ഒത്തിരി സ്നേഹത്തോടെ.,ഭാര്യ എല്‍സി തോമസ്‌ (ഓണം സ്പെഷ്യല്‍)

എന്‍റെ പ്രിപ്പെട്ട അച്ചായന്,

ഓണം ഇങ്ങടുത്തു വരുവാ. പുതിയ ഷര്‍ട്ടും പാന്‍സും വേണമെന്ന് പറഞ്ഞ്, ഇളയവന്‍ ഇവിടെ കിടന്നു കയറു പൊട്ടിക്കുകയാണ്.മൂത്തവന് പിന്നെ, മൊബൈല്‍ മതി പോലും.ഓണപ്പരീക്ഷയുടെ മാര്‍ക്ക് വന്നിട്ടാലോചിക്കാം എന്ന് പറഞ്ഞെങ്കിലും അവന്‍ വിടുന്ന മട്ടില്ല. അച്ചായന്‍റെയല്ലേ ഇനം.വല്ലാത്ത വാശിയാ. ഒന്നാലോചിച്ചാല്‍, ഇക്കാലത്ത് ഗള്‍ഫുകാരന്‍റെ മകന് മൊബൈല്‍ ഇല്ലെന്നു പറഞ്ഞാല്‍ അതും വല്യ കൊറച്ചിലാണ്.  പച്ചക്കറി സാധനങ്ങള്‍ക്കൊക്കെ ഓണമായതോടെ ഇവിടെ തീപിടിച്ച വിലയാണ് അച്ചായാ . ഇന്നാള് മുല്ലപ്പെരിയാറിന്‍റെ പേരില്‍ കൊറേ വിവരമില്ലാത്ത ചെക്കന്മാര്‍ വഴക്കിട്ടത് കൊണ്ട് തമിഴ്നാട് മനപ്പൂര്‍വം വില കൂട്ടിയെന്നാണ് മെമ്പര്‍ സാബു പറയുന്നത്.സത്യമാണോ എന്തോ? അച്ചായന്‍ ഇല്ലാത്തതു കൊണ്ട് എല്ലാക്കാര്യത്തിനും ഞാന്‍ തന്നെ വേണ്ടേ ഓടാന്‍? പിന്നെയിപ്പോള്‍ കുറച്ചു നാളായി മെമ്പര്‍ സാബു ഉള്ളത് ശരിക്കും ഒരു സഹായമാണ്. പുറമേ കാണുന്നത് പോലെയല്ല.ആളൊരു പഞ്ച പാവമാ അച്ചായാ. മെമ്പര്‍ ഇടയ്ക്ക് പറയുന്ന ചില തമാശകള്‍ കേട്ടാല്‍ തന്നെ നമുക്ക് ചിരി വരും.

പിന്നെയാ വടക്കേലെ ശാന്തേടെ കെട്ടിയവന്‍ കണ്ണന്‍ മേശിരി സൈക്കിള്‍ വിറ്റ്, കാറെടുത്തു. ഇപ്പൊ അവള്‍ടെ പോസൊന്നു കാണണം! മിനിഞ്ഞാന്ന് നമ്മടെ ഗേറ്റിന്‍റെയവിടെ ചവിട്ടി നിര്‍ത്തി ചോദിക്കുവാ 'എന്തോ ഉണ്ട് എല്‍സീ..' ന്ന്.അവുക്കടെ കാറ്‌ കൊണ്ട് കാണിക്കാനാ.ഞാന്‍ മൈന്‍ഡ് ചെയ്തില്ല.അവളാകെ ബ്ലീച്ചിപ്പോയി അച്ചായാ..

ഡെയ്സിയുടെ ആലോചനകള്‍ അങ്ങനെ ഒരറ്റത്ത് നടക്കുന്നു. എന്‍റെ അപ്പച്ചന്‍ വലിയ അഭിമാനിയാണെന്നു അച്ചായന് അറിയാമല്ലോ.ദുരഭിമാനിയാണ് എന്ന് അച്ചായന്‍ ഇടയ്ക്ക് തമാശ പറയുമെങ്കിലും, അത് കൊണ്ടല്ലേ വേലയും കൂലിയുമില്ലാതെ നടന്ന അച്ചായനുമായുള്ള കല്യാണത്തിന് സമ്മതിക്കാഞ്ഞതിന്‍റെ   പേരില്‍   നമുക്ക് ഒളിച്ചോടെണ്ടി  വന്നത്?  ഞാന്‍ പിന്നെ അച്ചായനെ നിര്‍ബന്ധിച്ച്, ഗള്‍ഫില്‍ കയറ്റി അയച്ചത് കൊണ്ടല്ലേ നമുക്കിന്നൊരു വില വന്നത്? പഴയ പോലെ ബസില്‍ കിളിയടിക്കാന്‍ പോയ്ക്കൊണ്ടിരുന്നെങ്കില്‍ ആരെങ്കിലും നമ്മളെ മൈന്‍ഡ് ചെയ്യുമായിരുന്നോ? അതൊക്കെ പോട്ടെ. കഴിഞ്ഞാഴ്ച ഡെയ്സിയെ കാണാന്‍ ഒന്ന് രണ്ടു പാര്‍ട്ടികള്‍ വന്നു.ഗള്‍ഫുകാരൊന്നും വേണ്ടെന്നാണ് അപ്പച്ചന്‍ പറയുന്നത്.നാട്ടിലുള്ള ഒരെണ്ണം ഏതാണ്ടുറച്ച മട്ടാണ്.ഉറച്ചാല്‍  നമുക്കെന്തെങ്കിലും കൊടുക്കണ്ടായോ? അഞ്ചു പവനില്‍ കുറഞ്ഞു എന്തെങ്കിലും കൊടുത്താല്‍ എന്‍റെ വിലയെന്താവും? അത് പോട്ടെന്ന് വയ്ക്കാം, അപ്പച്ചന് മുന്‍പില്‍ എന്‍റെ തോമാച്ചായന്‍റെ   വിലയെന്താവും? ഇനിയിപ്പോള്‍ അതല്ല അല്പം കുറച്ചു കൊടുക്കാമെന്നു വച്ചാല്‍ പോലും മിനിമം അഞ്ചില്‍ കുറഞ്ഞത്‌ അപ്പച്ചന്‍ വാങ്ങുമെന്ന് അച്ചായന് തോന്നുന്നുണ്ടോ? ആത്മാഭിമാനം വിട്ടൊരു പരിപാടിക്കും എന്റപ്പന്‍  നില്‍ക്കുകേല.

പിന്നെ നമ്മുടെ, പാലക്കുന്നിലെ പല്ലുകിരിപ്പന്‍ ചെറിയാന്‍റെ മോള്‍ പ്രെറ്റിയുടെ ഉറപ്പ് ഇന്നലെ കഴിഞ്ഞു.ഒരു കാര്യം ഞാന്‍ പറയാം, ഇനി ഇതുപോലത്തെ സാരിയുടുത്തോണ്ട് കല്യാണത്തിനോ അടിയന്തിരത്തിനോ   പോവാന്‍ എന്നെക്കിട്ടത്തില്ല.ഹൊ..! എന്‍റെ തൊലിയുരിഞ്ഞു പോയി. എത്ര നാളായി ഞാന്‍ ഇതച്ചായനോട്  പറയുന്നു..., ആര് കേള്‍ക്കാന്‍! ഡെയ്സിയുടെ കല്യാണത്തിനെങ്കിലും  പുതിയ സാരി ഞാന്‍ എന്തായാലും വാങ്ങും.അച്ചായന്‍ അതിലിനി ഒന്നും പറയണ്ട. ആ ഇമ്മാനുവലില്‍ സാരിയ്ക്ക് എന്തൊക്കെ ഓഫറുകളുണ്ടെന്നോ..! ആ പരസ്യം ഒന്ന് കാണണം. ആ കടേടെ പരസ്യം ഗള്‍ഫിലെ ടി വി യില്‍ കിട്ടാറുണ്ടോ അച്ചായാ? അതെങ്ങനാ, വന്നാലും അച്ചായന്‍ അത് കാണാത്ത ഭാവത്തില്‍ ഇരിക്കും, എനിക്കറിഞ്ഞു കൂടെ..,എന്നിട്ടാ സമയം വല്ല വാര്‍ത്തയോ വല്ലോം കണ്ടു സമയം കളയും.
 ഓണം കഴിഞ്ഞാല്‍ പിള്ളേരുടെ ഫീസ്‌ അടയ്ക്കണം.കരണ്ട് ബില്ല് ഇപ്പോള്‍ പഴയത് പോലെയല്ല.പാലിനും പഞ്ചാരയ്ക്കും എല്ലാം വില കൂടി.അച്ചായന്‍ ഈ മാസം പൈസ വല്ലതും അയച്ചോ?

