സ്വര്‍ണ്ണം വില്‍ക്കുന്നവരെ എന്ത് ചെയ്യണം??


സ്വര്‍ണം കായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്ക് ചാഞ്ഞാല്‍ മുറിക്കണം എന്ന് പറഞ്ഞത് ആണുങ്ങള്‍ ആരെങ്കിലും ആവാനേ വഴിയുള്ളൂ. പുരയ്ക്ക് ചാഞ്ഞാല്‍ അതില്‍ കയറിയോ അല്ലെങ്കില്‍ തോട്ട വച്ചോ സ്വര്‍ണ്ണം മുഴുവന്‍ പറിച്ചെടുക്കാന്‍ സൌകര്യമായല്ലോ എന്ന് മാത്രമേ സ്ത്രീകള്‍ ചിന്തിക്കുകയുള്ളൂ. സ്വര്‍ണ്ണ വില അങ്ങനെ കൂടി കൂടി ഓരോ ദിവസവും സര്‍വകാല റെക്കോര്‍ഡ്‌ ഇടുന്ന വാര്‍ത്ത‍ പറഞ്ഞു പറഞ്ഞു ന്യൂസ്‌ റീഡര്‍മാര്‍ പോലും മടുത്തിട്ടും, കൊച്ചമ്മമാര്‍ക്ക് സ്വര്‍ണ്ണത്തോടുള്ള കമ്പം ദിനംപ്രതി വര്‍ധിച്ചു വരികയാണ്. ഭാര്യയോടൊപ്പം സ്വര്‍ണ്ണക്കടയുടെ മുന്‍പില്‍ കൂടി പോകുമ്പോള്‍ ചില അച്ചായന്മാര്‍ക്ക്‌ അറിയാതെ ബി പി കൂടി വരുന്നത് ഇപ്പോള്‍ സാധാരണ കണ്ടു വരാറുള്ള ഒരു പ്രതിഭാസം മാത്രം ആണെന്നും, അതിനാല്‍ തന്നെ ഭയപ്പെടേണ്ട ആവശ്യം ഒന്നുമില്ലെന്നും ഡോ.നൈനാന്‍ ഫിലിപ്പ് ഇന്നലെ കൊച്ചിയില്‍ പറഞ്ഞു.

സുരക്ഷിത നിക്ഷേപം എന്ന നിലയിലാണ് പലരും സ്വര്‍ണ്ണം വാങ്ങിക്കൂട്ടുന്നത്. അവരില്‍ പലരും ധരിച്ചു വച്ചിരിക്കുന്നത്,എപ്പോള്‍ വേണമെങ്കിലും ആവശ്യം വരുമ്പോള്‍ അത് വിറ്റ് ഏതാണ്ടൊക്കെ പുളുത്താമെന്നാണ്.മണ്ടന്മാര്‍ എന്നല്ലാതെ അവരെ എന്ത് വിളിക്കാന്‍! സ്വര്‍ണ്ണക്കടകളില്‍ നിന്ന് പൊതുവേ സ്വര്‍ണ്ണം വാങ്ങിക്കാം എന്നല്ലാതെ അത് വില്‍ക്കുവാന്‍ സാധ്യമല്ല. വേണമെങ്കില്‍ കുറച്ചു കാശും കൂടി അങ്ങോട്ട്‌ കൊടുത്തു വേറെ മാറ്റിയെടുക്കാം.സ്വര്‍ണ്ണം വില്‍ക്കാന്‍ പറ്റിയ കടകള്‍ അന്വേഷിച്ചു ഞാന്‍ കുറെ നടന്നു.ആരും അങ്ങനെ ഒരു കട നടത്തുന്നില്ല എന്ന് സ്വര്‍ണ്ണം വാങ്ങുന്ന മണ്ടന്മാര്‍ അറിയുന്നില്ല.ബാങ്കുകളില്‍ ചെന്നാലും അവര്‍ പണയമായി മാത്രമേ സ്വര്‍ണം സ്വീകരിക്കുകയുള്ളൂ.അതും യഥാര്‍ഥ വിലയുടെ വെറും അറുപതു ശതമാനം മുതല്‍ എഴുപതു ശതമാനം വരുന്ന പൈസ മാത്രമേ അവര്‍ അതിനു വിലമതിക്കയുള്ളൂ.വേണമെന്നുള്ളവര്‍ക്ക് അതും മേടിച്ചു ഒന്നും മിണ്ടാതെ സ്ഥലം വിടാം. പിന്നീട് നോട്ടീസ് അയച്ചാലും തിരിച്ചെടുക്കാന്‍ ചെല്ലതിരുന്നാല്‍ മതി.

