അയാള്‍ മൂത്രമൊഴിക്കുകയാണ്.....@ $.7.00

എഴുന്നേല്‍ക്കുമ്പോള്‍ മുതല്‍ ഉറങ്ങുന്നത് വരെ നമ്മള്‍ ചെയ്തു കൊണ്ടിരിക്കുന്ന ഉദാത്തമായ കാര്യങ്ങള്‍ ഒന്നൊഴിയാതെ ഫേസ്ബുക്ക്‌ വഴി ഓരോ ദിവസവും നമ്മുടെ കൂട്ടുകാര്‍ക്കായി നമ്മള്‍ അപ്ഡേറ്റ് ചെയ്യാറുണ്ട്. ഇതേവരെ നമ്മളില്‍ പലരും ഒരു പൈസ പോലും കൊടുക്കാതെയാണ് ഈ മഹത് കാര്യങ്ങള്‍ മറ്റുള്ളവരോട് പറഞ്ഞു കൊണ്ടിരുന്നതെങ്കില്‍, ഇപ്പോള്‍ കളി ശകലം മാറുകയാണ്.

ഉദാഹരണമായി, നമ്മളില്‍ പലരും കാലത്ത് എഴുന്നേറ്റാല്‍ ആദ്യം ചെയ്യുന്നത് 'ഒന്നിന്' പോകുക എന്നതാണല്ലോ. ഇത് വരെ നമ്മള്‍ ചെയ്തു കൊണ്ടിരുന്നത് എന്താ? ഒന്നുകില്‍ പോകുന്നതിനു മുന്പായി "ഞാന്‍ മൂത്രം ഒഴിക്കാന്‍ പോകുന്നു" എന്നോ, പോയിക്കഴിഞ്ഞതിനു ശേഷം
തിരിച്ചെത്തി "ഞാന്‍ മൂത്രം ഇപ്പോള്‍ ഒഴിച്ചു കഴിഞ്ഞു..,ഇനി പല്ല് തേച്ചിട്ട് അപ്പിയിടാനുള്ള തയാറെടുപ്പില്‍ ആണ്" എന്നോ മറ്റോ നമ്മുടെ കൂട്ടുകാരുടെ അറിവിലേയ്ക്ക് ഒരു അപ്ഡേറ്റ്  കൊടുക്കും. അത് വായിച്ചിട്ട്, നമ്മള്‍ അപ്പിയിടുന്നത് അവര്‍ക്ക് ഇഷ്ടപ്പെട്ടെങ്കില്‍ അവര്‍ ലൈക് ബട്ടണില്‍ ക്ലിക്ക് ചെയ്യും.ഇനി അതല്ല, നമ്മള്‍ അപ്പിയിടുന്നതില്‍ ആര്‍ക്കെങ്കിലും വിരോധം ഉണ്ടെങ്കില്‍, അയാള്‍ ഒരു കൂതറ കമന്റ് അവിടെ എഴുതി വയ്ക്കും.അത് പോലെ തന്നെ, നമ്മുടെ കൂട്ടുകാരില്‍ ചിലര്‍ അയാള്‍ വാങ്ങിയ ഏറ്റവും പുതിയ മാരുതി 800 ന്‍റെ ഫോട്ടോയോ, അയാളുടെ അമ്മായിയുടെ അനിയത്തിയുടെ മോന്‍റെ മോളുടെ നൂല് കെട്ടിന്‍റെ ഫോട്ടോയോ അപ്‌ലോഡ്‌ ചെയ്തു എന്നിരിക്കട്ടെ. തിരിച്ചു നമ്മളില്‍ ചിലര്‍, ഇഷ്ടപ്പെട്ടാല്‍ അവിടെ ഒരു ലൈക്ക് അടിക്കുകയോ അവന്‍ പുതിയ കാര്‍ എടുത്തതില്‍ അസൂയയുള്ള മറ്റു ചിലര്‍ കളിയാക്കിക്കൊണ്ട്‌ കമന്റ് ഇടുകയോ ചെയ്യും. ഫേസ് ബുക്ക്‌ ഉപയോഗിക്കാന്‍ പോലും അറിയാത്ത അങ്ങനെയുള്ള അലവലാതികളോട് നമ്മള്‍ അധികം മിണ്ടാതിരിക്കുന്നതാണ് നല്ലത്. ശവങ്ങള്‍!

ഒന്നിന് പോയതിനു
ശേഷം നമ്മള്‍ ആകാംഷയോടെ ഓടി വന്ന് പിന്നെ എന്താ സാധാരണ ചെയ്ക? എത്രപേര്‍ അതിനെ അനുക്കൂലിച്ചു, എത്ര കൂതറകള്‍ക്കാണ് നമ്മള്‍ അപ്പിയിടുന്നതില്‍ ഇത്രയ്ക്ക് കണ്ണു കടിയുള്ളത്  എന്ന് നോക്കും, ശരിയല്ലേ? ഇനിയിപ്പോള്‍ അനുകൂലിക്കാന്‍ ആയാലും തെറി വിളിക്കാന്‍ ആയാലും എത്ര പേരാണ് കണ്ണില്‍ എണ്ണയൊഴിച്ച് നമ്മളുടെ ഓരോ അപ്ഡേറ്റിനും വേണ്ടി നോക്കിയിരിക്കുന്നത്? അല്ലെ? ശരിക്കും നമ്മള്‍ ഒരു വലിയ സംഭവം തന്നെയാണ് കേട്ടോ.

