ആദം ദു:ഖിക്കുന്നുണ്ടാവുമോ..?


ആദിപാപം (ഭാഗം-1)
ആദിപാപം (ഭാഗം-2) എന്നീ  പോസ്റ്റുകളുടെ  തുടര്‍ച്ച

ജീവിതത്തില്‍ ആദ്യമായി തനിക്ക് നാണം വന്നതറിഞ്ഞ ആദം വീടിനെ വീടിനെ ലക്ഷ്യമാക്കി തിരിഞ്ഞു നോക്കാതെ, നിര്‍ത്താതെ ഓടുകയാണ്...
കല്ലുകളും, പച്ചിലകളും  മരക്കൊമ്പുകളും അച്ചായന്‍റെ പാദങ്ങളുടെ കരുത്തറിഞ്ഞു. വഴിയില്‍ കാണുന്നതെല്ലാം  ചവിട്ടി മെതിച്ചുകൊണ്ട്  വര്‍ദ്ധിത നാണത്തോടെ, വീര്യത്തോടെ ഉസൈന്‍ ബോള്‍ട്ടിനെ പോലെ അങ്ങനെ കുതിക്കുകയാണ്. കുപ്പിച്ചില്ലുകള്‍  പോലും ആ  ബലിഷ്ഠമായ പാദങ്ങളുടെ ഇടയില്‍ പെട്ട് നിര്‍ദയം ഞെരിഞ്ഞമര്‍ന്നു....

അങ്ങോട്ടു പോയതിനേക്കാള്‍ ദൂരം അല്പം കൂടുതലുണ്ടോ എന്നുപോലും ആ ഓട്ടത്തിനിടയില്‍ ഒരു വേള അച്ചായന്‍ ശങ്കിച്ചു.
വീടടുക്കുന്തോറും മുഖത്ത് നാണം അങ്ങനെ ഏറി വരികയാണ്.നാണം കൂടാതെ മറ്റൊരു വികാരവും കൂടി ഇടയ്ക്കിടയ്ക്ക് ആ മുഖത്ത് മിന്നിമായുന്നുണ്ടോ എന്നൊരു സംശയവും ഇല്ലാതില്ല.പൊന്തക്കാട്ടില്‍ കയറിയപ്പോള്‍ ചൊറിയണ ഇലകളോട് കാണിച്ച ജാഗ്രതയോ ബഹുമാനമോ, കാടിളക്കി കൊണ്ട് പാഞ്ഞിറങ്ങി ഓടിയപ്പോഴും കാണിച്ചിരുന്നെങ്കില്‍ ഒരു പക്ഷേ,  ആ സ്പെഷ്യല്‍ വികാരം അച്ചായന്‍റെ മുഖത്തങ്ങനെ വിരിയുകയില്ലായിരുന്നു.
എന്തെങ്കിലുമാട്ടെ , അതൊന്നും ശ്രദ്ധിക്കാന്‍ ഇപ്പോള്‍ സമയമില്ല.

സമയം 11.55.AM
പൂമുഖത്തെത്തിയതോടെ അച്ചായന്‍ മെല്ലെ  ഓട്ടം മതിയാക്കി. സാധാരണയായി,  കാലത്ത് എവിടെയെങ്കിലും അലഞ്ഞു നടന്നിട്ട് സന്ധ്യാസമയം വന്നു കയറുമ്പോള്‍ വിളക്ക് കൊളുത്തി സ്വീകരിക്കുന്നയാളാണ്. താന്‍ ഇത്ര ബഹളമൊക്കെ വച്ച് വന്നിട്ടും,ചേടത്തിയെ പുറത്തു കാണാത്തതില്‍ അച്ചായന് അല്പം നിരാശ തോന്നി.ഭയവും.[ നിരാശയും ഭയവുമൊക്കെ തോന്നുന്നുണ്ടെങ്കിലും പുള്ളിയുടെ നാണം ഇതേവരെ മാറിയിട്ടില്ല, ഗള്ളന്‍!]
ഇറങ്ങി വന്നില്ലെങ്കിലും വേണ്ടീല്ല. ഇതും തന്‍റെ വെറും തോന്നലാണെന്ന് വല്ലോം ചാടി കേറി പറഞ്ഞു കളയുമോ എന്നദ്ദേഹത്തിന് പരിഭ്രമമായി.

എന്തും വരട്ടെ.., കതക് തള്ളിത്തുറന്നച്ചായന്‍ അകത്തേയ്ക്ക് കയറി.ചുറ്റിനും കണ്ണോടിച്ചു.
ഹവ്വയെവിടെ....???
നിരവധി ഒഴിഞ്ഞ ആപ്പിള്‍ കൂടകള്‍ക്ക് അവിടാകെ ചിന്നിച്ചിതറി കിടപ്പുണ്ടായിരുന്നു..!!

