ആദ്യത്തെ കണ്മണി ആരായിരിക്കണം..?


തങ്കച്ചായന് നാല്  പെണ്മക്കളാണ്.നാലേക്കറോളം  പരന്ന് കിടക്കുന്ന റബ്ബര്‍ തോട്ടം നോക്കി നടത്താന്‍ ഒരു ആണ്‍തരി ഇല്ലല്ലോ എന്ന സങ്കടമാണ് മൂന്നാമത്തെയും നാലാമത്തെയും പെണ്‍കുട്ടികളെ തങ്കച്ചായന് സമ്മാനിച്ചത്‌.തങ്കച്ചായന്‍  ഇന്ന് ദുഖിതനാണ്.റബ്ബര്‍ മരത്തില്‍ കൈ കൊടുത്തു മുകളിലേയ്ക്ക് പുക ഊതി വിട്ടു കൊണ്ട് അച്ചായന്‍ ചിന്തയിലാണ്ടു..

[ഫ്ലാഷ് ബാക്ക്]
മൂന്നര ഏക്കറും പാരമ്പര്യമായി കിട്ടിയതാണ്.അരയേക്കര്‍ കൂട്ടിച്ചേര്‍ത്തതല്ലാതെ ഒരു തുണ്ട് ഭൂമി പോലും തങ്കച്ചായന്‍ ആര്‍ക്കും കൊടുത്തിട്ടില്ല; ഇനിയൊട്ടു കൊടുക്കാന്‍ ഉദ്ദേശിച്ചിട്ടുമില്ല.പക്ഷേ തന്‍റെ കാല ശേഷം റബ്ബര്‍ തോട്ടം ആര് നോക്കും എന്നുള്ള ചിന്ത ഊണിലും ഉറക്കത്തിലും അദ്ദേഹത്തെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു.

നല്ല തറവാട്ടില്‍ പിറന്നയാളാണ് തങ്കച്ചായന്‍റെ ഭാര്യ റോസക്കുട്ടി.ആദ്യത്തേത് എന്തുവന്നാലും  പെണ്‍കുഞ്ഞ് തന്നെ ആയിരിക്കണമെന്ന് സത്യത്തില്‍ തങ്കച്ചായനായിരുന്നു നിര്‍ബന്ധം.രാത്രിയില്‍ കിടക്കാന്നേരം റോസക്കുട്ടിയോട് ആ ആഗ്രഹം തുറന്നു പറയുകയും ചെയ്തു.
, "ദൈവം തരുന്നത് ഏതായാലും സന്തോഷത്തോടെ ഞാന്‍ അത് സ്വീകരിക്കും" എന്നാണ് അതെപ്പറ്റി റോസക്കുട്ടി അന്ന് പ്രതികരിച്ചത്.
ദൈവത്തിലൊന്നും  അത്രകണ്ട് വിശ്വാസമില്ലാത്ത തങ്കച്ചായന് ആ മറുപടി അത്ര പിടിച്ചില്ലെന്നു മാത്രമല്ല,  ചില പ്രത്യേക മാസികകളില്‍ വായിച്ചിട്ടുള്ള അറിവ് വച്ച്, പെണ്‍കുട്ടിയുണ്ടാവാനുള്ള  'വേലകള്‍' ഒക്കെ തനിക്കറിയാമെന്നും, അതില്‍ ദൈവമൊന്നും കേറി ഇടപെടേണ്ട യാതൊരു ആവശ്യവുമില്ലെന്നും കട്ടിലില്‍ കിടന്നോണ്ടാരലക്കലക്കി.
"ചുമ്മാ ദൈവദോഷം പറയാതെന്‍റെ  തങ്കച്ചായാ.." ന്നും പറഞ്ഞ് ചുമലിലേക്ക് ചാഞ്ഞ റോസക്കുട്ടി അന്നാദ്യമായി തങ്കച്ചായന്‍റെ 'വേലകള്‍' കണ്ടു!!

