മൊയലാളിമാരെ ബഹുമാനിക്കാന്‍ പഠിക്കണം:വി എസ്



എല്ലാവരും മാണിസാര്‍ എന്ന് തികച്ച് വിളിക്കുന്ന 'കുഞ്ഞുമാണി' ആരാണ് എന്നാണ് സഖ.വി എസ് ചോദിക്കുന്നത്.ശരിയാണ്., ഞാനും ഇപ്പോഴാണ് അതാലോചിക്കുന്നത്. കേന്ദ്ര മന്ത്രി സഭയില്‍ 'രണ്ടാമന്‍' എന്ന് പലരും വിളിക്കുന്ന ബഹു.ആന്റണി അവര്‍കളെ വിമര്‍ശിക്കാനും മാത്രം കേരളത്തിലെ ഏതോ ഒരു മൂലയില്‍ കിടക്കുന്ന, വെറും പത്തോ പതിനൊന്നോ എം എല്‍ എ മാര്‍ മാത്രമുള്ള 'കുഞ്ഞന്‍ മാണി' വളര്‍ന്നോ എന്നാണ് വി എസിന്‍റെ  സ്വാഭാവികമായ സംശയം. ശരിക്കും പറഞ്ഞാല്‍ വി എസിന്‍റെ  സംശയം നമുക്കത്ര നിസ്സാരമായി തള്ളിക്കളയാനാവില്ല.

ഒന്നാമനെയും രണ്ടാമനെയുമോന്നും വിമര്‍ശിക്കാന്‍ കണ്ണില്‍ കണ്ട ഡൂക്കിളികള്‍ക്ക് യാതൊരു യോഗ്യതയുമില്ല എന്ന് സമര്‍ഥിക്കാന്‍ ശ്രമിക്കുന്ന വി എസ്, യഥാര്‍ഥത്തില്‍ ജുബ്ബയിട്ട കുത്തക മുതലാളിയെ പോലെയാണിപ്പോള്‍ സംസാരിക്കുന്നത്. അംബാനിയെ വിമര്‍ശിക്കാന്‍ ബിര്‍ലയ്ക്കോ, സോണിയാ ഗാന്ധിയെ വിമര്‍ശിക്കാന്‍ എല്‍ കെ അദ്വാനിക്കോ മാത്രമേ ഇനി മുതല്‍ യോഗ്യതയുള്ളൂ എന്നാണദ്ദേഹം പറഞ്ഞു വരുന്നത്. ഇനി ഇതൊന്നുമല്ല, ലോകത്തിലെ ഒന്നാമനെനെന്ന് പലരും വിശേഷിപ്പിക്കുന്ന അമേരിക്കയെ ഒക്കെ കേറി വിമര്‍ശിക്കാന്‍ കേരളത്തിലും ത്രിപുരയിലും ബംഗാളിലും(?) മാത്രം വേരുകളുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എന്ത് യോഗ്യത എന്നോ മറ്റോ ആണോ അദ്ദേഹം മറ്റൊരര്‍ത്ഥത്തില്‍ ചോദിക്കാന്‍ ശ്രമിക്കുന്നത് എന്ന് വേണമെങ്കിലും നമുക്ക് സംശയം തോന്നാം.സത്യത്തില്‍, കുഞ്ഞുമാണിയെയല്ല മറിച്ച്, കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ ഔദ്യോഗിക നയങ്ങളെയും നിലപാടുകളേയുമാണ്  ഈ പ്രസ്താവനയിലൂടെ അദ്ദേഹം ചോദ്യം ചെയ്തിരിക്കുന്നത്. ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ അഭിപ്രായമാണ് ഇനി അറിയേണ്ടത്.

