വറീതിന്‍റെ വ്യഥകള്‍- (ഒരു അവാര്‍ഡ്‌ മൂവി) [Worries of Wareeth]


(കഥാസാരം)
പണ്ടിവിടെ സമൃദ്ധിയായി നെല്ല് വിളഞ്ഞു കിടന്നിരുന്ന സ്ഥലമാണ്.നെല്ലിനിടയിലൂടെ ഓടി നടക്കുന്ന കുളക്കോഴികളും, പിന്നെ കൊക്കും, ഞണ്ടും, പച്ച തവളകളും. നെല്ല്തിന്നാന്‍ കൂട്ടത്തോടെ വരുന്ന പ്രാവും, മാടത്തയും,പച്ചക്കിളികളും അത് വേറെ.......വറീത് ഓര്‍മ്മകള്‍ അയവിറക്കി ...

നെല്ല് കൊയ്യാന്‍ വരുന്ന പല കളറിലുള്ള മുണ്ടും ബ്ലൌസുമിട്ട പലതരം പെണ്ണുങ്ങള്‍...,നെല്ല് കൊയ്ത്തെന്നാല്‍  ഒരു ഉത്സവം തന്നെയാണ്. ആ ഉത്സവം ആസ്വദിച്ച് കൊണ്ടന്നൊക്കെ  എത്ര തവണ ആ വരമ്പിന്‍റെ  അറ്റത്ത്‌ കൂടി ഒഴുകുന്ന നീര്‍ച്ചാലില്‍ അങ്ങനെ കാലിട്ടിളക്കി കാറ്റ് കൊണ്ടിരുന്നിട്ടുണ്ട്...പാടത്ത്പണി എടുക്കുന്നവര്‍ക്ക് തളര്‍ച്ച വരാതിരിക്കാന്‍ മകരക്കൊയ്ത്ത്, കന്നിക്കൊയ്ത്ത്  തുടങ്ങിയ കവിതകള്‍ എത്ര തവണ പാടിക്കൊടുതിരിക്കുന്നു..., ഇന്നും ഓര്‍ക്കുമ്പോള്‍ വറീതിന്  രോമാഞ്ചമാണ്;നഷ്ടബോധമാണ്. ഒരിക്കലും തിരിച്ചുവരാത്ത ആ നല്ല നാളുകള്‍...

