ആദിപാപം [ഭാഗം-1]

1988 -ഇല്‍ ചന്ദ്രകുമാര്‍ സര്‍ സംവിധാനം ചെയ്ത 'ആദിപാപം' എന്ന  സിനിമ എത്ര തവണ കണ്ടെന്നെനിക്ക് തന്നെ വലിയ നിശ്ചയമില്ല.ആദിമ മനുഷ്യനായ ആദം ആപ്പിള്‍ തിന്നാനുണ്ടായ ആ പ്രത്യേക സാഹചര്യം,അതിലെ നാള്‍വഴികള്‍ തുടങ്ങിയ കാര്യങ്ങള്‍ മനസ്സിലാക്കുവാനുള്ള എന്‍റെ  അടങ്ങാത്ത ആ ആ.. ഒരു ത്വരയുണ്ടല്ലോ... സത്യം പറഞ്ഞാല്‍ അതാണ്‌ പിന്നെയും പിന്നെയും ആ സിനിമ കാണാന്‍ എനിക്ക് പ്രേരകമായത്.പക്ഷേ, നിരാശയായിരുന്നു ഫലം. തല്‍ഫലമായി ഉടലെടുത്ത ചിന്തകളില്‍ നിന്നും ഉരുത്തുരിഞ്ഞതാണ് ഈ കഥ.

ആദിപാപം-വളരെ പണ്ട് നടന്ന കഥയാണ്‌ കേട്ടോ.
ഞായറാഴ്ച പൊതുവേ അവധി ദിവസമാണ്. പണ്ട് മുതല്‍ക്കേ അങ്ങനെയാണ്.(ഗള്‍ഫ്‌ നാടുകളിലും വടക്കന്‍ കേരളത്തിലും പണ്ട് മുതല്‍ക്കേ വെള്ളിയാഴ്ചയാണ് ഈ പൊതു അവധി എന്നത് വിസ്മരിക്കുന്നില്ല) കലണ്ടര്‍ പ്രകാരം അവധിയൊക്കെയാണെങ്കിലും  അന്ന് പതിവിലും നേരത്തെയാണ് ആദം ഉറക്കം വിട്ടുണര്‍ന്നത്.എഴുന്നേറ്റപ്പോള്‍ മുതല്‍ എന്താണെന്നറിയില്ല..., മനസിന്‌ വല്ലാത്തൊരു  പേടിയും ആധിയും.....

തലേന്നാണ് ആ നശിച്ച ആപ്പിള്‍ തിന്നത്.അല്ല, ഹവ്വ തന്നെക്കൊണ്ട് നിബന്ധിപ്പിച്ചു വായില്‍ കുത്തിക്കയറ്റിയതാണ്-കുറ്റബോധത്തോടെ ആദമോര്‍ത്തു. ആ ദിവ്യ ആപ്പിള്‍ കിട്ടിയ പാടെ മുഴുവനും  അകത്താക്കാതെ 'സ്നേഹം കൊണ്ടാണ് അച്ചായനും കൂടി അല്പം തന്നത്' എന്നാണ് ഹവ്വ ചേടത്തി അതിനു നിരത്തുന്ന ന്യായം.അതെന്തെങ്കിലുമാവട്ടെ. ഹവ്വയാണ് പറഞ്ഞിരിക്കുന്നത്! ഹവ്വ പറഞ്ഞത് തന്നെ ശരി.ഇനി അതിന്‍റെ പേരില്‍ വെളുപ്പാന്‍ കാലത്ത് തന്നെയൊരു ബഹളം വേണ്ടാന്ന് ജന്മനാ തന്നെ അല്പം ബുദ്ധിയുള്ള ആദമച്ചായന്‍ കരുതി.എന്തുവായാലും ശരി, തിന്നു പോകരുത് എന്ന് ദൈവം വിലക്കിയ ആ ആപ്പിള്‍ തിന്നതിന് ശേഷം വല്ലാത്തൊരു വെപ്രാളവും പേടിയും.

