കൊള്ളിയാന്‍ പിന്നെയും മിന്നി

കട്ടിലില്‍ തെക്കോട്ട്‌ നോക്കി കിടക്കുന്ന, അത്യാവശം സ്വത്തോക്കെയുള്ള കാര്‍ന്നോരന്മാരുടെ മക്കള്‍ക്ക്‌ കര്‍ക്കിടക മാസം ആവുമ്പോള്‍, അപ്പനോട് അതുവരെയില്ലാത്ത ഒരു പ്രത്യേക സ്നേഹം തോന്നാറുണ്ട്. മഴയുടെ പ്രത്യേകത കൊണ്ടാണോ എന്തോ മഴ കേറി കനക്കുമ്പോള്‍, മക്കളുടെ സ്നേഹവും അതോടൊപ്പം കേറി മൂക്കാറാണ് പതിവ്.അങ്ങനെ കേറിക്കേറി വല്ലാതെ മൂക്കുമ്പോള്‍  "അപ്പാ., എന്‍റെ പൊന്നപ്പാ.." എന്നൊക്കെ വിളിച്ചോണ്ട് കെട്ടിച്ചു വിട്ട പെണ്മക്കള്‍ ഓരോരുത്തരായി പെട്ടിയും കുട്ടിയുമായി തറവാട്ടിലോട്ട് കെട്ടിയേടുക്കും. പ്രത്യേകിച്ച് വേലയൊന്നും ഇല്ലെങ്കിലും അഭിമാനിയായ മൂത്തളിയന്‍റെ വിശേഷങ്ങളും വീര വാദങ്ങളും ഒക്കെ കേട്ട്, അപ്പന്‍ അന്തോണിയെ നോക്കാന്‍ തറവാട്ടില്‍ അവശേഷിക്കുന്ന ഇളയ മകന്‍ ജോസുകുട്ടി ഒരു പരുവമായി കഴിയുമ്പോഴേക്കും കലക്ടര്‍ ഉദ്യോഗം കഴിഞ്ഞു വരുന്നെന്ന വ്യാജേന മൂത്തളിയന്‍ തോമസ്‌ അല്പം മസിലൊക്കെ പിടിച്ച് എത്തുകയായി. തോമസളിയനെക്കണ്ടതും എന്തോ പിറു പിറുത്തു കൊണ്ട് മുണ്ട് പൊക്കിയുടുത്ത് ജോസുകുട്ടി പറമ്പിലേയ്ക്ക് പോയി.

തറവാട്ടില്‍ വരുമ്പോള്‍ കെട്ടിയവന്‍ തോമസിനോട് അമ്മിണിക്ക് വല്ലാത്തയൊരു ബഹുമാനവും ഭയവും മറ്റുമാണ്.വീട്ടില്‍ വച്ച് തമ്മില്‍ കണ്ടാല്‍ ചിരകയ്ക്ക് അടിക്കാന്‍ നില്‍ക്കുന്ന ആ അമ്മിണി തന്നെയാണോ ഈ അമ്മിണിയെന്ന് നമ്മള്‍ക്ക് സംശയം തോന്നുകയില്ലെങ്കിലും, ചിലപ്പോഴെങ്കിലും തോമസളിയന് അങ്ങനെ തോന്നാതിരുന്നില്ല. അതൊക്കെ കണ്ട്, വീട്ടിലെ ബാക്കിയുള്ളവരും  അങ്ങനെ പെരുമാറുകയോ, തോമസളിയനെ കാര്യമായിട്ടൊന്നു ഗൌനിക്കുകയോ ബഹുമാനിക്കുകയോ ഒക്കെ ചെയ്തു കൊള്ളണം,അല്ലെങ്കില്‍ സംഗതി പ്രശ്നമാവും, തോമസളിയന്‍ ആള് പ്രശ്നക്കാരന്‍ ആണ്' എന്നൊക്കെയുള്ള സന്ദേശങ്ങളാണ് അമ്മിണി ഭംഗ്യന്തരേണ അതിലൂടെ ലക്ഷ്യമിടുന്നത് എന്ന് തോമസിനും അറിയാം.വെറുതെ ആരെങ്കിലും കേറി ബഹുമാനിക്കുന്നെങ്കില്‍ ആയിക്കോട്ടെ എന്ന് തോമസളിയനും കരുതും. പക്ഷേ, ജോസ്കുട്ടി തോമസളിയനെ കാണുന്നത് ഇത് ആദ്യമായിട്ടൊന്നും അല്ലല്ലോ.