റോസക്കുട്ടിയുടെ പ്രസവം അടുത്ത് വരുംതോറും  തങ്കച്ചായന് ടെന്‍ഷനായി...'വേലകള്‍' അറിയാം എന്ന് വീരവാദം പറയുകയും ചെയ്തു, ഇനി അത് പെണ്‍കുഞ്ഞല്ലെങ്കില്‍ റോസക്കുട്ടിയുടെ  മുഖത്തെങ്ങനെ നോക്കും?'-സ്വതവേ നാണക്കാരനായ  തങ്കച്ചായന്‍റെ ആത്മാഭിനം വല്ലാതെ കിടന്നു പിടച്ചു.ഒടുവില്‍ സംഭവം സക്സസ്.പെണ്‍കുഞ്ഞ് ജനിച്ചതറിഞ്ഞ് ഗോളടിച്ച മറഡോണയെ  പോലെ പ്രസവ വാര്‍ഡിലെക്കോടിക്കയറിയ തങ്കച്ചായാനെ സിസ്റ്റര്‍ ട്രീസയും സെക്ക്യുരിട്ടി ചേട്ടനും ചേര്‍ന്ന് വലിയ പാടുപെട്ടാണ് ഒന്ന് പിടിച്ചു മാറ്റിയത്.

ആദ്യത്തേത് പെണ്‍കുട്ടി ആയതോടെ തങ്കച്ചായന് ആത്മവിശ്വാസം വല്ലാതെ കൂടി."ഇനി ഒരു ചെക്കന്‍.മതി!അതോടെ നിര്‍ത്താം" അച്ചായന്‍ മനസ്സില്‍ പറഞ്ഞു. രാത്രിയില്‍ കിടക്കാന്നേരം റോസക്കുട്ടിയോട് ആ ആഗ്രഹം തുറന്നു പറയുകയും ചെയ്തു.
 "ദൈവം തരുന്നത് ഏതായാലും സന്തോഷത്തോടെ ഞാന്‍ അത് സ്വീകരിക്കും" എന്നാണ് അതെപ്പറ്റി റോസക്കുട്ടി അന്ന് പ്രതികരിച്ചത്. തങ്കച്ചായന് വീണ്ടും തികട്ടി വന്നു. തന്‍റെ കഴിവില്‍ ഇപ്പോഴും വിശാസമില്ലാത്ത  റോസക്കുട്ടിയെ ഇത്തവണ വീണ്ടും അമ്പരപ്പിക്കണം എന്ന് കണക്കു കൂട്ടിയ തങ്കച്ചായന്‍, അതിനു മറുപടി പറയാതെ മാസികയില്‍ വായിച്ച മുഴുവന്‍ അറിവും പുറത്തെടുത്തിട്ടായാലും ശരി ഇത്തവണ  ഒരു ആണ്‍കുട്ടിയെ സമ്മാനിച്ച്‌ കൊണ്ട് റോസക്കുട്ടിയെ രണ്ടാമതും ഞെട്ടിക്കാന്‍ തന്നെ തീരുമാനിച്ചു.

തങ്കച്ചായന്‍ അറിവ് പുറത്തെടുത്തു. റോസക്കുട്ടി രണ്ടാമതും പ്രസവിച്ചു.പക്ഷേ ഞെട്ടിയത് നമ്മുടെ തങ്കച്ചായനാണെന്ന് മാത്രം!!വീണ്ടും പെണ്‍കുഞ്ഞ്...

ആത്മാഭിമാനത്തിന് ക്ഷതമേറ്റ തങ്കച്ചായന്‍ അടുത്ത ഊഴം പിഴയ്ക്കില്ലെന്നു സമാധാനിച്ച്‌ മാത്രം അന്ന് രാത്രി എങ്ങനെയോ ഉറങ്ങി. മാത്രവുമല്ല, തന്‍റെ റബ്ബര്‍ തോട്ടം നോക്കി നടത്താന്‍ ഒരു ആണ്‍ തരി അത്യാവശ്യവുമാണ്.ഇതൊക്കെ മനസ്സില്‍ വച്ചുകൊണ്ട് വീണ്ടും രണ്ട് തവണകള്‍ കൂടി തന്‍റെ അറിവുകള്‍ പരമാവധി പുറത്തെടുത്ത തങ്കച്ചായന്‍ ഇന്നിപ്പോള്‍ നാല് പെണ്‍കുട്ടികളുടെ അച്ഛനാണ്, ദു:ഖിതനും...
[ഫ്ലാഷ് ബാക്ക് ഓവര്‍]

