വേളാങ്കണ്ണിയിലെയ്ക്കൊരു തീര്‍ത്ഥാടനം (യാത്രാ വിവരണം)


ഒരിക്കലും നന്നാവില്ല എന്ന് നാട്ടുകാരും വീട്ടുകാരും ഒരേ രീതിയില്‍ അഭിപ്രായപ്പെട്ട എത്രയോ പേര്‍ നന്നായിരിക്കുന്നു. ആ ചിന്തയാണ്, ഒടുവില്‍ എന്നെ വെളാങ്കണ്ണിക്ക് അയക്കാന്‍ വീട്ടുകാര്‍ക്ക് പ്രചോദനമാവുന്നത്. നന്നാവണം എന്ന് വളരെ കുഞ്ഞിലേ മുതല്‍ വളരയേറെ ആഗ്രഹം ഉള്ള ഞാന്‍ അതുകൊണ്ട് തന്നെ പിന്നീടുള്ള രണ്ടാഴ്ചയോളം ആ തീര്‍ഥയാത്രയ്ക്ക് മാനസികമായി തയാറെടുക്കുന്നതിന്‍റെ തിരക്കിലായി. വ്രതമാണ് എന്ന് വേണമെങ്കില്‍ പറയാം.

ഞങ്ങളുടെ അവിടുന്ന് മധുര വഴി നേരിട്ട്   കേറാനാണ്  എളുപ്പ വഴി. പക്ഷെ ഈ യാത്രയെ കുറിച്ച് അറിഞ്ഞപ്പോള്‍ മുതല്‍ തമ്പാന്നൂരുള്ള 'ഷായിയണ്ണന്‍' എന്ന് ഞങ്ങളൊക്കെ സ്നേഹപൂര്‍വ്വം വിളിക്കുന്ന ഷായിയണ്ണനും വരണമെന്ന് താല്പര്യം പ്രകടിപ്പിച്ചതിനാല്‍ യാത്ര നാഗര്‍കോവില്‍-കന്യാകുമാരി വഴിയാക്കാന്‍ ഒടുക്കം തീരുമാനിക്കുകയായിരുന്നു.മാത്രവുമല്ല ഞാന്‍ നന്നായി കാണണമെന്ന് ഏറ്റവും അധികം ആഗ്രഹിക്കുന്ന ഒരാളുമാണ്  കുഞ്ഞുന്നാള്  മുതലേ എനിക്കറിയാവുന്ന ഷായിയണ്ണന്‍. നിര്‍ണായക ഘട്ടങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കാന്‍ ഷായിയണ്ണന്‍ മിടുക്കനുമാണ്.ദൂരയാത്രയില്‍ അദ്ദേഹത്തിന്റെ സാമീപ്യം ഒരു മുതല്‍ക്കൂട്ടാവുമെന്നതില്‍ യാതൊരു സംശയവുമില്ല. 

ഞങ്ങളുടെ നാട്ടില്‍ വേറെയും അതുവരെ നന്നാവാത്തതായി അവരുടെയും വീട്ടുകാര്‍ വിലയിരുത്തിയ  സജു, ഷിബു എന്നിവര്‍ക്കൊപ്പം തമ്പാന്നൂരില്‍ നിന്നും ഷായിയണ്ണനെയും കയറ്റി ഞങ്ങളുടെ വണ്ടി വെളാങ്കണ്ണി ഭാഗത്തേയ്ക്ക് പാഞ്ഞു.  ഇന്നോവാ കാറില്‍ ചരിഞ്ഞു കിടന്നു ബൈബിള്‍ വായിച്ച് ഭക്തിയില്‍ മുഴുകിക്കൊണ്ടിരുന്ന ഷിബു,  ഇടയ്ക്കിടെ ഓരോ ഗട്ടറില്‍ വീഴുമ്പോഴും ഡ്രൈവര്‍ ശിംശോനെ വിളിച്ചുകൊണ്ടിരുന്ന അസഭ്യങ്ങള്‍ അവസാനിച്ചപ്പോള്‍ വണ്ടി കേരളാ ബോര്‍ഡര്‍ കഴിഞ്ഞിരുന്നു...


ഡ്രൈവര്‍ ആണെങ്കില്‍ പോലും എത്രയോ ആള്‍ക്കാരെ ഓരോ മാസവും വേളാങ്കണ്ണിയില്‍ കൊണ്ട് പോയി നന്നാക്കുന്ന ആളാണ്‌ ശിംശോന്‍! ഞാന്‍ ഓര്‍ത്തുപോയി....ആ പുണ്യ  പ്രവൃത്തി ചെയ്യുന്ന അയാളുടെ മുഖത്തും ആ തേജസ്സ് പ്രകടമാണ്.വഴിയൊക്കെ ആള്‍ക്ക് നല്ല പരിചയമാണ്. ബോര്‍ഡര്‍ കഴിഞ്ഞതോടെ ശിംശോന്‍ വണ്ടി കത്തിച്ചു വിട്ടു.