"മൂത്തളിയനാണെന്ന് ഒരു വിചാരമില്ല.അതെങ്ങനാ ഇപ്പൊ വലിയ ആളായിപ്പോയില്ലേ.,കൊച്ചും നാളില്‍ ചേച്ചിയേ ചേച്ചിയേന്നും പറഞ്ഞ് പൊറകേന്നു  മാറത്തില്ലാരുന്നു.. "- എന്നൊക്കെപ്പറഞ്ഞ് ജോസുകുട്ടിയെ ഇടയ്ക്കിടെ കുത്തി നോവിക്കാനും അതുവഴി തോമസളിയനെ പറ്റി ഒരിംബ്രഷന്‍ ഉണ്ടാക്കിയെടുക്കാനും അപ്പനെ ശുശ്രൂഷിക്കുന്നതിനിടയിലും അമ്മിണി മറന്നില്ല.

കര്‍ക്കിടക മഴ തകര്‍ക്കുകയാണ്.അപ്പന്‍ ആ മഴയെ വെല്ലുവിളിച്ച് കൊണ്ട് ഇപ്പഴും വലിച്ചു വലിച്ചു കിടക്കുകയാണ്...

"എന്തെങ്കിലും അത്യാവശ്യം വന്നാല്‍ അങ്ങോട്ട്‌ വിളിച്ചറിയിച്ചോളാം ചേച്ചീ" എന്നൊക്കെ ജോസ് പറഞ്ഞെങ്കിലും മുറിഞ്ഞ കയ്യില്‍ പോലും ഉപ്പു തേയ്ക്കാത്ത അവനെ അധികം വിശ്വസിക്കരുതെന്നാണ് ഡല്‍ഹിയില്‍ ഉള്ള അന്തോണിയുടെ രണ്ടാമത്തെ മകള്‍ റോസിയുടെ ഹസ്ബണ്ട് കുഞ്ഞുമോന്‍ പറയുന്നത്.അപ്പന്‍ എഴുതിവച്ച വില്‍പത്രത്തില്‍ ഇവന്‍ എന്തെങ്കിലും തിരിമറി കാണിക്കുമോ എന്ന ആധിയില്‍ റോസിയും ഗാങ്ങും കുടുംബമായി രാജധാനിയില്‍ കയറിക്കഴിഞ്ഞു.ട്രയിനിലെ ജനലഴികളിലൂടെ തണുത്ത കാറ്റടിച്ചപ്പോള്‍, അപ്പന്‍റെ ഓര്‍മയില്‍ അറിയാതെ റോസിയുടെ കണ്ണുകള്‍ നിറയുന്നത് കണ്ട കുഞ്ഞുമോന്‍ മെല്ലെ അവിടുന്നെഴുന്നേറ്റ്, ഒരു സിഗരറ്റുമായി ട്രയിനിലെ ടോയിലെറ്റിലേക്ക് ഒരു പുച്ഛത്തോടെ നടന്നു പോയി.

