ജര്‍മ്മന്‍ ഷെപ്പേര്‍ടിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണം :പാണ്ടന്‍ നായ


കണ്ടന്‍ പൂച്ച മുഖ്യമന്ത്രിയായിരിക്കുന്ന മൃഗ മന്ത്രിസഭയില്‍ സിറ്റിയില്‍ നിന്നും ജയിച്ചു നില്‍ക്കുന്ന ജര്‍മ്മന്‍ ഷെപ്പേര്‍ടിനെ കൂടി ഉള്‍പ്പെടുത്തണമെന്നാണ് തന്‍റെ ആഗ്രഹമെന്ന് ശുനക സഭാ മേഖലാ സെക്രട്ടറി പാണ്ടന്‍ നായ ആവശ്യപ്പെട്ടു.'നിങ്ങള്‍ക്കുമാകാം കഷണാധിപന്‍' -പരിപാടിയില്‍ പങ്കെടുക്കവെയാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്.പരിപാടിയുടെ പ്രസക്ത ഭാഗങ്ങളിലേയ്ക്ക്.

' പാണ്ടന്‍ സാര്‍.,താങ്കള്‍ ജര്‍മ്മന്‍ ഷെപ്പേര്‍ടിനെ മന്ത്രിസഭയില്‍ എടുക്കണം എന്നിപ്പോള്‍ ആവശ്യപ്പെടുന്നതിന് പിന്നില്‍ എന്താണ്?
-ഷെപ്പേര്‍ട് നല്ല കഴിവുള്ളയാളാണ്.അയാള്‍ ഇങ്ങനെ ഒഴിഞ്ഞു മാറി നില്‍ക്കുന്നത് ശരിയല്ല.മന്ത്രിസഭയിലുള്ള അയാളുടെ പ്രാധിനിത്യം എല്ലാ മൃഗങ്ങളും ഒന്നടങ്കം ആഗ്രഹിക്കുന്നു.മാത്രവുമല്ല,ഈയിടെയായി പച്ചത്തവളകളുടെ എണ്ണം മന്ത്രിസഭയില്‍ ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്.അങ്ങനെ നോക്കുമ്പോള്‍ ഷെപ്പേര്‍ട് ഇനി മാറി നില്‍ക്കുന്നത് ശരിയല്ല-

'പച്ചത്തവളകളോട് താങ്കള്‍ക്ക് അല്പം അസ്വാരസ്യം ഉണ്ടെന്നു തോന്നുന്നു.ശരിയാണോ?'
-ഒരിക്കലുമില്ല.ഞങ്ങളുടെ ആള്‍ക്കാരെ തെരുവോരങ്ങളില്‍ എവിടെ ചെന്നാലും കാണാന്‍ കഴിയും.എന്നാല്‍, വയലുകളില്‍ മാത്രം കാണപ്പെടുന്ന,എണ്ണത്തില്‍ കുറവായ  ഒരു ജീവിക്ക് മന്ത്രി സഭയില്‍ ആവശ്യത്തില്‍ കൂടുതല്‍ പ്രാധിനിത്യം കൊടുക്കുന്നതു ശരിയാണോ? അതിനെ മാത്രമേ ഞങ്ങള്‍ ചോദ്യം ചെയ്തിട്ടുള്ളൂ-

'കണ്ടന്‍ പൂച്ചയുടെ ഭരണം സുതാര്യമല്ലെന്നുണ്ടോ?'അദ്ദേഹം മാറി, പകരം ഷെപ്പേര്‍ട് വന്നാല്‍ താങ്കള്‍ അതിനെ സ്വാഗതം ചെയ്യുമോ?
-താങ്കള്‍ കരുതുന്നത് പോലെ പൂച്ചകള്‍ ഞങ്ങളുടെ വര്‍ഗ്ഗ ശത്രുക്കളൊന്നുമില്ല.എല്ലാ മൃഗങ്ങളും ഞങ്ങള്‍ക്കൊരുപോലെയാണ്.ആരോടും പ്രത്യേകിച്ച് ഒരു മമതയുമില്ല. പിന്നെ.,ഈ ഷെപ്പേര്‍ട് എനിക്കറിയാവുന്നിടത്തോളം കഴിവുള്ള, ഊര്‍ജ്ജസ്വലനായ, സല്‍സ്വഭാവിയായ ഒരു നല്ല പയ്യനാണ്.ആയാള്‍ വരേണ്ടത് അത്യാവശ്യമാണ്. വന്നാല്‍ ഞങ്ങള്‍ തീര്‍ച്ചയായും സ്വാഗതം ചെയ്യും-