ഈ പ്രാവശ്യം ഓണത്തിന് നമ്മുടെ കവലയില്‍ ഏതാണ്ടൊക്കെ പരിപാടികള്‍ ഉണ്ട്.മെമ്പര്‍ സാബു പൌരസമിതി കണ്‍വീനരോ മറ്റോ ആണ്. പിള്ളേര് ഏതാണ്ട് ഓട്ടത്തിനും ചാട്ടത്തിനുമൊക്കെ  പേര് കൊടുത്തിട്ടുണ്ട്‌.കസേര കളിയ്ക്ക് എന്‍റെ പേരും എഴിക്കൊണ്ടാ സാബു പോയിരിക്കുന്നെ.അവനൊരേ നിര്‍ബന്ധം. എന്തായി തീരുമോ എന്ന് കര്‍ത്താവിനറിയാം. പുതിയ സാരി ഉടുക്കാതെ ഞാന്‍ പോവത്തില്ല. അവിടെ ഓണത്തിന് ഇപ്പ്രാവശ്യം അച്ചായന് എത്ര ദിവസം അവധിയുണ്ട്‌? കഴിഞ്ഞ രണ്ടു കൊല്ലവും അവര് തന്നില്ലായിരുന്നല്ലോ.ഇത്തവണ ഏതായാലും കിട്ടും. ഒന്നാമതേ അച്ചായന് കാലും നടുവും വയ്യാത്തതാ. ആരെങ്കിലും നിര്‍ബന്ധിച്ചെന്ന് കരുതി,   കഴ കയറ്റത്തിനും   ഉറിയടിക്കും ഒന്നും ചാടി കേറി ചെര്‍ന്നെക്കല്ലേ മനുഷ്യാ...

അച്ചായന്‍ പോയിട്ടിപ്പോള്‍ കൊല്ലം മൂന്നാവുന്നു...എത്ര പെട്ടെന്നാണ് സമയം പോകുന്നത്, അല്ലെ അച്ചായാ? 'പപ്പയെ കാണണം പപ്പയെ എന്താ വരാത്തെ' എന്നൊക്കെ പറഞ്ഞ് ഇളയവന്‍ ഇടയ്ക്ക് ഭയങ്കര ബഹളമാ.അവന്‍ കുഞ്ഞല്ലേ? ഇന്നാളൊരു ദിവസം അച്ചായന്‍ വെല്‍ഡിംഗ് ഗ്ലാസ്സുമായി നില്‍ക്കുന്ന ഫോട്ടോ കണ്ടിട്ട് അവന്‍ പറയുവാ 'പപ്പയുടെ കൂളിംഗ്‌ ഗ്ലാസ്‌' അടിപൊളി ആയെന്ന്. അത് കേട്ട് മെമ്പര്‍ സാബു അന്നൊത്തിരി  ചിരിച്ചു. അച്ചായന്‍ ഫോട്ടോയില്‍ ശരിക്കും കറുത്തിട്ടുണ്ട്. ശരീരം നോക്കണേ എന്‍റെ പൊന്നച്ചായാ...അത് കഴിഞ്ഞു കിട്ടുന്ന കാശ് മതി. കൂടുതല്‍ സമയവും പറ്റിയാല്‍ എ സി മുറിയില്‍ തന്നെ ഇരിക്കാന്‍ ശ്രമിക്കണം.

അച്ചായന്‍ ഉടനെയെങ്ങാനും ഇങ്ങോട്ട് വരാന്‍ പ്ലാന്‍ ഉണ്ടോ? എനിക്കും അച്ചായനെ കാണാന്‍ വല്ലാത്ത കൊതിയായി. ഓണത്തിന് വിമാനത്തില്‍ ടിക്കറ്റ് വില ഒരുപാടു കൂടുതല്‍ ആണെന്നോക്കെയാണ് മെമ്പര്‍ സാബു പറയുന്നത്.അത് ശരിയാണോ അച്ചായാ? അങ്ങനെയാണെങ്കില്‍ അച്ചായന്‍ ആലോചിച്ചു പയ്യെ വന്നാല്‍ മതി.
ഡെയ്സിയുടെ കല്യാണത്തിന് അച്ചായന്‍ വരുന്നില്ലെന്നറിയുമ്പോള്‍ അവള്‍ കെറുവിക്കുമോ എന്നാണ് എന്‍റെ പേടി.

ഇവിടെ പിന്നെ വേറെ പ്രത്യേക വിശേഷം ഒന്നുമില്ല.കാശ് അയച്ചാല്‍ ഒന്ന് വിളിച്ചു പറയണേ എന്‍റെ കുട്ടാ...അച്ചായന് സുഖമാണെന്ന് കരുതുന്നു.
എന്ന് ഒത്തിരി ഒത്തിരി സ്നേഹത്തോടെ,
അച്ചായന്‍റെ സ്വന്തം,
എല്‍സി തോമസ്‌
---------------------------------------
'പപ്പാ, മൊബൈലിന്‍റെ  കാര്യം മറക്കരുതേ'
എന്ന് ജിജോ തോമസ്‌

Continue :-
 ....,സ്നേഹപൂര്‍വ്വം കിളി തോമാച്ചായന്‍( മറുപടി കത്ത് ) -Part 2

22 comments

  1. നാട്ടില്‍ പച്ചക്കറിയും പൂവും കിട്ടാനില്ലത്രേ, പിന്നെ യെന്തൂട്ട്‌ ഓണം മാത്തുകുട്ടിച്ചായാ ......... ~Jay~

    ReplyDelete
    Replies
    1. ഹ ഹ ഹ ഇത് എന്താണ് മാഷേ? ഇവിടെ ബംഗാളൂരില്‍ ഞങ്ങള്‍ നല്ലൊരു പൂക്കളവും ഇട്ടു, ഒന്നാം തരാം സദ്യ ഒരുക്കി (അസോസിയേഷന്‍ പരിപാടിയ്ക്ക് പാലട ആയിരുന്നു, വീട്ടില്‍ ഓണദിവസം സേമിയ പായസവും) വിവിധ കലാപരിപാടികളോട് കൂറി ഓണം കെങ്കേമമായി ആഖോഷിച്ചു. അപ്പൊ പിന്നെ നിങ്ങള്‍ നാട്ടില്‍ ഉള്ളവര്‍ പച്ചക്കറി ഇല്ല, എന്തൂട്ട് ഓണം എന്നൊക്കെ പറയുന്നത് മോശമല്ലേ? ഉള്ളത് കൊണ്ടങ്ങു ഭംഗിയാക്കുക അത്ര തന്നെ. എനിയ്ക്ക് തോന്നുന്നത് ഇപ്പൊ മാവേലി റൂട്ട് ഒന്ന് മാറ്റിപിടിച്ചു എന്നാണു. ഇപ്പൊ മൂപ്പര് കേരളത്തിലെയ്ക്കല്ല വരുന്നത്, മറിച്ചു കേരളത്തിന്‌ പുറത്തുള്ള മറുനാടന്‍ മലയാളികളെ വിസിറ്റ് ചെയ്തങ്ങു പോവുകയാനെന്നാ തോന്നുന്നത്.