അപ്പനോട് പ്രത്യേകിച്ച് സ്നേഹക്കുറവൊന്നും ഇല്ലെങ്കിലും, കഴിഞ്ഞ തുലാവര്‍ഷം ചതിച്ചതിനാല്‍ ഇനി ഒരു തവണ കൂടി വിമാന ടിക്കറ്റ് എടുക്കുന്നത് നോക്കിയും കണ്ടും മാത്രം മതിയെന്നാണ് മൂന്നാമത്തെ മകള്‍ ജാന്‍സിയുടെ തീരുമാനം." ഫോണില്‍ കൂടി ഇടയ്ക്ക് വിവരം തിരക്കാനുള്ള സൗകര്യം ഉണ്ട്.ഇപ്പോഴാണെങ്കില്‍ ജോസുകുട്ടിയുടെ കയ്യില്‍ വരെ മൊബൈല്‍ ഉണ്ട്.പിന്നെന്താ..?" ആ പറഞ്ഞത് അവളുടെ കെട്ടിയവന്‍ ബിനുവിനും സമ്മതം. ദുബായിയില്‍ മൊബൈല്‍ ഷോപ്പ് നടത്തുന്ന ബിനുവിന്, ആ  ബിസ്സിനെസ്സ് ചെറുതായി ഒന്ന് വിപുലീകരിച്ചാല്‍ കൊള്ളാമെന്നുണ്ട്.എല്ലാം മഴ കേറി കനക്കുന്നതിനനുസരിച്ചിരിക്കും.ബിനു അറിയാതെ പുണ്യാളച്ചനെ മനസ്സില്‍ ഓര്‍ത്തുപോയി...

മഴ അങ്ങനെ തന്നെ നിന്ന് തിമിര്‍ക്കുകയാണ്.അന്തോണി മൂപ്പര്‍ ആ മഴയെ കൊഞ്ഞനം കുത്തിക്കാണിച്ചുകൊണ്ട്  കട്ടിലില്‍ അങ്ങനെ വലിച്ചു വലിച്ചു കിടക്കുകയാണ്...
ജാന്‍സിയെ എന്തിനു പറയണം, കര്‍ക്കിടകം വരുമ്പോള്‍ സാധാരണ കൂട്ടത്തോടെ ഓരിയിടുന്ന നായ്ക്കളുടെ ടീമില്‍ നിന്നും അന്തോണിയുടെ വീട്ടിലെ പട്ടി പോലും കുരച്ച് മടുത്ത് പിന്മാരിയിരിക്കുകയാണ്.എങ്കിലും മൂത്ത രണ്ടു ചേച്ചിമാരും വല്ലാത്ത സാധനങ്ങള്‍ ആണെന്ന് ജാന്‍സിക്ക്‌ നന്നായി അറിയാം.അവര്‍ രണ്ടും കൂടി ഒന്നിച്ചാല്‍ ഇളയവന്‍ ജോസുകുട്ടിയെ കയ്യിലെടുത്ത് വില്ലില്‍ ഏതെങ്കിലും വേലത്തരങ്ങള്‍ ഒപ്പിക്കുമോ എന്നവള്‍ക്ക് വല്ലാത്ത ഭയമായി.കൊച്ചുകുട്ടികളുടെ മനസ്സാണ് ജോസുകുട്ടിയ്ക്ക്.
"ഗള്‍ഫില്‍ ബിസ്സിനെസ്സ് ഒക്കെയുള്ളതു കൊണ്ട് നമ്മള്‍ക്ക് വലുതായിട്ടൊന്നും എഴുതി വയ്ക്കണ്ട എന്നെങ്ങാനും നിന്‍റ്പ്പന് തോന്നിക്കാണുമോടീ.." എന്ന് ബിനു മുതലാളി തമാശയ്ക്കാണ് ചോദിച്ചതെങ്കിലും, ഇരുപതു സെക്കണ്ട് നേരത്തെ ആലോചനയ്ക്ക് ശേഷം ജാന്‍സി, ജഗതിയെപ്പോലെ ബോധരഹിതയായി പുറകോട്ടു മറിയുകയായിരുന്നു. അതിനെ തുടര്‍ന്ന്, ഏതായാലും പിറ്റേന്നത്തെ ഫ്ലൈറ്റില്‍ തന്നെ നാട്ടിലേയ്ക്ക് ടിക്കറ്റ്‌ ബുക്ക്‌ ചെയ്യപ്പെട്ടു.