ഇന്നിവിടെ ഉത്സവമില്ല, മാടത്തയില്ല, കൊയ്യാന്‍ പാടങ്ങളുമില്ല; പെണ്ണുങ്ങളുമില്ല. ഏതെങ്കിലും പാടം എവിടെയെങ്കിലും ബാക്കിയുണ്ടെങ്കില്‍ തന്നെ,കന്നിക്കൊയ്ത്ത് നടത്താന്‍ തുലാവര്‍ഷം കഴിയാറാവുംബോഴെയ്ക്കും വല്ല കൊയ്ത്തു മെഷീനുമായി ഏതെങ്കിലും അലവലാതിയായിരിക്കും വരിക. കയ്പ്പും മധുരവും നിറഞ്ഞ ആ ഓര്‍മ്മകള്‍ അയവിറക്കിക്കൊണ്ട് പഴയ കാലത്തേയ്ക്ക് ഒരു മടങ്ങിപ്പോക്ക് നടത്തുന്ന ആ വറീതിന്‍റെ   കഥയാണിത്. അയാളുടെ ജീവിത വ്യഥകളുടെ കഥയാണിത്. അയാളുടെ നഷ്ടബോധങ്ങളുടെ മാത്രം കഥയാണിത്. ഈ കഥ സിനിമയാക്കാനാണ്  കെ വി ചന്ദ്രപ്പനെന്ന പ്രശസ്ത അവാര്‍ഡ്‌ സംവിധയാകാന്‍ തയ്യാറെടുക്കുന്നത്...
-------**------------
(ഇനി ഈ കഥയുടെ സിനിമാ നിര്‍മാണ പ്രക്രിയയിലൂടെ സംവിധയകനോടൊപ്പം നമുക്ക് അല്‍പ ദൂരം നടക്കാം) :-
കണ്ണെത്താദൂരം അങ്ങനെ പരന്നു കിടക്കുന്ന ഊഷരമായ പാടഭൂമി. അതിരാവിലെ എഴുന്നേറ്റ്  ഒരു കട്ടന്‍ ചായയുമടിച്ച്, ആ പാടത്തിന്‍റെ ഒരറ്റത്ത് നിന്നും  ക്യാമറയുമായി ഒരാളും(ക്യാമറാമാന്‍) അയാളുടെ പുറകെ തൊപ്പി വച്ച  ഭ്രാന്തനെപ്പോലെ മുടി നീട്ടി വളര്‍ത്തിയ ഒരു ജുബ്ബാക്കാരനും (സംവിധായകന്‍), അഞ്ചേക്കറോളം  വരുന്ന ആ ഊഷര ഭൂമിയുടെ എല്ലാ മനോഹാരിതയും ഒപ്പിയെടുത്ത് ഒരറ്റത്ത് നിന്നും മറ്റേയറ്റത്തെയ്ക്ക് അങ്ങനെ വച്ചടി വച്ചടി  നീങ്ങുകയാണ്.കണ്ണില്‍ കാണുന്നതെല്ലാം അന്നേരമന്നേരം  പിടിച്ചോണം എന്നാണ് ക്യാമറാമാന് ജുബ്ബയില്‍ നിന്നും കിട്ടിയിരിക്കുന്ന നിര്‍ദേശം. പേരിനെങ്കിലും  ഒരു കിളിക്കുഞ്ഞു പോലും ഇല്ലാത്ത സ്ഥലം...അബദ്ധത്തില്‍ ആ വഴിയിലൂടെ ഏതെങ്കിലും കാക്കയോ മറ്റോ പറന്ന് പോയാല്‍ "പിടിച്ചോടാ ..പിടിച്ചോടാ"എന്നും പറഞ്ഞ്‌  തൊപ്പിക്കാരാന്‍ വലിയ ബഹളമാണ്. വേറൊരു പ്രത്യേകത എന്താണെന്ന് വച്ചാല്‍ ഈ പടത്തിന് പ്രത്യേകിച്ച് എഡിറ്ററെ വച്ചിട്ടില്ല എന്നുള്ളതാണ്. താന്‍ എടുക്കുന്നതില്‍ ഒരിഞ്ചുപോലും മുറിച്ചു മാറ്റാന്‍ ഇല്ലാത്തതിനാല്‍ അങ്ങനെയോരാളുടെ ആവശ്യം വരുന്നില്ല എന്നാണ് നമ്മുടെ തൊപ്പിക്കാരന്‍ പറയുന്നത്.

