ആദിപാപം (ഭാഗം-2)

ആദിപാപം (ഭാഗം-1) എന്ന പോസ്റ്റിന്‍റെ തുടര്‍ച്ച

ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞ ഹവ്വയുടെ  മണ്ടന്‍ ആശയങ്ങള്‍ ഒന്നും തന്നെ പ്രായോഗികമല്ലെന്നും ദൈവം അതൊട്ട്‌ വിശ്വസിക്കയില്ലയെന്നും  മനസ്സിലാക്കിയ ആദം, തല്‍ക്കാലം കുറച്ചു  ദിവസത്തേയ്ക്ക് വീട്ടില്‍ നിന്നും മാറി നില്‍ക്കാന്‍ ഒടുവില്‍ തീരുമാനിക്കുന്നു.

" പുള്ളി അന്വേഷിച്ചാല്‍.. ഞാന്‍ ഇവിടെയില്ല,ദൂരെ ഏറണാകുളം എന്ന് പറയുന്ന ഒരു സ്ഥലത്ത് പോയിരിക്കുകയാണ്.വരാനല്‍പ്പം  വൈകും.കണക്കുകളൊക്കെ അപ്പോള്‍ നോക്കാമെന്നോ മറ്റോ പറഞ്ഞാല്‍ മതി. " എന്ന് ഹവ്വയെ ശട്ടം കെട്ടിയതിനു ശേഷം ദൈവം കാണാതെ ഒളിച്ചിരിക്കാന്‍ പറ്റിയ ഒരു സ്ഥലം അന്വേഷിച്ച് നടപ്പ് തുടങ്ങി. ഈ പറയുന്ന പോലെയുള്ള പാര്‍ട്ടി ഗ്രാമങ്ങളൊന്നും  അന്ന് നിലവില്‍ വന്നിട്ടില്ല. ഉണ്ടായിരുന്നെങ്കില്‍ വല്ല പര്‍ദയോ മറ്റോ എടുത്തിട്ട് ആള്‍ മാറാട്ടം നടത്തി ഒരു മൂന്നു നാല് മാസത്തേക്കെങ്കിലും ദൈവത്തെ ഈസിയായി കബളിപ്പിക്കാന്‍ എളുപ്പമായിരുന്നു -സങ്കടത്തോടെ ആദമാച്ചായനോര്‍ത്തു. ഇനി ഇപ്പോള്‍ അതൊന്നും ആലോചിച്ചു വിലപിക്കാന്‍ നേരമില്ല. രക്ഷപെടാന്‍ അടുത്ത വഴിയേതാണെന്നാണ് നോക്കേണ്ടത്.ആദം മെല്ലെ മുപോട്ടു നടന്നു...

സത്യം പറഞ്ഞാല്‍ ഈ ആദമച്ചായന്‍  ഒരു പഞ്ച പാവമാണ്.നിക്കറും മുണ്ടുമൊന്നുമുടുക്കാതെ ഇങ്ങനെ ഊര് തെണ്ടി നടക്കണമെന്ന് പാവം പിടിച്ചവനൊട്ടും  ആഗ്രഹം ഉണ്ടായിട്ടല്ല.പക്ഷേ, നാണം വരണ്ടേ? കുറഞ്ഞ പക്ഷം, തുണിയുടുക്കാതെ ഇങ്ങനെ തേരാപ്പാരാ നടക്കുന്നത് നാണക്കേടാണ് എന്ന് സ്വയം തോന്നുകയെങ്കിലും വേണ്ടേ? അതെങ്ങനാ, ദൈവം ആ വികാരം മാത്രം ആദമിനോ ഹവ്വയ്ക്കോ കൊടുത്തിട്ടില്ലല്ലോ. പാവം..! കാര്യങ്ങള്‍ അങ്ങനെയൊക്കെയാണെങ്കില്‍  പോലും സ്വന്തം നിലയില്‍,  ഒരുപാട് തവണ ആദം നാണം വരുത്താന്‍ നോക്കിയിട്ടുണ്ട്. പക്ഷേ, അപ്പോഴൊന്നും  നാണമൊട്ട്   വന്നില്ലെന്ന് മാത്രമല്ല, വരുത്താന്‍ നോക്കി നോക്കി ഒടുവില്‍, ദേഷ്യവും,അമര്‍ഷവും,സങ്കടവും ഇടകലര്‍ന്ന മറ്റു പല വികാരങ്ങള്‍ കയറി വരികയും ചെയ്തു.ഇനിയും പരീക്ഷിച്ച് ഇളിഭ്യനാവാന്‍ താല്‍പര്യമില്ലാത്തതിനാല്‍, 'ലത് 'വരുത്താന്‍ നോക്കുന്നത്  കുറച്ചു നാളായി അച്ചായന്‍ പെണ്ടിങ്ങില്‍ വച്ചിരിക്കുകയാണ്.

ജന്മനാ 'നാണമില്ലാത്തവന്‍'  എന്ന പേരുണ്ട്. ഈ ദിവ്യ ആപ്പിള്‍ പ്രശ്നത്തില്‍ മാനം കൂടി പോകുമേന്നോര്‍ത്തപ്പോള്‍ അച്ചായന് നന്നേ വിഷമമായി.കൂടുതല്‍ ആലോചിച്ചു നില്‍ക്കാന്‍ സമയമില്ല. എത്രയും പെട്ടെന്ന് എവിടെയെങ്കിലും ഒളിച്ചേ മതിയാകൂ. മണി പതിനൊന്നര ആവുന്നു.പന്ത്രണ്ടു മണി കഴിഞ്ഞാല്‍ ഏത് സമയവും ദൈവത്തിന്‍റെ കാലടി പ്രതീക്ഷിക്കാം.