'ശരി.,'നിങ്ങള്‍ക്കുമാകാം കഷണാധിപന്‍-പരിപാടിയിലെ അടുത്ത ചോദ്യത്തിന് ശേഷം നമുക്ക് ബാക്കി തുടരാം.പതിനഞ്ച് എല്ലിന്‍ കഷണത്തിന് വേണ്ടിയുള്ള ചോദ്യമാണ്.ചോദിക്കട്ടെ?'
-അറിയാവുന്നത് ചോദിക്കണം., എങ്കിലേ ഉത്തരം പറയാന്‍ പറ്റൂ-
'കമ്പ്യുട്ടറാണ് സാര്‍ സെലക്റ്റ് ചെയ്യുന്നത്'

ചോദ്യം:-"ഒരു വര്‍ഗ്ഗം,ഒരു ഇനം, ഒരു ദേവന്‍ മൃഗത്തിന്"  അങ്ങനെയെങ്കില്‍ അതേത് വര്‍ഗ്ഗം?
'ഓപ്ഷന്‍സ് തരാം. എ) മൃഗവര്‍ഗ്ഗം ബി)  നാല്‍ക്കാലി വര്‍ഗ്ഗം സി)ഇരുകാലി വര്‍ഗ്ഗം ഡി)മനുഷ്യവര്‍ഗ്ഗം ഇ) ശുനക വര്‍ഗ്ഗം .
'ആലോചിച്ചുത്തരം പറഞ്ഞാല്‍ മതി.ആരോടെങ്കിലും ഫോണ്‍ ചെയ്ത് ചോദിക്കാനോ മറ്റോ ഉണ്ടെങ്കില്‍...

-ഒന്നും ആലോചിക്കാനുമില്ല,ചോദിക്കാനുമില്ല. ഉത്തരം ഇ) ശുനക വര്‍ഗ്ഗം-
'തീര്‍ച്ചയാണോ?'
-തീര്‍ച്ച-
'ഉറപ്പിക്കാമോ?'
-ഉറപ്പിച്ചിരിക്കുന്നു..,ഒന്നും ആലോചിക്കാനില്ല.-


'നമുക്ക് കംപ്യൂട്ടറിനോട് തന്നെ ചോദിക്കാം,അതിനു മുന്‍പായി ഒന്ന് ചോദിച്ചോട്ടെ., പറഞ്ഞു വരുമ്പോള്‍ ഈ ഷെപ്പേര്‍ട്  ഇനം വേറെയല്ലേ,അല്പം മുന്തിയ ഇനം.എന്നിട്ടും താങ്കള്‍ എന്തിനയാളെ ഇത്ര കാര്യമായി പിന്തുണയ്ക്കുന്നു എന്ന് മനസ്സിലാവുന്നില്ല?'

-അറിയാമെന്നെ.,ഇനം വേറെയാണെങ്കിലും മുള്ളുന്നത്‌ ഒറ്റക്കാലിലാണോ അല്ലയോ?.. അത് പറ
'അത് ശരിയാ'
-എന്നാല്‍ തല്ക്കാലം അത്രയും അറിഞ്ഞാല്‍ മതി.ബാക്കി പുറകാലെ അറിയിക്കാം.പാണ്ടന്‍റെ പല്ലിനു പഴയ ശൌര്യം ഉണ്ടോ ഇല്ലയോ എന്ന് ഞാന്‍ അപ്പോള്‍ കാണിച്ചു തരാം.-

No comments

Post a Comment