സമയം 1.15 PM
 എവിടയോ കറങ്ങാന്‍ പോയ ആദം തിരിച്ച് വരുന്നതും നോക്കി ചാരുകസേരയില്‍ കാത്തിരുന്ന് അല്പം മയങ്ങിപ്പോയ ദൈവം ഞെട്ടിയുണര്‍ന്നു.വന്നിട്ടേറെ നേരമായിരിക്കുന്നു..പോയിട്ട് പിടിപ്പത് പണിയുണ്ട്.അവനിനി എപ്പോള്‍ വരാനാണ്? അടുത്തയാഴ്ച്ചയോ മറ്റോ കാണാമെന്ന് തീരുമാനിച്ച അദ്ദേഹം  മെല്ലെ പോകാനൊരുങ്ങി.

നല്ല കത്തുന്ന വെയില്‍...
കാലന്‍ കുട നിവര്‍ത്താന്‍ തയാറെടുക്കവേ,  പെട്ടെന്നാണ് വീടിനകത്തോരനക്കം ശ്രദ്ധിച്ചത്.ഇനി,വല്ല കള്ളനോ മറ്റോ ആണോ? വാതില്‍ പഴുതിലൂടെ ശബ്ദമുണ്ടാക്കാതെ അദ്ദേഹം അകത്തേയ്ക്ക് നോക്കി.
ആദമിന്‍റെ നാണമൊക്കെ എപ്പഴേ മാറിയിരുന്നു.
എന്നാല്‍ അകത്തേയ്ക്ക് നോക്കിയ ദൈവത്തിന് നാണിച്ച് മടങ്ങാനായിരുന്നു വിധി...
പല കഷണങ്ങളായി നുള്ളിക്കീറിയ ആപ്പി
ളിന്‍റെ കണക്കുകള്‍ എഴുതിയ തുണ്ട് കടലാസ് കാറ്റത്ത്‌ പറന്ന് പൊങ്ങുമ്പോള്‍ ആപ്പിള്‍  മരങ്ങളുടെ ഇടയിലൂടെ തല കുമ്പിട്ട്‌ ആരോടുമൊന്നും  ഉരിയാടാതെ  അദ്ദേഹം തെല്ലു നാണത്തോടെ ഊറിച്ചിരിച്ചു കൊണ്ട് ദൂരേയ്ക്ക് നടന്നകന്നു.....
...............................
എനിക്കിനിയും മനസ്സിലാവാത്ത ചില കാര്യങ്ങളുണ്ട്

1.ദൈവത്തിന്  നേരത്തെ തന്നെ ഇവര്‍ക്ക് നാണം അങ്ങ് കൊടുത്തുകൂടായിരുന്നോ? അതോ ഈ നാണം ഇത്ര മോശപ്പെട്ട കാര്യമാണോ?

 2.നാണം എന്ന വികാരം കൊടുക്കാതെ ആദാമിന് തുണയായി ഒരു സ്ത്രീയെ സൃഷ്ട്ടിച്ചാക്കിയതിന്റെ ഉദ്ദേശമെന്ത്?വെറുതെ ഉറുമ്പോട്ടിയും വാങ്കും സാറ്റും കളിച്ചിരിക്കാനോ ?

3.ചെയ്യരുത് എന്ന് പറയുന്നത് ചെയ്യാന്‍ പൊതുവേ ഉല്‍സാഹമുള്ള ആ പാവം മനുഷ്യരുടെ മുന്‍പില്‍ കൊതിയൂറുന്ന ഒരാപ്പിള്‍ മരം ഉണ്ടാക്കി വച്ചിട്ട്,ഇത് മാത്രം എടുക്കരുത് തൊടരുത് എന്നൊക്കെ  പറഞ്ഞ് അവരെ മനപ്പൂര്‍വ്വം പ്രകോപിപ്പിച്ച് തെറ്റ് ചെയ്യിപ്പിച്ചതിന് ഏദന്‍ തോട്ടത്തില്‍ ആയതു കൊണ്ട് രക്ഷപെട്ടു.ഇങ്ങ് കേരളത്തിലോ മറ്റോ ആയിരുന്നെങ്കില്‍ പ്രേരണാ കുറ്റത്തിന് ദൈവം അഴിയെണ്ണിയേനെ.

4.യഥാര്‍ത്ഥത്തില്‍ ഏദന്‍ തോട്ടത്തില്‍ നിന്നും പുറത്താക്കിയതില്‍ ആദം ദുഖിക്കുന്നുണ്ടാവുമോ? അതിനു പകരം നാണം കിട്ടിയതില്‍ സന്തോഷിക്കുകയല്ലേ ചെയ്തിട്ടുണ്ടാവുക?

No comments

Post a Comment