'എനിക്കാട്ടു വെശന്ന് .., എടുത്ത്വാട്ടു കഴിച്ചി, അതിലെന്തൂട്ടാ ഇത്ര തലേ പോകയ്ക്കണേ ന്റച്ചായാ.., ല്ലെങ്കി തന്നെ ദൈവം ഇതോട്ടു അറിയാന്‍ പുവ്വാ..?' എന്നൊക്കെ സ്വതസിദ്ദമായ മണ്ടത്തരങ്ങള്‍ പറഞ്ഞുകൊണ്ട് ഹവ്വ ചേടത്തി പുറകെ നടന്ന് അച്ചായനെ ആശ്വസിപ്പിക്കാന്‍ നോക്കിയെങ്കിലും സംഭവം ഹവ്വ പറയുന്നത് പോലെയത്ര നിസ്സാരമല്ല എന്ന് വിവരമുള്ള ആദമിനറിയാം.

പണ്ട് കാലമല്ലേ.'തൃശൂര്‍' എന്നൊന്നും ആരും വെണ്ടയ്ക്ക അക്ഷരത്തില്‍ ബോര്‍ഡൊന്നും എഴുതി വച്ചിട്ടില്ലെങ്കിലും, ആ ഭാഗത്ത്‌ എവിടെയോ കറങ്ങി നടക്കുമ്പോഴാണ് ആദത്തിനു ഹവ്വയെ കണ്ടു കിട്ടിയതെന്ന് തോന്നുന്നു.ആദാമിന് തന്നെ നിശ്ചയമില്ല.രണ്ടു പേരും ഏതായാലും ഒരേ വീട്ടിലാണ് താമസമെങ്കിലും അവര്‍ കല്യാണമൊന്നും കഴിച്ചിരുന്നില്ല കേട്ടോ. ലിവിംഗ് റ്റുഗെതെര്‍ എന്നൊക്കെയാണ് ഇപ്പഴത്തെ കാലത്തെ  പിള്ളെരതിനെ ഓമനപ്പേരിട്ടു വിളിക്കുന്നതെന്നോന്നും അന്ന് ആദമച്ചായന് വല്യ പിടിത്തമില്ലായിരുന്നു. എന്ന് കരുതി, ഇപ്പഴത്തെ ന്യൂ ജെനറേഷന്‍ പിള്ളേര് കാണിച്ചുകൂട്ടുന്ന  ഡിങ്കോള്‍ഫിയൊന്നും കാണിക്കാന്‍ അന്ന് വകുപ്പുണ്ടായിരുന്നില്ല.കാരണം, രണ്ടു പേരും തുണിയുടുക്കതെയും മറ്റുമാണ് വീട്ടിലും മേട്ടിലും കാട്ടിലും ഒക്കെ ചുറ്റിക്കറങ്ങിയതെങ്കിലും നാണം എന്നൊരു വികാരം ദൈവം തമ്പുരാന്‍ ഇവര്‍ക്ക് കൊടുത്തിരുന്നില്ല. അതു കൊണ്ടുതന്നെ,  'ലത്തരം' കാര്യങ്ങളൊന്നും ഭൂമിയിലുണ്ടെന്നു പോലും ചിന്തിക്കാന്‍ ഇരുവര്‍ക്കും സാധിച്ചിരുന്നില്ല.എന്തിന് പറയണം, എത്ര ശ്രമിച്ചാലും നാണം വരാത്തത് കാരണം,  ഒരേ കട്ടിലില്‍ മുട്ടിയുരുമ്മി കിടക്കുമ്പോള്‍ പോലും ഇരുവര്‍ക്കും ചെറിയ ഇക്കിളി പോലും തോന്നിയിട്ടില്ല.സത്യം!. പിന്നെ...നല്ല മഴയും തണുപ്പുമോക്കെയുള്ള കര്‍ക്കിടക മാസങ്ങളില്‍ ആദമിന് അല്പം കുളിര് കോരിയിട്ടുണ്ടെങ്കില്‍ കൂടി,  അതൊക്കെ അച്ചായന്റെ  വെറും തോന്നലായിരിക്കുമെന്നു പറഞ്ഞ് കുളിരിനെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്ത ഹവ്വ തിരിഞ്ഞു കിടക്കാറായിരുന്നു   പതിവ്.  നാണമില്ലാതവരുടെ   ഓരോ കഷ്ടപാടുകള്‍ എന്നല്ലാതെ എന്താ ഇപ്പൊ പറയ്യാ..

