയര്‍ പോര്‍ട്ടില്‍ നിന്നും പോകും വഴി വണ്ടി വഴിയരികില്‍ നിര്‍ത്തി ഒന്നിന് പോകുന്നതിനിടയില്‍ ഓടയില്‍ മറിഞ്ഞു വീണു കാലൊടിഞ്ഞ നമ്മുടെ പ്രിയങ്കരനായ മുന്‍ പൌര സമിതിയംഗം ശ്രീ അലെക്സിനും ഫാമിലിക്കും  എന്‍റെ തിരുവോണാശംസകള്‍..

അതുപോലെ തന്നെ, ഉത്രാടത്തിന്റെ തലേന്ന് രാവിലെ പൈന്റ്റ് വാങ്ങിച്ചിട്ട് മടങ്ങവേ,പേപ്പട്ടി കടിച്ച് ആശുപത്രിയില്‍ ആയ നമ്മുടെ ആക്ടീവ് മെമ്പര്‍ പുത്തന്‍പുരയില്‍ സജി അവര്‍കള്‍ക്കും, അത്തപ്പൂക്കളം ഒരുക്കുന്നതിനിടയില്‍ തേങ്ങ തലയില്‍ വീണ് എട്ടു സ്ടിച്ചുകള്‍ വേണ്ടി വന്ന നമ്മുടെ ഡ്രൈവര്‍ പൊടിയന്‍ എന്നിവര്‍ക്കും എന്‍റെ ഓണാശംസകള്‍.

 89 മുട്ടകള്‍ മെഴുകിയ കഴ കയറ്റ മത്സരത്തില്‍ കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും തനിക്കു എതിരാളിയില്ലെന്നു  നിസംശയം തെളിയിക്കുകയും, സമ്മാനവുമായി വീട്ടിലേയ്ക്ക് പോകും വഴി പഴത്തൊലിയില്‍ ചവിട്ടി തെന്നി വീഴുകയും ചെയ്ത ആല്‍ബെര്‍ട്ടിനോടും കുടുംബത്തോടും എന്‍റെ ഹൃദയം നിറഞ്ഞ തിരുവോണാശംസകള്‍ അറിയിക്കുന്നു...

ഉറിയടി മലസരത്തിന് പേര് നല്‍കുകയും, എന്നാല്‍ പേര് വിളിച്ച സമയം സ്ഥലത്തില്ലാതിരിക്കുകയും, പിന്നീട് മത്സര ശേഷം 'സ്നേഹ ഭവനില്‍' അനീഷ്‌ അടിച്ചുടച്ച ഉറിയുമായി ആടിയാടി വന്ന്  പൌരസമിതി അംഗങ്ങളെ തെറി വിളിക്കുന്നതിനിടയില്‍ എങ്ങനെയോ ചെവിക്കും പല്ലിനും പരുക്കേറ്റ സുരേന്ദ്രന്‍ പിള്ളയ്ക്ക് എന്‍റെ നന്മ നിറഞ്ഞ ഓണാശംസകള്‍...
(സുരേന്ദ്രന്‍ പിള്ള ദൂരെയിരുന്ന് :കൂയ്...കൂയ്...പോഴാ.... മൈ*#%.,ഊയ്‌...)

അത് പോലെ തന്നെ,  കസേര കളി മത്സരത്തിനിടയില്‍ കസേര ഒടിഞ്ഞു വീണ്  നടുവുളുക്കിയ 'ജിജോ വില്ല' യിലെ എല്‍സി തോമസ്‌, കണ്ണുകെട്ടി ഉറിയടി മത്സരത്തിനിടയില്‍ കിളി തോമസിന്‍റെ അനിയന്‍ ജോണിക്കുട്ടിയുടെ അടി അബദ്ധത്തില്‍ തലയ്ക്കു കൊണ്ട് മെഡിക്കല്‍ കൊളേജിലേയ്ക്ക്   കൊണ്ട് പോയ പൌര സമിതി കണ്‍വീനര്‍  മെമ്പര്‍ സാബു അവര്‍കള്‍ക്കും എന്‍റെ തിരുവോണാശംസകള്‍. 
മത്സരയിനം അല്ലാഞ്ഞിട്ടും എല്ലാക്കൊല്ലവും എല്ലാവരും വീറോടെ പങ്കെടുക്കുന്ന ഓണത്തല്ലില്‍ പങ്കെടുത്തു പരുക്കേറ്റ റബ്ബര്‍ മുരളി,ബാഹുലേയന്‍,വെട്ടുക്കിളി ബൈജു,അജയന്‍,നരസിംഹം ബിനു,അപ്പിയണ്ണന്‍,ജോജോ ടീ ഷോപ്പ് നടത്തുന്ന തങ്കച്ചന്‍ എന്നിവര്‍ക്കും എന്‍റെ തിരുവോണാശംസകള്‍.

മത്സരത്തില്‍ പങ്കെടുത്ത, പ്രോത്സാഹിപ്പിച്ച എല്ലാ പ്രിയപ്പെട്ട നാട്ടുകാര്‍ക്കും പൌര സമിതിയുടെ പേരില്‍ എന്‍റെ നന്ദി അറിയിക്കുന്നു...
നിര്‍ത്തുന്നു...നന്ദി നമസ്കാരം

No comments

Post a Comment