പറഞ്ഞു വന്നത്, ഈ സുരക്ഷിത നിക്ഷേപം കൊണ്ട് അപ്പോള്‍ ആരാണ് കൊള്ളലാഭം ഉണ്ടാക്കുന്നത്. ചില കണക്കുകള്‍ നോക്കാം.

ഒരു പവന്‍ സ്വര്‍ണ്ണം (22ct )- വില -Rs .23 ,000 
പണിക്കൂലി : 4 % മുതല്‍ 32 % വരെ (കല്യാണം കഴിക്കാന്‍ വരുന്നവരെ പിഴിയാന്‍ ആണ് ഈ 32 % കണക്ക്. 4 % കൊടുത്താല്‍ പണ്ടത്തെ വല്യമ്മമാരുടെ കയ്യിലെ ഫാഷന്‍ അനുസരിച്ചുള്ള പ്ലയിന്‍ വളകളും മറ്റും കിട്ടുമായിരിക്കും. ഇന്നത്തെ കാലത്ത് അതാര് വാങ്ങാന്‍?അത് കൊണ്ട് ഈ നാലിന്‍റെ  പ്രയോജനം ആര്‍ക്കും ലഭിക്കില്ല എന്ന് ചുരുക്കം)
32 %  ഒക്കെ പോട്ടെ. നമുക്കൊരു 20 % ആവറേജ് ആയി ഒരു പവന്‍ സ്വര്‍ണ്ണം വാങ്ങാന്‍ എത്ര രൂപ ആവുമെന്ന് നോക്കാം

23 ,000  + 32 % =  Rs .30 ,360
ഇനി നിങ്ങളുടെ ഭാര്യയോടുള്ള സ്നേഹം പ്രകടിപ്പിക്കുവാനുള്ള നിശ്ചയദാര്‍ട്യത്തോടെ പിറ്റേന്ന് തന്നെ ആ സ്വര്‍ണം കൊടുത്ത് പുതിയ ഒരു മോഡല്‍ സ്വര്‍ണം വാങ്ങാന്‍, അടുത്ത് കണ്ട ഒരു സ്വര്‍ണ്ണക്കടയില്‍ ഒരു കാമുകന്‍റെ ആവേശത്തോടെ ചാടിക്കയറി എന്നിരിക്കട്ടെ.
പവന്‍റെ വില പഴയത് പോലെ Rs. 23 ,000 തന്നെ. പക്ഷെ നിങ്ങളുടെ കയ്യില്‍ ഇരിക്കുന്നത് വെറും 22 ct  സ്വര്‍ണ്ണം ആയതു കൊണ്ട് 4 % ആദ്യം തന്നെ കുറയക്കും. അതായതു നിങ്ങളിന്നലെ Rs .30 ,360 കൊടുത്തു വാങ്ങിയ സ്വര്‍ണ്ണത്തിന്‍റെ ഇന്നത്തെ മതിപ്പ് വില വെറും Rs . 22 ,080 . ബാക്കി Rs .8 ,280 ഒറ്റ ദിവസം കൊണ്ട് ഗോവിന്ദ!.

ഇനി അത് കൊടുത്തു നിങ്ങളിന്നു ഒരു പവന്‍റെ  പുതിയ മോഡല്‍   സ്വര്‍ണ്ണം വാങ്ങാന്‍ വന്നിരിക്കുകയാണല്ലോ? അതിന്‍റെ വില നേരത്തെ പറഞ്ഞത് പോലെ 20 % പണിക്കൂലി കൂടി ചേര്‍ത്താല്‍ പിന്നെയും 23 ,000  + 32 % =  Rs .30 ,360 . നിങ്ങള്‍ അങ്ങോട്ട്‌ കൊടുക്കാന്‍ പോകുന്ന നിങ്ങളുടെ കയ്യിലുള്ള സ്വര്‍ണ്ണത്തിന്‍റെ മതിപ്പ് വില Rs . 22 ,080 . ബാക്കി അടയ്ക്കേണ്ട തുക പിന്നെയും Rs. 8 ,280 !!!