 മണി പതിനോന്നായെങ്കിലും രണ്ടേക്കര്‍ പോലും ഇത് വരെ കവറ് ചെയ്തിട്ടില്ല. ആയതിനാല്‍, അല്പം കൂടി സ്പീഡ് കൂട്ടി, അവിടെ കാണുന്നതെല്ലാം പിടിച്ച് പിടിച്ച്   ആ ഊഷര ഭൂമിയിലൂടെ അവരങ്ങനെ മുന്നേറിക്കൊണ്ടിരുന്നു. അങ്ങനെ നീങ്ങവേ, പാട്ട് പാടി ഭിഷയെടുത്ത്  ജീവിക്കുന്ന ഒരു തമിഴന്‍ എവിടോ നിന്നോ  അവരുടെ മുന്‍പില്‍ പെടാന്‍ ഇടയായി. കണ്ടാലെ അറിയാം, അയാള്‍ക്ക് നല്ല ക്ഷീണമുണ്ട്‌. അവരെ കണ്ടതും, വല്ലതും തടയും എന്ന പ്രതീക്ഷയില്‍, ആ ഭിക്ഷാംദേഹി ഹാര്‍മോണിയം എടുത്ത്‌ വായിക്കാന്‍ തുടങ്ങി. എന്നാല്‍, ഇമ്മാതിരി വൃത്തികെട്ട ഒച്ചകള്‍ അലര്‍ജിയായ തൊപ്പിക്കാരന്‍,  അബദ്ധത്തില്‍ ഇത്തരം മ്യൂസിക്‌ ഇടയ്ക്ക് കേറി വന്ന്  സിനിമയുടെ ഒരു ഫ്ലോ കളയാതിരിക്കാനായി  മൂന്നാല് ഉരുളന്‍ കല്ലുകള്‍ തപ്പിയെടുത്തു അയാളെ അവിടുന്ന് തുരത്തി വിടുകയാണുണ്ടായത്..പാവം പിടിച്ചവന്‍ ജീവനും കൊണ്ടോടിയത് അയാള്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. ഊഷര ഭൂമിയില്‍ നിന്നും വെളിച്ചം തേടി ഓടുന്ന ഒരു ജനതയുടെ സിംബലായി അതിനെ ചില ബുദ്ധി ജീവി നിരൂപകര്‍ വിലയിരുത്തും എന്നോര്‍ത്തപ്പോള്‍ ചന്ദ്രപ്പന്റെ ചുണ്ടില്‍ ഒരു ചിരി പടര്‍ന്നു.

തന്‍റെ വ്യഥകള്‍ ഇപ്പൊ പിടിക്കും ഇപ്പൊ പിടിക്കും എന്ന് കരുതി വറീത് (നടന്‍ ഗോപകുമാര്‍)അടുത്തുള്ള പാടത്തിന്‍റെ ഇങ്ങേയറ്റത്തുള്ള ഒരു ചെറ്റക്കുടിലില്‍, തൊപ്പിക്കാരന്‍ മടങ്ങിവരുന്നതും കാത്തിരുന്ന് അല്പം മയങ്ങിപ്പോയി. ഒടുവില്‍ രാത്രി  ഒന്‍പതരയോട് കൂടി ജുബ്ബയും ക്യാമറയും മടങ്ങി വന്നു. വറീതിനെയും കൂട്ടി കിണറിരിക്കുന്ന  ഭാഗത്തേയ്ക്ക് നീങ്ങുകയും കിണറിലേക്ക് തന്നെ നിര്‍വികാരനായി നോക്കി നില്‍ക്കാന്‍ വറീതിനോടവശ്യപ്പെടുകയും ചെയ്തു. വറീത് അപ്രകാരം ചെയ്തു. രാത്രിയുടെ ഇരുണ്ട വെളിച്ചത്തില്‍ ജുബ്ബാ ആ രംഗം ക്യാമറയില്‍  പകര്‍ത്തിയെടുത്തു.
എവിടെ നിന്നോ എന്തിനെന്നില്ലാതെ ഒരു നായ നിര്‍ത്താതെ കുരയ്ക്കുന്നത് കേള്‍ക്കാമായിരുന്നു....

(അവിടെ തീരുന്നു വറീതിന്‍റെ വ്യഥകള്‍ എന്ന സിനിമ)

ജുബ്ബ: " എടൊ നാളെ തന്നെ ഇത് അവാര്‍ഡ്‌ കമ്മിറ്റിക്ക്, അങ്ങനെ തന്നെ അയച്ചു കൊടുത്തേരെ. ഡോക്യുമെന്‍ററിയല്ല , ഫീച്ചര്‍ വിഭാഗത്തില്‍ ആണെന്ന് അവന്മാരോട് പ്രത്യേകം പറയണം. കഴിഞ്ഞ തവണ കമ്മിറ്റിയില്‍ ഉണ്ടായിരുന്ന  ഒരു തിരുമണ്ടന് പറ്റിയ അബദ്ധം ഇത്തവണ ഉണ്ടാവാന്‍ പാടില്ല"

No comments

Post a Comment