നമ്മുടെ നാട്ടില്‍, കേമനെന്ന് വിശേഷിപ്പിച്ച് നെഞ്ചും  വിരിച്ച് ഞെളിഞ്ഞ് നടന്ന പണ്ടത്തെ കരപ്രമാണിമാരെ വിമര്‍ശിക്കുകയും കൈകാര്യം ചെയ്യുകയും ഒതുക്കുകയും ചെയ്ത്, വളര്‍ന്ന് വന്ന പ്രസ്ഥാനമാണ് കമ്മ്യൂനിസ്റ്റ്കാരുടെത്.എന്നാല്‍ അന്നൊന്നും വെറും ഡൂക്കിലികളായ  തങ്ങള്‍ക്കതിനുള്ള യോഗ്യതയുണ്ടോയെന്ന് സ്വയം വിലയിരുത്താന്‍  താല്‍പ്പര്യം കാണിക്കാത്ത വി എ സിന് ഒരു പക്ഷേ, ഈ വൈകിയ വേളയില്‍, അന്ന് ചെയ്തതൊക്കെ വെറും മണ്ടത്തരമാണെന്ന് തോന്നുന്നുവെങ്കില്‍ അത് കുറ്റബോധം കൊണ്ടാവാനേ വഴിയുള്ളൂ.യാതൊരു അര്‍ഹതയും അവകാശപ്പെടാന്‍ ഇല്ലാത്ത തന്നെപ്പോലെയുള്ള സഖാക്കള്‍  അമേരിക്കയെ പോലെയുള്ള നമ്പര്‍ 1  ശക്തിയെ ഇടയ്ക്കിടയ്ക്ക് തെറി വിളിച്ചതിലെ തമാശകള്‍ ആലോചിച്ച് അദ്ദേഹമിപ്പോള്‍ ശരിക്കും ചിരിക്കുകയാവും.
വി എസ് യഥാര്‍ത്ഥത്തില്‍ ഒരു കമ്മ്യൂനിസ്റ്റുകാരന്‍ തന്നെയാണോ എന്ന് ഞാന്‍ സംശയിക്കുന്നു. സമത്വത്തിന് വേണ്ടി നിലകൊള്ളുന്ന, ഉയര്‍ന്നവനും താഴ്ന്നവനും തമ്മിലുള്ള അകല്‍ച്ച ഇല്ലാതാക്കാന്‍ യജ്ഞിക്കുന്ന പാര്‍ട്ടിയുടെ ഇത്രയും തലമുതിര്‍ന്ന ഒരു നേതാവ്, 'മൊയലാളിയോട് വര്‍ത്തമാനം പറയാന്‍ നീയാരാടാ പുല്ലേ..?' എന്ന് ചോദിക്കുന്ന കാര്യസ്ഥന്‍റെ റോളിലേക്ക് അധ:പതിച്ചിരിക്കുകയാണ്. കൂട്ടത്തില്‍ ചെറിയവന്‍ ഇനി മുതല്‍ ഇവിടെ മിണ്ടിപ്പോവരുതെന്നും, മേലാളന്മാരെ കണ്ടാല്‍ പഞ്ചപുച്ഛമടക്കി, എഴുന്നേറ്റു നിന്ന് തൊഴുതോണം എന്നുമാണോ ഇപ്പോള്‍ കമ്മ്യൂണിസ്റ്റ് നയം? അങ്ങനെ ഒരു നയമാറ്റം വന്നതായി എന്‍റെ അറിവിലില്ല.

ശരിക്കും വി എസിന് എന്താണ് സംഭവിച്ചത്? ഔദ്യോഗിക നേതൃത്വവുമായി ഏറെ നാള്‍ ഉടക്കി നിന്നപ്പോള്‍ ഒരു കുത്തക മുതാളിയുടെ സ്വഭാവം അദ്ദേഹത്തിന് സ്വയം കൈ വന്നതാണോ? അതോ അടുത്തിടെയായി പാര്‍ട്ടി ക്ലാസ്സുകളില്‍ കയറാത്തത് കൊണ്ട് സ്വാഭാവികമായും വന്ന വെറും റാഡിക്കലായ മാറ്റം മാത്രമാണോ? അതോ നന്നായി ഒന്നുന്തിയാല്‍ ഉമ്മച്ചനെ വീണ്ടും താഴെയിറക്കി,  ഒരിക്കല്‍ കൂടി ആ കസേരയില്‍ കയറി ഇരിക്കുന്ന സുഖം ആലോചിച്ചപ്പോള്‍ കമ്മ്യൂണിസ്റ്റ് സിദ്ധാന്തം അല്‍പ നേരത്തേയ്ക്ക് മറന്ന് പോയതാണോ? അതുമല്ല, ഇനി ശരിക്കും വി എസ് ഒരു കുത്തക മുതലാളിയായി മാറിയോ?

'കുഞ്ഞുമാണി' ആരാണെന്നല്ല ശരിക്കും വി എസ് ഇപ്പോള്‍ ആരാണെന്നാണ് ഞാന്‍ ആലോചിക്കുന്നത്.സമയം കിട്ടുമ്പോള്‍ സ്വയം വിശകലനം ചെയ്യുന്നത് അദ്ദേഹത്തിനും ഗുണം ചെയ്യും.

No comments

Post a Comment