നാട്ടില്‍ മഴ ശക്തമായി  തുടരുകയാണ്.ആ മഴയെ കീറി മുറിച്ചു കൊണ്ട് ഇത്തിഹാദ് എയര്‍വെയ്സ്  കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലാന്‍ഡ്‌ ചെയ്തു..
"അപ്പാ എന്‍റെ പൊന്നപ്പാ..." എന്ന് ഉച്ചത്തില്‍ വിളിച്ച് കാറി, തന്‍റെ രണ്ടു മൂത്തേച്ചിമാരെ പോലും പത്ത്  ഞാണെങ്കിലും പിന്നിലാക്കി  അമ്പരപ്പിച്ചു കൊണ്ട് കാറില്‍ നിന്നിറങ്ങിയ ജാന്‍സി അപ്പനിലേക്ക് ഓടിയണഞ്ഞു.പുറകെയോടിയെങ്കിലും കൂടെയെത്താന്‍ ബിനു  നന്നേ  പണിപ്പെടുന്നത് കാണാമായിരുന്നു.

രാത്രി ഏഴു മണി
മഴ കൂടി..
കൊള്ളിയാന്‍ പല തവണ മിന്നി..,
ഇരുട്ടില്‍ കുറച്ചകലെ മാറി നിന്ന് എന്തോ അടക്കം പറയുന്ന മൂന്നളിയന്മാരുടെയും മുഖം, കൊള്ളിയാന്‍ വെട്ടത്തില്‍ ജോസുകുട്ടി ചെറുതായി കണ്ടു. വില്പത്രത്തെ പറ്റിയുള്ള ചൂടേറിയ ചര്‍ച്ചകളും അതിലെ ആശങ്കകളും അളിയന്മാരുടെ ചങ്കില്‍ വെള്ളിടി തീര്‍ത്തു. എന്തെങ്കിലും അറിഞ്ഞോ എന്ന് അറിയാനായി ചേച്ചിമാര്‍ താന്താങ്ങളുടെ ഹസ്ബണ്ടുമാരെ ചര്‍ച്ചയുടെ ഇടയില്‍ രഹസ്യമായി വിളിക്കുന്നത്‌ ജോസുകുട്ടി ഒരു കണ്ണാലെ കണ്ടു.ഉദ്വേഗം നിറഞ്ഞ നിമിഷങ്ങള്‍!!

കൊള്ളിയാന്‍ പിന്നെയും മിന്നി.,
സ്വത്തു മുഴുവന്‍ അപ്പന്‍ തന്‍റെ പേരില്‍ ആണ് എഴുതി വച്ചിരിക്കുന്നത് എന്ന് നേരത്തെ അറിയാവുന്ന ജോസുകുട്ടി അതൊന്നും ഗൌനിക്കാതെ, അപ്പന്‍റെ  പഴയ കാലന്‍ കുടയുമായി കവലയിലേയ്ക്ക് ഒരു മിന്നായം പോലെ നടന്നു പോകുന്നത് ആ കൊള്ളിയാന്‍ വെട്ടത്തില്‍ അളിയന്മാര്‍ ഞെട്ടലോടെ കണ്ടു.

ഇതിനിടയില്‍ മഴ കൂടുതല്‍ ശക്തമായി..ചറ പറാ ഇടികള്‍ വെട്ടി..അന്തോണി മൂപ്പരുടെ ചെവിയില്‍ തട്ടി ആ ഇടികള്‍ പലവുരു തറയില്‍ വീണുടഞ്ഞു.

എന്നാല്‍ അതൊന്നും ഗൌനിക്കാതെ ചുറ്റും നില്‍ക്കുന്നവരെ കൊഞ്ഞനം കുത്തിക്കാണിച്ചുകൊണ്ട്  കട്ടിലില്‍ തന്നെ അപ്പോഴും അങ്ങനെ വലിച്ചു വലിച്ചു കിടക്കുകയാണ് അന്തോണി മൂപ്പര്‍.....

No comments

Post a Comment