      Delete
    2. ശരിയാണ് മുകിലാ.ഇപ്പോള്‍ കേരളത്തില്‍ അല്ല ഓണം.കേരളത്തിന്‌ പുറത്താണ്.കേരളത്തിലെ മിക്കവര്‍ക്കും രണ്ടെണ്ണം വീശിയാല്‍ ഓണം കഴിഞ്ഞു.ഏറിയാല്‍ ഒരു സദ്യയും തട്ടും.പലര്‍ക്കും ഇപ്പോള്‍ സദ്യ വയ്ക്കാന്‍ പോലും സമയം ഇല്ല.. അതൊക്കെ ഏതെങ്കിലും കാറ്ററിംഗ് സര്‍വീസുകാരെ നേരത്തെ ഏല്‍പ്പിച്ച്, കാലത്ത് മുതല്‍ ടി വി യും കണ്ടങ്ങനെ ഇരിക്കും. കേരളത്തിന്‌ വെളിയില്‍ ഉള്ളവരും പ്രവാസികളും ഇപ്പോഴും പഴയ ഓണക്കാല ഓര്‍മ്മകള്‍ മനസ്സില്‍ കൊണ്ട് നടക്കുന്നതിനാല്‍ അവരുടെ ഓണത്തിന് ഇപ്പോഴും ബാല്യത്തിന്റെ ഊഷ്മളതയുണ്ട്.അത് കൊണ്ട് തന്നെ നാട്ടിലെ പൂക്കളും പച്ചക്കറിയുമെല്ലാം അങ്ങോട്ട്‌ തട്ടുവാ,അതാണ്‌ കേരളത്തില്‍ പച്ചക്കറിക്ക് ക്ഷാമം.
      മാവേലി അത് കൊണ്ടൊക്കെ തന്നെ മുകിലന്‍ പറഞ്ഞത് പോലെ കേരളത്തില്‍ അടുത്ത കാലത്തായി വരാറില്ല.

      Delete
  2. താങ്കളുടെ ഒരു വിവരവും ഇല്ലല്ലോ ജയ്‌.പൂക്കള്‍ കിട്ടാനില്ല എന്ന് കേട്ടു. പച്ചക്കറികള്‍ക്കും ക്ഷാമമായോ?

    ReplyDelete
  3. ഞാന്‍ ഇവിടൊക്കെ ഉണ്ട് അച്ചായാ, മൂവിരാഗയില്‍ ദിവസം ഒന്ന് എന്നാ രീതിയില്‍ കമ്മെന്റുന്നുണ്ടല്ലോ , കാണാറില്ലേ ? ~Jay~

    ReplyDelete
  4. കാണാറുണ്ട്..എവിടെ വരെയായി താങ്കളുടെ ആസ്വാദനം?ഒന്നും കണ്ടില്ലല്ലോ.തിരക്കായിരിക്കും. അല്ലെ?
    താങ്കള്‍ക്ക് എന്‍റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍...

    ReplyDelete
  5. എല്ലാവരും തുടര്‍ച്ചയായി ആസ്വാദനം എഴുതുന്നു, അപ്പോള്‍ ഞാനൊന്നു പതുക്കെ ആക്കി എന്ന് മാത്രം. വീരഗാഥ എഴുതി അയച്ചിട്ടുണ്ട്, സമയം പോലെ അവര്‍ പ്രസദ്ധീകരിക്കട്ടെ.... പിന്നെ ബാക്കിയെല്ലാം ഓരോന്നായി അയക്കാം. എന്തായാലും വളരെ നല്ല ആവേശത്തോടെ നമ്മുടെ സുഹൃത്തുക്കള്‍ പങ്കെടുക്കുന്നത് കാണുമ്പോള്‍ സന്തോഷം.......

    എന്തുപ്പറ്റി അച്ചായാ നമ്മുടെ മുകിലന്, അയാള്‍ എനിക്ക് തന്ന മറുപടി കണ്ടുവോ അപ്പുറത്തെ പേജില്‍.... ???? ഞാനെന്താണ് ആ സുഹൃത്തിനോട് ഇനി പറയുക....!! മുകിലനും മൂവിരാഗയും തമ്മില്‍ ഒരു സിവില്‍ വാറിനു സാധ്യത കാണുന്നു.

    നന്മയും പദ സമ്പത്തും വാക് ചാതുരിയും നിറഞ്ഞ ഒരു ഓണം ആശംസിക്കുന്നു അച്ചായാ .... ~Jay~

    ReplyDelete
    Replies
    1. മുകിലന് മൂവി രാഗയെ/ബാബു അലെക്സിനെ പറ്റി എന്തൊക്കെയോ പരാതികള്‍ ഉണ്ട്.അവരെ നേരിട്ട് അറിയിച്ചിട്ടുണ്ട് എന്നാണ് മുകില്‍ പറയുന്നത്.ഞാന്‍ പലതും പറഞ്ഞു നോക്കി.താങ്കള്‍ വായിച്ചു കാണുമല്ലോ.മൂവി രാഗയ്ക്ക് അവരുടെതായ പോളിസികള്‍ ഉണ്ട്.അതില്‍ ചിലത് ചിലര്‍ക്ക് ഇഷ്ടപ്പെട്ടില്ലെന്നു വരും.അതൊക്കെ അങ്ങനെ കിടക്കും.നമുക്കെന്തു ചെയ്യാന്‍ പറ്റും?
      താങ്കള്‍ വീരഗാഥ അയച്ചോ? ഫൈന്‍.അവരത് പബ്ലിഷ് ചെയ്യുമ്പോള്‍ വായിച്ചിട്ട് അഭിപ്രായം പറയാം കേട്ടോ. അവിടെ ചിലര്‍ക്ക് പരാതിയാണ്.മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നു എന്ന് പറഞ്ഞു.ഓരോരോ പരാതികള്‍ അല്ലെ? :) ഏതായാലും ആ പരാതികള്‍ക്കിടയില്‍ ഒരു മമ്മൂട്ടി ചിത്രത്തിന്റെ ആസ്വാദനം വരുന്നത്, അതും വടക്കന്‍ വീര ഗാഥയുടെ-തികച്ചും സന്തോഷമുള്ള കാര്യമാണ്. കൊച്ചു തെമ്മാടി എന്ന ചിത്രം ഞാന്‍ ഇത് വരെ കണ്ടിട്ടില്ല. ബട്ട്‌ താങ്കള്‍ അതിനു വേണ്ടി നിരന്തരം വാദിക്കുന്നത് കണ്ടിട്ട് ഞാന്‍ ഒരു സുഹൃത്തിനെ കൊണ്ട് ഒരു വോട്ടു അതിനു ഇടീപ്പിച്ചു, പക്ഷെ ആ വോട്ടു വേസ്റ്റ് ആയി പോയി.

      പിന്നെ ഓണം ഒക്കെ എവിടെ വരെയായി? ഓണ സദ്യ കഴിഞ്ഞോ? ഇപ്പോഴൊക്കെ എന്ത് ഓണം അല്ലെ? അങ്ങനെ പറയാന്‍ സത്യത്തില്‍ എനിക്ക് പേടിയാ.ദോഷൈകദൃക്കുകള്‍ അതിനെ വല്യപ്പന്‍ സിന്ട്രോം ആയി കാണുമോ എന്ന് :)
      ഒന്നും പറയാന്‍ വയ്യാത്ത അവസ്ഥയാ.എന്തെങ്കിലും പറയണമെങ്കില്‍ ഇപ്പോള്‍ ആരെയൊക്കെ പേടിക്കണം എന്നറിയാമോ?
      താങ്കള്‍ക്ക് എന്‍റെ സ്നേഹം നിറഞ്ഞ ഓണാശംസകള്‍...

      Delete
    2. നിങ്ങള്‍ എന്ത് കരുതി? മൂവീരാഗ വെറും തട്ടിപ്പ് പ്രസ്ഥാനമാണ് മാഷേ. റണ്‍ ബേബി റണ്‍ ന്റെ റിവ്യൂ ചിത്രവിശേഷത്തില്‍ വന്നു കഴിഞ്ഞു. അവിടെ readers views എന്നാ പരിപാടി ഒന്നുമില്ല, നേരിട്ടങ്ങ് റിവ്യൂ എഴുതും ആരുടേയും മുഖം നോക്കാതെ. അതിനെയാണ് പച്ച മലയാളത്തില്‍ ചങ്കൂറ്റം എന്ന് പറയുന്നത്. ഏതെങ്കിലും മോഹന്‍ലാല്‍ പടത്തെ കുറിച്ച് നല്ല റിവ്യൂ എഴുതിയാല്‍ മൂര്‍ത്തിയെ ടോം മങ്ങാട്ട്ട് പിടിച്ചു പടിയടച്ചു പിണ്ഡം വെയ്ക്കും. അങ്ങേര്‍ക്കു ബെസ്റ്റ് ആക്ടര്‍ നല്ല മൂവിയും ലൌദ്‌ സ്പീക്കര്‍ excellent ഉം പ്രണയം അവരെജും സ്പിരിറ്റ്‌ മോശം പടവും ഒക്കെ ആവുന്നതിന്റെ ഗുട്ടന്‍സ് അത് തന്നെ. തേജാഭയിയ്ക്ക് average രേടിംഗ് ആണ് അയാള്‍ കൊടുത്തത് അറിയാമോ?
      //അവിടെ ചിലര്‍ക്ക് പരാതിയാണ്.മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നു എന്ന് പറഞ്ഞു.ഓരോരോ പരാതികള്‍ അല്ലെ?//
      ഹ ഹ ഹ ഹ ഹ .......മോഹന്‍ലാലിനു എന്തിനാണ് ദൈവം മറ്റു നടന്മാരെക്കാള്‍ (including mega star Mammootty ) അഭിനയ ശേഷി കൊടുത്തത് എന്നൊരു പരാതി എനിയ്ക്ക് ഉണ്ട്. എന്നെങ്കിലും ദൈവത്തെ നേരിട്ട് കണ്ടാല്‍ അത് തീര്‍ച്ചയായും ബോധിപ്പിയ്ക്കും.