ഇനി കടയുടെ പുറത്തിറങ്ങി ചിന്തിക്കൂ.
നിങ്ങളുടെ കയ്യില്‍ ഇപ്പോള്‍ എന്തുണ്ട്? ഉത്തരം: ഒരു പവന്‍ സ്വര്‍ണ്ണം.
ഇന്നലെയും ഇന്നുമായി നിങ്ങള്‍ അതിനു വേണ്ടി ചിലവാക്കിയത് എത്ര? ഉത്തരം: ഇന്നലെ  Rs .30 ,360 + ഇന്ന് Rs .8 ,260. മൊത്തത്തില്‍ Rs . 38 ,620
ഇപ്പോള്‍ നിങളുടെ കയ്യില്‍ ഇരിക്കുന്ന പുതിയ ഒരു പവന്‍ സ്വര്‍ണ്ണത്തിന്‍റെ മതിപ്പ് വില എത്ര? ഉത്തരം: പിന്നെയും Rs . 22 ,080
അപ്പോള്‍ Rs . 38 ,620 - Rs . 22 ,080 = Rs 16 ,540 രണ്ടു ദിവസം കൊണ്ട് സുരക്ഷിതമായി എവിടെ നിക്ഷേപിക്കപ്പെട്ടു? ഉത്തരം: മൊതലാളി യുടെ കീശയില്‍.

ഇത് വെറും ഒരു പവന്‍ സ്വര്‍ണത്തിന്‍റെ  രണ്ടു പ്രാവശ്യത്തെ വിനിമയ കണക്കാണ്.ഇപ്പോള്‍ നിങ്ങള്ക്ക് ശരിക്കും തോന്നുന്നില്ലേ ഭാര്യയോട്‌ ഇങ്ങനെ ഇടയ്ക്കിടയ്ക്ക് സ്നേഹം പ്രകടിപ്പിക്കാന്‍? കള്ളന്‍!   

വരുവിന്‍! വാങ്ങുവിന്‍! 
പിന്നെ അത് മാറ്റിയെടുക്കുവിന്‍!!
അത് പിന്നെയും മാറ്റിയെടുക്കുവിന്‍!!!
അത് പിന്നെയും പിന്നെയും മാറ്റിയെടുക്കുവിന്‍!!!!
സ്നേഹം പ്രകടിപ്പിച്ച് ഒടുവില്‍ മുടിഞ്ഞു കുത്തുപാളയെടുക്കുവിന്‍!!!!!

ഗള്‍ഫിലെ കണക്ക് ഇങ്ങനെയല്ല കേട്ടോ. അവിടെ നിയമം ശക്തമാണ്.4  മുതല്‍ 8 ദിര്‍ഹംസ് (UAE/SAUDI/QATAR-ഏകദേശം Rs 50 മുതല്‍ Rs 100 വരെ-) മാത്രമാണ് ഒരു ഗ്രാമിനുള്ള പണിക്കൂലി.അതായത്,  ഒരു പവന്‍ സ്വര്‍ണം വാങ്ങിയാല്‍ നിങ്ങള്‍ കൊടുക്കേണ്ടി വരിക സ്വര്‍ണ്ണ വിലയില്‍ നിന്നും വെറും 400 മുതല്‍ 800 രൂപ വരെ മാത്രമാണ്. ഒരു പവന്‍ 22 ct സ്വര്‍ണ്ണത്തിന് നിങ്ങള്‍ കേരളത്തില്‍ കൊടുക്കേണ്ടി വരിക  Rs .30 ,360  മുതല്‍ മേല്പോട്ട്. ഗള്‍ഫില്‍ ആവട്ടെ വെറും Rs .23 ,800 മാത്രം! കിട്ടുന്നതോ 24ct !. അവിടെ ശതമാനക്കണക്ക്  ഇല്ല എന്ന് ചുരുക്കം. മാത്രമല്ല, സ്വര്‍ണ്ണം മാറ്റിയെടുക്കുമ്പോഴും 4 -8 ദിര്‍ഹംസ് വരെ മാത്രമേ ഒരു ഗ്രാമിന് കുറയക്കുകയുള്ളൂ. കൊച്ചിയിലെ കസ്റ്റംസില്‍  പാറാവ്‌ നില്‍ക്കുന്ന ദവന്മാര്‍ കഴുത്തിന്‌ പിടിച്ചാല്‍ പണി പാളും. എങ്കിലും ലാഭമാണ്.

ഇനി നിങ്ങള്‍ തന്നെ പറയൂ, കേരളത്തില്‍ സ്വര്‍ണ്ണം വില്‍ക്കുന്നവരെ എന്ത് ചെയ്യണം??

No comments

Post a Comment