....,സ്നേഹപൂര്‍വ്വം കിളി തോമാച്ചായന്‍( മറുപടി കത്ത് )

In reply to the earlier post :-

ഒത്തിരി സ്നേഹത്തോടെ.,ഭാര്യ എല്‍സി തോമസ്‌ (ഓണം സ്പെഷ്യല്‍) 

പ്രിയപ്പെട്ട എല്‍സിക്ക്,

അയച്ച കത്ത് കിട്ടി. അവിടുത്തെ വിശേഷങ്ങള്‍ ഒക്കെ അറിയാന്‍ ഇടയായത്തില്‍ വളരെ സന്തോഷം.നിനക്കും മക്കള്‍ക്കും സുഖമാണ് എന്ന് കരുതട്ടെ. ജിജോയോട് ചുമ്മാ കണ്ണിക്കണ്ട  പിള്ളേരുമായി കളിച്ചു നടക്കാതെ, നന്നായി പഠിക്കാന്‍ പറയണം.  എന്‍റെ ഗതി അവന് വരരുത്. അവന്‍ ഒന്‍പതാം  ക്ലാസ്സില്‍ പാസ്സായാല്‍ മൊബൈല്‍ വാങ്ങിക്കൊടുക്കന്നതിനെ പറ്റിയൊക്കെ, അന്നേരം ആലോചിക്കാം എന്ന് പറഞ്ഞു നോക്ക്. അജിക്കുട്ടന്‍ എന്ത് പറയുന്നു? അവന്‍ കൊറേ വലുതായോ? ഞാന്‍ പോന്നപ്പോള്‍, ദേ അവന്‍ ഇത്തരെ ഉണ്ടായിരിന്നുള്ളൂ. അവന്‍ പിന്നെ., നിന്‍റെ ഒരിനമാ.എന്നാലും വളരുമ്പോള്‍ മാറ്റം വന്നേയ്ക്കാം. അവന് ഓണത്തിന് പുതിയ പാന്‍സും ഷര്‍ട്ടും ചോക്ലേറ്റും പന്തുമെല്ലാം വാങ്ങി കൊടുക്കണം. നീ അവനെ ആവശ്യമില്ലാതെ വെറുതെ അടിക്കുകയോന്നും ചെയ്യരുത്.
ഞങ്ങടെ അപ്പന് ഇപ്പോള്‍ എങ്ങനെയുണ്ട്?  ആസ്മയുടെ മരുന്നൊക്കെ കഴിക്കാറുണ്ടോ? അമ്മച്ചി അങ്ങ് പോയേപ്പിന്നെ, അപ്പന് മൌനമാ.നിന്നോട് പ്രത്യേകം പറയേണ്ട കാര്യമില്ല, എന്നാലും പറയുവാ..  അപ്പന്‍റെ കാര്യത്തില്‍ നിനക്കൊരു ശ്രദ്ധ വേണം.

ഓണത്തിന് ഗള്‍ഫില്‍ ഇപ്പ്രാവശ്യവും അവധി ഒന്നുമില്ലെടീ. ഉറിയടി നടത്താന്‍ ഓണം വരെ കാത്തിരിക്കണോ?അതിനേക്കാള്‍ വലിയ ഇനങ്ങളാണ്, വലിയ കെട്ടിടങ്ങളുടെ ഒക്കെ മുകളില്‍ പൊരിവെയിലത്ത് തൂങ്ങിക്കിടന്ന് ഓരോ ദിവസവും ഞാന്‍ ചെയ്തോണ്ടിരിക്കുന്നത്. അവിടെ ഓണത്തിന്, നീ വേണമെങ്കില്‍ സാരി ഒന്നോ രണ്ടോ ഒക്കെയെടുത്തോ. ഇനി അതില്ലാത്തത് കൊണ്ട് നിന്‍റെ കസേര കളി ഏതായാലും മുടങ്ങണ്ട. എന്നാലും അറിയാന്‍ മേലാത്ത കൊണ്ട് ചോദിക്കുവാ, കഴിഞ്ഞേന്‍റെ  അങ്ങേ മാസം നീ എടുത്ത രണ്ടു സാരികളും എലി വല്ലോം കരണ്ടോ?