      Delete
    3. മുകിലാ, താങ്കളെ പേടിച്ചു നമ്മുടെ മൂര്‍ത്തി സാര്‍ നല്ല ഒരു റിവ്യൂ ആ പടത്തിനെ കുറിച്ച് ഇട്ടിട്ടുണ്ട്..
      വായിച്ചായിരുന്നോ..? :-)

      Delete
    4. കണ്ടു...കണ്ടേ...Readers Review & Other Website reviews എല്ലാം വായിച്ചു കഴിഞ്ഞപ്പോള്‍ അയാള്‍ക്ക്‌ തോന്നിക്കാനും പണി പാളും എന്ന്. എന്തിനു പറയുന്നു താങ്കളുടെ ഈ ബ്ലോഗില്‍ നമ്മള്‍ ഈ എഴ്ഗുതി കൂട്ടുന്നത്‌ വരെ അയാള്‍ വായിയ്ക്കുന്നില്ല എന്നാരു കണ്ടു? വേറൊരു നിവൃത്തിയും ഇല്ലാതെ ചെയ്തത് ആവാനേ വഴിയുള്ളൂ.

      Delete
    5. എന്നാലും അങ്ങോട്ട്‌ സമ്മതിച്ചു കൊടുക്കാന്‍ വയ്യ അല്ലെ :)
      അത് വിട് പോട്ടെ

      Delete
    6. മൂര്‍ത്തിയുടെ റിവ്യൂ നല്ല റിവ്യൂ തന്നെ ആയിരുന്നു. അത് സമ്മതിച്ചു കൊടുക്കാന്‍ ഒരു മടിയും ഇല്ല മാഷേ. പക്ഷെ ദിവസം ചെല്ലും തോറും മനസ്സില്‍ ഉള്ള അഭിപ്രായങ്ങള്‍ തുറന്നു പറയാനുള്ള ചങ്കൂറ്റം അദ്ദേഹത്തിന് കൈമോശം വന്നു കൊണ്ടിരിയ്ക്കുകയാണ്. ഒരു സിനിമ വെബ്‌ സൈറ്റില്‍ ആദ്യത്തെ വാക്ക് നിരൂപകന്റെ ആയിരിയ്ക്കണം. വായനക്കാരന്റെ അഭിപ്രായം അറിഞ്ഞതിനു ശേഷമല്ല അവന്‍ നിരൂപണം നടത്തേണ്ടത്. അതാണ്‌ നട്ടെല്ലുള്ള ഒരു നിരൂപകന്‍ ചെയ്യേണ്ടത്. ട്വന്റി ട്വന്റി എന്നാ ചിത്രത്തിന്റെ റിവ്യൂ മുതല്ക്കിങ്ങോട്ടു വായിയിക്കാന്‍ തുടങ്ങിയതാണ്‌ ഇന്ദുലേഖ. അന്ന് കമന്റ്‌ എഴുതുന്നവര്‍ കുറവായിരുന്നു. ഒരു ബുദ്ധിജീവി ജടകളും ഇല്ലാത്ത ഒരു റിവ്യൂ തന്നെ ആയിരുന്നു അധെഹതിന്റെത് അത് അന്നും ഇന്നും അങ്ങനെ തന്നെ. പക്ഷെ innu അയാള്‍ റിവ്യൂ എഴുതുന്നത്‌ ഗലരിയ്ക്ക് വേണ്ടിയാണ്. അതായത് വായനക്കാരുടെ കയ്യടിയ്ക്ക് വേണ്ടി കുറെ ഹുമാര്‍ സെന്‍സ് കുത്തി തിരുകാതെ നിവൃത്തി ഇല്ലെന്നായി. ട്വന്റി ട്വന്റി റിവ്യൂ ഒക്കെ വരുന്ന സമയത്ത് ബാബു അലക്സ്‌ അവിടെ വന്നിട്ടില്ല. ഒരു ബുദ്ധിജീവിയുടെ കുപ്പായം അണിഞ്ഞു അവന്‍ അവിടെ വന്നപ്പോള്‍ ആദ്യം എല്ലാവരും അവനെ ബഹുമാനിച്ചു. അങ്ങനെ അവന്‍ വലിയ ഒരു സംഭവം ആണെന്ന് വരുത്തി തീര്‍ത്തതിനു ശേഷം അവന്‍ സിനിമയിലെ പ്രമുഖന്മാര്‍ക്ക് എതിരെ കമന്റ്‌ എഴുതി തുടങ്ങി. ഒരു "പുലി" ഇമേജ് ഉണ്ടാക്കി എടുത്തത്‌ കൊണ്ട് മറ്റുള്ളവര്‍ അവനു നേരെയുള്ള കമന്റുകളില്‍ സഹിഷ്ണുത പുലര്‍ത്തി. അവന്‍ കൂടുതല്‍ കൂടുതല്‍ കളിച്ചു തുടങ്ങിയപ്പോള്‍ അവനു എതിരെയുള്ള ശബ്ദം കൂടുതല്‍ ഉച്ചത്തില്‍ അയി തുടങ്ങി. അത് ഒരുപാട് വായനക്കാരെ മൂവീരാഗയിലെയ്ക്ക് ആകര്‍ഷിച്ചു. ഇതൊക്കെ ചുമ്മാ ഒരു ബിസിനസ്‌ ആണെന്നെ.

      മൂവീരാഗ പദ്മരാജനെ വലിയ ഒരു സംഭവമാക്കി ചിത്രീകരിയ്ക്കാന്‍ ശ്രമിച്ചതും അവരുടെ ഒരു "പൊള്ളത്തരം" ആയേ എനിയ്ക്ക് തോന്നിയുള്ളൂ. ഈ ബാബു അലക്സും മാറ്റും ഇവിടെ വന്നപ്പോള്‍ മുതല്‍ പദ്മരാജനെ പൊക്കി പറയാന്‍ തുടങ്ങിയതാണ്‌ അതിനു കാരണം. അപ്പോള്‍ പിന്നെ baabu വിനെ പിന്തുണയ്ക്കുന്നവരും അത് വലിയൊരു സംഭവമാക്കി എടുക്കുമല്ലോ. അതാണ്‌ ടെക്നിക്. പക്ഷെ പലരും അതില്‍ വീണു പോയി. "കലാമൂല്യമുള്ള കച്ചവട സിനിമകളുടെ അപോസ്തലനന്‍" എന്നതാണ് പദ്മരാജന് കൊടുക്കുന്ന വിശേഷണം. അദ്ധേഹത്തിന്റെ സിനിമയില്‍ എന്ത് കച്ചവട മൂല്യമാണ് ഉള്ളത്? ഇറങ്ങിയ കാലത്ത് ആരാണ് അദ്ധേഹത്തിന്റെ പടങ്ങള്‍ കണ്ടു വിജയിപ്പിച്ചത് ? അത് അന്നത്തെ ആളുകളുടെ ആസ്വാദന നിലവാരം താഴ്ന്നത് ആയിരുന്നത് കൊണ്ടാണോ? ഇന്നലെ ഞാന്‍ കണ്ടു കിരണ്‍ ടിവിയില്‍ "ദേശാടനക്കിളി കരയാറില്ല" എന്നാ മൂവി. ഹോ ദയനീയം എന്നെ പറയേണ്ടൂ. അത് പോലെ "കരിയിലക്കാറ്റു പോലെ". എന്തോന്ന് ക്രൈം ത്രില്ലെര്‍ അല്ലെങ്കില്‍ കുറ്റാന്വേഷണ കഥ ആണ് അത്? ഇതിനെ ഒക്കെ പോക്കുന്നവര്‍ CBI ഡയറി കുറിപ്പും അതിന്റെ ഒഇന്‍ തുടര്‍ച്ച പടങ്ങളും ഒന്നും കണ്ടിട്ടില്ല എന്ന് തോന്നും. സീസണ്‍ എന്നാ പരമ കൂതറ പടം പോലും വല്യ സംഭവമായിരുന്നു പലര്‍ക്കും. അത് പോലെ ഞാന്‍ ഗന്ധര്‍വന്‍!!!!!!!!എന്റമ്മോ എല്ലാം പെട്ടിയില്‍ ഇരുന്നു പൊട്ടിയ പടങ്ങള്‍ ആണെന്നതാണ് അതിലും വലിയ രസം.

