പൊന്നു റെജിക്കുട്ടാ മടങ്ങി വരൂ..


എത്രയും പ്രിയമുള്ള റെജിമോന്‍ അറിയുന്നതിന്,
ഈ കത്ത് ഏതെങ്കിലും പത്രത്തിലൂടെ നീ വായിക്കും എന്ന് വിശ്വസിക്കുന്നു. കഴിഞ്ഞ മൂന്നാഴ്ചയായി നീ ഞങ്ങളെ തീ തീറ്റിക്കുകയാണ്, അറിയാമോ..? പണ്ടും നീ കുഞ്ഞായിരിക്കുമ്പോള്‍ ഒന്നും രണ്ടും പറഞ്ഞ് ഇതുപോലെ പിണങ്ങി, തെങ്ങിന്‍ തോപ്പിലും മറ്റും പോയി എന്നെക്കാണാതെ ഒളിച്ച്   നില്‍ക്കുമായിരുന്നു. എങ്കില്‍ പോലും "റെജിക്കുട്ടാ.." എന്ന് നീട്ടി വിളിക്കുമ്പോള്‍ ഒരു കള്ളച്ചിരിയോടെ, നീ ഈ അമ്മയുടെ അടുത്തേയ്ക്ക് ചക്കര തിന്നാന്‍ ഓടി വരുമായിരുന്നു. നീ ഇപ്പോള്‍ അത്രയ്ക്കും വലിയ ആളായിപ്പോയോടാ ..? നീ എവിടെയാണ് മോനേ ...? നിനക്കെന്തു പറ്റി എന്‍റെ പൊന്നു മോനേ?

റജിക്കുട്ടാ , നീ പോയതില്‍ പിന്നെ നിന്‍റെ പപ്പയ്ക്ക് ബി പി ഒരുപാട് കൂടി.. ഓണത്തിന് നീയില്ലാത്തത് കൊണ്ട് അങ്ങേര്‍ ഭക്ഷണം കഴിക്കാന്‍ പോലും വീട്ടില്‍ വന്നില്ല. ഫുള്‍ ഫുള്‍ ടൈം കള്ള് കുടിയും ചീട്ടു കളിയുമാണ്.ഒന്നാമതേ പപ്പയ്ക്ക് ഷുഗര്‍ ഉള്ളതാണെന്ന് മോനറിയാമല്ലോ.പപ്പയെ ഇങ്ങനെ മനസ്സ് വിഷമിപ്പിക്കരുത്. വെറുതെ ദൈവദോഷം വരുത്തി വയ്ക്കരുത്, പറഞ്ഞേക്കാം.

നിന്നെ ലിഫ്റ്റ്‌ ടെക്നോളജിക്ക് ചേര്‍ത്തപ്പൊഴെ ഞാന്‍ അങ്ങേരോട് പറഞ്ഞതാ ഇമ്മാതിരി വലിയ പഠിത്തങ്ങള്‍ക്കൊന്നും അയയ്ക്കണ്ടാ അയയ്ക്കണ്ടായെന്ന്. ആര് കേള്‍ക്കാന്‍..? അല്ലേലും ഞാന്‍ പറയുന്നതിന് പണ്ടേ ഇവിടെ ആര്‍ക്കും ഒരു വിലയും ഇല്ലല്ലോ. അവിടെ പോയി ചീത്ത കൂട്ടുകെട്ടില്‍ ചേര്‍ന്നത്‌ കൊണ്ടല്ലേ നീ ആവശ്യമില്ലാത്ത ഓരോ പരിപാടികള്‍ക്ക് നിന്ന് കൊടുത്തത്? എടാ മണ്ടാ, നീയല്ലാതെ വേറെ ആരെങ്കിലും ആ പരട്ട നേര്‍സ് പെണ്ണിന്‍റെ പുറകില്‍ പോകുമോ? ഏറി വന്നാല്‍ വെറും മൂവായിരത്തിയഞ്ഞൂറു ഉലുവ ശമ്പളം കിട്ടാന്‍ പോകുന്ന ഒരു പീറപ്പെണ്ണിന്‍റെ പിറകെ നടക്കാന്‍ നിനക്ക് നാണമുണ്ടോടാ?  ഈ നാട്ടില്‍ നിന്‍റെ  പപ്പയുടെ വിലയെന്താണെന്ന് നീ ആലോചിക്കണം.ഒന്നുമില്ലെങ്കിലും നീ പഠിക്കുന്ന കോര്‍സിന്‍റെ വില നീ ചിന്തിച്ചിട്ടുണ്ടോ? പഠിച്ചിറങ്ങുന്നതിന്‍റെ പിറ്റേന്ന് ജോലിയാ, അറിയാമോ? നിന്‍റെ ചേട്ടന്‍ അങ്ങനെയല്ലേ ഗള്‍ഫില്‍ പോയത്? അവന്‍ ജോലിക്ക് കേറി ആറ് മാസം കഴിഞ്ഞപ്പോള്‍ സര്‍ട്ടിഫിക്കറ്റ് എല്ലാം അറ്റെസ്റ്റ് ചെയ്ത് അവര് നേരിട്ട് കമ്പനിയ്ക്ക് അയച്ചു കൊടുത്തത് എല്ലാം നീ മറന്നു പോയോ? അവളെ കെട്ടിയില്ലെങ്കില്‍ കേറി ചത്ത്‌ കളയും പോലും!!ഇങ്ങനെ ഒരു തിരുമണ്ടന്‍ ആയിപ്പോയല്ലോടാ നീ..? ഞാന്‍ കരുതി  നിനക്കെന്‍റെ ബുദ്ധിയാ കിട്ടിയിരിക്കുന്നതെന്ന്.അയ്യയ്യേ.., ആള്‍ക്കാര് ഷെയിം വയ്ക്കുമല്ലോടെ ഇതറിഞ്ഞാല്‍...