ഹവ്വ വെറും നിസ്സരവല്‍ക്കരിച്ചു കണ്ടെങ്കിലും, സമയം പോകും തോറും ആദമിന്‍റെ പേടി കൂടി കൂടി വന്നു.കാരണം, ദൈവത്തിന്‍റെ സ്വഭാവും രീതികളുമൊക്കെ കൃത്യമായി ആദമിനറിയാം. ഓരോ ആഴ്ചയിലേയും ഞായറാഴ്ച ദിവസം, ഉച്ചകുറുബാന കഴിഞ്ഞ് പുള്ളിക്കാരന്‍ ഏദന്‍ തോട്ടതിലെക്കൊരു വരവുണ്ട്. വന്നാലുടനെ പിന്നെ നേരെ പോകുന്നത് ആ വിശേഷപ്പെട്ട ആപ്പിള്‍ മരത്തിന്‍റെ  ചുവട്ടിലെയ്ക്കാണ്. ചെന്നാലുടന്‍ തന്നെ പോക്കറ്റില്‍ നിന്നൊരു തുണ്ടു കടലാസും ചെല്‍പാര്‍ക്ക് പേനയും പുറത്തെടുക്കും.{റെയ്നോള്‍ട് ബോള്‍ പെന്നൊക്കെ വിപണിയില്‍ ഇറങ്ങിട്ടെയുള്ളൂ പക്ഷെ അത്ര വലിയ പ്രചാരത്തിലായിട്ടില്ല}. പുള്ളിക്കാരന്‍ പിന്നെ മരത്തിനു ചുറ്റും രണ്ടു റൌണ്ട് വലം വയ്ക്കും.എന്നിട്ടാ മരത്തിലുള്ള എല്ലാ ആപ്പിളുകളുടെയും കൃത്യമായ കണക്കാ  തുണ്ടുകടലാസില്‍ കുറിച്ചെടുക്കും. പുതുതായി മൊട്ടിട്ടതെത്ര, പൊഴിഞ്ഞു വീണതെത്ര.,പുഴുവടിച്ചു പോയതെത്ര, അപ്പോള്‍ മൊത്തതിലെത്ര എന്നിങ്ങനെ നാല് കൊളങ്ങളായി തരം തിരിച്ചെഴുതി ടാലി ആക്കിയതിന് ശേഷമേ ഈ കലാപരിപാടികളൊക്കെ ഇമവെട്ടാതെ കണ്ടുകൊണ്ട് പുറകില്‍ നില്‍ക്കുന്ന തന്നോട് "എന്നാ ഉണ്ടെടാ ആദമേ വിശേഷം, സുഖങ്ങളൊക്കെ തന്നേ?" എന്ന് പോലും ചോദിക്കുകയുള്ളൂ. അങ്ങനെയുള്ള കണിശക്കാരനായ ദൈവത്തെ പറ്റി,  കണക്കറിയാത്ത ഹവ്വയോടു പറഞ്ഞിട്ടെന്തു കാര്യം?

കുലച്ചു കിടക്കുന്ന ആപ്പിളുകളെ നോക്കി കൊണ്ട്  ആദമച്ചായന്‍ ഇപ്പോഴും ചിന്താകുലനായി അപ്പിള്‍ മരത്തിന്‍റെ ചുവട്ടില്‍ തന്നെ അങ്ങനെ കുറ്റിയടിച്ചതു പോലെ നില്‍ക്കുകയാണ്.ബ്രേക്ക് ഫാസ്റ്റ് കഴിച്ചിട്ടില്ല.പല്ല് പോലും തേച്ചിട്ടില്ല..... ഉച്ചയാവുമ്പോള്‍ ദൈവം വരും.

എന്ത് കള്ളം പറഞ്ഞു രക്ഷപെടും....??

ഒറ്റയ്ക്ക് നിന്ന് ചിന്തിച്ചിട്ടും ഒരു വഴിയും ഉരുത്തുരിഞ്ഞു വരാത്തതിനാല്‍, പൊതുവേ അത്തരം വക്ര ബുദ്ധികള്‍ കൂടുതാലായിട്ടുള്ള ഹവ്വയോടു തന്നേ ചോദിക്കാമെന്ന് ഒടുവില്‍ തീരുമാനമെടുത്ത ആദം,  അല്പം പരിഭ്രമത്തോടെയാണെങ്കിലും വീട്ടിലേയ്ക്ക് നടന്നു.

അതി ഘോരമായ ചര്‍ച്ചകള്‍ തുടരുകയാണ്.
ക്ലോക്കില്‍ മണി പതിനൊന്നടിച്ചു, നിന്നു.
ആദമിന്‍റെ ചങ്കിലെ അടി നിലയ്ക്കാതെ അങ്ങനെ തുടരുകയാണ്..
(തുടരും...)

click here to continue

No comments

Post a Comment