അമ്മായിയപ്പന്‍ തോറ്റു;കാമുകന്‍ ജയിച്ചു!


ഞങ്ങളുടെ നാട്ടില്‍ ഈ കഴിഞ്ഞ മാസമാണ് വിവാഹത്തിന്‍റെ പിറ്റേന്ന് ഭര്‍ത്താവിനെ ടോയിലെറ്റില്‍ ഇട്ടു പൂട്ടി കല്യാണത്തിന് കിട്ടിയ 101 പവന്‍ സ്വര്‍ണവുമായി ഒരു പെണ്‍കുട്ടി കാമുകനോടൊപ്പം കടന്നു കളഞ്ഞത്.പാവം പിടിച്ചവന്‍ കാലത്തേ എഴുന്നേറ്റ് ഒന്ന് കുളിച്ചു ഫ്രെഷായി വന്ന് അടുത്ത കലാപരിപാടികള്‍ തുടങ്ങാം എന്നൊക്കെ മനസ്സില്‍ കണ്ട് അല്‍പ നേരം മധുര സ്വപ്‌നങ്ങള്‍ ഒക്കെ കണ്ട്, സമയമെടുത്ത്‌ നല്ല ഭേഷായി കുളിച്ചതിനു ശേഷം വാതില്‍ തുറക്കാന്‍ നേരമാണ് പണി കിട്ടിയ വിവരം മനസ്സിലായത്‌.പെണ്‍ കുട്ടിയെ കാണ്മാനില്ല എന്ന് പറഞ്ഞ് ഭര്‍ത്താവും വീട്ടുകാരും പോലീസില്‍ ചെന്ന് പരാതിപ്പെട്ടെങ്കിലും, സ്വന്തം ഇഷ്ടപ്രകാരമാണ് പോയതെന്നും, കാമുകന്‍റെ കൂടെ പോകാന്‍ പദ്ധതിയുണ്ടെങ്കില്‍ സ്വര്‍ണം പോയിട്ട് പത്തു നയാ പൈസ തരുകേല എന്ന് വീട്ടുകാര്‍ വാശി പിടിച്ചതിനെ തുടര്‍ന്നാണ് ഒളിച്ചോട്ടം കല്യാണത്തിന്‍റെ  പിറ്റേ ദിവസത്തേയ്ക്ക് മാറ്റി വയ്കാന്‍ രണ്ടു പേരും ചേര്‍ന്ന് പദ്ധതി തയ്യാറാക്കിയതെന്നും പെണ്‍കുട്ടി പോലീസില്‍ പറഞ്ഞതായും പത്രത്തില്‍ വായിച്ചറിഞ്ഞു.

പെണ്‍ ബുദ്ധി = പിന്‍ ബുദ്ധി എന്നൊക്കെ  പഴയ കാലത്ത് ചില വിവരമില്ലാത്ത ആള്‍ക്കാര്‍ പറയുമായിരുന്നു. എന്നാല്‍ പിലക്കാലത്ത് അത് മുന്‍ ബുദ്ധിയാണെന്നും, ഇപ്പോഴത്‌ ശരിക്കും   പൊന്‍ബുദ്ധി കൂടിയാണെന്നും അക്ഷരാര്‍ത്ഥത്തില്‍  ഏവര്‍ക്കും ഇതോടെ ബോധ്യപ്പെട്ടിരിക്കുകയാണ്. കാലം മാറി മാറി വന്നിട്ടും, ഇക്കാലത്തും കാമുകന്മാര്‍ക്കും കാമുകിമാര്‍ക്കും വലിയ സ്വീകരണങ്ങള്‍ സ്വന്തം വീടുകളില്‍ ലഭിക്കുന്നില്ല എന്നതൊരു വസ്തുതയാണ്..ഈ മാതാപിതാക്കളെല്ലാം  എന്താ ഇങ്ങനെ മനുഷ്യപ്പറ്റില്ലാതെ പെരുമാറുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല.സ്നേഹമാണ് എല്ലാത്തിലും വലുതെന്നു വീട്ടിലും സ്കൂളിലും ഒക്കെ പഠിപ്പിക്കുമ്പോഴും, കാമുകന്മാരുടെയും കാമുകിമാരുടെയും സ്നേഹത്തിനും മറ്റും പല വീടുകളിലും യാതൊരു വിലയും കല്‍പ്പിക്കുന്നില്ല എന്നതാണ് എന്നെ അതിശയിപ്പിക്കുന്നത്!!.., നമ്മുടെ നാട്ടുകാരുടെ നോട്ടത്തില്‍ അവരൊക്കെ തെറ്റുകാരും,ധിക്കാരികളും,പോക്ക് കേസുകളുമാണ്.ഏതായാലും ശരി, ബുദ്ധിയില്ലാതെ പ്രവര്‍ത്തിച്ച വീട്ടുകാരുടെ മാനവും പോയി, മകളും പോയി, അതിലെല്ലാം ഉപരി സ്വര്‍ണവും പോയി...

എന്നാല്‍ കല്യാണ ദിവസത്തില്‍ ചെന്ന് വെറുതെ അലമ്പുണ്ടാക്കാതെ ബുദ്ധി പൂര്‍വ്വം കളിച്ച കാമുകന് കിട്ടിയതോ, പത്തരമാറ്റ് തങ്കത്തില്‍ പൊതിഞ്ഞു നിര്‍ത്തിയ ഒരു തങ്കക്കുടത്തിനെ തന്നെ. ദുരഭിമാനം വച്ച് കൊണ്ടിരുന്നെങ്കില്‍ ഇന്ന് അവര്‍ രണ്ടും പട്ടിണി ആയിപ്പോയേനെ. ഇതിപ്പോള്‍ പൈസ രണ്ടേകാല്‍ കോടിയല്ലേ ഒരൊറ്റ ദിവസത്തെ അട്ജെസ്റ്റ്മെന്ടില്‍ നൈസ് ആയിട്ട് ഇങ്ങു പോന്നത്.

പിന്നെ,  ചിലവമാര് അവിടെയും ഇവിടെയുമൊക്കെ വേണ്ടാതീനം പറഞ്ഞോണ്ട് നടക്കുന്നുണ്ട്.അവരോടെല്ലാം തുറന്നങ്ങ് പറഞ്ഞേക്കാം.സ്വര്‍ണം ഒരു ദിവസത്തേയ്ക്ക് ഇനി വേറൊരു ബാങ്കില്‍ ഇരുന്നതിന്‍റെ  പേരില്‍  എന്തെങ്കിലും രീതിയുലുള്ള തേയ്മാനം വന്നിട്ടുണ്ടെങ്കില്‍  പോലും തങ്കം തങ്കമല്ലാതാകുമോ? ഒന്നുരച്ചു  നോക്കിയെന്നും വച്ച് സ്വര്‍ണത്തിന് ഇതേ വരെ ഒന്നും പറ്റിയതായി ലോകത്തൊരിടത്തും റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ല, മാത്രവുമല്ല ഉരച്ചാല്‍ അതിന്‍റെ മാറ്റ് ഒന്നൂടി കൂടുകയും ചെയ്യും. ഇനി അഥവാ, അല്പം പണിക്കുറവു വന്നാലും ഞങ്ങളങ്ങു സഹിച്ചു.അല്ല പിന്നെ!.കാമുകന്മാരോടാ കളി!!.

1 comment