      "Padmarajan is not a good director " എന്ന് ഞാന്‍ ഒരിയ്ക്കല്‍ പറഞ്ഞതിന് ഒരുപാട് വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുണ്ട്. അതിനു മറുപടി പറഞ്ഞപ്പോള്‍ എന്റെ കമന്റുകള്‍ ഒരുപാട് മുക്കിയിട്ടുമുണ്ട് മൂവേരാഗ. അതൊക്കെ പോട്ടെ താങ്കള്‍ ഉള്‍പ്പെടെ പലരും ആ ഒരു ഒഴുക്കില്‍ എനിയ്ക്ക് എതിര് തന്നെ ആയിരുന്നു. നമ്മള്‍ തമ്മിലുള്ള വാഗ്വാടതിനിടയ്ക്കു ഞാന്‍ ഒരിയ്ക്കല്‍ പറഞ്ഞിട്ടുണ്ട് "ഒരു സംവിധായകന്‍ എന്നാ നിലയ്ക്ക് പദ്മരാജനെ ജോഷിയുമായോ മറ്റോ താരതമ്യം ചെയ്‌താല്‍ പണി പാളും" എന്ന്. മറുപടി ആയി താങ്കള്‍ പറഞ്ഞു "താരതമ്യം ചെയ്യണം എങ്കില്‍ പടംരാജന്റെ കൂടെ കസേര വലിച്ചിടാന്‍ എങ്കിലും ഒരു മിനിമം യോഗ്യത അവനു വേണം" എന്ന്. ആ താങ്കള്‍ റണ്‍ ബേബി റണ്‍ എന്നാ സിനിമ കണ്ടിട്ട് പറഞ്ഞു //സംവിധായകരില്‍ മലയാള സിനിമയില്‍ ഒരു രാജാവുണ്ടെങ്കില്‍ അത് ജോഷിയാണ് എന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു.//
      റണ്‍ ബേബി റണ്‍ എന്നാ പടം കണ്ടില്ല എങ്കിലും അഭിപ്രായങ്ങള്‍ കേട്ടിടത്തോളം കൊള്ളാം എന്ന് തോന്നുന്നു. പക്ഷെ പദ്മരാജന്റെ കാലത്ത് ജോഷി ചെയ്ത പടങ്ങള്‍ (80 കളിലും early 90 കളിലും) നോക്കുമ്പോള്‍ അത്രത്തോളം വരുമോ ഈ റണ്‍ ബേബി റണ്‍? ഇത് ജോഷിയുടെ മാസ്റ്റര്‍ piece ഒന്നും അല്ലല്ലോ. അപ്പോള്‍ പിന്നെ എന്തായാലും പദ്മരാജന്റെ കാലത്ത് ചെയ്ത new delhi എന്നാ പടമൊക്കെ വെച്ച് നോക്കുമ്പോള്‍ മിനിമം ഒരു "ചക്രവര്‍ത്തി" എന്നെങ്കിലും ഒന്ന് വിളിച്ചേയ്ക്കണേ....

      Delete
    7. എന്തായാലും പടംരാജന്റെ കൂടെ കസേര വലിച്ചിടാന്‍ യോഗ്യത ഇല്ല എന്ന് താങ്കള്‍ കരുതിയ ഒരാളെ ഇപ്പോള്‍ 'രാജാവ്" എന്ന് വിശേഷിപ്പിയ്ക്കുന്നത് കേള്‍ക്കുമ്പോള്‍ മനസ്സില്‍ ഒരു ചെറിയ സന്തോഷമൊക്കെ തോന്നുന്നുണ്ട്. ഇന്ദുലേഖയില്‍ നിന്നും എന്നെ പടിയടച്ചു പിണ്ഡം വെച്ച് എങ്കിലും ഞാന്‍ ഇടയ്ക്ക് കൊടുത്ത ചില നെല്ലിയ്ക്കകള്‍ ആദ്യം കയ്ച്ചു എങ്കിലും പിന്നീട് ചിലര്‍ക്കെങ്കിലും മധുരിയ്ക്കുന്നു എന്നറിയുമ്പോള്‍ ഒരു ചെറിയ സന്തോഷം.

      Delete
    8. മുകിലാ, മലയാള സിനിമയില്‍ മുപ്പത്തി അഞ്ചു കൊല്ലമായി നില്‍ക്കുന്ന ഒരു സംവിധായകനാണ് ശ്രീ. ജോഷി. പദ്മരാജനെക്കാലും മുന്‍പേ മലയാള സിനിമ സംവിധാനം ചെയ്തു തുടങ്ങിയ ആള്‍.നസീ റും, ജയനും മുതല്‍ ഇങ്ങു പി രാജ് വരെയുള്ള, ജോഷിയുടെ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന/ഇപ്പോഴും ജീവിച്ചിരിപ്പുള്ള എല്ലാ പ്രധാന താരങ്ങളെയും വച്ച് സത്യന്‍ (ഒഴിച്ച്) സിനിമ ഒരുക്കാന്‍ സാധിച്ച ഒരു പ്രഗല്ഭന്‍ ആണ് ശ്രീ.ജോഷി.ആ രീതിയില്‍ അദ്ദേഹം രാജാവാണ്.നിറക്കൂട്ട്‌,ജനുവരി ഒരോര്‍മ്മ, ന്യൂ ഡല്‍ഹി, no .20 മദ്രാസ്‌ മെയില്‍, നാടു വാഴികള്‍, ധ്രുവം, സൈന്യം, ലേലം, നരന്‍, ക്രിസ്ത്യന്‍ ബ്രതെര്സ്,20 -20 തുടങ്ങിയ സൂപ്പര്‍ ഡ്യൂപ്പര്‍ കൊമ്മേര്‍ഷ്യല്‍ ഹിറ്റുകള്‍ ഒരുക്കിയ ആള്‍ എന്ന രീതിയിലും രാജാവാണ്. അത് പോലെ തന്നെ അദ്ദേഹതോടോപ്പമോ അതിനു ശേഷമോ തുടങ്ങിയ ആള്‍ക്കാര്‍ നിലയില്ലാക്കയത്തില്‍ മുങ്ങി തപ്പുമ്പോള്‍ നല്ലയൊരു കഥ കിട്ടിയാല്‍ ഇപ്പോഴും കൊമ്മേര്‍ഷ്യല്‍ ഹിറ്റുകള്‍ ഒരുക്കാന്‍ തനിക്കു ബാല്യമുണ്ട് എന്ന് വീണ്ടും തെളിയിച്ച ജോഷി യെ രാജവെന്നോ ചക്രവര്ത്തിയെന്നോ ഒക്കെ വിളിക്കുന്നതില്‍ തെറ്റില്ല, എനിക്ക് മടിയുമില്ല. എന്നാല്‍ കൂതറ ഹിറ്റുകള്‍ ഒരുക്കുന്ന സജി സുരേന്ദ്രനോടോ, ജോണി ആണ്ട്ടനിയോടോ ശ്രീ.ജോഷി യെ കമ്പയര്‍ ചെയ്‌താല്‍ എങ്ങനെയിരിക്കും?? താങ്കള്‍ യോജിക്കുമോ മുകിലാ? അതുപോലെ തന്നെയാണ് ശ്രീ ജോഷി പദ്മരജനുമായി ഒരു കംപാരിസന്‍ അര്‍ഹിക്കുന്നില്ല.അത്രയേ ഞാന്‍ അന്നും പറഞ്ഞിട്ടുള്ളൂ. പദ്മരാജന്‍ കൊമ്മേര്‍ഷ്യല്‍ ഹിറ്റുകള്‍ ഒരുക്കുന്ന ഒരു സംവിധായകന്‍ ആയിരുന്നില്ല.മറിച്ച് കലാമൂല്യതോടൊപ്പം സാമ്പത്തിക വിജയം കൂടി ലക്‌ഷ്യം വച്ചാണ് അദ്ദേഹം പടം ചെയ്യാന്‍ ശ്രമിച്ചത്.അതില്‍ വിജയങ്ങളും പരാജയങ്ങളും ഉണ്ട്.അത് സ്വാഭാവികമാണ് ജോഷി എടുത്ത അറുപതോളം സിനിമകള്‍ നിലം തൊടാതെ പൊട്ടുകയോ സാമ്പത്തിക ലാഭം നേടാതെ പോവുകയോ ചെയ്തു എന്നതും മറന്നു പോകരുത്.സ്റ്റില്‍, ഈ കാലഘട്ടത്തിലും പുതുതലമുറയോടൊപ്പം നിന്ന് പൊരുതുന്ന ആ പോരാട്ട വീര്യതെയാണ്-ഞാന്‍ രാജാവ് എന്ന് വിളിച്ചത്.