നമ്മടെ ഡെയിസിയുടെ കല്യാണ കാര്യത്തില്‍ എന്തെങ്കിലും പുരോഗതിയുണ്ടോ?  തിരുവാ തുറന്ന് അഭിമാന കഥകള്‍ പെണ്ണ് കാണാന്‍ വരുന്നവരുടെ മുന്‍പില്‍ എഴുന്നെള്ളിക്കരുതെന്ന്   നിന്‍റെയപ്പനോട് പ്രത്യേകം  പറയണം. നടക്കുന്നെങ്കില്‍ അതെങ്കിലുമങ്ങ്    നടന്ന് പോട്ടെന്നെ. അവള്‍ക്കിപ്പോള്‍ വയസ്സെത്രയായെന്നാ നിന്‍റെ വിചാരം? വരുന്ന ചിങ്ങത്തിനു   31 ആവും.നിന്‍റെയപ്പന്‍റെ ഈ കൊണഞ്ഞ സൊഭാവം കൊണ്ടല്ലിയോ, കാണാന്‍ കൊള്ളാവുന്ന ഒരുത്തനെ കണ്ടപ്പോള്‍ നീയെറങ്ങി പോന്നത്? അവിടെ നിന്നാല്‍ അങ്ങനെയങ്ങ് നിന്ന് പോവത്തെയുള്ളൂ. നിനക്ക് ബുദ്ധിയുണ്ട്. അത് കൊണ്ടെന്താ, നീയും മക്കളും ഇന്ന് മാന്യമായി കഞ്ഞി  കുടിച്ചു ജീവിക്കുന്നു.എന്നിട്ടിപ്പം അങ്ങേര്‍ക്കു ഗള്‍ഫുകാരെ കണ്ടൂടാ. ഒളിച്ചോടി എന്നത് നേര്. ഇപ്പം കൊല്ലം പതിനാറായി.ഒരു തരി പോന്നോ പത്തു നയാ പൈസയോ ഞാന്‍ അവിടുന്ന് ഇതുവരെ വാങ്ങിയോ? എന്നെക്കൊണ്ട് കൂടുതല്‍ പഴങ്കഥ പറയിപ്പിക്കാതിരുന്നാല്‍ നിനക്ക് കൊള്ളാം, നിന്‍റെയപ്പനും കൊള്ളാം.  ഇനിയിപ്പോള്‍ ആര്‍ക്കു കൊറച്ചിലായാലും  ഇല്ലേലും,  ഡെയിസിക്ക് അങ്ങനെ ഒരു യോഗമുണ്ടേല്‍  ഒട്ടും കുറയാതെ രണ്ടു പവന്‍ തികച്ചങ്ങു കൊടുക്കും.തല്ക്കാലം അത്രയേ ഒള്ളൂ. എനിക്കതില്‍ കൊറഞ്ഞുള്ള  അഭിമാനം മതി. മാത്രവുമല്ല , അഭിമാന കാര്യത്തില്‍ ഞാനെനെങ്ങനും കേറി തോല്പ്പിച്ചുവെന്നു തോന്നിയാല്‍ നിന്‍റെയപ്പന് അത് വല്ലാത്ത വിഷമമാകും. അത് നീ മനസ്സിലാക്കണം.

സാബു മെമ്പര്‍ ഒള്ളത് കൊണ്ട് അവിടുത്തെ എല്ലാക്കാര്യങ്ങളും  മുറയ്ക്ക് നടക്കുന്നുണ്ട് എന്നറിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്.ഏഴാം ക്ലാസ്സില്‍ പണ്ട് ഞങ്ങള്‍ ഒരുമിച്ച് പഠിച്ചതാ.അപ്പന് സുഖമില്ലാത്തത്‌ കൊണ്ട് ഞാന്‍ പഠനം നിര്‍ത്തി.എട്ടാം ക്ലാസ്സില്‍ തോറ്റപ്പോള്‍ അവനും പഠിപ്പ്‌ നിര്‍ത്തി  കെ എസ് യൂന്‍റെ തോരണവും ബാന്നെറും   കെട്ടുന്ന ജോലിക്ക് ചേര്‍ന്നു...,ഇപ്പോള്‍ മെമ്പറുമായി...അവന്‍ പണ്ടേ വലിയ തമാശക്കാരനാ, എനിക്കറിയാം. അവന്‍റെ ഫലിതങ്ങള്‍ കേട്ട് പണ്ട് ഞാനും പല തവണ ചിരിച്ചിട്ടുണ്ട്. നീയേതായാലും അവന്‍റെ മൊബൈല്‍ നമ്പര്‍ ഒന്ന് അയച്ചു താ.ഇടയ്ക്കിടയ്ക്ക് ഗള്‍ഫിലെ ചില ഫലിതങ്ങള്‍ കൂടി എനിക്കും അവനോടു പങ്കു വയ്ക്കാമല്ലോ.അവനും തമാശകള്‍ കേള്‍ക്കുന്നത് സ്കൂളില്‍ പഠിക്കുമ്പോഴേ വലിയ കാര്യമാ.

