കാറ്റുള്ളപ്പോഴും തൂറ്റാം; അല്ലാതെയും തൂറ്റാം


കാറ്റില്ലാത്തപ്പോള്‍ തൂറ്റാന്‍ പറ്റുകേല. ചാകര വന്നു കയറിയ കടല്‍ക്കര പോലെ ഓരോന്നിനും ഓരോ സമയമുണ്ട്. ഒരു കാലമുണ്ട്.അത് നിങ്ങള്‍ ഭംഗിയായി പ്രയോജനപ്പെടുത്തണം.

 ഉദാഹരണത്തിന്, മഴക്കാലം വന്നാല്‍ പിന്നെ ഡോക്ടരുമാരുടെ ചാകര സമയമാണ്.നിന്ന് തിരിയാന്‍ സമയം കിട്ടില്ല. ജലദോഷം,ഡങ്കിപ്പനി, വയറിളക്കം തുടങ്ങിയ ഐറ്റങ്ങളുമായി ഓരോരുത്തര്‍ കാലത്തേ മുതല്‍ എത്തിക്കോളും.അല്‍പം ഉത്സാഹിച്ച് നൈറ്റും കൂടി എടുത്താല്‍ പുഷ്പഗിരിയിലും മറ്റും പഠിക്കാന്‍ ചിലവാക്കിയ കാശിന്‍റെ  നല്ലൊരു വിഹിതം, സീസണില്‍ ചുളുവിലിങ്ങു പോരും. (മഴക്കാലം വന്നാല്‍ ചില വിദ്വാന്മാര്‍ക്ക് പെണ്ണുങ്ങള്‍ മാത്രമുള്ള വീടിന്‍റെ  തിണ്ണയില്‍ അല്‍പ നേരം  കയറി നില്‍ക്കാനും വിശ്രമിക്കാനും ഉള്ള അവസരവും കിട്ടും.ആ അവസരം ഉപയോഗപ്പെടുതുന്നവരും നിരവധിയാണ്)

രാഷ്ട്രീയക്കാര്‍ക്ക് നാട്ടുകാരുടെ നെഞ്ചത്ത് കേറാന്‍അങ്ങനെ പ്രത്യേക സീസണ്‍ഒന്നുമില്ലെങ്കിലും, പൊതുവേ ഇലക്ഷന്‍  സമയമാണ് ജോലിയും കൂലിയും ഒന്നുമില്ലാത്ത ലോക്കല്‍ നേതാക്കള്‍ക്ക് പൈന്‍റ് അടിക്കാന്പത്ത് പുത്തന്‍ ഉണ്ടാക്കാനുള്ള ഏറ്റവും നല്ല സമയം.അല്ലെങ്കില്‍ പിന്നെ വല്ല ജില്ലാ സമ്മേളനമോ മറ്റോ വരണം. ഹര്‍ത്താല്‍ ദിവസങ്ങളില്‍ കൂടി പൈന്‍റ് അടിക്കാന്പിരിവു നടത്താത്തത് നമ്മുടെ ഭാഗ്യം, അല്ലെങ്കില്‍ പിരിവു കൊടുത്ത് കൊടുത്ത് നമ്മള്‍ കുത്തുപാളയെടുത്തേനെ!

ധനു മകരം മാസങ്ങള്‍ ഉത്സവ സീസണുകള്‍ ആണ്.പീപ്പി, ബലൂണ്‍, പമ്പരം, കുപ്പിവള, കരിമണി മാല, കോലൈസ്,സേമിയ, പഴം, മുറുക്ക് എന്ന് വേണ്ട കിലുക്കികുത്ത്  നടത്തുന്നവര്‍ക്ക് വരെ ഉത്സവപ്പറമ്പില്‍ നിന്ന് കൊറച്ചു കാശ് കൊയ്യാം.ആര്‍ക്കും വേണ്ടാതെ കിടക്കുന്ന അവശ കലാകാരന്മാര്‍ക്കും ബാലെ,കഥകളി,കഥാപ്രസംഗം തുടങ്ങിയ പ്രോഗ്രാമുകള്‍ അവതരിപ്പിക്കാന്‍  അവസരം ലഭിക്കുമെന്നുള്ളതും ഉത്സവ സീസണ്‍ന്‍റെ പ്രത്യേകതയാണ്. പൈസ അങ്ങോട്ട്‌ കൊടുത്ത് പാടുന്ന പുതിയ ചില പീക്കിരി പിള്ളേര്‍ വന്നത് കാരണം സിനിമയിലോന്നും പഴയ പോലുള്ള ക്ലച്ച് പിടിക്കാത്ത എം ജി യണ്ണനെ പോലുള്ളവര്‍ക്കും ഒരു കൊല്ലത്തേക്കുള്ള വഹ പത്തു ഗാന മേളകള്‍ നടത്തിയാല്‍ തടയുന്നതെയുള്ളൂ. പലയിനം ടി വി പരിപാടികളിലൂടെ കൊമഡി പറഞ്ഞു ടയിലി ആളുകളെ കരയിക്കുന്ന ചേട്ടന്മാര്‍ക്കും ഉത്സവപ്പറമ്പിനെ  കൂടി  ശവപ്പറമ്പാക്കി തുട്ടു വാരാനുള്ള അസുലഭാവസരവും ഈ കാലയളവില്‍ ഉണ്ടാകും.