      Delete
    9. ജോഷി കൂടി വന്നാല്‍ ഒരു നൂറു പടങ്ങളേ ഡയറക്റ്റ് ചെയ്തിട്ടുള്ളൂ എന്നാണു എന്റെ അറിവ്. അതില്‍ അറുപത (60 %) പരാജയം ആയിരുന്നോ? I don't think so . അത് കൃത്യമായിട്ട്‌ എനിയ്ക്ക് അറിയില്ല പക്ഷെ ഒന്നറിയാം ഇത്രയും റിസ്ക്‌ എടുക്കാന്‍ തന്റെടമുള്ള ഒരു സംവിധായകനും ഇല്ല മലയാളത്തില്‍ അന്നും ഇന്നും. ആ ഒരു കാര്യത്തില്‍ മലയാള സിനിമയില്‍ പദ്മരാജനെക്കാള്‍ എന്നല്ല ആരെക്കാളും ഒരു പടി അല്ല പത്തു പടി മുകളില്‍ തന്നെ ആണ് അദ്ദേഹം.

      പദ്മരാജന്റെ പേജുകളില്‍ എന്റെ കമന്റുകള്‍ മുക്കിയത് മുതല്‍ക്കാണ് മൂവീരാഗയും ആയിട്ടുള്ള ഉടക്കുകള്‍ തുടങ്ങുന്നത് തന്നെ. ഒരുപാട് bad impression ഉണ്ടാക്കിയിട്ടുണ്ട് എഡിറ്ററുടെ പല നടപടികളും. ചില പടമാരാജന്‍ സിനിമകളുടെ പേജുകളില്‍ I don t like this movie എന്ന് മാത്രമേ ഞാന്‍ പടഞ്ഞിട്ടുള്ളൂ. അത് പോലെ ചില പടങ്ങള്‍ കണ്ടപ്പോള്‍ (Example സീസണ്‍) അതില്‍ ഒരു മികച്ച സംവിധായകന്റെ പ്രേസേന്‍സ് അനുഭവപ്പെട്ടില്ല എന്നും. അതെ സമയം ഇന്നലെ, അപരന്‍ തുടങ്ങിയ പല പദങ്ങളെ കുറിച്ച് വളരെ നല്ല അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. അതില്‍ എന്തെങ്കിലും തെറ്റുണ്ട് എന്ന് എനിയ്ക്ക് തോന്നിയില്ല കാരണം അതെല്ലാം എന്റെ വ്യക്തിപരമായ ഇഷ്ടങ്ങള്‍ ആണ്. അതിനു ഞാന്‍ നേരിട്ട വിമര്‍ശനങ്ങള്‍ അല്ലെങ്കില്‍ മറുവാദങ്ങള്‍.

      1 ജോഷിയ്ക്കും മറ്റും വെറും ഉത്സവം നടത്തിപ്പേ അറിയൂ. ഉത്സവം നടത്തിപ്പ് ഇല്ലാതെ സിനിമ കാണിയ്ക്കാന്‍ ശ്രമിയ്ക്കുന്ന പദ്മരാജന്‍ ആണ് യഥാര്‍ത്ഥ സംവിധായകന്‍. OK ഇത് ഞാന്‍ ഒരു പരിധി വരെ സമ്മതിയ്ക്കാം കാരണം ഉത്സവം നടത്തിപ്പ് ഇഷ്ടപ്പെടാതവര്‍ക്ക് "അത് ഇല്ല" എന്നത് തന്നെ പദ്മരാജന്‍ ചെയ്ത ഒരു മഹത് പ്രവൃത്തി ആയി തോന്നാം, മറ്റൊന്നും അവര്‍ക്ക് വിഷയം അല്ലായിരിയ്ക്കാം. (വ്യക്തിപരമായ ഇഷ്ടാനിശ്തങ്ങള്‍ ആയിട്ട് ഇതിനെ കണക്കാക്കാം).

      2 ജോഷിയുടെയും മറ്റും (സത്യന്‍ അന്തിക്കാട്, പ്രിയന്‍, കമല്‍ etc also ) പടങ്ങള്‍ ഇഷ്ടപ്പെടുന്ന എന്റെ ആസ്വാദന നിലവാരം വളരെ താഴ്ന്നതാണ്.

      അതായത് അവരൊക്കെ വെറും പുഴുക്കള്‍ പദ്മരാജനുമായി തട്ടിച്ചു നോക്കുമ്പോള്‍ എന്നാണു ഉദ്ദേശിയ്ക്കുന്നത്. ഈ പറഞ്ഞ രണ്ടാമത്തെ ആരോപണം അത്ര Fair ആയിട്ട് എനിയ്ക്ക് തോന്നിയില്ല. കാരണം ഈ പറഞ്ഞ ഒരാളുടെയും ഞാന്‍ ഒരിയ്ക്കലും പുകഴ്ത്തി പദ്മരാജ്നെക്കാള്‍ മേലെ എന്ന് സ്ഥാപിയ്ക്കാന ശ്രമിച്ചിട്ടില്ല. അപ്പൊ പിന്നെ അങ്ങനെ ഒരു ആരോപണം കേട്ടിട്ട് ചുമ്മാ വായും പൊതി ഇരിയ്ക്കാന്‍ കഴിയുമോ? അതാണ്‌ compare ചെയ്യാന്‍ ധൈര്യമുണ്ടോ എന്ന് അവിടെ ചോദിയ്ക്കാന്‍ തന്നെ കാരണം.ഇത്തരം ആരോപണങ്ങള്‍ക്ക് ഞാന്‍ മറുപടി പറയുമ്പോള്‍ എന്റെ കമന്റുകളിലെ വാക്കുകളും വാചകങ്ങളും ഒക്കെ വെട്ടി ചുരുക്കുക എന്ന് പറയുന്നത് എങ്ങനെ സ്വീകാര്യമാവും. എഡിട്ടരോട് ചോദ്യങ്ങള്‍ വരാനുള്ള കാരണവും അത് തന്നെയാണ്.