മണി നാല് കഴിഞ്ഞ് സന്ധ്യയോടുക്കുന്നു.ഞങ്ങള്‍ പോകുന്ന വഴിക്ക് നിന്നും ഒരല്‍പം മാറിയാല്‍ കന്യാകുമാരിയായി.അവിടുന്ന് സൂര്യാസ്തമനം കാണുന്നത് കണ്ണിനു വല്ലാത്ത ഒരു വിരുന്നാണ്.ഷിബുവിനു അത് കാണണം എന്നോരെ നിര്‍ബന്ധം.എന്നാല്‍ ആയിക്കോട്ടെ എന്ന് ഷായിയണ്ണന്‍. പുള്ളി പറഞ്ഞാല്‍ പിന്നെ എനിക്കും അപ്പീലില്ല. അസ്തമനവും കണ്ട്, ഓരോ ചായയും കുടിച്ച് ഏതാണ്ടേഴരയോടെ   ഞങ്ങള്‍ തിരിച്ചു വണ്ടിയില്‍ കയറി. സമയം പാതിരാത്രിയായത്തോടെ ഞങ്ങള്‍ തിരുനെല്‍വേലിക്കടുത്ത് ഒരു ലോഡ്ജില്‍ തങ്ങിയത്തിനു ശേഷം കാലത്ത് യാത്ര തുടരാം എന്ന് തീരുമാനിച്ചു.വല്ലാത്ത വിശപ്പ്‌.ലോഡ്ജിനു സമീപമുള്ള ഒരു തട്ടുകടയില്‍ നിന്നും നല്ല പൊരിച്ച മീനിന്‍റെ മണമടിക്കുന്നു. വ്രതമായതിനാല്‍ കുറച്ചു ദിവസമായി ഇതൊക്കെ കഴിച്ചിട്ട്."എന്തും വരട്ടെ..,നമ്മുക്കൊരോ മീന്‍ അടിക്കാം" ഷിബു പറഞ്ഞു.ഷിബുവിന്‍റെ  ആവശ്യം ന്യായമാണെന്ന് ഷായിയണ്ണന്‍ കൂടി പറഞ്ഞതിനാല്‍ ഞങ്ങളെല്ലാം പൊരിച്ച മീനും വെള്ളയപ്പത്തിനും  ഓര്‍ഡര്‍  കൊടുക്കുകയായിരുന്നു. മാത്രവുമല്ല കഴിക്കുന്നതിനിടയില്‍ യേശു പണ്ട് അപ്പവും മീനും കൊണ്ട് ആയിരങ്ങുടെ വിശപ്പടക്കിയ കഥയൊക്കെ അതിനിടയില്‍ പറഞ്ഞ്, ഷിബു ഞങ്ങള്‍ക്ക് ആത്മീയ ഉണര്‍വേകുകയും  ചെയ്തു.

കാലത്ത് തന്നെ എഴുന്നേറ്റ് ഞങ്ങള്‍ യാത്ര തുടങ്ങി.കാറിലെ സ്പീക്കറിലൂടെ ഒഴുകിയെത്തിയ ആത്മീയ ഗാനങ്ങളില്‍ മുഴുകി ഞാന്‍ അല്പം മയങ്ങിപ്പോയി.വണ്ടി തൂത്തുക്കുടി കഴിഞ്ഞ് പുതുക്കോട്ടയില്‍ എത്തിയിരിക്കുന്നു.'പുതുക്കോട്ടയിലെ പുതുമണവാളന്‍' എന്ന ജയറാമിന്‍റെ പഴയ ഒരു സിനിമ എനിക്കോര്‍മ വന്നു.വഴിയിലെങ്ങും രജനി കാന്തിന്‍റെ 'യന്തിരന്‍' എന്ന സിനിമയുടെ കൂറ്റന്‍ ഫ്ലെക്സ് ബോര്‍ഡുകള്‍.വ്രതം ആയതിനാല്‍ പടം റിലീസ് ചെയ്ത് പത്തു ദിവസം കഴിഞ്ഞിട്ടും അതൊന്ന്  കാണാന്‍ സാധിച്ചിട്ടില്ല. മണി ഒന്നരയായി. ശിംശോന്‍ വണ്ടി ഒരു ഹോട്ടലിന്‍റെ മുന്‍പില്‍ നിര്‍ത്തി.
" അവന്മാരുടെ ഒണക്ക ചോറ് നമുക്ക് വായില്‍ പിടിക്കില്ല.പക്ഷെ ചിക്കന്‍ കറിയുടെ മണം അപാരം.."ഷിബു അഭിപ്രായപ്പെട്ടു. 
ഞാന്‍ ഷായിയണ്ണനെ ഒന്ന് നോക്കി...
ഷിബു പറഞ്ഞതില്‍ അല്പം കാര്യമുണ്ട് എന്ന് ഷായിയണ്ണന്‍ കൂടി പറഞ്ഞതോടെ ഞങ്ങള്‍ അതിന് ഓര്‍ഡര്‍ കൊടുക്കുകയായിരുന്നു.