ചിങ്ങമാസം അങ്ങോട്ട്വന്നു കയറിയാല്‍ പിന്നെ കല്യാണ സീസണാണ്.ഓഡിറ്റോറിയം പണിതിട്ടിരിക്കുന്ന കുത്തക മുതലിമാര്‍ മുതല്‍, ഓടാതെ കിടക്കുന്ന പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന തിയട്ടര്‍കാര്‍ക്ക് വരെ പിന്നെ നല്ല സമയമാണ്.തുണിക്കടകള്‍‍, സ്വര്‍ണക്കടകള്‍ എന്ന് വേണ്ട ദേഹണ്ഡക്കാര്‍, ടാക്സിക്കാര്‍‍, ബ്രോക്കറുമാര്‍  എന്നിവര്‍ക്കെല്ലാം കുറച്ചു നാളത്തെയ്ക്ക്  നല്ല കോളാണ്.മേളക്കാര്‍ക്കും, പന്തലുകാര്‍ക്കും, പൂക്കടക്കാര്‍ക്കും, ബ്യൂട്ടി പാര്‍ലറുകാര്‍ക്കും..അത് വേറെ.

പെരുന്നാള്‍, ഓണം, ക്രിസ്മസ്, ന്യൂ ഇയര്‍, സ്കൂള്‍ അവധി തുടങ്ങിയ പേരുകള്‍ കേട്ടാല്‍ നമുക്കൊരു സന്തോഷമാണ്. എന്നാല്‍ നമ്മളെക്കായും സന്തോഷിക്കുന്ന ഒരു കൂട്ടര്‍ വേറെയുണ്ട്. വിമാന കമ്പനി നടത്തുന്ന കൊതിയന്മാര്‍ (ലാലച്ച്   ലോഗ്..!).ആളുകള്‍ കൂട്ടത്തോടെ നാട്ടില്‍ പോകുന്ന ഈ അവസരം മുതലാക്കി കഴുത്തറുത്ത്  പൈസയുണ്ടാക്കുന്ന കുറുക്കന്മാരുടെ ജന്മം.അതവരുടെ സീസണ്‍...

ഇങ്ങനെ പലരും നമുക്കിടയില്‍ അവരവരുടെ സീസണുകള്‍ വരുന്നതും നോക്കി വേഴാമ്പലിനെ പോലെ വായിനോക്കി അങ്ങനെ ഇരിക്കുകയാണ്. എന്നാല്‍ സീസണ്‍ ഒന്നും ബാധിക്കാത്ത ഏക ബിസിനെസ്സ് ബിവറേജസ് മാത്രമാണ് എന്ന് ചില മണ്ടന്മാര്‍ പറഞ്ഞേക്കാം.എന്നാല്‍ സത്യമതല്ല. കല്യാണം വന്നാലും മരണം വന്നാലും എന്തിന്, ഗൃഹ പ്രവേശനം, മാമോദീസ, നിശ്ചയം, നൂലുകെട്ടു, വാഹന കൂദാശ, വീടിനു കുറ്റിയടി, ആടിന്‍റെ പ്രസവം, വിവിധയിനം പ്രാര്‍ത്ഥനകള്‍, പിള്ളേരുടെ പരൂക്ഷ, തുടങ്ങിയ ഏതു വിശേഷ ദിവസങ്ങള്‍ വന്നാലും കൈ നിറയെ വല്ലതും തടയുന്ന ഞങ്ങളുടെ വികാരിയച്ചന് എന്തോന്ന് സീസണ്‍?കപ്യാര്‍ക്കും നല്ല ഒരു വിഹിതം കിട്ടും.അതുപോലെ തന്നെ ഈ ആള്‍ ദൈവങ്ങള്‍ക്കൊക്കെ  വല്ല സീസണും ഉണ്ടോ? ഭക്തരും പൈസയും ഉള്ളിടത്തോളം ദൈവം തമ്പുരാന്‍ കഞ്ഞി കുടിച്ചില്ലെങ്കിലും ആള്‍ ദൈവങ്ങള്‍ക്കും, മിഷിനരിമാര്‍ക്കും, ദൈവത്തിന്‍റെ അടുത്ത ആള്‍ക്കാര്‍ക്കുമോന്നും ബിരിയാണി അടിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാവുകയില്ല.

ഇന്നത്തെ കാലത്ത് പിടിച്ചു നില്‍ക്കണമെങ്കില്‍ കുറഞ്ഞ പക്ഷം ഇങ്ങനെ ആരെങ്കിലുമൊക്കെ ആവണം.സത്യം പറഞ്ഞാല്‍ ഇപ്പഴത്തെ സ്റ്റാറ്റസ് അനുസരിച്ച് ഞാനൊരു പരമ തെണ്ടിയാണെങ്കിലും, ഒരു വികാരിയച്ചന്‍ ആവാന്‍ പറ്റിയിരുന്നെങ്കില്‍ എന്നിടയ്ക്കു തോന്നും. അന്നെന്നെ സെമിനാരിയില്‍ ചേര്‍ക്കാന്‍ നോക്കിയപ്പോള്‍ ചേരാതിരുന്ന ഞാനെന്തൊരു വിഡ്ഢിയാണ്...? കുറഞ്ഞ പക്ഷം കപ്യാര്‍ എങ്കിലും ആവാന്‍ ഇനിയും അവസരം ഉണ്ട് എന്നതാണ് ആകെയുള്ള ആശ്വാസം.

ഗുണ പാഠം:-
കാറ്റ് വന്നിട്ട് തൂറ്റാം എന്നും പറഞ്ഞു നോക്കി നില്‍ക്കാതെ  ഒരു ഫാന്‍ മേടിച്ചു വയ്ക്കുക. അങ്ങനെയെങ്കില്‍, എപ്പോഴും തൂറ്റി കൊണ്ട് നില്‍ക്കാം  (പവര്‍ കട്ട് വരുന്നത് വരെ)

No comments

Post a Comment