      //അതുപോലെ തന്നെയാണ് ശ്രീ ജോഷി പദ്മരജനുമായി ഒരു കംപാരിസന്‍ അര്‍ഹിക്കുന്നില്ല.അത്രയേ ഞാന്‍ അന്നും പറഞ്ഞിട്ടുള്ളൂ.//

      Yes താങ്കള്‍ ഈ പറഞ്ഞത് ശരിയാണ്. അത് പോലെ തന്നെ തിരിച്ചും "ശ്രീ പദ്മരാജന്‍ ജോഷിയുമായി ഒരു കമ്പാരിസണ്‍ അര്‍ഹിയ്ക്കുന്നില്ല" എന്ന് പറഞ്ഞാല്‍ അന്ഗീകരിച്ചേ മതിയാവൂ. രണ്ടു പേരെയും compare ചെയ്യുന്നതില്‍ അര്‍ത്ഥമില്ല എന്നത് തന്നെ കാര്യം. പക്ഷെ കമ്പാരിസണ്‍ തുടങ്ങി വെച്ചത് ഞാന്‍ അല്ല. അത്തരത്തില്‍ compare ചെയ്യാന്‍ ശ്രമിച്ച ചിലര്‍ക്ക് ഞാന്‍ മറുപടി കൊടുത്തപ്പോള്‍ അതിന്മേല്‍ ഒരുപാട് പേര്‍ ഇടപെട്ടു ഭൂരിപക്ഷത്തിന്റെ കൂടെയെങ്ങു കൂടി. താങ്കള്‍ ഉള്‍പ്പെടെ എല്ലാവരും ഒഴുക്കിന് അനുസരിച്ച് നീന്താന്‍ തുടങ്ങി. ഇത് തുടങ്ങി വെച്ച മഹാന്‍ സുഖ സുന്ദരമായി സൈഡ് ബെഞ്ചിലേയ്ക്ക് വലിയുകയും ചെയ്തു. അങ്ങനെയുള്ള ഒരു മഹാന്റെ ഏതു വൃത്തി കേട്ട കമന്റുകളും approve ചെയ്യുന്ന എഡിറ്റര്‍ എന്റെ കമന്റിലെ ഓരോ വാചകത്തിന്റെ ഇടയിലും കയറി ഓരോ ചെറിയ വാക്കുകള്‍ പോലും വെട്ടി കളയുന്നത് കാണുമ്പോള്‍ I don't think it is fair enough to do that . Jay എന്നാ സുഹൃത്തും ഇതെല്ലാം വായിയ്ക്കുന്നുണ്ടാവും എന്ന് കരുതുന്നു.

      Delete
    10. @Jay

      നിങ്ങളോട് ഒരു കാര്യം കൂടി പറയണം എന്ന് ഞാന്‍ ഉദ്ദേശിച്ചിരുന്നു. അവിടെയും എഡിറ്റര്‍ അന്യായമായി കത്തി വെച്ചത് കൊണ്ട് കഴിഞ്ഞില്ല. കമലദളം എന്നാ സിനിമയുടെ ക്ലൈമാക്സിനെ കുറിച്ച് നിങ്ങള്‍ ഒരിയ്ക്കല്‍ എന്തോ എഴുതിയിരുന്നു. അതിനു എനിയ്ക്ക് മറുപടി തരാന്‍ കഴിയാത്ത വിധം എഡിറ്റര്‍ കത്രിക പൂട്ടിട്ടു കളഞ്ഞു. അതില്‍ വിനീത് വിഷം കലക്കുന്നത് കാണിയ്ക്കുന്നുണ്ട്. പക്ഷെ അത് അയാളുടെ കയ്യില്‍ നിന്നും പോവുന്നുമുണ്ട്. പിന്നെ കുറച്ച നേരത്തേയ്ക്ക് അത് ആരുടെ കയ്യില്‍ പെട്ട് പോയി എന്ന് ആര്‍ക്കും പറയാനാവാത്ത അവസ്ഥയില്‍ ആണ് പോക്ക്. പക്ഷെ അന്ന് വന്ന കൊഴികൊടന്റെ review നെ വിമര്‍ശിച്ചു കൊണ്ട് ഒരുത്തന്‍ എഴുതിയിരുന്നു. അതായത് ആ വിഷം കലക്കിയ കുപ്പി ആരും എടുക്കാതെ സ്റെജിന്റെ ഒരു മൂലയില്‍ ഇരിയ്ക്കുന്നതായി കാണിയ്ക്കുന്നുണ്ട് എന്ന്. പിന്നീട് ഒന്ന് കൂടി കണ്ടപ്പോള്‍ അത് ശരിയാണെന്ന് തോന്നി. അത് വ്യക്തമായി കാണിയ്ക്കുന്നുണ്ട് ആ സിനിമയില്‍. മുഴുക്കുടിയനായ നായകന് കരള്‍ സംബന്ധമായ എന്തോ രോഗം ഉണ്ടെന്നു അതില്‍ പറയുന്നുണ്ട്. ഒരു സ്വാഭാവിക മരണത്തിനു അതൊക്കെ മതിയല്ലോ ധാരാളം. അത് പോലെ തന്നെ സല്ലാപം എന്നാ സിനിമയില്‍ മഞ്ഞു വാര്യരുടെ അഭിനയത്തെ കുറിച്ച് കോഴിക്കോടന്‍ വളരെ മോശമായാണ് എഴുതിയിരുന്നത്. അത് പോലെ സന്ദേശത്തിന്റെ റിവ്യൂ നെഗറ്റീവ് ആയിരുന്നു. ശ്രീനിവാസന്റെ ഒരു വിധപ്പെട്ട പടങ്ങല്‍ക്കൊക്കെ കോഴിക്കോടന്‍ നെഗറ്റീവ് റിവ്യൂ ആണ് ഇട്ടിട്ടുള്ളത്. ഇതിന്റ പേരില്‍ ശ്രീനിവാസന്‍ ഓപ്പണ്‍ ആയി അദ്ദേഹത്തിന് എതിരെ തുറന്നടിചിട്ടുമുണ്ട്.

      Delete
    11. ബാച്ചിലര്‍ പാര്‍ട്ടി എന്നാ ഒരൊറ്റ തുരുപ്പു ചീട്ടു ഉപയോഗിച്ച് നിങ്ങള്‍ എല്ലാം കൂടി ആ ഗിരീഷ്‌ എന്നാ ചീള് പയ്യനെ ഒന്നാം തരമായി ഒതുക്കി മൂലയ്ക്കിരുത്തി. Well Done പക്ഷെ നിങ്ങള്‍ ഒന്നോര്‍ക്കണം, ഇവിടെ എഡിറ്ററുടെ പൂര്‍ണ്ണ സപ്പോര്‍ട്ട് നിങ്ങള്ക്ക് ഉണ്ടായിരുന്നത് കൊണ്ടാണ് എല്ലാ പേജിലും ഇതേ സംഭവം എടുത്തിട്ട് താങ്കള്‍ക്കും drdeeps നും ഒക്കെ അവനെ വീഴ്ത്താന്‍ കഴിയുന്നത്‌. ഇതേ ആയുധം നിങ്ങള്‍ ബാബു അലക്സിനു എതിരെ ഉപയോഗിയ്ക്കാന്‍ ശ്രമിച്ചാല്‍ അപ്പോള്‍ മനസ്സിലാവും എഡിറ്ററുടെ കള്ളക്കളികള്‍. ഗിരീഷിനു സംഭവിച്ച പോലെ ഒരുപാട് അബദ്ധങ്ങള്‍ ബാബുവിനും സംഭവിച്ചിട്ടുണ്ട് എന്നറിയാന്‍ അവന്റെ പഴയ കമന്റുകള്‍ എടുത്തു വായിച്ചു നോക്കിയാല്‍ മതി. ഗിരീഷിനെക്കാള്‍ ഒക്കെ എത്രയോ മടങ്ങ്‌ അബദ്ധങ്ങള്‍ അയാള്‍ എഴുന്നള്ളിച്ചിട്ടുണ്ട്? ഗിരീഷിനു ഒരു പ്രത്യേക പട്ടം തലയില്‍ ചാര്‍ത്തി കൊടുതിട്ടാണല്ലോ നിങ്ങള്‍ അടിച്ചു വീഴ്ത്തുന്നത്. പക്ഷെ ഇങ്ങനെ നാഴികയ്ക്ക് നാല്പതു വട്ടം അബദ്ധങ്ങള്‍ എഴുന്നള്ളിയ്ക്കുന്ന ബാബുവിനെ നിങ്ങള്‍ ഒരുപാട് പേര്‍ (ഞാന്‍ ഉള്‍പ്പെടെ) നോക്കിയിട്ടും ഒതുക്കാന്‍ കഴിഞ്ഞില്ല എങ്കില്‍ It is sure that he is under the protection of Editor അതായത് എഡിറ്റര്‍ തീര്‍ത്ത സംരക്ഷണ വലയത്തിനുള്ളില്‍ തന്നെയാണ് അവന്‍.