മാറ്റിനിയ്ക്ക് ഇനിയും സമയമുണ്ട്.കുറച്ചു നേരം റസ്റ്റ്‌ എടുത്തതിനു ശേഷം ഷായിയണ്ണന്‍റെ അനുമതിയോടെ മാറ്റിനിയും കണ്ട്, ഞങ്ങള്‍ വേളാങ്കണ്ണിക്ക് വച്ച് പിടിച്ചു.ശിംശോന്‍റെ ഭക്തിഗാനങ്ങള്‍ കാറില്‍ മുഴങ്ങി; ഞാന്‍ അല്പം മയങ്ങി...വണ്ടി നാഗപ്പട്ടണം എത്തിയിരിക്കുന്നു.വേളാങ്കണ്ണിയില്‍ നിന്നും വെറും പത്തു കിലോമീറ്റര്‍ അകലെ!!. സ്ഥലം അടുത്തതിനാല്‍ ഞാന്‍ അല്‍പനേരം കണ്ണടച്ച് ഭക്തിയില്‍ മുഴുകി.

" പ്രത്യേകയിനം വാറ്റ് ചാരായം കിട്ടുന്ന സ്ഥലമാണ്.തിരികെ വരുമ്പോള്‍ എന്‍റെ വണ്ടി സ്ഥിരം ഇവിടൊന്നു ചവിട്ടാറുണ്ട് " ശിംശോന്‍ ചെറു ചിരിയോടെ പറഞ്ഞു.
"അവിടെ പോയി പുണ്യവുമായി മടങ്ങി വരുമ്പോള്‍, പിന്നെ അങ്ങനെയൊരു പ്രവൃത്തി ചെയ്യുന്നതില്‍ അര്‍ത്ഥമില്ലെന്നും നിര്‍ബന്ധം ആണെങ്കില്‍ ഇപ്പോള്‍ ആയിക്കോ,തിരികെ  വരുമ്പോള്‍ പറ്റുകേല " എന്നുമായി ഷിബു.  
ഞാന്‍ ഷായിയണ്ണനെ ഒന്ന് നോക്കി...
ഷിബു പറഞ്ഞതിലും ചില പോയിന്‍റ് ഉണ്ടെന്നു  ഷായിയണ്ണന്‍ പറഞ്ഞതോടെ ശിംശോന്‍ കാണിച്ച വഴിയെ ഞങ്ങള്‍ നടന്നു....
സമയം രാത്രിയായി. ശിംശോന്‍ അല്പം ഓവറായി അല്പം മാറി നിന്ന് വാള് വയ്ക്കുകയാണ്. ദോഷം പറയരുതല്ലോ., നല്ല ഇടി വെട്ടു സാധനം.

"വല്ലാത്ത ക്ഷീണവും തലവേദനയും.. തല്ക്കാലം ഇവിടെ റസ്റ്റ്‌ എടുത്തിട്ട്, കാലത്തേ എണീറ്റ്‌ രണ്ടെണ്ണം കൂടി വിട്ടിട്ട് നമുക്കങ്ങ്  തിരിച്ചു പോയാലോ അളിയാ.."ഷിബു ചോദിച്ചു. 
ഞാന്‍ ഷായിയണ്ണനെ ഒന്ന് നോക്കി..
വ്യക്തമായി ഒരു മറുപടി പറയാന്‍ പറ്റുന്ന അവസ്ഥയിലായിരുന്നില്ല അപ്പോള്‍ ഷായിയണ്ണന്‍. എങ്കില്‍ പോലും, കാണിച്ച ചില കൈ മുദ്രകളില്‍ നിന്നും ഷിബു പറഞ്ഞതിലും അല്പം കാര്യമുണ്ട് എന്നാണ് ഷായിയണ്ണന്‍ പറയാന്‍ ഉദ്ദേശിക്കുന്നത് എന്നെനിക്കു മനസിലായി.ഷായിയണ്ണന്‍ പറഞ്ഞാല്‍ പിന്നെ എനിക്കെന്ത് അപ്പീലാ?
യാത്ര മുഴുമിപ്പിക്കാന്‍ പറ്റാത്ത വിഷമത്തില്‍ ഞാന്‍ ഒരു നൂറു മില്ലിക്ക് കൂടി ഓര്‍ഡര്‍ കൊടുത്തു, ഷിബുവും....

No comments

Post a Comment