പിന്നെ, ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം.,അക്കൌണ്ടിലേക്ക് ഇന്നലെ അല്പം കാഷ് അയച്ചിട്ടുണ്ട് (Rs .18,225.00).നിനക്ക് വേണ്ട സാരിയും പിള്ളേരുടെ മറ്റാവശ്യങ്ങളും കഴിഞ്ഞാല്‍ മിച്ചമുണ്ടെങ്കില്‍ കരണ്ട് ബില്ലും ടെലിഫോണ്‍ ബില്ലും മറ്റും അടയ്ക്കണം. പോരാത്തത് എന്തേലും ഉണ്ടെങ്കില്‍ ലിസ്റ്റ് തയാറാക്കി വച്ച് ഒരു കത്ത് വിടുക. അടുത്ത മാസം ശമ്പളം കിട്ടുമ്പോള്‍ പറ്റുന്ന പോലെ അയയ്ക്കാം.
ഞാന്‍ നിന്‍റെയപ്പനെ കുറിച്ച് പറഞ്ഞതൊന്നും നീ മനസ്സില്‍ വയ്ക്കരുത്..ദേഷ്യം വരുമ്പോള്‍ എന്തെങ്കിലും തമാശകള്‍ പറയുന്നത് എന്‍റെ പണ്ടേയുള്ള  സ്വഭാവമാണെന്ന് നിനക്കറിയാമല്ലോ.അങ്ങനെ കൂട്ടിയാല്‍ മതി.ആ മനുഷ്യന്‍ ഒരു ശുദ്ധനാ, പരമ സാധു, ആ സ്വഭാവമാ നിനക്കും കിട്ടിയിരിക്കുന്നത്. എല്ലാം എന്‍റെ ഭാഗ്യം.

പണിക്കു പോവാന്‍ നേരമായി..,നിര്‍ത്തട്ടെ,, എന്ന് സ്നേഹത്തോടെ,

പണ്ട് ബസില്‍ ഡബിള്‍ ബെല്ല് കൊടുക്കുമ്പോള്‍ ഒളികണ്ണിട്ടു എന്നെ നോക്കുമായിരുന്ന....,
ഡബിള്‍ ഇപ്പൊ അടിക്കും ഇപ്പൊ അടിക്കും എന്ന് വിചാരിച്ചു ഇടയ്ക്കിടയ്ക്ക് തിരിഞ്ഞു നോക്കിയിരുന്ന..., - എന്‍റെ എല്‍സമ്മയുടെ
ഒരു നോട്ടതിനായി ചുമ്മാ മനപ്പൂര്‍വം ഡബിള്‍ അടിക്കാതിരുന്ന...,
അതിന്‍റെ പേരില്‍ ഡ്രൈവര്‍ ശശിയണ്ണന്‍റെ തെറി വിളികള്‍ നിരന്തരം ഏറ്റു വാങ്ങിയ..,
അന്നത്തെ ഗംഗ ട്രാവല്‍സിലെ  പൊടി മീശക്കാരന്‍ കിളി -തോമാച്ചയാന്‍

(മെമ്പര്‍ സാബുവിന്‍റെ മൊബൈല്‍ നമ്പര്‍ sms  ചെയ്യാന്‍ മറക്കെല്ലേ എല്‍സമ്മേ )

Continue :-

പരിഭവത്തോടെ.,മെമ്പര്‍ സാബു 

No comments

Post a Comment