      Delete
    12. This comment has been removed by a blog administrator.

      Delete
    13. ഒരു രണ്ടു examples കൂടി ഞാന്‍ പറയാം. ചിത്രവിശേഷം എന്നാ സൈറ്റില്‍ സിംഹാസനത്തിന്റെ പേജില്‍ താങ്കള്‍ കണ്ടതാണല്ലോ അവന്‍ സ്ഥിരം ശൈലിയില്‍ കടിപിടി കൂടിയത്. കമന്റുകള്‍ വെട്ടി ചുരുക്കാന്‍ ഒരു editor ഇല്ലാത്തതിന്റെ സ്വാതന്ത്ര്യം മുഴുവനായി എടുത്തു ഞാന്‍ തിരിച്ചടിച്ചതും കണ്ടിരിയ്ക്കുമല്ലോ. ഇപ്പൊ ദിവസങ്ങള്‍ക്കു ശേഷം അവിടെ റണ്‍ ബേബി റണ്ണിന്റെ റിവ്യൂ വന്നു. അവന്റെ പോടീ പോലും ഇല്ലല്ലോ അവിടെ?
      ഇനി മറ്റൊരു കാര്യം കൂടി. എപ്പോഴൊക്കെ ബാബു അലക്സ്‌ മൂര്‍ത്തിയുടെ റിവ്യൂവിനു അനുകൂലം ആയിരുന്നോ അപ്പോഴെല്ലാം റിവ്യൂവിനെ എതിര്‍ത്ത് എഴുതിയവര്‍ക്ക് എതിരെ മൂര്‍ത്തി ആഞ്ഞടിച്ചിട്ടുണ്ട്. എന്നാല്‍ ബാബു അലക്സ്‌ എപ്പോഴെല്ലാം മൂര്തിയ്ക്ക് എതിരായിരുന്നോ അപ്പോഴൊന്നും മൂര്‍ത്തി പ്രതികരിചിട്ടേ ഇല്ല. അതായത് വ്യക്തമായ ഒരു നിലപാടും ഇല്ലാത്ത വ്യക്തിയാണ് മൂര്‍ത്തി.
      താങ്കള്‍ ശ്രദ്ധിച്ചിട്ടുണ്ടോ മൂര്തിയ്ക്ക് കിട്ടുന്ന തെറി വെച്ച് നോക്കുമ്പോള്‍ ചിത്രവിശേഷത്തില്‍ ഹരിയ്ക്കു കിട്ടുന്നത് പതിന്‍ മടങ്ങ്‌ തെറിയാണ്. സ്പിരിറ്റിന്റെ റിവ്യൂ നെഗറ്റീവ് ആയി എഴുതിയതിനു അത് കഴിഞ്ഞു വന്ന എല്ലാ പേജിലും ഹരി വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുണ്ട്. പക്ഷെ എല്ലാ പേജിലും ഒരു ഒന്നോ രണ്ടോ പാരഗ്രാഫില്‍ വളരെ simple ആയി ഒട്ടും ആത്മസംയമനം വിടാതെ എല്ലാ ആരോപണങ്ങള്‍ക്കും സുഖ സുന്ദരമായി അയാള്‍ മറുപടി പറഞ്ഞിട്ടുണ്ട്. ഹരിയുടെ ആ ഒരു attitude ആണ് എന്നെ ആകര്‍ഷിച്ചത്. ഒരു മോഹന്‍ലാല്‍ supporter ആയിട്ടാണ് ഞാന്‍ അവിടെ പ്രത്യക്ഷേപ്പെട്ടത്‌ എങ്കിലും സ്പിരിറ്റിന്റെ റിവ്യൂ വില്‍ എനിയ്ക്ക് അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നിട്ടും ഹരിയുടെ നിക്ഷ്പക്ഷതയില്‍ ഒരു തരിമ്പു സംശയം എനിയ്ക്ക് ഉണ്ടായില്ല, അത് ഉണ്ടാക്കിയില്ല അയാള്‍ എന്ന് പറയുന്നതാവും ശരി.

      Delete
    14. എന്‍റെ മുകിലാ, താങ്കള്‍ പറയുന്ന രീതിയില്‍ ഉള്ള കാര്യങ്ങലോക്കെയാണ്‌ അവിടെ നടക്കുന്നത് എന്നൊന്നും എനിക്കഭിപ്രായം ഇല്ല.ഞാനും അവിടെ എഴുതുന്ന ആളാണ്‌.ബാബു അലക്സിനെയോ ഗിരീഷിനെയോ ഒതുക്കുക എന്ന ഉദ്ദേശത്തോടെയല്ല ഞാന്‍ ഏതായാലും അവിടെ അഭിപ്രായം പറയാന്‍ പോകുന്നത്.ബാബു അലക്സിനെ ഒക്കെ കളിയാക്കി കൊണ്ട് ഞാന്‍ ഉള്‍പ്പെടെ ഒരുപാടു പേര്‍ അവിടെ പ്രതികരിച്ചിട്ടുണ്ട്, ആവശ്യമുള്ള ഘട്ടത്തില്‍. അതൊക്കെ അവര്‍ പ്രസിദ്ദീകരിച്ചിട്ടും ഉണ്ട്.താങ്കള്‍ ഈ പറയുന്നത് എല്ലാം മുഖ വിലയ്ക്കെടുക്കാന്‍ ബുദ്ധിമുട്ടുണ്ട്.താങ്കള്‍ ഒരു കാര്യം മനസിലാക്കണം. ആരെയും കേറി എടാ പോടാ എന്ന് പോലും വിളിച്ചു കളിയാക്കാനോ ചെറുതാക്കാനോ ഉള്ള സാഹചര്യം അവിടെ എഡിറ്റര്‍ കൊടുക്കുന്നില്ല.എന്നാല്‍ പറയേണ്ട കാര്യം അല്പം ഹാര്‍ഷ് ആയാലും, മാന്യമായ ഭാഷ ഉപയോഗിച്ച് പറഞ്ഞാല്‍ അവര് എതിര് നില്‍ക്കില്ല.അവിടെ വരുന്ന കംമെന്റ്സ് സ്ഥിരമായി വായിക്കുന്ന ആളെന്ന നിലയിലും,അവിടെ കമ്മന്റ് ചെയ്യുന്ന ആളെന്ന നിലയിലും എനിക്ക് താങ്കളോട് പറയാനുള്ളത് ഭാഷ മെച്ചപ്പെടുത്തിയാല്‍ താങ്കളും അവരുമായുള്ള പ്രശ്നം അവസാനിക്കും എന്നാണ്.

      Delete
  6. മുകില്‍വര്‍ണ്ണന്‍ എന്നാ പേരില്‍ മാന്യമല്ലാത്ത ഭാഷയില്‍ എഴുതിയ ഒരു കമന്റും കണ്ടു പിടിയ്ക്കാന്‍ താങ്കള്‍ കഷ്ടപ്പെടും. എന്നിട്ടും ഭാഷ മെച്ചപ്പെടുത്തുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു ആവശ്യമായി വന്നിരിയ്ക്കുന്നു. ഞാന്‍ ചില പ്രത്യക കമന്റുകള്‍ പെറുക്കി എടുത്തു, സൃഷ്ടി കര്‍ത്താവിന്റെ പേരും date & time സഹിതം കാണിച്ചു തരാം. ഇപ്പോള്‍ കുറച്ചു തിരക്കില്‍ ആണ്. വൈകുന്നേരം ആവാം. നമ്മുടെ മഹതിയായ എഡിറ്റര്‍ അപ്പ്രോവേ ചെയ്ത കമന്റുകള്‍ ആണ്. ഭാഷയുടെ നിലവാരം എങ്ങനെ ഉണ്ടെന്നു താങ്കള്‍ക്കു തന്നെ പരിശോധിച്ച് പറയാം. എന്തായാലും ആ നിലവാരത്തില്‍ ഭാഷ ഉപയോഗിയ്ക്കാനോന്നും ഞാന്‍ ശ്രമിച്ചിട്ടില്ല. അത് കൊണ്ടായിരിയ്ക്കും ഒരു പക്ഷെ എന്റെ കമന്റുകള്‍ മുക്കിയത് എന്ന് കരുതുന്നു.

    ReplyDelete