സ്കൂള്‍ കലോത്സവത്തില്‍ ഇനി മുതല്‍ ഹീബ്രു പദ്യ പാരായണവും

സംസ്ഥാന സ്കൂള്‍ കലോത്സവം പലരുടെയും എതിര്‍പ്പുകള്‍ മൂലം തിരൂരങ്ങാടിയില്‍ നിന്ന് മലപ്പുറത്തെക്ക് മാറ്റി വച്ചിരിക്കുകയാണ്.പുതിയ ചില മത്സരയിനങ്ങള്‍ കൂടി ഇത്തവണ ഉണ്ടാവും.അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് അറബിക് പ്രസംഗം, ഉറുദു പദ്യപാരായണം എന്നിവയാണ്.

എന്നാല്‍ അടുത്ത തവണ ബാലെ, കൃഷ്ണനാട്ടം തുടങ്ങിയ ഇനങ്ങള്‍ കൂടി നിശ്ചയമായും ഉള്‍പ്പെടുത്തിയിരിക്കണമെന്നും അല്ലെങ്കില്‍ വന്‍ പ്രക്ഷോഭം ഉണ്ടാവുമെന്നും ഉള്ളിപ്പള്ളി ദിനേശന്‍ കട്ടായം പറഞ്ഞിരിക്കുകയാണ്. അയ്യപ്പന്‍ പാട്ട്,അര്‍ജ്ജുന നൃത്തം തുടങ്ങിയ ഇനങ്ങള്‍ ഉള്‍പ്പെടുത്താത്തത് തികഞ്ഞ അവഹേളനമാണെന്നും  ഇതൊന്നും ശ്രദ്ധിക്കാനല്ലെങ്കില്‍  പിന്നെ കെ പി സി സി പ്രസിഡണ്ട്‌ ആണെന്നും പറഞ്ഞ് എന്തിനാണ് പലരും അവിടെക്കേറി ഞെളിഞ്ഞിരിക്കുന്നതെന്നുമാണ് പെരുന്നയില്‍ നിന്നൊരു നായര്‍ ചോദിക്കുന്നത്. ഭൂരിപക്ഷം സമുദായത്തിനോടുള്ള മനോഭാവം മാറ്റിയില്ലെങ്കില്‍ ഭാവിയില്‍ എന്താണുണ്ടാവാന്‍  പോകുന്നതെന്ന് തനിക്കിപ്പോള്‍ പറയാനാകില്ലയെന്നും  അടുത്ത തിരഞ്ഞെടുപ്പിന്‍റെ ഫലം വന്നതിനു ശേഷം അതെപ്പറ്റി അഭിപ്രായം പറയുമെന്നും അദ്ദേഹം തുറന്നടിച്ചു.

അതേസമയം, അടുത്ത വര്‍ഷം മുതല്‍ ലാറ്റിന്‍, ഹീബ്രൂ ഭാഷകളിലുള്ള ഉപന്യാസ മത്സരം കൂടി കലോത്സവത്തില്‍ ഉള്‍പ്പെടുത്താന്‍ മന്ത്രിസഭയില്‍ സമ്മര്‍ദം ചെലുത്താനാണ് കേരള കോണ്‍ഗ്രസ് നീക്കമെന്നറിയുന്നു. കൂടാതെ അടുത്ത കൊല്ലം മത്സരങ്ങള്‍ പാലയില്‍ വച്ച് നടത്തണമെന്നും, സൗകര്യം പോരാതെ വന്നാല്‍ പൂഞ്ഞാര്‍ ഭാഗത്തും മറ്റൊരു വേദി കൂടി ആകാമെന്നും യോഗത്തില്‍ ധാരണയായതായി അറിയുന്നു.

കാര്യങ്ങള്‍ അങ്ങനെയോക്കെയാനെങ്കിലും, കലോത്സവത്തില്‍ പുതിയതായി ഉള്‍പ്പെടുത്തിയ 'യക്ഷഗാനം, പൂതപ്പാട്ട്‌ തുടങ്ങിയ ഇനങ്ങള്‍ മേളയ്ക്ക് പുത്തനുണര്‍വ് നല്‍കുമെന്ന് പ്രശസ്ത സംവിധായകന്‍ അനിയന്‍ അഭിപ്രായപ്പെട്ടു.

ഇതിനിടെ, കൊയ്ത്തുപാട്ടും കൂലിത്തല്ലും മത്സരങ്ങളായി ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച്‌ എ ഐ വൈ എഫ് രണ്ടു വണ്ടി ആള്‍ക്കാരുമായി കലോത്സവ നഗരിയിലേക്ക് തിരിച്ചത് കൂടുതല്‍ സംഘര്‍ഷത്തിലേക്ക് വഴിവച്ചിരിക്കുകയാണ്. ഏത് വിധേനയും അവരെ തടയുമെന്ന് പോലീസും പോലീസ് തടഞ്ഞില്ലെങ്കില്‍ തങ്ങള്‍ക്ക് ഇടപെടേണ്ടി വരുമെന്ന് യൂത്ത് ലീഗും അറിയിച്ചിട്ടുണ്ട്.
ഏതായാലും മേള നടക്കട്ടെ, മേളവും..

No comments

Post a Comment