നമ്മള്‍ ടയിലി ഓരോ സ്റ്റാറ്റസും ഇങ്ങനെ കഷട്ടപ്പെട്ട് അപ്ഡേറ്റ് ചെയ്യുന്നത് എല്ലാ കൂട്ടുകാരും വായിച്ചു സന്തോഷിക്കുകയും കോള്‍മയിര്‍ കൊള്ളുകയും ചെയ്യുന്നുണ്ട് എന്നുള്ള ആത്മ വിശ്വാസമാണ് വീണ്ടും വീണ്ടും നമ്മളെക്കൊണ്ട്  കൂടുതല്‍ കൂടുതല്‍ സ്റ്റാറ്റസ് ഇടാന്‍ പ്രേരിപ്പിക്കുന്നത്. എന്നാല്‍, നമ്മള്‍ അങ്ങനെ ബുദ്ധിമുട്ടി അപ്ഡേറ്റ് ചെയ്യുന്ന മഹത് കാര്യങ്ങള്‍ നമ്മുടെ കൂട്ടുകാര്‍ അറിയാതെ പോയാല്‍ അല്ലെങ്കില്‍ കൂട്ടുകാരിലേക്ക് എത്താതെ പോയാല്‍ ശരിക്കും എന്ത് സംഭവിക്കും?? ഇപ്പോള്‍
നിങ്ങള്‍ ശരിക്കും ഞെട്ടി അല്ലെ? എന്നാല്‍ സംഭവം സത്യമാണ് എന്നാണ് ഇപ്പോള്‍ ഫേസ് ബുക്ക്‌ തന്നെ പറയുന്നത്. അതായത് ഒരുപാടു ഫ്രെണ്ട്സ് ഒക്കെയുള്ള ഫേസ് ബുക്ക്‌ അംഗങ്ങളെയാണ് ഈ ദുരന്തം കൂടുതല്‍ അഫക്റ്റ് ചെയ്യുക. അവര്‍ ഇടുന്ന എല്ലാ സ്റ്റാറ്റസും എല്ലാവരിലേക്കും എത്താറില്ലത്രേ !!!
വാര്‍ത്ത കേട്ട് കരയാന്‍ വരട്ടെ. 

നിങ്ങള്‍ക്കായി ഒരു പ്രത്യേക പാക്കേജ് ആണ് ഫേസ് ബുക്ക്‌ ഒരുക്കിയിരിക്കുന്നത്. നിങ്ങളുടെ വിലയേറിയ ഓരോ സ്റ്റാറ്റസ് അപ്ഡേറ്റ്സും എല്ലാ കൂട്ടുകാരിലേക്കും പ്രഥമ പരിഗണയോടെ എത്തിക്കാനായി ഒരു കൊല്ലത്തേയ്ക്ക് വെറും ഏഴു ഡോളര്‍ നല്‍കിക്കൊണ്ട് ഒരു VIP മെമ്പര്‍ ആവാനുള്ള സുവര്‍ണ്ണാവസരമാണ് നിങ്ങള്‍ക്കായി ഫേസ്ബുക്ക്‌ തല്ക്കാലം ഒരുക്കിയിരിക്കുന്നത്.കൂടുതല്‍ ആള്‍ക്കാര്‍ ഇതില്‍ മെംബേര്‍സ് ആയിക്കഴിഞ്ഞാല്‍ അപ്പോഴും ഈ പ്രശ്നം വരില്ലേ എന്ന് ചില മന്തബുദ്ധികള്‍ സംശയം ചോദിക്കുന്നുണ്ട്.അതൊന്നും നിങ്ങള്‍ ഇപ്പോള്‍ ആലോചിച്ചു ബുദ്ധി മുട്ടണ്ട. അപ്പോള്‍ തുക ചെറുതായി കൂട്ടുകയോ, പുതിയതായി ഒരു  VVIP കാറ്റഗറി കൂടി തുടങ്ങുകയോ മറ്റോ ചെയ്തു നിങ്ങളെ വീണ്ടും സംരക്ഷിക്കുന്നതായിരിക്കും.

ഇപ്പോള്‍ നിങ്ങള്ക്ക് സന്തോഷമായില്ലേ?
ഏഴു ഡോളര്‍ പെട്ടെന്ന് തന്നെ മുടക്കൂ...
VIP മെമ്പര്‍ ആകൂ...ടോയിലെറ്റിലേക്ക് ഗമിക്കൂ..
അപ്ഡേറ്റ് ചെയ്യൂ...ആഹ്ലാദിക്കൂ....

No comments

Post a Comment