റബ്ബര്‍ തോട്ടത്തില്‍ വിഷമിച്ചു നില്‍ക്കുന്ന തങ്കച്ചായന്‍റെ വിഷമം മനസിലാക്കിയ റബ്ബറ് വെട്ടുകാരനും സുഹൃത്തുമായ സുകുമാരന്‍, ടാപ്പിംഗ് കത്തിയുമായി അങ്ങോട്ട്‌ വച്ചുപിടിച്ചു
"നിങ്ങളിതെന്തോന്നു നില്പാ എന്‍റെ തങ്കച്ചായാ, അതുമീ കൊച്ചു വെളുപ്പാന്‍കാലത്ത്..? ആണുങ്ങളായാല്‍ ഒരു..ഒരു ധൈര്യം  ഒക്കെ വേണ്ടായോ? ഛെ ഛെ..,ഒന്നില്‍ പിഴച്ചാല്‍ പിന്നെ..."
-'നിര്‍ത്തെടാ..,കഴിഞ്ഞ പ്രാവശ്യോം നീ ഇത് തന്നല്ലിയോ പറഞ്ഞത്?'-
" അതിപ്പം ഞാന്‍ പറഞ്ഞത് പോലെയാണോ അച്ചായന്‍.. .."
-മതി., ഉപദേശം!-
അത്രയും പറഞ്ഞു നിര്‍ത്തിയ തങ്കച്ചായന്‍,  ദേഷ്യവും സങ്കടവും സഹിക്കാനാവാതെ വേഗത്തില്‍ നടന്നു പോയി അടുത്തുള്ള റബ്ബര്‍ ഷെഡില്‍ കയറി കതകടയ്ക്കുകയായാണുണ്ടായത്.ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല..,റബ്ബര്‍ തോട്ടം അനാഥമാവുമല്ലോ എന്നോര്‍ത്ത് തങ്കച്ചായന്‍റെ മനസ്സ് ആ  ഷെഡിനുള്ളില്‍ കിടന്നു വിങ്ങി. ഓല ഷെഡിലെ ഓട്ടയിലൂടെ വെറുതേ പുറത്തേയ്ക്ക് നോക്കിയപ്പോള്‍ കണ്ട പാലിറ്റു വീഴുന്ന റബ്ബര്‍ മരങ്ങളും തന്നോടൊപ്പം തേങ്ങുകയാണോ  എന്ന് ഒരു വേള  തങ്കച്ചായന് തോന്നിപ്പോയി.

പതിവിലും വളരെ വൈകിയാണ് അന്ന് തങ്കച്ചായന്‍  വീട്ടിലെത്തിയത്.ആ മനസ്സ് വല്ലാതെ ഉലഞ്ഞിരുന്നു.സുകുമാരന്‍ പറഞ്ഞത് പോലെ ഇനിയൊരു ട്രൈ..? വേണ്ടാ..നോ നോ!!ഉറപ്പിച്ചു.!!പഴയ ആത്മവിശ്വാസം ഒക്കെയും നഷ്ടമായിരിക്കുന്നു....ഇനിയൊരു ഭാഗ്യ പരീക്ഷണത്തിന് ഏതായാലുമില്ല..ഉറപ്പിച്ചു!
...മെല്ലെ നടന്നു...,ചഞ്ചല ചിത്തനായി തങ്കച്ചായന്‍ ബെഡ് റൂമിന്‍റെ കതകിനു മുന്‍പില്‍ അല്‍പ നേരം നിന്നു....
അരണ്ട വെളിച്ചത്തില്‍ അകത്ത്  കണ്ടു  റോസക്കുട്ടിയുടെ ചിരിക്കുന്ന മുഖം.., അവള്‍ അല്പം കൂടി സുന്ദരിയായിരിക്കുന്നു,ഉവ്വോ....?- തങ്കച്ചായന്‍റെ ചിന്തകള്‍ ഇളകി...

ചുറ്റിനും കണ്ണോടിച്ചു. അതെ, ഇളയ മകള്‍ മേരിക്കുട്ടി ഉറക്കം പിടിച്ചിരിക്കുന്നു.രണ്ടും കല്‍പിച്ച്‌ തങ്കച്ചായന്‍ ഒച്ച വയ്ക്കാതെ അകത്തേയ്ക്ക് നടന്നു കയറി.ആ വാതില്‍ ചെറു ഞരക്കത്തോടെയടഞ്ഞു...
തങ്കച്ചായന്‍റെ  മനസ്സ് ജീവിതത്തില്‍ ആദ്യമായി ഇങ്ങനെ മന്ത്രിച്ചു..."ചതിക്കരുതേ എന്‍റെ ഗീവറുഗീസ് പുണ്യാളാ...,താങ്ങത്തില്ല, അതുകൊണ്ടാ  ..."

No comments

Post a Comment