പിന്നെ, ആ മെമ്പര്‍ ഇടയ്ക്കിടെ വന്നു നിന്‍റെ കാര്യം തിരക്കും.നിന്‍റെ ചേട്ടനെ പോലെ മെമ്പറെ അറിയിക്കാതെ പഠിച്ചിറങ്ങുന്നതിന്‍റെ  പിറ്റേന്ന് തന്നെ ദുബായിലെയ്ക്കോ മറ്റോ പറന്നു കളയുമോയെന്ന് മെമ്പര്‍ക്ക്‌ നല്ല പേടിയുണ്ട്. ആ പീറ പെണ്ണിന്‍റെ പേരും പറഞ്ഞ് നീ പിണങ്ങി ഒളിച്ചോടിപ്പോയെന്ന്  ഞങ്ങള്‍ക്ക് പറയാന്‍ പറ്റുമോ? ഞങ്ങളുടെ കാര്യം വിട്,മിനിറ്റിനു പത്തു വട്ടം നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട്..പുരോഗമിക്കുന്നുണ്ട്.. എന്ന് പറഞ്ഞോണ്ട് നടക്കുന്ന മെമ്പര്‍ക്ക്‌ നീയായി ഒരു പേര് ദോഷം ഉണ്ടാക്കരുത്.അത് കൊണ്ട് നീ ഇപ്പോള്‍ എവിടെയായാലും എത്രയും വേഗം പിണക്കമെല്ലാം മറന്ന്, എന്‍റെ പൊന്നു മോന്‍ മടങ്ങി വരണം. ആ മൂധേവിയെക്കാളും  നല്ല കിളി പോലത്തെ ഒരു പെണ്ണിനെ കൊണ്ട് ഈ അമ്മ നടത്തിത്തരും കുട്ടന്‍റെ കല്യാണം...അത് കണ്ട്  ഈ നാട്ടുകാര്‍ അന്തം വിടണം.

എവിടൊക്കെ പോയാലും തിരുവോണത്തിന് നീ വീട്ടില്‍ ചോറുണ്ണാന്‍ വരുമെന്ന് ഞാന്‍ കരുതി. നിനക്കിഷ്ടപ്പെട്ട വാഴയ്ക്ക തോരനും, ശര്‍ക്കര പ്രഥമനും, പപ്പാസും, അവുലേസുണ്ടയും  എല്ലാം ഉണ്ടാക്കി വച്ചിട്ടുണ്ട്. ഓണമായിട്ട് കൂടി, നിനക്കിഷ്ടമുള്ള ഉണക്ക മത്തിക്കറിയും അമ്മ ഉണ്ടാക്കിയിട്ടുണ്ട്.ഈ കത്ത് വായിച്ചിട്ട്, ഇത് വരെ ചെയ്ത വിവരക്കേടോര്‍ത്ത് എന്‍റെ പൊന്‍ ദു:ഖിക്കുകയോന്നുമരുത്. അതൊന്നും സാരമില്ല കുട്ടാ.,പോട്ടെന്നേ..  ഓരോ പ്രായത്തിന്‍റെ ഓരോരോ ചാപല്യം ആയി കൂട്ടിയാല്‍ മതി....

അതുകൊണ്ട്, എല്ലാം മറന്ന് എത്രയും പെട്ടെന്ന് മടങ്ങി വരൂ എന്‍റെ പൊന്നു മോനേ..., ചതയം ദിവസത്തില്‍ നിന്നെയും കാത്ത് ഇലയില്‍ ചോറുമായി കാത്തിരിക്കും ഈ അമ്മ.

എന്ന്,
പത്തു മാസം നിന്നെ നൊന്തു പെറ്റ നിന്‍റെ പൊന്നമ്മ..
(എവിടെ ആയിരുന്നാലും എന്‍റെ പൊന്നു കുട്ടന് ആയിരം മുത്തങ്ങള്‍)

No comments

Post a Comment