എവിടെ ഒളിക്കും ???

പെട്ടെന്നാണ് അച്ചായന്‍റെ തലയിലെ ബള്‍ബ് കത്തിയത്.വീട്ടില്‍ നിന്നും ഏകദേശം ഒരു കിലോമീറ്റര്‍ ദൂരെ പുഴയോട് ചേര്‍ന്ന് ഒരു പൊന്തക്കാടുണ്ട്.കര്‍ക്കിടകമാസങ്ങളിലെ കുളിരുള്ള ദിവസങ്ങളില്‍ തണുപ്പകറ്റാനായി ഈ പൊന്തക്കാട്ടില്‍ കയറി  എത്രയോ തവണ ഇരിന്നിട്ടുണ്ട്.പുഴയില്‍ കുളിക്കുന്നവര്‍ക്ക് പോലും കണ്ടു പിടിക്കാന്‍ നന്നേ പ്രയാസമുള്ള സ്ഥലം.ഒളിച്ചിരിക്കാന്‍ പറ്റിയ സ്ഥലം. തലയാട്ടി നില്‍ക്കുന്ന  ചൊറിയണ വള്ളികള്‍   മെല്ലെ ഇടങ്കൈ  കൊണ്ട് വകഞ്ഞു മാറ്റി   അച്ചായന്‍ സാവധാനം ഉള്ളിലേയ്ക്ക് ഊളിയിട്ടു. വാച്ചില്‍ സമയം 10.40 കാണിക്കുന്നു...ഉദ്വേഗ നിമിഷങ്ങള്‍ ഇഴഞ്ഞു നീങ്ങി.ടിക്ക് ടക്ക്..ടിക്ക് ടക്ക്...

ടെന്‍ഷന്‍ കൂടിയാല്‍ അച്ചായന് വയറു കത്തും.അല്പം ഗ്യാസ് ട്രബിള്‍ കൂടിയുള്ള കക്ഷിയാണ്.എത്ര ദിവസങ്ങളില്‍ ഇങ്ങനെ കഴിയേണ്ടി വരുമെന്ന് അച്ചായനോ ചേടത്തിക്കോ ഒരു നിശ്ചയവുമില്ല.ഏതായാലും ഒന്ന് രണ്ടു ദിവസത്തേയ്ക്കുള്ള ആഹാരം ഹവ്വ ചേടത്തി സ്നേഹപൂര്‍വ്വം പാഴ്സല്‍ കൊടുത്തു വിട്ടിട്ടുണ്ട്.നല്ല വിശപ്പ്‌.മെല്ലെ കൂട തുറന്ന് ശരവേഗത്തില്‍ നാലഞ്ച് ആപ്പിളുകള്‍ തിന്നത് മാത്രം അച്ചായനോര്‍മ്മയുണ്ട്.

ശരീരത്തിനാകെ ഒരുന്മേഷം വന്നതുപോലെ......
മഴക്കാലമോന്നും അല്ലാതിരുന്നിട്ടു കൂടി മേലാകെ വല്ലാത്തൊരു കുളിര്.....
പുഴയോരത്തെ  മണല്‍പ്പരപ്പിനെ  തഴുകിക്കൊണ്ടൊരു  തണുത്ത ഇളംകാറ്റ് അച്ചായന്‍റെ ഇരുകാലുകളെയും അല്‍പനേരം വലംവച്ചികിളിയാക്കി കടന്നു പോയി....,

തനിക്ക് ജീവിതത്തില്‍ ആദ്യമായി നാണം വന്നുവെന്ന് മനസ്സിലാക്കിയ ആദം, എന്താണ് തനിക്ക്‌ സംഭവിക്കുന്നതെന്ന് മനസ്സിലാക്കാന്‍ കഴിയാതെ, അല്‍പനേരം  ആ പൊന്തക്കാട്ടിലെ  പാറക്കെട്ടുകളില്‍ കൈകൊടുത്ത് അന്ധാളിച്ച്  നിന്ന് പോയി.അധികനേരം ആലോചിച്ച് നില്‍ക്കുവാന്‍  അച്ചായന് കഴിയുമായിരുന്നില്ല.
കൂടയില്‍ ബാക്കിയിരുന്ന അപ്പിളുകളില്‍ കൂടി ആദമിന്‍റെ കണ്ണുകള്‍ ഉടക്കി....

സിരകളില്‍  തീ പടരുന്നു...
ചിന്തകള്‍ ഇളകി....
പൊന്തക്കാടിളകി....
ആ കാടാകെയിളകി....

"ഹവ്വാക്കാ ....ഹവ്വാക്കാ ........"

ആദ്യമായി പുഷ്പിണിയായ സന്തോഷം എട്ടു ദിക്ക് പൊട്ടുമാറുച്ചതില്‍ വിളിച്ചുകൂവിക്കൊണ്ട് അച്ചയാന്‍  തുണിയുടുക്കാതെ,  വായൂ വേഗത്തില്‍,  വീടിനെ ലക്ഷ്യമാക്കി നാണത്തോടെ ഓടി.

കിനിഞ്ഞിറങ്ങിയ സൂര്യരശ്മികളില്‍ തട്ടി ഓട്ടത്തിനിടയിലും  ആ മുഖത്ത് നാണം മിന്നി മറയുന്നത് കാണാമായിരുന്നു...
(തുടരും....)

No comments

Post a Comment